ശുഭദിന സന്ദേശം : കെണിയും തുണയും | ഡോ.സാബു പോൾ
”അവർ എനിക്കു വെച്ചിരിക്കുന്ന കെണിയിലും ദുഷ്‌പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ”(സങ്കീ.141:9).
ജമൈക്കയിൽ നാട്ടുകാരനായ സുഹൃത്തിനോടൊപ്പം ഒരാൾ നടക്കുകയായിരുന്നു….
ഒരു പ്രത്യേകതരം കുറ്റിച്ചെടി അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. അതിൻ്റെ അടുത്തേക്ക് കൗതുകത്തോടെ ചെന്ന അയാളോട് കൂട്ടുകാരൻ പറഞ്ഞു: “സൂക്ഷിക്കണം. ഞങ്ങൾ അതിനെ wait a bit bush എന്നാണ് വിളിക്കുന്നത്.”
എന്നിട്ടും ആകാംക്ഷ അടക്കാനാവാതെ അടുത്തുചെന്ന അയാളുടെ വസ്ത്രത്തിൽ അതിൻ്റെ മുള്ളുകൾ പെട്ടെന്ന് ഉടക്കി….!
മാറ്റാൻ ശ്രമിക്കുന്തോറും കൂടുതൽ മുള്ളുകൾ അയാളുടെ വസ്ത്രത്തിൽ പിടിക്കാൻ തുടങ്ങി. അവസാനം സുഹൃത്തും കൂടി വളരെ ശ്രദ്ധയോടെ സമയമെടുത്താണ് അയാളെ രക്ഷപ്പെടുത്തിയത്……
പിശാചിൻ്റെ കയ്യിലും ഇത്തരം കെണികളുണ്ട്. രക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് ‘നീ കേട്ടതൊന്നും ശരിയല്ല,’
‘ഇതൊക്കെ ജീവിക്കാൻ വേണ്ടി ഓരോരുത്തര് ചെയ്യുന്ന തന്ത്രങ്ങളാണ്’ എന്നൊക്കെയാവും പിശാചിൻ്റെ വാദങ്ങൾ….
എന്നിട്ടും അംഗീകരിച്ചില്ലെങ്കിൽ,
“കാര്യമൊക്കെ ശരി തന്നെ. പക്ഷേ ഇത്ര ധൃതിയെന്തിനാണ്? അൽപ്പം കൂടി കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടു പോരേ?” എന്നതായിരിക്കും
അടുത്ത ചോദ്യം….
ദൈവ പൈതലായിത്തീർന്നാലും കെണികളുമായി പിശാച് പതിയിരിക്കും. സങ്കീർത്തനത്തിൽ ഇത്തരം പല കെണികളെക്കുറിച്ച് പരാമർശങ്ങളുണ്ട്.
വേട്ടക്കാരൻ്റെ കെണി(91:3), ദുഷ്ടൻ്റെ കെണി(119:110), ഗർവ്വികളുടെ കെണി(140:5), ഉപദ്രവിക്കുന്നവരുടെ കെണി(142:3).
ഇത്തരം കെണികൾ വഴികളിലുണ്ടെന്ന ബോധ്യം സങ്കീർത്തകനുള്ളപ്പോഴും അദ്ദേഹം ഭയപ്പെടുന്നില്ല. കാരണം, ദൈവം തുണയായിട്ടുണ്ട്(46:1, 118:6). ഒരുനാളും കൈവിടുകയില്ല എന്നരുളിച്ചെയ്ത തുണ…..
പ്രിയമുള്ളവരേ,
ആരും പ്രവചന ദൂതായി പറഞ്ഞില്ലെങ്കിലും കെണികളുണ്ട് എന്നുള്ളത് വാസ്തവമാണ്. പക്ഷേ ദൈവത്തോട് ചേർന്ന് നടക്കുന്നവൻ ധൈര്യത്തോടെ ചോദിക്കും: “കർത്താവ് എനിക്കു തുണ, ഞാൻ പേടിക്കയില്ല, മനുഷ്യൻ എന്നോട് എന്തു ചെയ്യും……?”
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ.സാബു പോൾ