കണ്ടതും കേട്ടതും: മാങ്ങാണ്ടി ഫോണും ടെക്നോളജിയും | റോഷൻ ഹരിപ്പാട്

കഴിഞ്ഞ ദിവസങ്ങളിൽ വാട്സ്ആപ്പിൽ കൂടി ലഭിച്ച ഒരു ഓഡിയോ ക്ലിപ്പിൽ ഒരാൾ സൂം ഓൺലൈൻ ആരാധനയെപറ്റി വളരെ രൂക്ഷമായി വിമർശിക്കുന്നത് കേട്ടു. അതിന് മറുപടി കൊടുക്കകയോ വിമർശിക്കുകയോ അല്ല എന്റെ ഉദ്ദേശം. എന്നാൽ അതിൽ പറഞ്ഞ “ഈ ടെക്നോളജിയെയൊക്കെ എടുത്ത് കളയൂ” എന്ന വാക്ക് എന്നെ വളരെ ചിന്തിപ്പിച്ചു. ശാസ്ത്രസാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തങ്ങൾ ദൈവസഭയ്ക്കു ദോഷം ചെയ്തിട്ടുണ്ടോ എന്ന് നമുക്ക് ഒന്നു പരിശോധിക്കാം.

എല്ലാ തലമുറയിലും ദൈവസഭയിൽ കാലഘട്ടത്തിനു അനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ശാസ്ത്രസാങ്കേതികവിദ്യയുടെ മികച്ച കണ്ടുപിടുത്തങ്ങളെ പലപ്പോഴും ഏറ്റവും നല്ല രീതിയിൽ ഉപയോഗിച്ചതും ക്രൈസ്തവരാണ്. ഈ കണ്ടുപിടുത്തങ്ങൾ സുവിശേഷപ്രചാരണത്തിന് നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിനു തന്നെ വളരെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയതും വലിയ ഉണർവ്വുണ്ടാക്കിയതുമായ ഒരു കണ്ടുപിടുത്തമായിരുന്നു ജോഹന്നസ് ഗുട്ടൻബെർഗിന്റെ അച്ചടിയന്ത്രം. അതിൽ നിന്നും 1455 ൽ ലോകത്തിലെ തന്നെ ആദ്യത്തെ പ്രിന്റിംഗ് പുസ്തകമായ ലാറ്റിൻ ഭാഷയിലുള്ള ബൈബിൾ പുറത്തുവന്നു. അത് എന്നും അഭിമാനകരമായ ഒരു കാര്യം തന്നെയാണ്. അന്നുവരെ തിരുവചനത്തിന്റെ തുകൽച്ചുരുളുകളും കൈയ്യെഴുത്തുപ്രതികളും മാത്രമേ ലഭ്യമായിരുന്നുള്ളു. അതും വളരെ വിരളമായിരുന്നതിനാൽ തിരുവചനം സാധാരണക്കാരന്റെ കൈകളിൽ എത്തിയിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ അച്ചടിയന്ത്രത്തിന്റെ തന്നെ ആധുനിക മോഡലുകൾ എത്തി. കോടിക്കണക്കിനു ആളുകളുടെ കരങ്ങളിൽ പല ഭാഷകളിൽ ബൈബിളുകൾ എത്തിക്കാൻ നമുക്ക് സാധിച്ചത് അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. സുവിശേഷ സന്ദേശങ്ങൾ പ്രിന്റ് ചെയ്ത ലഖുലേഖകൾ നാം വിതരണം ചെയ്തു. ദൃശ്യമാധ്യമങ്ങൾ നിലവിൽ വരുന്നതിനു വർഷങ്ങൾക്കു മുൻപ് തന്നെ വിവിധ ഭാഷകളിലുള്ള റേഡിയോകളിൽ കൂടി സുവിശേഷം പ്രചരിപ്പിച്ചു.

ഈ അടുത്ത കാലത്ത് ഒരു സെമിനാറിൽ സുവി. ഷിബു മുള്ളംകാട്ടിൽ പങ്കുവച്ച ഒരു സംഭവകഥ ഇവിടെ കുറിക്കുന്നു. ഫീബ റേഡിയോ സന്ദേശത്തിലൂടെ ഒരു ബീഹാറി സഹോദരൻ യേശുവിനെ അറിഞ്ഞു. സ്നാനം സത്യമാണെന്നു മനസ്സിലാക്കി. സ്നാനപ്പെടുവാൻ വേണ്ടി ആ ഗ്രാമത്തിൽ മുഴുവൻ താൻ ഒരു ക്രിസ്ത്യാനിയെ അന്വേഷിച്ചു നടന്നു. കണ്ടെത്താൻ കഴിഞ്ഞില്ല. അവസാനം ഗംഗാനദിയിൽ പോയി സ്വയം മുങ്ങി സ്നാനപ്പെട്ടു. നീണ്ട മുപ്പതു വർഷങ്ങൾക്ക് ശേഷം ഒരു മിഷനറി ആ ഗ്രാമത്തിൽ പ്രവർത്തനത്തിനായി വന്നു. അതറിഞ്ഞു ഈ മനുഷ്യൻ അദ്ദേഹത്തെ പോയി കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു. പിന്നത്തേതിൽ അദ്ദേഹം ഈ വ്യക്തിയെ ജലത്തിൽ സ്നാനം കഴിപ്പിച്ചു. ആ ദേശത്തെ സുവിശേഷപ്രവർത്തനത്തിനായി ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. ദൃശ്യമാധ്യമങ്ങളുടെ വരവോടെ വലിയ മാറ്റങ്ങൾ ഉണ്ടായി. യേശുവിനെപ്പറ്റി ഒരു പ്രാവശ്യംപോലും കേട്ടിട്ടില്ലാത്ത ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശങ്ങളിൽ പോയി യേശുക്രിസ്തുവിന്റെ ജീവിതചരിത്രം അതാത് ഭാഷകളിൽ സിനിമയാക്കി പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിച്ചു അവർക്കു യേശുവിനെ പരിചയപ്പെടുത്തി.

ലോകത്തിൽ നമുക്ക് എത്തിപ്പെടാൻ കഴിയാത്ത പല സ്ഥലങ്ങളിലും സുവിശേഷം എത്തിച്ചത് വിവിധ ഭാഷകളിലുള്ള ടിവി ചാനലുകൾ വഴിയാണ്. കമ്പ്യൂട്ടറിന്റെ കണ്ടുപിടുത്തം ലോകത്തിനു വരുത്തിയ മാറ്റം വളരെ വലുതാണ്. അതിനെയും നമ്മൾ സുവിശേഷപ്രചാരണത്തിനായി നന്നായി ഉപയോഗിച്ചു. അതിൽ എടുത്തുപറയേണ്ട ഒരു കാര്യം ബൈബിൾ പരിഭാഷപ്രവർത്തനം ആണ്. ഒരു സ്ഥലത്തു ചെന്ന് പാർത്തു അവിടെയുള്ള ഭാഷ പഠിച്ചു ലിപികൾ ഉണ്ടാക്കി അവരെ പഠിപ്പിച്ചു അതിലേക്ക് നാല് സുവിശേഷങ്ങൾ എങ്കിലും പരിഭാഷപ്പെടുത്താൻ കുറഞ്ഞത് 15 മുതൽ 20 വർഷങ്ങൾ വരെ ആവശ്യമായിരുന്ന സ്ഥാനത്തു ഇപ്പോൾ നാലോ അഞ്ചോ വർഷങ്ങൾകൊണ്ടു അത് പൂർത്തീകരിക്കുവാൻ സാധിക്കുന്നു.

ഈ ലോക്ക്ഡൌൺ കാലത്ത് അനേക ദൈവമക്കൾ ഓൺലൈൻ ആരാധനകൾ മൂലം ആശ്വാസം പ്രാപിക്കുന്നുണ്ട്. പുറത്തിറങ്ങാൻ സ്വാതന്ത്ര്യം ഇല്ലാതെയായിരിക്കുന്ന പലരും മുൻപും ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. ഗൾഫ് നാട്ടിൽ ജോലിചെയ്യുന്ന ഒരു സഹോദരി ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. ആരാധനയ്ക്കു പോകാനുള്ള സ്വാതന്ത്ര്യം ഇല്ല. ഇന്ത്യയിലുള്ള ഒരു പ്രമുഖ സഭയുടെ ആരാധന എല്ലാ ആഴ്ചയിലും യൂട്യൂബ് ലൈവിൽകൂടി പങ്കെടുക്കും. അതാണ് ഏക ആശ്രയം. ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഇരുന്നുകൊണ്ട് ഒരു വ്യക്തിയെങ്കിലും അനുഗ്രഹം പ്രാപിക്കുന്നെങ്കിൽ ആ ശുശ്രൂഷയിൽ ദൈവം പ്രസാദിക്കും.

ഈ നൂറ്റാണ്ടിൽ വൈദ്യുതി, ബൾബ്, ഫാൻ, മൈക്സിസ്റ്റം, പ്രൊജക്ടർ, എ.സി. തുടങ്ങിയ കണ്ടുപിടുത്തങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലും ഉപയോഗിക്കാത്ത സഭാഹോളുകൾ ഒന്നുപോലുമില്ല. ആദിമ നൂറ്റാണ്ടിൽ അപ്പോസ്തലന്മാർ ഉപയോഗിച്ചിരുന്ന ഗതാഗതമാർഗ്ഗങ്ങൾ വളരെ ദുഷ്കരമായിരുന്നു. മെക്കാനിക്കൽ രംഗത്ത് ഉണ്ടായ കണ്ടുപിടുത്തങ്ങളാണ് കര, ജല, വ്യോമ മാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗതത്തെ ഇത്രയും അതിവേഗമാക്കിയത്. അനേക വാദ്യോപകരങ്ങളുടെ ശബ്ദങ്ങൾ ഒരേ സമയം പ്രവർത്തിപ്പിച്ചു ശ്രോതാക്കളിൽ ഒരു ഫുൾ ഓർക്കസ്ട്രയുടെ അനുഭൂതിയുളവാക്കാൻ കഴിയുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് കീബോർഡ്. ആരാധനകളിൽ കീബോർഡ് ഉപയോഗിക്കാത്ത സഭകൾ ഈ കാലത്ത് വളരെ വിരളമാണ്. ആധുനിക കാലത്തെ ഉപകാരണമായതുകൊണ്ടോ, അക്രൈസ്തവരും ഈ ഉപകരണം അവരുടെ ആരാധനയ്ക്കും മറ്റും ഉപയോഗിക്കുന്നതാണ് എന്ന കാരണത്താലോ ഇത് നമുക്ക് വേണ്ട എന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടില്ല. ആരും പറയുമോ എന്നും തോന്നുന്നില്ല. ഇന്ന് ലോകം വളരെ ഉറ്റുനോക്കുന്ന Artificial Intelligence പോലെയുള്ള കണ്ടുപിടുത്തങ്ങൾ വരുംഭാവിയിൽ ദൈവസഭയെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കാതിരിക്കില്ല എന്നാണ് എന്റെ അഭിപ്രായം.

ഒരു കൂട്ടർ ടെക്നോളജിയെ ദൈവസഭയ്ക്കും ദൈവരാജ്യത്തിനും അനുഗ്രഹമാകുംവണ്ണം ഉപയോഗിക്കുമ്പോൾ ഇതിൽ തന്നെ പെടുന്ന മറ്റൊരു കൂട്ടർ ദൈവനാമത്തെ ദുഷിക്കാൻ വേണ്ടി ഇത് ഉപയോഗിക്കുന്നു. ദൈവവചനത്തെ വളച്ചൊടിച്ചു വ്യാഖ്യാനങ്ങൾ നടത്താനും ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന അനേക ദൈവദാസന്മാരെപറ്റി ഇല്ലാക്കഥകൾ മെനഞ്ഞു വ്യക്തിഹത്യകൾ നടത്തുവാനും കൃപാവരശുശ്രൂഷകളെപോലും പരിഹസിക്കുവാനുമൊക്കെ ഇതേ മീഡിയകൾ ഉപയോഗിക്കുന്നു. ഓൺലൈൻ ആരാധനകളെ പരിഹസിക്കുന്ന ദൈവദാസന്മാരേ, നിങ്ങൾ വിമർശിക്കേണ്ടതും പ്രതികരിക്കേണ്ടതും ഈ കൂട്ടർക്കെതിരെയാണ്. അവർ ദൈവസഭയെ മുടിക്കുകയാണ്. കൺവൻഷൻ വേദികളിലും ലൈവ് സംപ്രേഷണങ്ങളിലും ദൈവദാസന്മാരെ വ്യക്തിഹത്യ ചെയ്യുന്ന പ്രസംഗകരുണ്ട്. അവരെ നമ്മുടെ വേദികളിൽ നിന്നും കർശനമായും ഒഴിവാക്കേണ്ടതാണ്. ഒരു കാലത്തു ടെലിവിഷനെയും മൊബൈലിനെയും ആധുനിക ഉപകരണങ്ങളെയുമൊക്കെ വിമർശിച്ചിരുന്നവർ ഇന്ന് ഈ മാധ്യമങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ആരാധനയെ വിമർശിക്കുന്നു എന്നുള്ളതാണ് രസകരമായ സംഭവം.

ലോകത്തുള്ള കണ്ടുപിടുത്തങ്ങൾ എല്ലാംതന്നെ ഓരോരുത്തർ ഉപയോഗിക്കുന്ന രീതി അനുസരിച്ചായിരിക്കും അതിന്റെ ഫലത്തിൽ വ്യത്യാസം ഉണ്ടാകുന്നത്. പുറത്തേക്കു ഇറങ്ങുവാനോ പരസ്പരം നേരിട്ട് ഇടപെടുവാനോ കഴിയാതെയിരിക്കുന്ന ഈ സാഹചര്യത്തിൽ ദൈവമക്കൾക്കു അന്യോന്യം കാണുവാനും പ്രാർത്ഥനവിഷയങ്ങൾ പങ്കുവയ്ക്കുവാനും ഒരുമിച്ചു പ്രാർത്ഥിക്കുവാനും കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഫേസ്ബുക്ക്, യൂട്യൂബ്, സൂം, ഗൂഗിൾ തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിലൂടെ ലൈവ് ആരാധനകൾ നടത്തുന്ന അനേക ദൈവദാസന്മാരും ദൈവസഭകളും ഉണ്ട്. വിമർശനങ്ങൾക്ക് വില കൊടുക്കാതെ ദൈവം നിങ്ങളെ ഏൽപ്പിച്ച വേല വിശ്വസ്തതയോടെ ചെയ്യുക. പലരും ലൈവ് ചെയ്യുന്നത് കണ്ടിട്ട് അതിനെ അനുകരിച്ചു സ്വയപ്രശസ്തിയ്ക്കും ധനസമ്പാദനത്തിനു വേണ്ടിയും ദിവസവും ലൈവിൽ വന്നു വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു ദൈവനാമത്തെ മറ്റുള്ളവരുടെ മുൻപിൽ വികലമാക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ അവഗണിക്കുക.

ലൈവ് ചെയ്യുന്നവരോട് ഒരു വാക്ക്, സഭയ്ക്കകത്തു മാത്രം ഒതുങ്ങി നിൽക്കേണ്ട പല ശുശ്രൂഷകളും ലൈവിൽ കൊണ്ടുവന്നു ലോകത്തിന്റെ മുൻപിൽ വിളമ്പി നിങ്ങൾ പരിഹാസ്യപാത്രമാകരുത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ദൈവസഭയിൽ വരേണ്ടത് അത്യാവശ്യമാണ്. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയെ പലരും ദൈവരാജ്യവ്യാപ്തിക്കായി ഉപയോഗിക്കുമ്പോൾ അതിനെ വിമർശിച്ചു ഇല്ലാതാക്കാൻ ശ്രമിക്കാതെ നല്ല മനസ്സോടെ ഉൾക്കൊള്ളുവാനും അവർക്കു വേണ്ട പിന്തുണ നൽകുവാനും ശ്രമിക്കുക.

റോഷൻ ഹരിപ്പാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.