ഇന്നത്തെ ചിന്ത : കളകളെ കളയേണ്ടെ? | ജെ.പി വെണ്ണിക്കുളം

കളയുടെ ഉപമയെക്കുറിച്ചു മത്തായി 13:24-30 വരെ വായിക്കാൻ കഴിയും. ഗോതമ്പ് വളർന്നുവരുന്നതിനിടയിൽ ഉപദ്രവകാരിയും വിഷമുള്ളതുമായ കളയും വളർന്നു വരുന്നു. കളയും ഗോതമ്പ് പോലെ തോന്നിക്കുന്നതായതിനാൽ ആർക്കും സംശയമുണ്ടാവില്ല. എന്നാൽ സമർത്ഥനായ ഒരു കൃഷിക്കാരന് അതു തിരിച്ചറിയാൻ പ്രയാസമില്ല. ഇങ്ങനെയുള്ളവരെ ഇന്നത്തെ സമൂഹത്തിലും കാണാം. പുറമെയുള്ള ഭക്തിക്കു അവർ അമിതപ്രധാന്യം നൽകുന്നു. ഉള്ളിലോ കൊടിയ വിഷമാണ്. ഉറക്കത്തിലാണ് പിശാച് കള വിതച്ചിട്ടു പോകുന്നതെന്നാണ് ഈ ഉപമ നമ്മെ പഠിപ്പിക്കുന്നത്. ആത്മീയരോടൊപ്പം ഈ കളയും ഇന്ന് വളർന്നുകൊണ്ടേയിരിക്കുകയാണ്. എന്നാൽ കള അറിയുന്നില്ല ഒരുനാൾ ഗോതമ്പിൽ നിന്നും അതു വേർപിരിയുമെന്നു. നല്ല വിത്തു വിതച്ചിടത്തു കള വന്നത് എങ്ങനെയാണെന്ന ദാസന്മാരുടെ ചോദ്യം ഗൗരവസ്വഭാവമുള്ളതാണ്. പിന്നെ ഒരു കാര്യത്തിൽ ആശ്വസിക്കാം, കൊയ്ത്തു വരെയുള്ളൂ കളയുടെ ആയുസ്സ്. അന്ന് വരെ ഗോതമ്പും കളയും ഒന്നിച്ചായിരിക്കും. പ്രിയരെ, വ്യക്തിപരമായ ജീവിതത്തിൽ തിന്മയുടെ സ്വാധീനം ഉണ്ടാകാനിടയുണ്ട്. അതു നാം അറിയുകയേയില്ല. പ്രവർത്തിയിലൂടെയാണ് ഇതെല്ലാം വെളിപ്പെട്ടു വരുന്നത്. കർത്താവിന്റെ വരവ് അടുത്തിരിക്കുമ്പോൾ ഉണർന്നിരുന്നു നന്മയുടെ വാഹകരാകുവാൻ ശ്രദ്ധിക്കുക.

ധ്യാനം: മത്തായി 13

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.