ലേഖനം: കൊറോണ കാലത്തെ കുമ്പസാരം | പാ. സണ്ണി പി. സാമുവൽ

വിശ്രുത സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്കസ് എഴുതിയ, “കോളറ കാലത്തെ പ്രണയം,” എന്നൊരു പുസ്തകമുണ്ട്. ആ തലക്കെട്ട് കടമെടുത്തു ചില ഭേദഗതിയോടെ മേല്പറഞ്ഞ വിധം തിരുത്തി ചില ചിന്തകൾ കുറിക്കട്ടെ.
പാപമോചനത്തിന് കുമ്പസരം എന്ന ഉപദേശം കത്തോലിക്കാ സഭയുടെ അടിസ്ഥാന ഉപദേശമാണ്. പാപങ്ങളുടെയും കടങ്ങളുടെയും മോചനത്തിന് ചെയ്ത പാപങ്ങളും പിഴകളും കുമ്പസരക്കൂടിനു മുന്നിൽ പുരോഹിതനോട് ഏറ്റുപറയണം എന്നാണ് അതിന്റെ രത്നച്ചുരുക്കം.

തികഞ്ഞ ഒരു കുമ്പസരത്തിന് പ്രധാനമായും അഞ്ചു പടികൾ ഉണ്ടെന്നാണ് സഭ പഠിപ്പിക്കുന്നത്.
1) മന:സാക്ഷി പരിശോധിക്കുക. ഇതിൽ പ്രധാനമായും മൂന്നു വിഷയങ്ങൾ ഉണ്ടായിരിക്കണം. ദൈവത്തോടും മറ്റുള്ളവരോടും തന്നോടു തന്നെയും ചെയ്ത പാപങ്ങളെ ശോധന ചെയ്യുക.
2) തീവ്ര മനസ്താപം ഉളള വരാകുക. അപരാധബോധം കൊണ്ട് ഹൃദയം തകർന്ന അവസ്ഥ ഉണ്ടാകേണം.
3) തെറ്റു തിരുത്തൽ . ചെയ്തു പോയ ഈ പാപം ജീവിതത്തിൽ ഇനിയൊരിക്കലും ആവർത്തിക്കുകയില്ലെന്ന് ദൈവമുമ്പാകെ ഏറ്റു പറയുക.
4) തെറ്റ് അംഗീകരിച്ച് പാപം പുരോഹിതനോട് ഏററു പറയുക. യാക്കോബ് : 5:16 ആധാര മാക്കിയാണ് ഈ ഉപദേശം ചിട്ടപ്പെടുത്തിയിരിക്കുന്നതു്. അതിന്റെ സാധുത നമുക്ക് പിന്നാലെ ചിന്തിക്കാം.
5) പ്രായശ്ചിത്തം കഴിക്കുക. ചെയ്തു പോയ പാപത്തിന്റെ ഗൗരവം അനുസരിച്ചു പുരോഹിതൻ നിർദ്ദേശിക്കുന്ന ശരീര ദണ്ഡനം, നോമ്പ്, വൃതം, എന്നിങ്ങനെ ദോഷപരിഹാരം അനുഷ്ഠിക്കുക.
അനന്തരം ജീവിതത്തിൽ പുതുക്കം ഉണ്ടാകേണ്ടതിന് പ്രാർത്ഥിക്കുകയും ദൃഢനിശ്ചയത്തോടെ മുന്നേറുകയും ചെയ്യുക.

ഈ അഞ്ചു പടികളിൽ ആദ്യത്തെ മൂന്നെണ്ണം വചന വ്യവസ്തപ്രകാരം ഉള്ളതാകയാൽ നാം അംഗീകരിക്കുന്നു. അതേ കാരണത്താൽ നാലാമത്തെ പടി നാം തള്ളി ക്കളയുന്നു. അഞ്ചാമത്തെ പടി ഭാഗികമായി നാം അംഗീകരിക്കുന്നു. കാരണം ചെയ്തു പോയ പാപത്തിനും തെറ്റിനും സാദ്ധ്യമായ പരിഹാരം വരുത്തണം എന്നുള്ളതു് ദൈവ വചന വ്യവസ്തയാണ്. പക്ഷേ അത് പുരോഹിതൻ നിർദ്ദേശിക്കുന്ന വിധത്തിൽ ആകരുതു്. വചനം പറയുന്ന രീതിയിൽ ആയിരിക്കണം. സക്കായി ഇതിനു നല്ല ഉദാഹരണമാണ് (ലൂക്കോസ്: 19:8). സക്കായിയുടെ തീരുമാനം ന്യായ പ്രമാണനിയമ പ്രകാരമുള്ളതായിരുന്നു. അടുത്തു ഉണ്ടായിരുന്ന കർത്താവു പോലും സക്കായി നീ കടുത്ത സാമ്പത്തിക കുറ്റകൃത്യം ചെയ്തവനാണ് ആകയാൽ ഇന്നിന്ന വിധം ചെയ്യണം എന്നു പറഞ്ഞില്ലല്ലോ. പാപക്ഷമ ലഭിച്ചവന്റെ മന:സാക്ഷിയിൽ വചനം ക്രീയ ചെയ്യുമ്പോൾ ഉണ്ടാകുന്ന ആത്മിക ബോദ്ധ്യതയായിരിക്കണം പരിഹാരങ്ങൾ.
പാപങ്ങളെ ഏറ്റു പറയേണ്ടുന്ന ഏക മഹാപുരോഹിതൻ ക്രിസ്തു മാത്രമാണെന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നതിനാൽ (എബ്രാ: 7:26; 9:7; 10:21) നാലാമത്തെ പടി നാം തള്ളിക്കളയുന്നു. “നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു (1 യോഹ: 1:9).”

കൊറോണ കാലത്ത് പുരോഹിതൻ ഇല്ലാതെ എങ്ങനെ കുമ്പസരിക്കും എന്ന ചോദ്യമാണ് ഇന്ന് വത്തിക്കാനും കത്തോലിക്കാ സഭയും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഒടുവിൽ ചോദ്യം പോപ്പിന്റെ മുമ്പിലും എത്തി. അദ്ദേഹം വളരെ ലളിതമായി അതിനു ഉത്തരം നല്കി. “കത്തോലിക്കാ സഭയുടെ കാറ്റെക്കെയിസം പറയുന്നതു ചെയ്യുക. നിങ്ങൾക്കു ഒരു പുരോഹിതനെ ലഭിക്കുന്നുല്ലെങ്കിൽ ദൈവത്തോട് നേരിട്ടു പറയുക. ഞാൻ ഇതും ഇതും ഇതും ചെയ്തു എന്ന് ഏറ്റു പറയുക. കാറ്റെക്കെയിസം പഠിപ്പിക്കുന്നതു പോലെ പിതാവായ ദൈവത്തിന്റെ അടുക്കലേക്കു പാപക്ഷമയ്ക്കായി നേരിട്ടു ചെല്ലാം. അതെപ്പറ്റി ചിന്തിക്കുവാനുള്ള സമയമാണിത്.” പോപ്പ് പ്രസ്താവിച്ചു.

കൊള്ളാം നന്നായിരിക്കുന്നു. ഇതു തന്നെയല്ലേ ഞങ്ങൾ, സുവിശേഷ വിഹിത സഭകൾ, ലോകത്തോടും പിന്നെ പട്ടത്വ സഭകളോടും പറഞ്ഞു കൊണ്ടിരിക്കുന്നത്. പോപ്പിനെ കൊണ്ടു ഇതു പറയിപ്പിക്കാനായിരിക്കുമോ ഒരു പക്ഷേ കോവിഡ 19 വന്നത്. കത്തോലിക്കാ സഭയ്ക്ക് ഇങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്നുള്ള വിവരം നമുക്കറിയില്ലായിരുന്നുവല്ലോ. കത്തോലിക്കർക്കും അത് അറിയില്ലാഞ്ഞല്ലോ. ഇപ്പോഴെങ്കിലും അതു വെളിപ്പെട്ടു വന്നുവല്ലോ.
ബൈബിൾ അങ്ങനെ പറയുന്നതിനാൽ നമുക്ക് അങ്ങനെ ചെയ്യാം എന്നു പോപ്പ് പറഞ്ഞിരുന്നുവെങ്കിൽ അതു എത്ര ഉണ്മയായിരുന്നു.
അതിനായി നമുക്കു പ്രാത്ഥിക്കാം. പ്രാർത്ഥിക്കുവാനിരിക്കുമ്പോൾ അന്യേന്യം ഇടർച്ചയോ പിണക്കമോ ഉള്ള വ്യക്തികൾ തന്നിൽ പാപങ്ങളെ ഏറ്റു പറയണം എന്നാണ് യാക്കോബ് അപ്പോസ്തോലിക ഉൽബോധിപ്പിച്ചത്.

 ദൈവം ചരിത്രത്തിൽ ഇടപെടരുന്നത് ജനം ദൈവത്തിങ്കലേക്ക് മടങ്ങി വരേണ്ടതിനാണ്. ദൈവം കടലിനെയും കരയെയും ഇളക്കുന്ന സമയമാണിത്. അവൻ നമ്മെ കടിച്ചു കീറി എങ്കിൽ അവൻ തന്നെ നമ്മെ സൗഖ്യമാക്കും. കാരണം സകല ജാതികളുടെയും മനോഹര വസ്തു വെളിപ്പെട്ടു വരാറായി. അതിനായി ഒരുങ്ങാം. അവന്റെ നാമം എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.