നിരീക്ഷണം: ഓൺലൈനിൽ വൈലൻറ് ആകുന്ന വൈറൽ പ്രസംഗകർ | പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട്

ഇപ്പോൾ കാണുന്ന ഏറ്റവും കോമഡി ഒരു പക്ഷെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പെന്തെകോസ്തു പ്രസംഗകരായിരിക്കും. പൊതുവെ സാധാരണ ആളുകൾക്ക് മനസിലാകാത്ത സ്വന്തം പദാവലി അടങ്ങിയ സ്വന്തം നിഘണ്ടുവാണല്ലോ പെന്തെക്കോസ്തുകാർ ഉപയോഗിക്കുന്നത്. അതിലെ പദങ്ങൾക്ക് വേറെ അർഥങ്ങളാണല്ലോ നമുക്കുള്ളത്.

ആഴങ്ങളും മണ്ഡലങ്ങളും വ്യാപാരങ്ങളും അന്ധകാരങ്ങളും പോരുകളും ജാതികളും ജാതീയ ബന്ധനങ്ങളും യെരീഹോകൊട്ടകളും ദേശാധിപത്യങ്ങളും സേനകളും വാദങ്ങളും വാദഗതികളും ദുർവ്യാപാരങ്ങളും അവയുടെ കെട്ടുകളും പാഴ്സി പ്രഭുവിന്റെ ശക്തികളും വാഴ്ചകളും, വെളിപ്പാടുകളും ദർശനങ്ങളും വാഗ്ദത്തങ്ങളും പാരമ്പര്യ ശക്തികളും… മുതലായവയൊക്കെ ഒക്കെ അടങ്ങിയ പെന്തക്കോസ്തു ഡിക്ഷണറി. ഇത് മനസിലാകുന്നത് പെന്തെക്കോസ്തിൽ ഉള്ളവർക്കാണ്. മറ്റുള്ളവർക്ക് ഇത് എത്ര മനസിലാകും, അല്ലെങ്കിൽ തന്നെ എന്താണ് മനസിലാകുന്നത്…
ഈവിധ ഭാഷകൾ ഉപയോഗിച്ച് ഡീസൽ ഓട്ടോറിക്ഷ ഹൈവേയിൽ പായുമ്പോലെ പ്രസംഗിക്കുന്ന തരുണി മണികളും പ്രഭാഷകരും ആരാണ് കേൾവിക്കാർ എന്ന് പോലും അറിയുന്നില്ല. കേൾവിക്കാരെ മനസിലാക്കി സംസാരിക്കാൻ അറിയാതെ സ്വതസിദ്ദമായ പെന്തക്കോസ്തു ശൈലിയിൽ ശ്വാസമുട്ടിയും ചേഷ്ടകൾ കാട്ടിയും മുക്രയിട്ടും അന്യഭാക്ഷ പറഞ്ഞും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ സത്യത്തിൽ വല്ലാത്തൊരു “വെറുപ്പിക്കൽസ്” (അരോചകമാണ്)ആണ്. പ്രസംഗം കഴിയുമ്പോൾ വ്യൂവേഴ്‌സിന്റെ എണ്ണം കണ്ടു അവരെല്ലാം ശ്രോദ്ധാക്കൾ ആണെന്നും ധരിക്കരുത്. ഫേസ്ബുക് നോട്ടിഫിക്കേഷനിൽ ലൈവ് എന്ന് കാണുമ്പോൾ ചുമ്മാതെ ഒന്ന് നോക്കി കാര്യപരിപാടി കാണുമ്പോൾ ജീവനും കൊണ്ട് പായുന്നവരാണ് ഈ കാണുന്ന ദർശക്കരിൽ എല്ലാവരും തന്നെ. താഴെ വന്നു ലൈക് കമെന്റ് അടിക്കുന്നവരിൽ രണ്ടു പേർ പോലും ഈ പ്രസംഗം കേട്ടിട്ടുണ്ടാവില്ല അതാണ് സത്യം.

പരിചയക്കാരായതുകൊണ്ടോ പ്രഭാഷകൻ ഇടക്കിടെ അവരുടെ ഫോട്ടോക്കും സ്റ്റാറ്റസിനും ലൈക് ചെയുന്ന ആളായതുകൊണ്ടോ പോയവഴിക്കു ചുമ്മാതെ ഒന്ന് പ്രത്യുപകാരം ചെയ്തു എന്നെ ഉള്ളു.

ഇനി ശ്രോതാക്കളുടെ കാര്യം മൊബൈൽ ഫോണിൽ ഒരു വിഡിയോ ഓപ്പൺ ചെയ്താൽ ഇയർഫോൺ ഇല്ലെങ്കിൽ ഉടനടി ലൗഡ് സ്പീക്കർ ഓൺ ആകും. ഇവരാരും ചർച്ചിലോ ഏകാഗ്രതയോടെ ഏതെങ്കിലും പ്രാര്ഥനാമുറിയിലോ ആയിരിക്കില്ല. ഓഫ്‌സൈലോ വാഹനത്തിലോ പുറത്തോ അല്ലെങ്കിൽ വീട്ടുജോലിയിലോ ഒക്കെ ആയിരിക്കും. അവരാരും പ്രസംഗകനൊപ്പം ആത്മാവിൽ ആകുന്നില്ല എന്നതാണ് സത്യം. വാഹനത്തിലോ ഓഫീസിലോ ആണെങ്കിൽ തുറക്കുമുന്പേ അവർ “ലൈവ്” അടക്കേണ്ടി വരും. ചിലരൊക്കെ പാട്ടുകേട്ടുകൊണ്ടോ ചില നല്ല പ്രഭാഷങ്ങൾ ഇയർ ഫോൺ വെച്ച് കേട്ടുകൊണ്ട് ജോലിചെയുന്നവരായിരിക്കും. എന്നാൽ അവർ എന്തെന്ന് നോക്കാം എന്ന് കരുതി വീഡിയോ ഓപ്പൺ ചെയ്താലും “ആടുകളുടെ കരച്ചിലും കാളകളുടെ മുക്രയും” കാരണം ചെയുന്ന കാര്യങ്ങൾക്കു അരോചകമായി തോന്നുകയാൽ തുടർന്ന് കേൾക്കാൻ മുതിരില്ല. ഒരുപക്ഷെ വാഹനത്തിൽ ആണെങ്കിൽ കൂടെ ഒരു അവിശ്വാസി ഉണ്ടെങ്കിൽ അപ്പോൾ തന്നെ ക്ലോസ് ചെയ്യാൻ നിര്ബന്ധിതനാകും.

പ്രസംഗത്തിന് വേഗം കൂടുന്നതും ശബ്ദം ഉയർത്തുന്നതുമാണ് ആത്മാവിന്റെ ഇടപെടൽ എന്നോ ഇടയ്ക്കു കൈ അടിച്ചില്ലെങ്കിൽ അന്യഭാക്ഷ പറഞ്ഞില്ലങ്കിൽ പ്രസംഗം ” അക്ഷരം കൊല്ലുന്നു” എന്ന ഗ്രേഡിലേക്കു താണുപോകുമെന്ന്‌ഒക്കെ ചില അബദ്ധ ധാരണകൾ ഉണ്ടെന്നതാണ് ഒരു യാഥാർഥ്യം. കയ്യടിച്ചു ബഹളംവെച്ചാൽ ആത്മാവ് ജീവിപ്പിക്കുമായാണെന്നു വേറെയൊരു വിശ്വാസവും. കയ്യും കാലും എടുത്തു ബഹളം വെച്ച് മുൻപിൽ ഒരു ശ്രോതാവ് പോലും ഇല്ലങ്കിലും ഈ കാട്ടികൂട്ടുന്നതിന്റെ മാനദണ്ഡം എന്താണെന്നു ലേഖകനും മനസിലാകുന്നില്ല. സോഷ്യൽ മീഡിയയിൽ പ്രസംഗിക്കുമ്പോൾ ഒന്നാമതായി കാമറ സെറ്റ് ചെയ്യാൻ പഠിച്ചിരിക്കണം. അറിയില്ലെങ്കിൽ അറിയാവുന്ന ഒരാളുടെ സഹായം തേടണം. നാസികാദ്വാരവും മേലണ്ണാക്കും വികൃത മുഖഭാവവും ശാരീരീരഭാഗങ്ങളും മറ്റുള്ളവർ കാണാതിരിക്കാനാണിത്. സഹോദരിമാർ പ്രസംഗം തുടങ്ങും മുൻപ് സ്‌ക്രീനിൽ എത്രമാത്രം നാം പ്രത്യക്ഷപെടുന്നുണ്ടെന്നു എന്ന് ശ്രദ്ധിക്കണം. മാന്യമായ വസ്ത്രം ധരിക്കണം. നമ്മുടെ മുഖത്തിന്റെ മുഴുവൻ ഭാഗവും വ്യക്തമായി കാണത്തക്ക നിലയിൽ ആവശ്യത്തിന് വെളിച്ചവും വൃത്തിയും അടുക്കുമുള്ള ബാക് സ്ക്രീനും ഉണ്ടോന്നു നോക്കണം. ഫോൺ റിങ് ചെയാതിരിക്കാനും മറ്റു ശബ്ദങ്ങൾ ശല്യപ്പെടുത്താതിരിക്കാനും നോക്കണം. മൊബൈലിൽ ആവശ്യത്തിനും ബാറ്റെറിയും ഡേറ്റ ബാലൻസും റേഞ്ചും ഉണ്ടോ എന്ന് ഉറപ്പുവരുത്താനാകും. ജനലിനോ വാതിലിനോ മുൻപിൽ ഇരിക്കരുത്. നമ്മുടെ പിന്നിൽ നിന്ന് പ്രകാശം വരുന്നതിനാൽ അത് മുഖത്തിന്റെ വ്യക്തത കുറയ്ക്കും.

ശാന്തമായ ഭാക്ഷയിൽ മിതമായി സംസാരിച്ചു ശീലിക്കണം. സംസാരഭാഷയാണ് ഓൺലൈൻ പ്രഭാഷങ്ങൾക്കു യോഗ്യം. കാര്യം മനസിലായത് മതിയല്ലോ? വെച്ചുകെട്ടില്ലാതെ കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ നിരത്തി നോട്ട് എഴുതി നോക്കുക. പറയുന്നതിൽ കാമ്പുണ്ടൊന്നു അപ്പോൾ മനസിലാകും. ഉദാഹരണങ്ങൾ നല്ലതാണു. ആശയവ്യക്തതക്കും സമയലാഭത്തിനും അതുപകരിക്കും.പക്ഷെ അത് പറഞ്ഞു ഫലിപ്പിക്കാൻ കഴിയുമെങ്കില് പറയാവു. ആധികാരികമായി അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയാതിരിക്കുക കാരണം ശ്രോദ്ധാക്കൾ നമ്മെക്കാളും അറിവുള്ളവരാണ്. സ്വയം വിഢിയാകാതിരിക്കുക. കാരണം പ്രസംഗകർ ഒരു സമൂഹത്തിന്റെ വക്താക്കളായിട്ടാണ് എന്നും പരിഗണിക്കപ്പെടുന്നത്. ഒരാൾ പോലും മുൻപിൽ ഇല്ലാതിരിക്കെ, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പതിനായിരങ്ങളോടാണ് നാം സംസാരിക്കുന്നതെന്നും, നമ്മുടെ വാക്കുകളിൽ ആത്മാര്ഥതയുണ്ടെന്നു ശ്രോദ്ധാക്കൾക്കും മനസിലാക്കുകയും വേണം എന്ന് ഓര്ക്കുക. ആവേശം കൊണ്ടും സ്വയ പ്രശസ്തിക്കും വേണ്ടി ചെയുന്ന ലൈവ് പ്രസംഗങ്ങൾ കുപ്രസിദ്ധിക്കും വിമര്ശങ്ങള്ക്കും കരണമാകുന്നുണ്ടോ എന്ന് പരിശോധിക്കുക. നമ്മെ കാണുമ്പോൾ നമ്മോടു പറയുന്നതല്ല ആളുകൾ തമ്മിൽ പറയുന്നത് എന്ന് മറക്കരുത്.
ഫേസ്ബുക് പേജിലും ഗ്രൂപ്പിലും ലൈവ് ചെയ്യാൻ അനുവദിക്കുമ്പോൾ അല്ലെങ്കിൽ ക്ഷണിക്കുമ്പോൾ ആളുകൾക്ക് വ്യക്തമായ നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നല്കാൻ ഗ്രൂപ്പ് അഡ്മിൻസ് ശ്രദ്ധിക്കണം. ഒരു ട്രയൽ ചെയ്തുനോക്കുകയോ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നിലവാരമില്ലാത്ത വിഡിയോകൾ പ്രസിദ്ധീകരണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യണം. നാം ചെയുന്ന ചെറിയ വീഴ്ചകൾ പോലും സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രെദ്ധ ഉണ്ടാകുന്നു എന്ന് മറക്കരുത്.

  • ബ്ലെസ്സൺ ചെറിയനാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.