ശുഭദിന സന്ദേശം : കീറുന്ന വസ്ത്രം മാറുന്ന ശത്രു | ഡോ.സാബു പോൾ

”ഹിസ്കീയാരാജാവു അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു”(2 രാജാ. 19:1).

ഇരുപത്തഞ്ചാം വയസ്സിൽ സിംഹാസനം! ഇരുപത്തൊൻപത് വർഷം ദീർഘിച്ച ഭരണനൈപുണ്യം…
ശത്രുക്കളിൽ നിന്നും മാരകമായ രോഗത്തിൽ നിന്നും വിടുതൽ.. ഹിസ്ക്കിയാവിനെ വ്യത്യസ്തനാക്കുന്ന പല ഘടകങ്ങളുണ്ട്…..

അതിൽ സുപ്രധാനമായ ചില ചിന്തകൾ……

ആലയത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഉസ്സിയാവ്…
ആലയത്തിനകത്ത് കയറാത്ത യോഥാം…
ആലയത്തിന്റെ വാതിൽ അടച്ചുകളഞ്ഞ ആഹാസ്…..

ഇവരുടെ തലമുറയാണ് ഹിസ്ക്കിയാവ്.
സ്വാഭാവികമായും അപ്പൻമാർ ചെയ്യുന്നത് കണ്ടു വളരുന്ന തലമുറകൾ അവരെ അനുകരിക്കുകയാണ് പതിവ്…
എന്നാൽ ഇവിടെ പതിവുകൾ മാറ്റിയെഴുതപ്പെടുന്നു.

കോരഹിന്റെ പുത്രൻമാരും മത്സരിക്കുന്ന അപ്പന്റെ കൂടാരത്തിൽ നിന്നും മാറി നിന്ന് പതിവു തെറ്റിച്ചവരാണല്ലോ.

ഉസ്സിയാവിന്റെ തുടക്കവും വളർച്ചയും ഗംഭീരമായിരുന്നു. അതുകൊണ്ട് ക്രമേണ അഹങ്കാരം അവനിൽ പിടിമുറുക്കി. അവസാനം ആലയത്തിൽ നിന്ന് ബഹിഷ്കൃതനായി…

യോഥാം നല്ല രാജാവായിരുന്നു. പക്ഷേ, ആലയത്തിൽ കയറിയില്ല. അപ്പനെ പുറത്താക്കിയെന്നതായിരിക്കാം ആലയത്തോട് വിരക്തി തോന്നാൻ കാരണം. ചെയ്യരുതാത്ത കാര്യം കയറിച്ചെയ്തു എന്ന അപ്പന്റെ തെറ്റിനെ അവൻ നിസ്സാരവൽക്കരിച്ചുകാണും. അതെപ്പോഴും അങ്ങനെയാണ്, സ്വന്തം തെറ്റുകൾക്ക് നേരെ കണ്ണടച്ചു പിടിക്കാനാണ് എല്ലാവർക്കും ഇഷ്ടം.

യോഥാം ആലയത്തോട് കാണിച്ച അകൽച്ച ശരിക്കും ബാധിച്ചത് ആഹാസിനെയാണ്. എല്ലാത്തരത്തിലും ദൈവത്തിൽ നിന്നകന്നു പോയ അവൻ ജയത്തിനു വേണ്ടി അശൂരിന്റെ ദേവന്മാരിൽ പോലും ആശ്രയിച്ചു.

ചെറുതെന്ന് തോന്നുന്ന യോഥാമിന്റെ ജീവിതത്തിലെ പ്രശ്നം അടുത്ത തലമുറയിൽ വലിയ പിന്മാറ്റമായി മാറി. ദൈവമക്കൾ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത യാഥാർത്ഥ്യമാണിത്.

എന്നാൽ…..
ഹിസ്ക്കായാവ് വേറിട്ട വഴി തിരഞ്ഞെടുത്തു. അതിനു കാരണം അവന്റെ അമ്മ അബിയായിരിക്കാം. അവൾ സെഖര്യാവിന്റെ മകളായിരുന്നു. യെശ.8:2ൽ പറയുന്ന വിശ്വസ്തസാക്ഷിയായ സെഖര്യാവ് ആയിരിക്കാം ഇതെന്നാണ് വ്യാഖ്യാതാക്കളുടെ അനുമാനം. തെറ്റുകളുടെ തനിയാവർത്തനം നടത്തുന്ന അപ്പന്റെ ദുർമാതൃകയുടെ മുമ്പിലും വിശ്വസ്തതയോടെ ദൈവഭക്തിയിൽ മകനെ നയിക്കുന്നൊരമ്മ…..

യഹൂദയെക്കാൾ വലിപ്പം കൊണ്ടും ആൾബലം കൊണ്ടും മെച്ചമായ യിസ്രായേൽ അന്നു ലോകത്തിലെ പ്രബല ശക്തിയായിരുന്ന അശൂരിന്റെ മുമ്പിൽ അടിയറവ് പറഞ്ഞത് ഹിസ്ക്കിയാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിലാണ്.
സഹോദര സമൂഹം മുഴുവൻ ബദ്ധരാക്കപ്പെട്ടവരായി അശൂരിന്റെ അടിമത്തത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട വാർത്ത ഹിസ്ക്കിയാവിന്റെ കാതുകളിലുമെത്തി.

അശൂരിന്റെ അടുത്ത ലക്ഷ്യം യഹൂദയായിരുന്നു. അവരുടെ കാഴ്ചപ്പാടിൽ താരതമ്യേന ദുർബല രാജ്യം…. അതു കൊണ്ട് പുച്ഛത്തോടെയാണ് റബ്-ശാക്കേ സംസാരിക്കുന്നത്. വേണമെങ്കിൽ രണ്ടായിരം കുതിരയെ ഞങ്ങൾ അങ്ങോട്ടു തരാം എന്നു വരെ പറയുന്നു. വഴിവിട്ടു മാറിപ്പോയവനെ പരാജയപ്പെടുത്തിയ ചരിത്രം ഉയർത്തിക്കാട്ടി പ്രമാണത്തിനു വേണ്ടി നിന്നവനെ ഭീഷണിപ്പെടുത്തുന്നു.

പക്ഷേ…..

അവിടെ ദൈവസന്നിധിയിൽ വസ്ത്രം കീറി രട്ടുടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു…
ദൈവത്തിൽ നിന്നും പ്രാപിച്ച ദൂത് വിളിച്ചു പറയുന്ന യെശയ്യാ പ്രവാചകനുണ്ടായിരുന്നു…..

അതു കൊണ്ട് വേറെങ്ങും കാണാത്തൊരു യുദ്ധനായകൻ യഹൂദയ്ക്കായി ഇറങ്ങി. ദൂതൻ ഇറങ്ങിയാൽ മനുഷ്യന്റെ വെല്ലുവിളികളെല്ലാം തകരും. ഒരു ലക്ഷത്തെൺപത്തയ്യായിരം പേരെ തകർക്കാൻ ദൂതന് കുതിരയും രഥവും വാളും ഒന്നുമാവശ്യമില്ല.

പ്രിയ ദൈവമക്കളേ,
പ്രമാണത്തിനു വേണ്ടി നിൽക്കുന്നവനായി വ്യാപരിക്കുന്ന ദൈവശക്തി അപ്രമേയമാണ്. അതു കൊണ്ട് വെല്ലുവിളികൾക്ക് മുന്നിൽ പതറാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക. തക്ക സമയത്ത് ദൈവം ഇടപെടും.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply