ശുഭദിന സന്ദേശം : മേല്പോട്ടോ കീഴോട്ടോ | ഡോ.സാബു പോൾ

”മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?”(സഭാ. 3:21).

അറിയപ്പെടുന്ന അച്ചായൻ്റെ ശവസംസ്കാരമാണന്ന്….

കല്ലറയുടെ കമനീയതയും ശിലാഫലകത്തിലെ ലിഖിതങ്ങളും പൊങ്ങച്ചത്തിൻ്റെ പൊങ്ങുതടികൾ മാത്രമാണെന്നും മണ്ണിൽ നിന്നെടുക്കപ്പെട്ടത് മണ്ണോടലിഞ്ഞ് ചേർന്നാൽ മതിയെന്നും വിശ്വസിച്ചിരുന്ന പഴമക്കാരുടെ കാലഘട്ടം……

രണ്ട് കുഴിവെട്ടുകാർ ചേർന്ന് കുഴിയെടുക്കുകയാണ്. കുശലം പറച്ചിലിൻ്റെ രസത്തിൽ കുഴിയുടെ ആഴം കൂടിയത് വൈകിയാണവർ മനസ്സിലാക്കിയത്…

“എടേ, ആഴം കൂടിപ്പോയല്ലോ. പുള്ളി മോളിലോട്ട് പോകാൻ ബുദ്ധിമുട്ടാകുമോ…..?”

”നീ അതോർത്തു വിഷമിക്കണ്ട. പുള്ളി താഴേക്കു പോകാനാണ് എല്ലാ സാദ്ധ്യതയും. ആഴം കൂടിയതുകൊണ്ട് എളുപ്പമായിരിക്കും…”

അച്ചായനെ നന്നായിട്ടറിയാവുന്ന കുഴിവെട്ടുകാരൻ്റെ മറുപടി….!

ഇന്നത്തെ വാക്യത്തിൽ ഒരു ആശയക്കുഴപ്പം അനുഭവപ്പെടാം. ജ്ഞാനികളിൽ ജ്ഞാനി എന്നു വിശേഷിക്കപ്പെടുന്നവൻ പോലും മരണാനന്തര ജീവിതത്തെക്കുറിച്ച് സംശയിക്കുന്നുവോ എന്ന ചിന്ത നമുക്കും ഉണ്ടാകാം. എന്നാൽ ഇതേ പുസ്തകത്തിൽ ശലോമോൻ എഴുതിയ ചില വാക്യങ്ങൾ കൂടെ ചേർത്ത് ചിന്തിക്കുമ്പോൾ കൂടുതൽ വ്യക്തത വരും.

“അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” (3:11). “പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും” (12:7). “ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ”(12:14).

ശലോമോൻ എന്തു കൊണ്ടിങ്ങനെ പറഞ്ഞുവെന്നതിനുള്ളതിന് മൂന്നു മറുപടികളാണുള്ളത്.

1️⃣ സദൃ. 31:10, സങ്കീ.94:16, യെശ.53:1 എന്നീ വാക്യങ്ങളിൽ ഇതിന് സമാനമായ ചോദ്യങ്ങളുണ്ട്. എളുപ്പമല്ലാത്തത്, ദുഷ്ക്കരമായത് എന്നൊക്കെയാണിത് ദ്യോതിപ്പിക്കുന്നത്.
ഉദാഹരണമായി, സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും….?(സദൃ.31:10) എന്ന ചോദ്യത്തിൻ്റെ അർത്ഥം ആർക്കും കിട്ടുകയില്ലെന്നല്ല, അത് സുലഭമല്ലെന്നാണ്. എന്നതുപോലെ ‘ആർക്കറിയാം…?’ എന്ന ചോദ്യത്തിനർത്ഥം അപൂർവ്വം പേർക്കേ അറിയുകയുള്ളൂ എന്നാണ്.

2️⃣ ഈ വാക്യത്തിൻ്റെ തൊട്ടു മുകളിൽ കൊടുത്തിരിക്കുന്നതു പോലെ ‘മനുഷ്യർക്കും മൃഗങ്ങൾക്കും ഒന്നു തന്നെ ഭവിക്കുന്നതി’നാലും ‘എല്ലാം പൊടിയിലേക്ക് തന്നെ പോകുന്നതി’നാലും സാധാരണക്കാരനുണ്ടാകുന്ന സന്ദേഹം എന്ന നിലയിൽ ഈ വാക്യത്തെ അവതരിപ്പിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം.

3️⃣ജ്ഞാനികൾ ലോകത്തിലെ കാര്യങ്ങളെ നിരീക്ഷിച്ചും പരീക്ഷിച്ചും ധ്യാനിച്ചുമാണ് തത്വചിന്തകൾ ചമെച്ചത്. “തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ”(കൊലോ.2:8) എന്ന് പൗലോസ് പറയുന്നത് ഇത്തരം മനുഷ്യനിർമ്മിത ചിന്തകളെയും തത്വങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പാണ്.

മനുഷ്യനിർമ്മിതമായ ഇത്തരം ഫിലോസഫികൾ ദൈവാന്വേഷണം എന്ന നല്ല ലക്ഷ്യത്തോടെയുള്ളതാണെങ്കിലും മനുഷ്യത്വത്തിൻ്റെ പോരായ്മകളാൽ നിബിഡമാണ്. അതുകൊണ്ടാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്.

സഭാപ്രസംഗിയിലെ പല ചിന്തകളും ഒരു ജ്ഞാനി പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങളെ
എങ്ങനെ വീക്ഷിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു.

അതേ സമയം ഉപസംഹാരത്തിലേക്ക് വരുമ്പോൾ ദൈവജ്ഞാനമുള്ളവൻ എന്തറിയുന്നു എന്നും രേഖപ്പെടുത്തുന്നു.

പ്രിയമുള്ളവരേ,
ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവെച്ചത് തിരിച്ചറിയാനുള്ള കൃപ ദൈവം നമുക്ക് നൽകി. സന്ദേഹമല്ല, ഇപ്പോൾ പിടഞ്ഞു വീണാലും ആത്മാവ് ക്രിസ്തുവിലേക്ക് എന്ന ആധിയറ്റ ആത്മവിശ്വാസം….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply