ശുഭദിന സന്ദേശം: ആർപട്ടണം കീർപട്ടണം | ഡോ.സാബു പോൾ

“ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.”(യെശ.15:1).

വിശുദ്ധ ബൈബിൾ യിസ്രായേലിനെക്കുറിച്ചോ ദൈവസഭയെക്കുറിച്ചോ മാത്രമുള്ള ഭാവി പദ്ധതികളല്ല പ്രവചിക്കുന്നത്. ലോകത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ദൈവം വിവിധ ജനസമൂഹങ്ങളെക്കുറിച്ചുള്ള തൻ്റെ പദ്ധതികളും വെളിപ്പെടുത്തുന്നുണ്ട്. അതു പലപ്പോഴും യിസ്രായേലിനോടുള്ള ബന്ധത്തിലാണു താനും.

മൊവാബ് എന്ന രാജ്യത്തെക്കുറിച്ച് യെശയ്യാവിനു ലഭിച്ച പ്രവചനം പറഞ്ഞു കൊണ്ടാണ് 15-ാം അദ്ധ്യായം സമാരംഭിക്കുന്നത്.

ആരായിരുന്നു മൊവാബ്?

ലോത്തിൻ്റെ അഭിശപ്ത തലമുറകളിലൊന്നാണ് മൊവാബ് എന്ന് എല്ലാവർക്കുമറിയാം. അബ്രഹാമുമായി ലോത്തിനുള്ള ബന്ധം കാരണമായിരിക്കാം അവരോട് യുദ്ധം ചെയ്യരുത് എന്ന് ദൈവം കൽപ്പിച്ചത് (ആവ.2:9). എന്നാൽ മൊവാബ് യിസ്രായേലിനോട് ശത്രുത കാണിച്ചു.

ബാലാക്ക് അവരെ ശാപഗ്രസ്തരാക്കാൻ പദ്ധതിയിട്ടു(സംഖ്യ 22-25). ന്യായാധിപന്മാരുടെ കാലത്ത് മൊവാബ്യ രാജാവായ എഗ്ലോൻ അമ്മോന്യരുടെയും അമാലേക്യരുടെയും സഹായത്തോടെ യിസ്രായേലിനെ കീഴ്പ്പെടുത്തുകയം 18 വർഷം അവരെ ഭരിക്കുകയും ചെയ്തു. എന്നാൽ ശൗലും ദാവീദുമൊക്കെ അവരെ കീഴ്പ്പെടുത്തി.

പിൽക്കാല ചരിത്രം

മെവാബിൻ്റെ പിൽക്കാല ചരിത്രവും ഇന്നത്തെ പ്രവചനദൂതിൻ്റെ പശ്ചാത്തലവും മനസ്സിലാക്കുവാൻ കഴിയുന്നത് ഭാഗീകമായി 2 രാജാ. 3-ാം അദ്ധ്യായത്തിൽ നിന്നും, ഭാഗികമായി 1860 ൽ ഡിബനിൽ നിന്ന് കണ്ടെടുത്ത മൊവാബ്യ ശിലാലിഖിതങ്ങളിൽ നിന്നുമാണ്.
ആഹാബ് രാജാവിൻ്റെ കാലത്ത് യിസ്രായേലിന് കീഴടങ്ങി ആയിരക്കണക്കിന് ആടുകളെ കപ്പം കൊടുത്തു കൊണ്ടിരുന്നു മൊവാബ്യ രാജാവായ കെമോഷ് ഗാദ്.

എന്നാൽ യെഹോരാമിൻ്റെ കാലമായപ്പോൾ കെമോഷ് ഗാദിൻ്റെ മകനായ മെഷാ യിസ്രായേലിനെതിരെ മത്സരിച്ചു. യെഹോരാം, യെഹോശാഫാത്തിനോടും എദോം രാജാവിനോടും ചേർന്ന് അവരെ പരാജയപ്പെടുത്തി. മരങ്ങളെല്ലാം മുറിച്ച്, നീരുറവകളെ അടച്ച് ദേശം ഫലരഹിതമാക്കി. ഈ സമയം ഗത്യന്തരമില്ലാതായ മെഷാ തൻ്റെ ആദ്യജാതനെ കെമോഷ് ദേവന് ദഹനയാഗം കഴിച്ചു. അങ്ങനെ യുദ്ധം അവസാനിച്ചു.

പിന്നീട് ഫെലിസ്ത്യരോടും അശൂരിനോടും ചേർന്ന് മൊവാബ് യിസ്രായേലിൽ നിന്ന് നെബോ തിരിച്ചുപിടിച്ചതോടെ അഹങ്കാരിയായ ശത്രുവായി മാറി. ഈ പശ്ചാത്തലത്തിലാണ് യെശയ്യാവിൻ്റെ ദൂത് വെളിപ്പെടുന്നത്.

ആർപട്ടണം മൊവാബിൻ്റെ തലസ്ഥാനമായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. കീർപട്ടണം മറ്റൊരു പ്രബലമായ പട്ടണവും. ഹിസ്ക്കായാവിൻ്റെ വാഴ്ചയുടെ നാലാം ആണ്ടിൽ അശൂർ രാജാവായ ശൽമെനസ്സർ യിസ്രായേലിനെതിരെ യുദ്ധത്തിന് കടന്നു വന്നത് മൊവാബിലൂടെയാണ്. ആ ജൈത്രയാത്രയിൽ മൊവാബിൻ്റെ അഭിമാനമായിരുന്ന ആർപട്ടണവും കീർപട്ടണവുമെല്ലാം യെശയ്യാവിൻ്റെ പ്രവചനം പോലെ തന്നെ ഒറ്റ രാത്രി കൊണ്ട് തകർന്നു തരിപ്പണമായി.

പ്രിയമുള്ളവരേ,
ഇന്ന് അൽപ്പം ചരിത്രമാണ് നമ്മൾ ചിന്തിച്ചത്. ഒരു കാലത്ത് ദൈവം സഹാനുഭൂതിയോടെ ഇടപെട്ട മൊവാബ് പിന്നീട് ഗർവ്വത്താൽ നിറഞ്ഞതും പ്രവചന ദൂതു പോലെ തകർക്കപ്പെട്ടതുമായ ചരിത്രം….

ലോക ചരിത്രം നിയന്ത്രിക്കുന്നത് സർവ്വശക്തനായ ദൈവമാണ്. ശക്തൻമാരുടെ സിംഹാസനങ്ങൾ മാറി മാറി ഉയരുകയും തകരുകയും ചെയ്തപ്പോഴും തൻ്റെ ജനമായ യിസ്രായേലിനെ പരിപാലിച്ചവനായ ദൈവം.

ലോകം മാറും……
സാമ്രാട്ടുകൾ മാറും….
അവിടുന്ന് മാറ്റമില്ലാത്തവൻ…..
അവനിൽ ആശ്രയിക്കാം…..!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.