ശുഭദിന സന്ദേശം : വിശ്വസ്തരും അവിശ്വസ്തരും | ഡോ. സാബു പോൾ
”ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ”(1 കൊരി.4:2).
രാജാവിൻ്റെ മകൻ്റെ വിവാഹമാണ്. പ്രജകൾക്കെല്ലാം ക്ഷണമുണ്ട്. എല്ലാവർക്കും വിശേഷ വസ്ത്രം….
കെങ്കേമമായ സദ്യ….
പായസം തന്നെ പല വിധം….
പക്ഷേ…..
ഒരേയൊരു നിബന്ധന! ഓരോ വീട്ടിൽ നിന്നും ഓരോ പറ നെല്ല് കൊണ്ടു ചെല്ലണം.
ഒരാൾ ചിന്തിച്ചു: ”എല്ലാവരും കൊണ്ടു പോകുന്ന നെല്ല് ഒരു സ്ഥലത്ത് കൂട്ടിയിടുകയാണ്. അപ്പോൾ ഞാൻ ഒരു പറ പതിര് കൊണ്ടുചെന്നാലും ആരും അറിയാൻ പോകുന്നില്ല….!”
വിവാഹമെല്ലാം കഴിഞ്ഞ് പ്രജകൾ കൊണ്ടുവന്ന നെല്ല് പരിശോധിച്ചപ്പോൾ തൊണ്ണൂറ് ശതമാനവും പതിരായിരുന്നു….!
ഒരാൾ ചിന്തിച്ചതു പോലെ മിക്കവരും ചിന്തിച്ചു….
രാജാവ് തൻ്റെ പ്രജകളുടെ വിശ്വസ്തത അറിയാൻ ചെയ്തൊരു പരീക്ഷണമായിരുന്നത്…..
ഒരുമിച്ച് കൂടി വന്ന് ആരാധിക്കാൻ സാഹചര്യമില്ലാത്തതിനാൽ ഇപ്പോൾ ഭവനങ്ങൾ ആരാധനാലയങ്ങളായി മാറുന്നു. കൂടാതെ ചെയിൻ പ്രാർത്ഥനകൾ നടക്കുന്നു. രോഗ പ്രതിരോധ ശക്തി നിലനിർത്തണമെന്നുള്ളതുകൊണ്ടായിരിക്കാം ചെയിൻ ഉപവാസത്തെക്കുറിച്ച് അധികം കേൾക്കുന്നില്ല.
അണമുറിയാത്ത പ്രാർത്ഥന ഭവനങ്ങളിൽ നിന്നുയരുന്നത് അനുഗ്രഹമാണ്. എന്നാൽ ചെയിൻ പ്രാർത്ഥനയ്ക്ക് ഒരേസമയം പലരുള്ളതിനാൽ ഞാൻ പ്രാർത്ഥിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്ത ആർക്കെങ്കിലുമൊക്കെ വന്നാൽ ചിലപ്പോൾ പതിരിൻ്റെ കഥ പോലെയാകാം….
പ്രിയമുള്ളവരേ,
ഈ സമയത്ത് നാം വിശ്വസ്തരായിരുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്….?
ഈ സമയത്ത് പ്രാർത്ഥിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്….?
ഈ സമയത്ത് ദൈവസന്നിധിയിൽ താഴ്ത്തിയില്ലെങ്കിൽ പിന്നെ എന്നാണ്….?
ഈ സമയത്ത് ദുഷിച്ച സ്വഭാവങ്ങളെ വിട്ടകന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്…..?
ഈ സമയത്ത് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്നാണ്….?
ഓർക്കുക…..
ഞാൻ ഒന്നിൻ്റെയും യജമാനനല്ല, ഗൃഹവിചാരകൻ മാത്രം….
…എൻ്റെ ശരീരം,
…എൻ്റെ ആയുസ്,
…എൻ്റെ ആരോഗ്യം,
…എൻ്റെ സമ്പത്ത്,
…എൻ്റെ സമയം,
…എൻ്റെ കുടുംബം,
…എൻ്റെ ശുശ്രൂഷ,
…എൻ്റെ ജോലി…
ഒന്നും എൻ്റെ സ്വന്തമല്ല!
എന്നെ ഏൽപ്പിച്ചതിൽ വിശ്വസ്തത പുലർത്തിയാൽ…
“നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന വിളി സ്വാഭിമാനം യജമാനനിൽ നിന്ന് ശ്രവിക്കാൻ കഴിയും.
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ. സാബു പോൾ