ശുഭദിന സന്ദേശം : അവിശ്വാസമോ അമിതാവേശമോ | ഡോ. സാബു പോൾ
”…നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ”(മത്താ.4:6).
”കർത്താവേ, ഞാൻ വിശ്വാസത്തിൻ്റെ അപ്പൊസ്തലനാണ്.”
”എനിക്ക്…. മനസ്സിലായില്ല….. എനിക്ക് അപ്പൊസ്തലൻമാർ ഉണ്ടായിരുന്നു. പക്ഷേ, വിശ്വാസത്തിൻ്റെ അപ്പൊസ്തലൻ എന്നൊന്നും ഞാൻ ആർക്കും പേരിട്ടിട്ടില്ല.”
”അതു ശരിയാ. എന്നാലും അങ്ങു പറഞ്ഞിട്ടില്ലേ ‘വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും,’ ‘എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്തതിലും അധികം ചെയ്യും’ എന്നൊക്കെ.”
”ങ്ഹും. അത് ഞാൻ പറഞ്ഞിട്ടുണ്ട്.”
“കർത്താവേ, ആളുകൾക്ക് വിശ്വാസം വർദ്ധിക്കാൻ ഞങ്ങൾ വിശ്വാസ സംബന്ധമായ വചനങ്ങളാണ് എപ്പോഴും പ്രസംഗിക്കുന്നത്.”
”പക്ഷേ, അതു മാത്രമല്ലല്ലോ ഞാൻ പറഞ്ഞിട്ടുള്ളത്. ആകട്ടെ, ഇപ്പോൾ വന്നതിൻ്റെ ഉദേശ്യമെന്താണ്?”
”അത്… കഴിഞ്ഞ ദിവസം ഞാൻ അങ്ങയുടെ പരീക്ഷയെപ്പറ്റി ചിന്തിച്ചപ്പോൾ…ഒരു സംശയം… ശരിക്കും പിശാച് ചാടാൻ വെല്ലുവിളിച്ചപ്പോൾ അങ്ങ് ചാടി ശക്തി തെളിയിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്…?
അതോ… ദൂതൻമാർ താങ്ങുമോ എന്ന് ചെറിയൊരു സംശയമുണ്ടായിരുന്നോ…?”
‘വിശ്വാസത്തിൻ്റെ അപ്പൊസ്തലൻമാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ഇങ്ങനെയൊക്കെ സംസാരിക്കാനാണ് സാധ്യത….
കൊറോണ ഭീതിക്കിടയിലും സാമൂഹ്യ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യുന്നത് ലീമാൻ ഹീ എന്ന കൊറിയൻ പാസ്റ്ററെക്കുറിച്ചാണ്. കൊറോണയ്ക്കെതിരെ സംഘടിപ്പിച്ച മീറ്റിംഗിൽ പങ്കെടുത്തവർക്ക് രോഗം ബാധിച്ചതിനാൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നു….
വചനം ബാലൻസ്ഡ് ആയി പഠിക്കാത്തതിൻ്റെ പ്രശ്നമാണിതെല്ലാം. ‘ദൂതൻമാർ കാൽ കല്ലിനോട് തട്ടാതവണ്ണം താങ്ങുന്നത്’ പീഢനത്തിൻ്റെ ഭാഗമായോ, പിശാചിൻ്റെ പദ്ധതിയാലോ, അപ്രതീക്ഷിതമായി അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നവരെയാണ്. അല്ലാതെ താങ്ങുമോ എന്നറിയാൻ കണ്ണടച്ച് നടക്കുന്നവരെയും എടുത്തു ചാടി നോക്കുന്നവരെയുമല്ല…!
സിംഹത്തിൻ്റെ വായ് ദൈവം അടപ്പിക്കുമോ എന്നറിയാൻ ദാനിയേൽ സിംഹക്കുഴിയിൽ പോയതല്ല, വിശ്വാസത്തിൽ ഉറച്ചു നിന്നതിൻ്റെ പേരിൽ അത്തരം പ്രശ്നം വന്നപ്പോൾ ദൈവം തൻ്റെ ഭക്തനെ വിടുവിച്ചതാണ്…..
അതേ സമയം ഒന്നാം നൂറ്റാണ്ടിൽ ഒത്തിരി പേരെ മൃഗങ്ങൾക്കെറിഞ്ഞു കൊടുത്ത് കൊന്നിട്ടുണ്ട്. അവരുടെ രക്തസാക്ഷിത്വത്തിന് സാക്ഷികളായവരും അതേ ശിക്ഷാവിധിയിലൂടെ ധൈര്യപൂർവ്വം കടന്നു പോയിട്ടുണ്ട്. അവരാരും വിടുവിക്കപ്പെടും എന്ന അബദ്ധ ചിന്തയിൽ പോയതല്ല, ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളാകാൻ തന്നെ പോയതാണ്…..!
ഒരിക്കൽ അണലി കടിച്ചു തൂങ്ങിയിട്ടും പൗലോസിനൊന്നും സംഭവിക്കാതിരുന്നിട്ടുണ്ട്. എന്നാൽ ‘വിശ്വസിക്കുന്നവർ സർപ്പങ്ങളെ പിടിച്ചെടുക്കും'(മർക്കൊ.16:18) എന്ന് വാഗ്ദത്തമുണ്ടെന്നും പറഞ്ഞ് പൗലോസ് പാമ്പിനെ പിടിക്കാൻ പോയില്ല….
മരണകരമായത് കുടിച്ചിട്ടും(വിഷമോ, ആഭിചാരമോ) പല വിശ്വാസികൾക്കും ഹാനി സംഭവിക്കാതിരുന്നിട്ടുണ്ട് (മർക്കൊ.16:18). പക്ഷേ, ഹാനി വരുമോ എന്നറിയാൻ അവരാരും വിഷം കുടിച്ചു നോക്കിയിട്ടില്ല….
‘ദൂതൻമാർ കാത്തുകൊള്ളും’ എന്ന് പറഞ്ഞ് അമിത വേഗത്തിലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും യാത്ര ചെയ്താൽ അപകടമുണ്ടാവും. ദൈവം ബുദ്ധി തന്നിരിക്കുന്നത് പ്രയോഗിക്കാനാണ്. നിയമങ്ങൾ തന്നിരിക്കുന്നത് അനുസരിക്കാനും……
പ്രിയമുള്ളവരേ,
അത്ഭുതകരമായ ദൈവീക പ്രവൃത്തികളും വിടുതലും എക്കാലത്തുമുണ്ട്. അതും ദൈവത്തെ പരീക്ഷിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് തിരിച്ചറിയണം. സ്വന്തം ഹിതപ്രകാരം എടുത്തു ചാടാതെ അത്യുന്നതന്റെ മറവിലും വചനത്തിലും വസിക്കാം.
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ. സാബു പോൾ




- Advertisement -