ശുഭദിന സന്ദേശം:മനസ്സിലാകുന്നതും, മനസ്സിലാക്കേണ്ടതും | ഡോ. സാബു പോൾ

 

post watermark60x60

“…..ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ”(ലൂക്കൊ.22:36).

മൂന്നു കൂട്ടുകാർ അവരുടെ പപ്പമാരുടെ പ്രസംഗത്തെപ്പറ്റി പരാമർശിക്കുകയായിരുന്നു. ഒന്നാമൻ പറഞ്ഞു: “എൻ്റെ പപ്പ ന്യൂക്ലിയർ ഫിസിക്സിൻ്റെ പ്രൊഫസറാണ്. അദ്ദേഹം സംസാരിക്കുന്നത് കഷ്ടിച്ച് 50 പേർക്കേ മനസ്സിലാകൂ!”
രണ്ടാമൻ: ”എൻ്റെ പപ്പ ബ്രെയിൻ സർജനാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ എറിയാൽ 20 പേർക്ക് മനസ്സിലാകും.”
മൂന്നാമൻ: “എന്റെ പപ്പ പാസ്റ്ററാണ്. അദ്ദേഹം സംസാരിക്കുന്നത് ആർക്കും മനസ്സിലാവില്ല….”

Download Our Android App | iOS App

ആശയവിനിമയത്തിൽ, പങ്കിടുന്ന ആശയം എന്താണെന്ന് മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതില്ലാതെ വരുമ്പോഴാണ് തെറ്റിദ്ധാരണ ഇടയ്ക്ക് കയറുന്നത്.

ശ്രോതാക്കൾക്ക് മനസ്സിലാകുന്ന നിലയിൽ വളരെ സരളമായാണ് യേശു സംസാരിച്ചത്. എന്നിട്ടും ചിലതൊക്കെ അവർക്ക് മനസ്സിലായില്ല. ചിലതൊക്കെ യേശു പൊരുൾ തിരിച്ചു കൊടുത്തു, മറ്റ് ചിലതിൽ മൗനമായിരുന്നു.

‘പരീശന്മാരുടെ പുളിച്ച മാവ് സൂക്ഷിച്ചുകൊൾവാൻ’ പറഞ്ഞപ്പോൾ അപ്പം കൊണ്ടുവരാത്തതിലുള്ള ശകാരമെന്നാണ് ശിഷ്യൻമാർ കരുതിയത്. അത് പരീശന്മാരുടെ ഉപദേശത്തെക്കുറിച്ചാണെന്ന് കർത്താവ് വ്യക്തമാക്കിക്കൊടുത്തു.

‘ഈ മന്ദിരം പൊളിപ്പിൻ. ഞാൻ മൂന്നു ദിവസത്തിനകം അതിനെ പണിയും’ എന്നു പറഞ്ഞപ്പോൾ ദൈവാലയത്തെക്കുറിച്ചാണെന്ന് യഹൂദൻമാർ ചിന്തിച്ചു(യോഹ. 2:19, 22).
എന്നാൽ യേശു തന്റെ ശരീരത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് പുനരുത്ഥാന ശേഷം ശിഷ്യൻമാർ ഗ്രഹിച്ചു.

അതുപോലെ ‘വസ്ത്രം വിറ്റ് വാൾ വാങ്ങട്ടെ’ എന്ന് യേശു ആലങ്കാരികമായ അർത്ഥത്തിൽ (figuratively) പറഞ്ഞത് അവർ ആക്രമണം അഭിമുഖീകരിക്കാൻ പോകുന്നു എന്നാണ്. ആയുധ ധാരികളായ റോമൻ പട്ടാളത്തിന് മുമ്പിൽ രണ്ടു വാൾകൊണ്ട് ഒരു കാര്യവുമില്ല എന്ന് യേശുവിനറിയാം. ഇനി പതിനൊന്നു പേരുടെ കയ്യിലും വാളുണ്ടെങ്കിലും പ്രയോജനമില്ല. കാരണം, ശിഷ്യൻമാർ ആയോധന കല അഭ്യസിച്ചവരല്ല.

യേശുവിൻ്റെ ലക്ഷ്യം പ്രതിരോധമോ, രക്ഷപ്പെടലോ ആയിരുന്നില്ലെന്ന് വെട്ടു കൊണ്ട മൽക്കൊസിനെ സൗഖ്യമാക്കിയതിലും ‘വാൾ ഉറയിലിടുക’ എന്ന് പത്രോസിനോട് കൽപ്പിച്ചതിലും തെളിയുന്നു(യോഹ.18:10,11).

മന്ദിരത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ തെറ്റിദ്ധരിച്ച യഹൂദന്മാരെ തിരുത്താതെ മൗനം പാലിച്ചതു പോലെ ഇവിടെയും യേശു മൗനമവലംബിച്ചു എന്നു മാത്രമേയുള്ളൂ.

പലപ്പോഴും തൻ്റെ നിര്യാണത്തെക്കുറിച്ച് യേശു സംസാരിച്ചിട്ടും ശിഷ്യൻമാർക്ക് മനസ്സിലാകാതെയിരുന്നിട്ടുണ്ട്. അതു പോലെ ഇവിടെ സംസാരിച്ചപ്പോഴും അവർക്ക് തിരിച്ചറിയാനായില്ല.

ഗുരുവിൻ്റെ ഇംഗിതം പറയാതെ തന്നെ തിരിച്ചറിയുന്നവനാണ് യഥാർത്ഥ ശിഷ്യൻ. പരിശുദ്ധാത്മാവിൻ്റെ അവരോഹണ ശേഷമാണ് ക്രിസ്തു ശിഷ്യൻമാർ ഗുരുവിൻ്റെ ഹിതം പൂർണ്ണമായി മനസ്സിലാക്കാനും നിറവേറ്റാനും തുടങ്ങിയത്. യേശു പറഞ്ഞതെല്ലാം ഓർമ്മിപ്പിക്കുകയും സകല സത്യത്തിലും വഴി നടത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവാം ദൈവം അവരോട് കൂടെയിരുന്നു.

പ്രിയ ദൈവ പൈതലേ,
പരിശുദ്ധാത്മ സഹായത്താൽ ദൈവഹിതം മനസ്സിലാക്കാനും, തിരുവചനം ഗ്രഹിക്കുവാനും നമുക്ക് കഴിയട്ടെ. അനുസരിക്കുന്നവനെ അനുഗ്രഹിക്കുന്നവനാണ് നമ്മുടെ സ്വർഗ്ഗീയ പിതാവ്.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like