ലേഖനം: ഈ സമയത്ത് കരുണ വറ്റാതിരിക്കട്ടെ | മിനി സന്തോഷ് തര്യൻ

ലോകമെമ്പാടും കരളലിയിക്കുന്ന ചിത്രങ്ങളും വാർത്തകളും മാത്രമാണ് കാണുവാൻ കഴിയുന്നത്. ഹൃദയസ്പർശികളും കരളലിയിപ്പിക്കുന്നതും കണ്ണുകളെ ഈറനണിയിപ്പിക്കുകയും ചെയ്യുന്നവ. പ്രിയപ്പെട്ടവർക്ക് ഒരു അന്ത്യ ചുംബനം നൽകുവാൻ കഴിയാതെ, ഒരു നോക്ക് കാണുവാൻ പോലും കഴിയാതെ വീഡിയോ കോളിലൂടെ അന്ത്യ യാത്ര പറയേണ്ടി വരുന്ന പ്രിയപ്പെട്ടവരുടെ വാർത്തകൾ ഹൃദയഭേദകമായി ഒരു വശത്തു നിൽക്കുമ്പോൾ, എല്ലാ ദിവസങ്ങളിലും പകൽ രാത്രി വ്യത്യാസമില്ലാതെ ജനങ്ങളെ, ലോകത്തെ സേവിക്കുവാൻ സ്വന്തം വീടുകളിൽ നിന്ന് എന്നും ഇറങ്ങിപോകേണ്ടി വരുന്ന ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ കഥകൾ മറുവശത്ത്‌. പകൽ അല്ലെങ്കിൽ രാത്രി മുഴുവൻ കോവിഡ് വൈറസ് ബാധിച്ചവരെ അല്ലെങ്കിൽ അസുഖബാധ സംശയിക്കുന്ന ഒത്തിരി പേരെ പരിചരിച്ചു തിരികെ വീട്ടിലേക്കു വരുമ്പോൾ ആ വൈറസ് വീട്ടിലുള്ള പ്രായമുള്ള മാതാപിതാക്കൾക്കോ അല്ലെങ്കിൽ പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുകുട്ടികൾക്കോ പകർത്തുമെന്നോ ഉള്ള ഭയം, എപ്പോഴാണ് തങ്ങൾ തന്നെ രോഗ ബാധിതരാകുന്നത് അല്ലെങ്കിൽ മരണപ്പെടുന്നത് എന്നുള്ള ആശങ്ക, ഇതൊക്കെ മനസ്സിൽ വെച്ചുകൊണ്ടാണ് ഓരോരുത്തരും രാവിലെ ആശുപത്രികളിലേക്ക് ഇറങ്ങിപ്പോകുന്നത്. ഡോക്ടർ ആണെങ്കിലും , നേഴ്സ് ആണെങ്കിലും മറ്റേതൊരു തസ്തികയിലും ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവരുടെയെല്ലാം അവസ്ഥ ഒന്ന് തന്നെയാണ്.
ഏറ്റവും കൂടുതൽ തവണ രോഗികളുമായി നേരിട്ട് സമ്പർക്കം ഉണ്ടാകുന്നത് നഴ്സുമാർക്ക് തന്നെയാണ്.

post watermark60x60

സഹപാഠികളായും , സഹപ്രവർത്തകരായും ഒക്കെ ലോകമെമ്പാടും എനിക്കുള്ള കൂട്ടുകാരിൽ നിന്ന് ലഭിക്കുന്ന മെസ്സേജുകളിലെല്ലാം തന്നെ ഉള്ളത് ഭയത്തിന്റെ ധ്വനി തന്നെയാണ്. അനിശ്ചിതത്വം, അസുരക്ഷിതത്വ ബോധം ഒക്കെയാണ് എല്ലാവരുടെയും വാക്കുകളിൽ. അമേരിക്കയിലെ രോഗത്തിന്റെ പെട്ടെന്നുള്ള വ്യാപനം വാർത്തകളിലൂടെ കേൾക്കുന്നതുകൊണ്ടു തന്നെ എന്റെയും കുടുംബത്തിന്റെയും ക്ഷേമം അറിയുവാൻ ഒരുപക്ഷെ പേരുകൊണ്ട് മാത്രം കൂട്ടുകാരായ പലരും ഈ ദിവസങ്ങളിൽ സന്ദേശം അയക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്. നാം പ്രതീക്ഷക്കുന്ന പലരും നമ്മെ മറന്നു പോകുമ്പോൾ, നമ്മെ കരുതുന്ന ഒരു കൂട്ടം മനുഷ്യർ എപ്പോളും ഉള്ളത് എപ്പോളും സന്തോഷം പകരുന്നത് തന്നെയാണ്.

ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം മറ്റൊന്നാണ്. നിങ്ങളിൽ ആർക്കെങ്കിലും ലോകത്തിന്റെ എവിടെയെങ്കിലും പ്രത്യേകിച്ച് കൊറോണ പടർന്നുപിടിക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ആരെയെങ്കിലും കൂട്ടുകാരായി ഉണ്ടെങ്കിൽ ഒരു വാക്കിൽ അവർക്കു ഒരു മെസ്സേജ് അയച്ചു ധൈര്യപ്പെടുത്തുവാൻ ഒരു നിമിഷം മാറ്റിവയ്ക്കുക. നിങ്ങൾ ഒരു പക്ഷെ ഇന്ത്യയിൽ ആയിരിക്കാം. എവിടെയും ആകട്ടെ, മുൻനിരയിൽ നിന്ന് സ്വന്തം ജീവനെയോ കുടുംബത്തെയോ പരിഗണിക്കാതെ മറ്റുള്ളവരെ സംരക്ഷിക്കുന്ന, പരിചരിക്കുന്ന ഒരു സുഹൃത്തിനു ഒരു ആശ്വാസവാക്കു, ഞങ്ങൾ അകലെയാണെങ്കിലും മനസുകൊണ്ട് അടുത്തുണ്ട് എന്ന വാക്ക്… ഒരു പ്രാർത്ഥന പിൻബലത്തിന്റെ ധൈര്യം.. തീർച്ചയായും അത് അവർക്കു അല്പമെങ്കിലും ആശ്വാസം ആകും എന്നാണ് എന്റെ വിശ്വാസം.
ഒരു പക്ഷെ നിങ്ങളുടെ വീട്ടിലെ ആരും ആരോഗ്യ മേഖലയിൽ/ ആശുപത്രികളിൽ ജോലി ചെയ്യുന്നവർ ഇല്ല എങ്കിൽ, നിങ്ങൾക്ക് ഇത് മനസിലാകില്ലായിരിക്കാം. എന്നാൽ പോലും….

Download Our Android App | iOS App

എപ്പോഴെങ്കിലും സ്നേഹത്തോടെ ഒരു വാക്ക് ഒരാളോടു പറയാൻ ഇതിലും പറ്റിയ സമയം മറ്റൊന്നില്ല. കാരണം നാളെ ആരാണ് ജീവനോടെ ഉള്ളത് എന്ന് ആർക്കും ഉറപ്പു പറയുവാൻ കഴിയത്തില്ല. ആരോടും വെറുപ്പ് വെക്കാതെ ക്ഷമിക്കുക, സ്നേഹിക്കുക… കരുതുക… അരികിലും അകലത്തും ഉള്ളവരെ… അതിൽ കൂടുതൽ ഒന്നും ഈ സമയത്തു ആർക്കു വേണ്ടിയും ഒരു പക്ഷെ നമുക്ക് ചെയ്യാൻ കഴിയില്ല… ജീവിതത്തില്‍ പ്രതിസന്ധികൾ നേരിടുമ്പോഴാണ്‌ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും യഥാര്‍ത്ഥ വിലയും ആത്മാര്‍ഥതയും തിരിച്ചറിയാന്‍ കഴിയുന്നത്‌…

” Words of comfort skillfully administered are the oldest therapy ever known to man”
എന്ന് ആരോ പറഞ്ഞത് എത്രയോ അർത്ഥവത്താണ്.

-ADVERTISEMENT-

You might also like