ശുഭദിന സന്ദേശം : ശീഘ്രത സാവധാനത | ഡോ.സാബു പോൾ
”യഹോവ യോശുവയോടു: ഇന്നു ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽനിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു”(യോശു.5:9).
ഇന്ത്യയിലേക്ക് ലണ്ടൻ മിഷണറി സൊസൈറ്റിയുടെ മിഷണറിയായി പോകാൻ ഒരു യുവാവ് തയ്യാറായി. അദ്ദേഹത്തിൻ്റെ സന്നദ്ധത ശരിയാണോ എന്ന് പരിശോധിക്കാൻ വിക്സ് എന്ന വ്യക്തിയെയാണ് സംഘടന ചുമതലപ്പെടുത്തിയത്.
പിറ്റെ ദിവസം രാവിലെ ആറു മണിക്ക് തൻ്റെ വീട്ടിലെത്താൻ വിക്സ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതനുസരിച്ച് കൃത്യ സമയത്ത് തന്നെ ചെറുപ്പക്കാരൻ എത്തിച്ചേർന്നു…
സ്വീകരണ മുറിയിൽ തന്നെ കാത്തിരുന്ന വ്യക്തിയെ മൂന്നിലധികം മണിക്കൂറുകൾ കഴിഞ്ഞാണ് വിക്സ് കാണാനെത്തിയത്.
ക്ഷമാപണം പോലും നടത്താതെ അദ്ദേഹം യുവാവിനോട് വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്വേഷിച്ചു….
സാമാന്യം നല്ല വിദ്യാഭ്യാസമുള്ള അയാളോട് cat ൻ്റെ സ്പെല്ലിംഗ് ആണ് ചോദിച്ചത്. തന്നെ കളിയാക്കുകയാണോ എന്ന് സംശയിച്ചെങ്കിലും ആത്മസംയമനത്തോടെ സ്പെല്ലിംഗ് പറഞ്ഞയാളോട് അടുത്തതായി dog ൻ്റെ സ്പെല്ലിംഗ്, രണ്ടും രണ്ടും കൂട്ടിയാൽ എത്ര എന്നുകൂടി ചോദിച്ച് തിരികെ അയച്ചു…
ആ വ്യക്തിയുടെ സമയനിഷ്ഠ, ദീർഘക്ഷമ, ആത്മസംയമനം, സഹനം എന്നിവയെ ഈ പരീക്ഷണത്തിലൂടെ വിലയിരുത്തിയ വിക്സ് സൊസൈറ്റിക്ക് റിപ്പോർട്ട് കൊടുത്തു: “ഈ വ്യക്തി മിഷണറിയായി അയയ്ക്കപ്പെടുവാൻ യോഗ്യൻ….!
യോശുവയുടെ നേതൃത്വത്തിൽ യിസ്രായേൽ ജനത്തിൻ്റെ ജൈത്രയാത്രയെക്കുറിച്ചറിഞ്ഞ കനാന്യ രാജാക്കന്മാർക്ക് ഒരു ആശ്വാസം മാത്രമാണുണ്ടായിരുന്നത്. കലങ്ങിമറിഞ്ഞൊഴുകുന്ന യോർദ്ദാൻ….!
സൈന്യശക്തികൊണ്ട് നദി കടക്കാനാവില്ലല്ലോ.
പക്ഷേ….
യഹോവ യോർദ്ദാനിലെ വെള്ളം വറ്റിച്ച വാർത്ത കൂടിയെത്തിയപ്പോൾ അവരുടെ ഹൃദയം ഉരുകിപ്പോയെന്നാണ് അഞ്ചാം അദ്ധ്യായത്തിൻ്റെ തുടക്കത്തിൽ കാണുന്നത്.
ഇനി എത്രയും വേഗം അവരെ കീഴടക്കാൻ തയ്യാറായി നിൽക്കുന്ന യോശുവയോടും ജനത്തോടും ദൈവം പറയുന്നു ധൃതി വേണ്ട! അതിനു മുമ്പ് ചെയ്യേണ്ട ചിലതുണ്ട്.
പരിച്ഛേദന….
പെസഹ…
നാൽപ്പതു വർഷം മുമ്പ് പെസഹാക്കുഞ്ഞാടിനെ അറുത്ത് വിമോചനം കൊണ്ടാടിയവർ മത്സരം കൊണ്ട് മരുഭൂമിയിൽ ചുറ്റി നടക്കുകയായിരുന്നു…
മത്സരിക്കുന്ന മുതിർന്നവരും…
പരിച്ഛേദനയേൽക്കാത്ത ഇളയവരും…
അങ്ങനെയുള്ളവർ പെസഹ ആചരിക്കുന്നതിനോട് ദൈവത്തിന് താൽപ്പര്യമില്ലായിരുന്നു.
മത്സരിച്ചവർ മരുഭൂമിക്ക് വളമായി.
ബാക്കിയുള്ളവർ വാഗ്ദത്ത നാട്ടിലെത്തിക്കഴിഞ്ഞു.
പക്ഷേ, ദേശം അവകാശമാക്കുന്നതിനു മുമ്പ് ചില ക്രമീകരണങ്ങൾ നടന്നേ മതിയാകൂ….!
പരിച്ഛേദനയേറ്റ് വേദനയിൽ ഇരുന്നപ്പോഴാണ് പണ്ട് ലേവിയും ശിമയോനും ശേഖേം നിവാസികളെ കൊന്നൊടുക്കിയത്. ഇപ്പോൾ, ആരെങ്കിലും ആക്രമിച്ചാൽ….
അതേ അവസ്ഥ ഞങ്ങൾക്കുമുണ്ടാകില്ലേ…..?
ചോദ്യങ്ങൾക്കൊന്നും അവസരമില്ല.
പരിച്ഛേദന കഴിഞ്ഞപ്പോൾ ദൈവം പറയുന്നു: “മിസ്രയീമിൻ്റെ നിന്ദ നിങ്ങളിൽ നിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു.”
മിസ്രയീമ്യർ പറഞ്ഞു: “വലിയ ആഘോഷമായ പുറപ്പാടൊക്കെ ആയിരുന്നു. ദേ! കുറെ വർഷങ്ങളായി മരുഭൂമിയിൽ കിടന്ന് ചുറ്റുകയാണ്….”
ഇനി ആ നിന്ദയില്ല….
വാഗ്ദത്ത ദേശം കാൽച്ചുവട്ടിൽ…..
നാൽപ്പതു വർഷങ്ങൾക്കു ശേഷം പെസഹ…
ദേശത്തിലെ വിളവു കൊണ്ട് ആഹാരം….
പ്രിയ ദൈവ പൈതലേ,
അലഞ്ഞു നടക്കുന്ന അനുഭവം തുടർക്കഥയാകില്ല….
ഹൃദയം കഠിനമാക്കാതിരിക്കു….
അനുസരിക്കാൻ തയാറാകൂ…..
നിന്ദയെ ഉരുട്ടിക്കളയൂ….
അനുഗ്രഹം അവകാശമാക്കൂ…
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ.സാബു പോൾ