കഥ: എന്‍റെ ദൈവം | ലൗലി റെജി, ഇളമ്പൽ

കഥക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനമുണ്ട്. അമ്പിളി അമ്മാവന്‍റെ കഥ മുതൽ ആരംഭിക്കുന്ന ചെറുപ്രായം. പ്രായം കൂടുംതോറും കഥയുടെ ആഴവും വർദ്ധിക്കും. കഥ കേട്ടു ജീവിതം തുടങ്ങാത്ത ഒരു വ്യക്തിയുമില്ല എന്ന് വേണം പറയാൻ. അഞ്ചപ്പം കൊണ്ടു അയ്യായിരത്തിന്‍റെ വിശപ്പ് മാറ്റിയ കഥ, പച്ച വെള്ളം വീഞ്ഞായി മാറിയ കഥ, ഇങ്ങനെ പല കഥകളും . മനുഷ്യന്‍റെ മനസ്സിൽ നിന്നും മുളച്ചു വരാത്ത സത്യത്തിന്‍റെ കഥാ-കലവറയാണ് ബൈബിൾ. അങ്ങനെ ഉള്ള ഒരു കഥയാണിത്.
യിസ്രായേൽ എന്ന രാജ്യം വളരെ ചെറുതെന്നു തോന്നിയാലും ശക്തിയുടെ കാര്യത്തിൽ അവരെക്കാൾ വലുതായി ആരുമില്ല എന്നു തന്നെ വേണം പറയാൻ . ഇസ്രായേലിന്‍റെ ദൈവം തന്നെയാണ് അവരുടെ ശക്തി. ഇങ്ങനെയൊക്കെ ആണെങ്കിലും പലപ്പോഴും അന്യദൈവ ആരാധന അവരിൽ പലരും ഇഷ്ടപ്പെടുകയും ചെയ്തു. ദൈവ വഴിയെയും ദൈവത്തെയും വിട്ട് മാറുമ്പോഴൊക്കെ ശത്രുരാജാക്കന്മാരുടെ മുമ്പിൽ അവർ പരാജയം സമ്മതിച്ച് നിന്ദ അനുഭവിക്കയും ചെയ്യുമായിരുന്നു.

അങ്ങനെ ഉള്ള ഒരു കാലത്ത് അരാമ്യർ യിസ്രായേലിനെ ആക്രമിച്ചു പലരെയും അടിമകളായി പിടിച്ചു അവരുടെ വീടും സമ്പത്തും മാത്രമല്ല ജനങ്ങളെയും അപഹരിക്കയുണ്ടായി. ആ കൂട്ടത്തിൽ വളരെ ചെറിയ ഒരു പെൺകുട്ടി തന്‍റെ മാതാപിതാക്കളെയും , കൂട്ടുകാരെയും, തന്‍റെ കുഞ്ഞ് അനുജന്മാരെയും,,അനുജത്തിമാരെയും വിട്ട് അടിമയായി മറ്റൊരിടത്തേക്ക് പോകേണ്ടതായി വന്നു. ആദ്യമൊക്കെ ആ പെൺകുട്ടിക്ക് താൻ എത്തിചേർന്ന ഭവനത്തിൽ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞില്ല. രാവിലെ മോളേ എന്നുള്ള അമ്മുയുടെ വിളി , മാതാപിതാക്കളുടെ സ്നേഹം , ഇതൊന്നുമില്ലാതെ ആ പെൺകുഞ്ഞ് അവിടെ വളരെ വേദനപ്പെട്ടു.
അവൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ ഏങ്ങി ഏങ്ങി കരഞ്ഞു. ഒരു ദിവസം അവളുടെ വീട്ടിലെ യജമാനത്തി തന്‍റെ മകളെ പോലെ അവളെ കെട്ടിപിടിച്ച് കണ്ണുനീരൊക്കൊ തുടച്ചു അവളെ ആശ്വസിപ്പിച്ചു . അങ്ങനെ ആ യജമാനത്തി അവൾക്ക് ഒരു അമ്മയുടെ സ്നേഹം വേണ്ടുവോളം കൊടുത്തു . അവൾക്ക് യജമാനത്തി യോട് വളരെ സ്നേഹവും , ബഹുമാനവും തോന്നി . അടിമയാണെന്ന കാര്യം അവൾ മറന്നുപോയി ആ വീട്ടിലെ സ്വന്തം മകളെ പോലെയായി.
ഒരു ദിവസം തന്‍റെ നാട്ടിലെ വിശേഷങ്ങൾ ആ പെൺകുട്ടി പറയുകയുണ്ടായി . യജമാനത്തി , എന്‍റെ നാട്ടിൽ ഒരു വലിയ പ്രവാചകൻ ഉണ്ട് . ആ പ്രവാചകൻ വഴി നടക്കയിൽ ചില ബാലന്മാർ മൊട്ടത്തലയാ , മൊട്ടത്തലയാ എന്ന് വിളിച്ച പ്രവാചകനെ കളിയാക്കി ചിരിച്ചു . പെട്ടെന്ന് കാട്ടിൽ നിന്നും കരടികൾ വന്ന് ആ ബാലന്മാരെ കടിച്ചു കീറി കളഞ്ഞു. പിന്നീട് ഒരു ദിവസം ചെറിയ ഇരുപത് യവത്തപ്പം കൊണ്ട് ഇരുന്നൂറ് പേർക്ക് ഭക്ഷണം കൊടുത്തു. പ്രവാചകൻ പറഞ്ഞപ്പോൾ അപ്പം എല്ലാവർക്കും കഴിക്കതക്കവണ്ണം വർദ്ധിച്ചു വർദ്ധിച്ചു വന്നത്രേ.
എന്നെ പോലെ ചെറിയ മകൻ ഉള്ള ഒരു അമ്മ ഉണ്ടായിരുന്നു .

ഒരു ദിവസം ആ അമ്മയുടെ മകൻ മരിച്ചു പോയി . ആ മകനെ പ്രവാചകന്‍റെ അടുക്കൽ കൊണ്ടു ചെന്നപ്പോൾ പ്രവാചകൻ ദൈവത്തോട് പ്രാർത്ഥിച്ചു.ആ അമ്മയ്ക്ക് മകനെ ജീവൻ ഉള്ളവനായി തിരികെകിട്ടി. മക്കളില്ലാതിരുന്ന ആ സ്ത്രീക്ക് ഈ പ്രവാചകൻ പ്രാർഥിച്ചാണ് , മകൻ ലഭിക്കുകയുണ്ടായത് .
അപ്പോൾ, യജമാനത്തി ചോദിച്ചു” നീ ആ പ്രവാചകനെ കണ്ടിട്ടുണ്ടോ “അവൾ പറഞ്ഞു “ഇല്ല” , പിന്നെ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം ?? എന്‍റെ അമ്മയാണ് ഇതൊക്കെ എനിക്കും, എന്‍റെ കുഞ്ഞനുജന്മാർക്കും പറഞ്ഞതന്നിട്ടുള്ളത് “.എന്നിട്ട് അവൾ പറഞ്ഞു “നമുക്ക് ഒരു കാര്യം , ചെയ്യാം നമ്മുടെ യജമാനനെ ആ പ്രവാചകന്‍റെ അടുക്കൽ അയച്ചാൽ അസുഖമൊക്കെ മാറി ശുദ്ധനായി മാറുമെന്ന് ആ പെൺകുട്ടി പറഞ്ഞു. അവളുടെ കഥകളും , അവളുടെ നിഷ്കളങ്കതയും കണ്ട് യജമാനത്തിക്ക് അവളുടെ ദൈവത്തിലും അവൾ പറഞ്ഞ പ്രവാചകനിലും വിശ്വാസം തോന്നി . അരാമിൽ കണ്ടിട്ടില്ലാത്ത ഒരു ദൈവം ഈ ഇസ്രായേലിലെ പെൺകുട്ടിക്ക് ഉണ്ടെന്ന് തോന്നുന്നു . യജമാനൻ ഇത് കേട്ട് ആശ്ചര്യത്തോടെ പറഞ്ഞു,അനേക വൈദ്യന്മാർ ചികിത്സിച്ചിട്ടു മാറാത്ത ഈ രോഗം മാറ്റി തരുന്ന ഒരു ദൈവമുണ്ടോ ?? എന്തായാലും ഇസ്രായേലിൽ പോകാൻ തീരുമാനിച്ചു. യജമാനൻ ഇസ്രായേൽ രാജാവിന്‍റെ അടുക്കലെത്തി , രാജാവ് വിവരം ഇസ്രായേലിലെ പ്രവാചകനെ അറിയിച്ചു. പ്രവാചകൻ പറഞ്ഞതുപോലെ ചെയ്ത യജമാനന് പൂർണ്ണ സൗഖ്യം വന്നു . സ്വന്തം നാട്ടിലേക്കു മടങ്ങുന്നതിനു മുമ്പ് , ഇനി എനിക്ക് ഈ ദൈവം മതിയെന്ന് ഒരു തീരുമാനവും എടുത്തു സ്വന്തം ഭവനത്തിലേക്ക് മടങ്ങിപ്പോയി .
കഥ ജീവിതങ്ങളെയും മനസ്സുകളെയും സ്വാധീനിക്കുകയും മാറ്റം വരുത്തുകയും ചെയ്യുന്നു . ഒരു ചെറിയ പെൺകുട്ടി അടിമത്ത്വത്തിന്‍റെ വേദന ജീവിതത്തിലും അവളുടെ വീട്ടിൽ നിന്നും ലഭിച്ച ചെറിയ-ചെറിയ അറിവുകൾ കഥകളായി മാറ്റിയപ്പോൾ ഉന്നതരായിരുന്നവരുടെ ജീവിതത്തെ പോലും സ്വാധീനിക്കുവാൻ അതിനു കഴിഞ്ഞു എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു . ആവർത്തനം11:-18, 19 എന്‍റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചുവച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കുകയും വേണം . വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും നിങ്ങൾ അവയെ കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവയെ ഉപദേശിച്ചു കൊടുക്കണം.

പ്രിയ കൂട്ടുകാരെ ഈ കഥയിലെ ചെറിയ പെൺകുട്ടിയുടെ പേര് ബൈബിളിൽ പ്രതിപാദിക്കുന്നില്ല , എങ്കിലും പ്രവാചകൻ ഏലീശ ആണെന്നും യജമാനൻ നയമാൻ ആണെന്നും രോഗം കുഷ്ഠരോഗം ആണെന്നും മാറിയത് എങ്ങനെയെന്നും ബൈബിൾ പഠിപ്പിക്കുന്നു. തേനീച്ചകൾക്കു ലഭിക്കുന്ന ചെറിയ ചെറിയ പൂമ്പൊടികൾ ശേഖരിച്ചു സൂക്ഷിച്ചു അതി ശ്രദ്ധയോടെ കരുതി അതിനെ മധുരമുള്ള തേനാക്കിമാറ്റുന്ന പോലെ നമ്മുടെ ജീവിതം മറ്റുള്ളവർക്കു മധുരം ഉള്ളതായി മാറ്റാം . ദൈവം അനുഗ്രഹിക്കട്ടെ.

ലൗലി റെജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.