ഭാവന: ബോസ് പാസ്റ്ററെ കൊറോണയുണ്ടോ? | റോജി ഇലന്തൂർ

സോലേഷൻ വാർഡിന്റെ വരാന്തയിൽ പരിചിതമായ ഒരു മുഖം കണ്ട് ചിന്നമ്മ തുറിച്ച് നോക്കി!

“അല്ല, ഇത് നമ്മുടെ ബോസ് പാസ്റ്റർ അല്ലേ? പാസ്റ്ററെ കാണാൻ ഇല്ലെന്ന് ഒക്കെ പറയുന്നത് കേട്ടല്ലോ?” ചിന്നമ്മ കൊറോണ വൈറസിന്റെ ക്ഷീണം ഒക്കെ മറന്ന് വാചാലയായി.

“ഒന്നും പറയണ്ട എന്റെ ചിന്നമ്മാമ്മേ, നമ്മുടെ ഇറ്റലി ആന്റിയും കുടുംബവും ഇറ്റലിയിൽ നിന്ന് വന്നപ്പോൾ ഒരു മൊബൈൽ കൊണ്ട് വന്നു! അത് വാങ്ങാൻ പോയതാ ഞാൻ ഇപ്പോൾ ഇവിടെ കിടക്കുന്നത്. അവരുടെ വീട്ടിൽ നിന്ന് ഇറങ്ങിയതും ചിലർ വന്ന് എന്നെ കൈയോടെ പിടികൂടി ആംബുലൻസിൽ കയറ്റി ഇനി വീട്ടിൽ പോകാൻ പറ്റില്ലെന്ന് പറഞ്ഞു! ഞാൻ പെട്ടില്ലേ? ഇനി രണ്ട് ആഴ്ച ഇവിടെ കിടന്നിട്ട് രോഗം ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രം വീട്ടിൽ പോകാം!”

“ഹാ, വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നതിലും കാര്യം ഉണ്ട് ഇല്ലിയോ?” ചിന്നമ്മ കൂട്ടിച്ചേർത്തു.

“അല്ല, നല്ല താറാവ് പോലെ നടന്ന ചിന്നമ്മാമ്മ എങ്ങനെ ഇവിടെ എത്തിപ്പെട്ടു?” ബോസ് പാസ്റ്റർക്ക്‌ ജിജ്ഞാസ വർദ്ധിച്ചു.

“ഒന്നും പറയണ്ട എന്റെ പാസ്റ്ററെ, അതിയാൻ പറഞ്ഞതാ സർക്കാർ പറഞ്ഞിട്ടുണ്ട് പുറത്ത് കടക്കരുത്, പള്ളിയിലും അമ്പലത്തിലും ഒന്നും പോകരുത് എന്നാണ് ഓർഡർ എന്നൊക്കെ. ഞാൻ അതൊന്നും വക വയ്ക്കാതെ ഞായറാഴ്ച അല്ല്യോ.. എന്നാ പിന്നെ പള്ളി വരെ ഒന്ന് പോയി വരാം എന്ന് ചിന്തിച്ചു. അവിടെ ചെന്നിട്ട് ഇറങ്ങാൻ നേരം ലിസ്സിടെ മരുമകൻ കുടുംബമായി വന്നിട്ട് ഉണ്ടായിരുന്നു അങ്ങ് ഇറ്റലിയിൽ നിന്ന്. ഞാൻ ഇതോർക്കാതെ കുഞ്ഞിന് കോരിയെടുത്ത് രണ്ട് കവിളിലും ഓരോ ഉമ്മ കൊടുത്തു. പിന്നെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു പനിയും കിടുകിടുപ്പും! അപ്പോഴാ ഇവിടെ വന്നപ്പോൾ എന്നതാ പുതിയ ഏതാണ്ട് ‘കോണോറാ’ യോ മറ്റോ ആണെന്ന്.. അതിയാനും സർക്കാരും പറഞ്ഞത് അങ്ങ് കേട്ടാൽ മതിയാരുന്നു, ഇങ്ങനെ വന്ന് കിടക്കണമാരുന്നോ?” ചിന്നമ്മ സ്വയം ആശ്വസിച്ചു.

“അല്ലെങ്കിലും നമ്മുടെ ആൾക്കാർക്ക് മറ്റൊരു ദിവസവും പള്ളിയിൽ പോയെങ്കിലും, പോകരുത് എന്ന് പറയുന്ന ദിവസമേ പോകാൻ പറ്റുകയുള്ളല്ലോ. അധികാരികളുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്ന രീതി പണ്ടേ ഇല്ലല്ലോ!” ബോസ് പാസ്റ്റർ ഇത്രയും പറഞ്ഞപ്പൊഴേക്കും ഡോക്ടർ റൗണ്ട്സിന് വന്നു.

 ജീവമോഴി: “സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ. (1 പത്രോസ് 2 : 13 – 14)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.