ജന്മനാ യവനനായ ഫേലിക്‌സ് ചില സ്വാധീനങ്ങൾ നിമിത്തം പട്ടാള ഉദ്യോഗസ്ഥനായി. പിന്നീട് യഹൂദ്യയിലെ ഗവർണറായി. ക്രൂരനും പണക്കൊതിയനും നിന്ദ്യനുമായിരുന്നു. ഒരിക്കൽ യഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയോടൊപ്പം പൗലോസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള പ്രസംഗം കേട്ടു. പക്ഷെ നീതി,ഇന്ദ്രിയജയം, ന്യായവിധി എന്നിവയെക്കുറിച്ചു കേട്ടപ്പോൾ ഭയന്നുപോയി. അതിനു കാരണം, തന്റെ വഴിവിട്ട ജീവിതം തന്നെയായിരുന്നു. പ്രസംഗം കേട്ടിട്ടു ഭയപ്പെട്ടെങ്കിലും മാനസാന്തരപ്പെടാനോ ദൈവത്തിങ്കലേക്ക് മടങ്ങിവരാനോ തയ്യാറായില്ല. സ്വന്തം കസേരയും യഹൂദന്മാരുടെ പ്രീതിയും നഷ്ടപ്പെടാൻ മനസില്ലാത്തവനായിരുന്നുഫേലിക്സ്. 2 വർഷം വചനം കേട്ടതു പൗലോസിൽ നിന്നും ദ്രവ്യം പ്രതീക്ഷിച്ചായിരുന്നു. ഇന്നും ഇങ്ങനെയുള്ളവരെ കാണാം. വചനത്തിനു മുന്നിൽ യാതൊരു കുലുക്കവുമില്ലാതെ പ്രസംഗിയെയോ പ്രസംഗത്തെയോ നിരസിക്കുന്നവർ! ഇങ്ങനെയുള്ളവർ ഒരായുസു മുഴുവൻ പ്രസംഗം കേട്ടാലും മാനസാന്തരപ്പെടില്ല. അവരുടെ ലക്ഷ്യവും മനോഭാവവും മറ്റെന്തോ ആണ്.
ധ്യാനം: അപ്പോസ്തല പ്രവർത്തികൾ 25
ജെ.പി വെണ്ണിക്കുളം