ഭാവന: ഒരു കൂടിക്കാഴ്ച | ജെസ്സി ആൽവിൻ, വെണ്ണിക്കുളം

ഹായ് ബ്രോ….. ഒന്നു വഴിമാറൂ…
അല്പം തിരക്കിട്ട യാത്രയിലാണ് ഞാൻ.
ആരാടെ നീ….
ഞാൻ Mr. കൊറോണയാണ്.
എവിടെ കാണാനും മാത്രം ഇല്ലല്ലോ നീ.
ഞാനൊരു അണുവാ മാഷേ….
ഒരു ഇത്തിരി കുഞ്ഞൻ വൈറസ്….
ആട്ടെ… എവിടുന്നു വരുന്നു?
എന്തൊരു ചോദ്യമാ ബ്രോ ഇത്?
ലോകം മുഴുവൻ ഊടാടി കൊണ്ടിരിക്കുവല്ലേ.
അപ്പോൾ എന്നു തുടങ്ങി ഈ യാത്ര. അതോ കഴിഞ്ഞ വർഷം അവസാനം തുടങ്ങിയതാ… അതു കൊണ്ട് എനിക്ക് ഒരു സ്പെഷ്യൽ പേരും കിട്ടി…. കോവിഡ് 19
സൂപ്പർ പേരല്ലേ ബ്രോ… എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ..
ആട്ടെ… നീ എവിടൊക്കെ പോയി?
യാത്ര തുടങ്ങിയത് ചൈനയിൽ നിന്നാ.. അവന്മാര് മഹാ ചതിയന്മാരാ… ഡൂപ്ലിക്കേറ്റിൽ കേമന്മാർ. അതു കൊണ്ട് പണി അവിടുന്നു തുടങ്ങി. പിന്നെ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്കൻ ഐക്യനാടുകൾ, അറേബ്യൻ രാജ്യങ്ങൾ…..
അല്ലാ…ഇന്ത്യയിൽ പോയില്ലേ നീ…
പിന്നെ
പോയോന്നോ മുട്ടൻ പണി കൊടുത്തു കൊണ്ടിരിക്കുവല്ലേ…
ഇന്ത്യയിൽ എവിടാ നീ ആദ്യം പോയത്? ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പോയി. ഇറ്റലീന്ന് കൊച്ചു മാപ്പളേടെയും കുടുംബത്തിന്റെയും കൂടെയാ പോയത്.ഇറ്റലീന്നു വന്നതല്ലേ…. കറങ്ങാൻ കിട്ടിയ അവസരം അല്ലേ… ഞാൻ ശരിക്കും വിനിയോഗിച്ചു. കല്യാണം, മാമോദീസ, പേരിടീൽ, ശവസംസ്കാരം…. നാട്ടിലാണോ പരിപാടികൾക്കു പഞ്ഞം?
പക്ഷേ എന്റെ വരവ് അവന്മാർ പെട്ടെന്ന് തന്നെ കണ്ടു പിടിച്ചു. നിയന്ത്രണങ്ങളോടു നിയന്ത്രണങ്ങൾ… ബുദ്ധിയിൽ കേമൻമാരല്ലെ കേരള കരയിലുള്ളത്. ഞാൻ എന്റെ മുഴു ശക്തിയോടെ പ്രവർത്തിച്ചു. ആരാധനാലയങ്ങൾ എല്ലാം തന്നെ ഞാൻ അടപ്പിച്ചു. വെള്ള കുപ്പായം ഇട്ട് അവന്മാരെല്ലാം പ്രാർത്ഥിക്കാൻ പോകുന്നത് എങ്ങനെ എന്ന് കാണട്ടെ ഞാൻ ചിന്തിച്ചു. പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിപ്പോയി. വീടുകൾ എല്ലാം ആരാധനാലയങ്ങൾ ആയി മാറി. എന്റെ വരവ് വരെ കുടുംബ പ്രാർത്ഥനയും, ഉപവാസവും ഒന്നും ഇല്ലായിരുന്നു. ഞാൻ വന്നതോടെ പാട്ട്, പ്രാർത്ഥന, വചന ധ്യാനം, കുടുംബ പ്രാർത്ഥന, ഉപവാസം എല്ലാം തുടങ്ങി. അതും കൂടാതെ ഭവന പ്രാർത്ഥന, ഉപവാസ പ്രാർത്ഥന, ഞായറാഴ്ച ആരാധന, കുർബ്ബാന എല്ലാം ഓൺ ലൈനിലായി മാറി. സമ്മർ വെക്കേഷനല്ലേ കുട്ടികൾക്കിട്ടു ഒരു പണി കൊടുക്കാം എന്ന് തീരുമാനിച്ചു. പക്ഷേ കുട്ടികളുടെ സൺഡേ സ്കൂൾ ഉൾപ്പെടെ വേനൽ അവധിക്കാല പ്രോഗ്രാമുകൾ ഒന്നും തന്നെ അച്ചായന്മാർ മുടക്കിയില്ല. അതും അവന്മാർ ഓൺ ലൈനാക്കി. പിന്നെ ഈസ്റ്ററിനു പോത്തിറച്ചി മേടിക്കാനുള്ള ക്യൂ വും നിർത്തിച്ച് വില കൂട്ടി ഒരു പണി വേറെയും കൊടുത്തു.

പണ്ട് ടെലിവിഷനെ ചെകുത്താൻ പെട്ടി എന്ന് വിശേഷിപ്പിച്ച അപ്പച്ചന്മാരും അമ്മച്ചിമാരും ഇന്ന് ടെലിവിഷനിൽ വിവിധ ആത്മീയ കൂട്ടായ്മകൾ കാണാൻ ധൃതികൂട്ടുന്നു.ഞായറാഴ്ചത്തെ ആരാധന പകുതി ആകുമ്പോൾ വരുന്ന അമ്മാമ്മമാരും ആരാധനയ്ക്കു പള്ളിയിൽ കേറാതെ പുറത്തു നില്ക്കുന്ന പുള്ളികളും സൂം ആപ്ലിക്കേഷനിലെ ആരാധനയ്ക്ക് പത്ത് മിനിട്ട് മുമ്പേ റെഡി ആയി ഇരിക്കുന്നു. എന്നിട്ടും കുർബ്ബാനാ സമയത്ത് അച്ചായൻമാർ സിറ്റൗട്ടിൽ ഇരുന്ന് പ്രതിഷേധം അറിയിച്ചു. സോഷ്യൽ മീഡിയയിൽ ടിക് ടോക്കും ഫെയ്സ് ബുക്കും മാത്രം നോക്കിക്കൊണ്ടിരുന്ന ചെറുപ്പക്കാർക്ക് കവിതയും ഭാവനയും കഥയും എഴുതാൻ മൽസരമായി.
എന്റെ വരവോടു കൂടി ഒരു വലിയ മാറ്റം ഭൂലോകമെങ്ങും സംഭവിച്ചു. സഹായഹസ്തങ്ങളുടെ പെരുമഴ. പണ്ട് കഷ്ടപ്പെടുന്ന സഹോദരങ്ങൾക്ക് ഒരു പ്രയാസം വന്നാൽ തിരിഞ്ഞു നോക്കാത്ത ജനങ്ങളാണ് സഹായിക്കാൻ ഇന്ന് മുൻ നിരയിൽ നിൽക്കുന്നത്. സഹായം ഒക്കെ ചെയ്യുന്നെങ്കിലും മാധ്യമങ്ങളിൽ അതു വാർത്ത ആക്കണം എന്നുള്ള ചിന്തയ്ക്കൊന്നും മാറ്റം വന്നിട്ടില്ല.

പക്ഷേ എന്റെ വരവോടെ ചില ധ്യാന ഗുരുക്കന്മാരെ കാണ്മാനില്ലാതായി. മാളത്തിൽ ഒളിച്ചൂന്ന് തോന്നുന്നു. എന്തായാലും ഒന്നിനെയും ഓൺ ലൈനിൽ പോലും കാണാനില്ല.

എന്നാലും എന്റെ ബ്രോ… എനിക്ക് ഒത്തിരി നാൾ ഇങ്ങനെ കറങ്ങി നടക്കാൻ പറ്റുന്ന് തോന്നുന്നില്ല. എല്ലാ വീടുകളിലും എപ്പോഴും പാട്ടും പ്രാർത്ഥനയും ആണ്. അതിനാൽ വീടുകളോട് അടുക്കാൻ സാധിക്കുന്നില്ല. ചൂടിന്റെ കാഠിന്യം കാരണം എന്റെ ശക്തി ക്ഷയിക്കുന്നതു പോലെ തോന്നുന്നു.

അല്ലാ… താങ്കളുടെ പേരെന്താ?
എന്റെ വിശേഷങ്ങൾ പറഞ്ഞതല്ലാതെ പരിചയപ്പെടാൻ വിട്ടു പോയി.
ബ്രോയ്ക്ക് എന്നെ അറിയില്ലേ… എന്റെ പേര് ലൂസിഫർ എന്നാ….
നിന്നെപ്പോലെ ഞാനും അഹങ്കരിച്ചു നടന്നതാ ഒരു നാൾ. അരുണോദയ പുത്രൻ എന്നായിരുന്നു എന്റെ വിളിപ്പേര്. സ്വർഗ്ഗത്തിൽ കയറും എന്നൊക്കെ വീമ്പിളക്കി നടന്നവനാ ഞാൻ. എന്തു ചെയ്യാൻ….. എന്നെ ആകാശത്തു നിന്നും വെട്ടി താഴെയിട്ടു. ഇപ്പോൾ ഞാൻ ഇങ്ങനെ ഊടാടി കൊണ്ടിരിക്കുവാ.

ദൈവനാമത്തിനു വേണ്ടി നിൽക്കുന്ന കുഞ്ഞാടുകളെ പലരെയും തെറ്റിച്ചുകളയുക എന്ന ലക്ഷ്യത്തോടെ ഞാൻ യാത്ര ചെയ്യുന്നു. പക്ഷേ കുറച്ചു ദിവസങ്ങളായി എന്റെ പ്ലാനൊന്നും നടക്കുന്നില്ല. തീ ജ്വാലപോലെ ശോഭിച്ചു നിൽക്കുവല്ലേ എല്ലാ വരും. നിന്റെ വരവാണ് എന്റെ പ്രവൃത്തിക്കു തടസ്സമായത്.

എന്റെ ബ്രോയെ …. ഞാൻ ഇവന്മാർക്കു ഒരു മുന്നറിയിപ്പ് കൊടുക്കാൻ ഇറങ്ങിയതല്ലേ.
ഇടയ്ക്കിടയ്ക്ക് ഒരു പ്രളയമോ യുദ്ധമോ മഹാമാരിയോ ഒക്കെ കാണുമ്പോൾ മാത്രമേ ഇവന്മാർക്ക് ഭയവും മാനസാന്തരവും ഉളളൂ. അതു കഴിയുമ്പോൾ പിന്നെയും പഴയ പടിയാ കാര്യങ്ങൾ. എന്നിരുന്നാലും എന്റെ വരവ് ഭൂ ലോകത്തെ ആകെ കുലുക്കിയിരിക്കുവാണ്. ജനത്തിന്റെ ഇടയിലെല്ലാം ഒരു വെമ്പൽ ആയിട്ടുണ്ട്.
എന്റെ ബ്രോ… ഈ തീയിൽ എനിക്ക് പിടിച്ചു നില്ക്കാൻ കഴിയില്ല. നാൾക്കു നാൾ എന്റെ ശക്തി ക്ഷയിച്ച് ക്ഷയിച്ച് ഉടൻ തന്നെ ഞാൻ നിർവ്വീര്യമാകും എന്ന് തോന്നുന്നു.
അപ്പോൾ ശരി Mr. ലൂസിഫർ ബ്രോ…
കാണാനും പരിചയപ്പെടാനും കഴിഞ്ഞതിൽ സന്തോഷം.
എനിക്കു വയ്യാ… കണ്ണുകൾ മങ്ങുന്നു… തളർച്ച അനുഭവപ്പെടുന്നു. ഞാൻ ഇപ്പോൾ തന്നെ ഇല്ലാതാകും.
കർത്താവിന്റെ വരവ് വാതിൽക്കലായീന്ന് ഭൂലോകമുള്ള ജനമെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ നമ്മുടെ പ്ലാനുകൾ ഒന്നും തന്നെ നടക്കില്ല… ഇനി നമുക്ക് ഇവിടെ നില്ക്കാൻ കഴിയില്ല… അയ്യോ…. പൊള്ളുന്നേ…..
ഓടിക്കോ…. ബ്രോ…. ഓടിക്കോ….

ജെസ്സി ആൽവിൻ
വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.