കൗൺസിലിംഗ് കോര്‍ണര്‍: വൈകാരിക ബുദ്ധി | ഇവ. ബാബു തോമസ് അങ്കമാലി

നാം ഏറെ പ്രാധാന്യം കൽപ്പിക്കാത്ത ഒരു വിഷയത്തിലേക്ക് നിങ്ങളുടെ വിശദ പഠനത്തിനായി ഒരു ഓർമ്മപ്പെടുത്തൽ.

post watermark60x60

നിങ്ങൾ EQ എന്നു കേട്ടിട്ടുണ്ടോ?
മലയാളത്തിൽ വൈകാരിക ബുദ്ധി എന്നാണ് പറയുന്നത്.

നമ്മുടെ സ്വന്തം വികാരങ്ങളെ കുറിച്ചും മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ചും തിരിച്ചറിയാനും അതിനനുസരിച്ച് നമ്മുടെ ചിന്തകളെ നിയന്ത്രിക്കാനും പെരുമാറ്റത്തില്‍ ഭേദഗതികള്‍ വരുത്താനും നമ്മെ സഹായിക്കുന്ന ബുദ്ധിശക്തിയാണ് വൈകാരികബുദ്ധി അഥവാ വൈകാരികപക്വത.

Download Our Android App | iOS App

1995 ല്‍ ഡാനിയല്‍ ഗോള്‍മാന്‍ എഴുതിയ ‘ഇമോഷണല്‍ ഇന്റലിജന്‍സ്’ എന്ന പുസത്കത്തിലാണ് ആദ്യമായി ഈ വിഷയത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.
വൈകാരിക ബുദ്ധിയുള്ളയാളിനെയാണ് നാം വൈകാരിക പക്വതയുള്ള വൻ എന്നു പറയുന്നത്.

വൈകാരികപക്വതയുള്ള ഒരു വ്യക്തിക്ക് ചില ഗുണങ്ങളുണ്ട് അവ താഴെ പറയുന്നവയാണ്

1. തന്റെ കുറവുകളെന്തെന്ന് അംഗീകരിക്കുന്നു

2. തന്റെ കുറവുകള്‍ തുറന്നുപറയാന്‍ മടികാണിക്കുന്നില്ല

3. എത്ര വലിയ ദുരന്തത്തിന്റെ മുന്നിലും സഹജീവികള്‍ക്കും കുടുംബത്തിനും അത്താണിയായി നിലകൊള്ളുന്നു.

4. വേണ്ട സാഹചര്യങ്ങളില്‍ സങ്കടം പുറത്തുകാണിക്കാനും തന്റെ ദുഃഖം പങ്കുവയ്ക്കാനും മടികാണിക്കുന്നില്ല.

5. മറ്റുള്ളവരുടെ വികാരങ്ങള്‍ തിരിച്ചറിയുന്നു. അവരുടെ ഭാഗം ക്ഷമയോടെ കേള്‍ക്കാനുള്ള മനസ് കാണിക്കുന്നു.

6. മറ്റൊരാള്‍ എന്തുകൊണ്ടായിരിക്കും അങ്ങനെ പെരുമാറിയത് എന്ന് ചിന്തിക്കുന്നു.

7. അതിനാല്‍തന്നെ ആ വ്യക്തിയുടെ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നില്ല.

8. തനിക്കും മറ്റുള്ളവര്‍ക്കും വേദനയുണ്ടാക്കുന്നരീതിയില്‍ പെരുമാറുന്നില്ല. സാഹചര്യത്തിന് അനുസൃതമായി ഏവര്‍ക്കും ഗുണകരമാകുന്നരീതിയില്‍ പെരുമാറുന്നു.,

9. സ്വന്തം ജീവിതത്തിന്റെയും വിജയത്തിന്റെയും തോല്‍വിയുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. മറ്റുള്ളവരെ പഴിചാരാതെ ‘ഇനി എനിക്ക് എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം’ എന്ന് ചിന്തിച്ച്, അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.,

10. സ്വയം കുറ്റപ്പെടുത്തുന്നില്ല, സ്വയം ന്യായീകരിക്കുന്നുമില്ല. സ്വന്തം വികാരങ്ങള്‍ മനസ് തുറന്ന് നേരിടുകയും അനുഭവിക്കുകയും തരണം ചെയ്യുകയും ചെയ്യുന്നു

11. മറ്റുള്ളവരോട് കരുണാപൂര്‍വവും ബഹുമാനപൂര്‍വവും മാത്രം പെരുമാറുന്നു.

12. ജീവിതത്തില്‍ നേരിട്ടേക്കാവുന്ന മോശം അനുഭവങ്ങളെ ഭയക്കുന്നില്ല, അവയെ നേരിടാന്‍ സഹായിക്കുന്ന സ്വന്തം മനോധൈര്യത്തില്‍ വിശ്വസിക്കുന്നു.
പ്രസക്തമായ മറ്റൊരു ചോദ്യം എങ്ങനെ വൈകാരികബുദ്ധി വളര്‍ത്തിയെടുക്കാം എന്നതാണ്. തീര്‍ച്ചയായും ചില വ്യക്തിത്വഘടകങ്ങള്‍ വൈകാരികബുദ്ധിക്ക് ആശ്യമാണെങ്കിലും ശ്രമിച്ചാല്‍ നമുക്കെല്ലാം വൈകാരികമായുള്ള പക്വത നേടാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. അതിനായുള്ള ചില നിര്‍ദേശങ്ങളിതാ.

ഇമോഷണല്‍ ഇന്റലിജന്‍സ് , ഈ വഴികളിലൂടെ വര്‍ധിപ്പിക്കാം

തന്റെയും മറ്റുള്ളവരുടെയും വികാരങ്ങള്‍ തിരിച്ചറിയുന്നതിനും അവയെ കൈകാര്യം ചെയ്യുന്നതിനുമുള്ള കഴിവാണ് ഇമോഷണല്‍ ഇന്റലിജന്‍സ് എന്നു പറഞ്ഞല്ലോ. ഒരാളുടെ ജീവിതവിജയത്തിന് അത്യന്താപേക്ഷിത ഘടകമായ ഇമോഷണല്‍ ഇന്റലിജന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇതാ:

1. ആത്മാര്‍ത്ഥമായ ആത്മപരിശോധന: നിങ്ങളുടെ ശക്തി, ദൗര്‍ബല്യം, പരിമിതി, അവസരം എന്നിവയെ വിശകലനം നടത്തുക. ശക്തി വര്‍ധിപ്പിക്കാനും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുമുള്ള വഴി തേടുക.

2. വികാരങ്ങളെ തിരിച്ചറിയുക: ഉള്ളിലുള്ള കോപത്തെ തിരിച്ചറിയുമ്പോള്‍ തന്നെ അത് നിയന്ത്രണ വിധേയമാവുന്നു. ദുര്‍വികാരങ്ങളെ പുറംതള്ളുകയും സദ്‌വികാരങ്ങളെ താലോലിക്കുകയും ചെയ്യുക. അത് ഉന്മേഷവും മാനസിക സന്തോഷവും തരും.

3. നെഗറ്റീവ് ചിന്തകള്‍ വേണ്ട: ഭയം, ശത്രുത, നിരാശ, ആത്മനിന്ദ, വിദ്വേഷം, പ്രതികാരമോഹം തുടങ്ങിയവ നിങ്ങളുടെ പ്രവൃത്തികളെയും പ്രതികരണങ്ങളെയും സ്വാധീനിക്കുന്നു. വ്യക്തിത്വത്തെയും ബന്ധങ്ങളെയും വികലമാക്കുന്നു.

4. മനസ് ശാന്തമാക്കാം: മനസ് കലുഷിതമാവുമ്പോള്‍ നടത്തം, ഡാന്‍സ് തുടങ്ങിയവയിലൂടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ കൈവരിക്കാം. ധ്യാനം, സംഗീതം, നര്‍മ്മ സല്ലാപം, പ്രകൃതിഭംഗി ആസ്വദിക്കല്‍, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയവയും ഗുണം ചെയ്യും.

5. പ്രതികരണങ്ങളെ നിരീക്ഷിക്കുക: സംഘര്‍ഷപൂരിതമായ സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രതികരണങ്ങള നിരീക്ഷിക്കുകയും അവയുടെ അനന്തര ഫലങ്ങളെ വിലയിരുത്തുകയും ചെയ്യുക.

6. സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക

7. പ്രതിസന്ധികളെ നര്‍മ്മബോധത്തോടെ വീക്ഷിക്കുക: ചിരിയും പുഞ്ചിരിയുമൊക്കെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റി മനസിനെ വേഗം ശാന്തമാക്കുന്നു.

8. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക:
മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളും വിഷമതകളും ശരിയായി മനസിലാക്കുകയും അവ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യുക.

9. എല്ലാ ജീവജാലങ്ങളേയും പ്രതിഫലേച്ഛ കൂടാതെ സ്നേഹിക്കുക

ഇത് ജീവിതത്തിൽ നടപ്പിലാക്കാനൊന്നു ശ്രമിച്ചാലോ. നമ്മിൽ തന്നെ അത്ഭുതകരമായ മാറ്റം നമുക്ക് കാണാൻ സാധിക്കും…
നമ്മുക്ക് ഏറെ കഴിവുകളും വിജയവും ഒക്കെ വന്നു ചേരുന്നതായി നമ്മുക്ക് മനസിലാക്കാം.

ഇവാ. ബാബു തോമസ്

-ADVERTISEMENT-

You might also like