ശുഭദിന സന്ദേശം : വിശ്വാസവും വിദ്വേഷവും | ഡോ.സാബു പോൾ

“…..ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.”(മർക്കൊ.7:29).

“ആദർശമൊക്കെപ്പറയും… പക്ഷേ, കാര്യത്തോടടുക്കുമ്പോൾ എല്ലാവരും ഇങ്ങനൊക്കെ തന്നെയാ….”

“അല്ലേലും അദ്ദേഹമൊരു യഹൂദ റബ്ബിയല്ലേ? യഹൂദൻമാർക്ക് വംശീയ വിദ്വേഷം ഇത്തിരി കൂടുതലാ…”

“എന്നാലും ഒരു സ്ത്രീയെ നായെന്നൊക്കെ വിളിക്കാമോ? വനിതാ കമ്മീഷൻ കേസെടുക്കാൻ എല്ലാ സാധ്യതയുമുണ്ട്.”

“പക്ഷേ, ആ സ്ത്രീയെ നേരിട്ടങ്ങനെ വിളിച്ചില്ലല്ലോ. അവളുടെ ആവശ്യം പറഞ്ഞപ്പോൾ ഒരു ഉദാഹരണം പറഞ്ഞല്ലേ….?”

”അങ്ങനെ പറയരുത്. പ്രത്യക്ഷമായിട്ടായാലും, പരോക്ഷമായിട്ടായാലും വിളിച്ചോ എന്നതാണ് വിഷയം. വ്യംഗാർത്ഥത്തിൽ ആണെങ്കിൽ പോലും അത് പ്രശ്നമാകും. നോക്കൂ! എല്ലാ ഗ്രൂപ്പുകളിലും ആ ലൈവ് വൈറലായിക്കഴിഞ്ഞു……”

ഇന്നാണെങ്കിൽ ഈവിധ പ്രതികരണങ്ങൾ ഉണ്ടാകാനാണ് സാധ്യത…..

ഒരു ചോദ്യം…?

‘മക്കളുടെ അപ്പം നായ്ക്കുട്ടികൾക്ക് നൽകാൻ പറ്റില്ലെ’ങ്കിൽ എന്തിനാണ് യേശു ജാതീയ പ്രദേശമായ സോരിൻ്റേയും സീദോൻ്റേയും അതിരിൽ പോയത്?

സോരും സീദോനും ഫൊയ്നീക്യയുടെ ഭാഗമാണ്. ഈ സ്ത്രീ ഉത്തര ഫൊയ്നീക്യയിൽ നിന്നുമാണ് വരുന്നത്. പണ്ട് സിറിയ ആ സ്ഥലം കീഴടക്കിയിരുന്നു. അതുകൊണ്ട് ആ ഭാഗത്തുള്ളവരെ സുറൊഫൊയ്നീക്യക്കാർ എന്നാണ് വിളിച്ചിരുന്നത്.

അബ്രഹാമിനും സന്തതികൾക്കും ദൈവം വാഗ്ദത്തം കൊടുത്ത പ്രദേശമായിരുന്നു സോ രും സീദോനും. എന്നാൽ യിസ്രായേൽ അതിനെ കീഴടക്കാതിരുന്നതിനാൽ പിന്നീടത് അവരുടെ അയൽ രാജ്യമായി.

സോർ തുറമുഖ പട്ടണമായതിനാൽ തന്ത്രപ്രധാന പ്രദേശമായും സാമ്പത്തീക മേഖലയായും വളർന്നു. അതിൻ്റെ അഹങ്കാരം അവരിൽ നിറഞ്ഞു.

ദൈവത്തിനെതിരെയുള്ള സാത്താൻ്റെ ധാർഷ്ട്യത്തിനു തുല്യമായി സോരിൻ്റെ ഗർവ്വിനെക്കുറിച്ച് യെഹസ്കേൽ പരാമർശിച്ചു.
ദൈവത്താൽ ശപിക്കപ്പെട്ട ഈ പ്രദേശത്തു നിന്നാണ് നിസ്സഹായയായ ഒരു സ്ത്രീ തൻ്റെ മകളുടെ വിഷയവുമായി യേശുവിൻ്റെ അടുക്കലെത്തുന്നത്.

യേശു അവളിൽ കണ്ടത് വലിയ വിശ്വാസമാണ്. മകൾ സൗഖ്യമായിരിക്കുന്നു എന്ന യേശുവിൻ്റെ വാക്കുകളെ പൂർണ്ണമായി വിശ്വസിച്ച് വീട്ടിൽ ചെന്ന അവളെ കാത്തിരുന്നത് മഹത്തായ അത്ഭുതം……!

യഹൂദ റബ്ബിക്കെതിരെ പ്രതികരിച്ച ലൈവ് വീരൻമാർ നിശ്ശബ്ദരായി.

ശപിക്കപ്പെട്ട മൊവാബ്യരിൽ നിന്ന് രൂത്ത് എന്നൊരു സ്ത്രീ എങ്ങനെ അനുഗ്രഹിക്കപ്പെട്ടവളായെന്നും ക്രിസ്തുവിൻ്റെ വംശാവലിയുടെ ഭാഗമായെന്നും പഴയനിയമം പറയുമ്പോൾ, ശപിക്കപ്പെട്ട സോരിൽ നിന്നും ഒരു സ്ത്രീ എങ്ങനെ അനുഗ്രഹിക്കപ്പെട്ടെന്ന് സുവിശേഷങ്ങളും പ്രസ്താവിക്കുന്നു.

പ്രിയമുള്ളവരേ,
പരിമിതികളുടെ പരാതികളും ശാപത്തിൻ്റെ ശാസനകളും മാറ്റി വെച്ചിട്ട് വിശ്വാസത്തോടെ യേശുവിൻ്റെ അടുക്കൽ വരൂ!

ഇന്നലെകളിലെ നിസ്സഹായതയുടെ ചരിത്രം മാറും…..
രോഗത്തിൻ്റെ പരാധീനത പരാജയപ്പെടും…..
ശാപത്തിൻ്റെ ശക്തി ഇല്ലാതാകും……
വിദ്വേഷത്തിൻ്റെ വികടത്തം വിട്ടുമാറും…..
ദൈവനാമം മഹത്വപ്പെടും…….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.