ലേഖനം: അധികം പരിശ്രമം, അല്പം വിശ്രമം

ജോസ് പ്രകാശ്

”അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു ” (രൂത്ത് 2:4-7).

 കൊയ്ത്തുകാരുടെ മേലധികാരി രൂത്തിനെക്കുറിച്ച് ദൈവ ഭക്തനായ
ബോവസിനോട് പറഞ്ഞ വാക്കുകളാണിത്. ഈ ഉലകത്തിലെ നമ്മുടെ പ്രവർത്തിയും പ്രയത്നവും വേണ്ടപ്പെട്ടവർ വീക്ഷിക്കുന്നത് പോലെ ഉയരത്തിലെ കണ്ണുകളും നമ്മെ സർവ്വദാ ദർശിക്കുന്നുണ്ട്. നമ്മുടെ ദൗത്യം എന്താണെന്നും, ആരാണ് നമ്മുടെ സർവ്വാധികാരിയായ യജമാനൻ എന്നും ഉത്തമ ബോധ്യമുണ്ടെങ്കിൽ വെറുതെയിരുന്ന് വിശ്രമിക്കാതെ, ആവോളം അധ്വാനിച്ച് അയച്ച താതനെ മഹത്വപ്പെടുത്തുവാൻ ശ്രമിക്കേണം.

മനുഷ്യരെ പ്രസാദിപ്പിക്കുവാൻ വേണ്ടി ദൃഷ്ടിസേവ ചെയ്യാതെ ദൈവത്തെ ഭയപ്പെട്ടു ചെയ്തതു ഒക്കെയും മനസ്സോടെ ചെയ്‍ത കഠിനാധ്വാനി ആയിരുന്നു രൂത്ത്. അധിക സമയം വിശ്രമിച്ച് അല്പം അദ്ധ്വാനിക്കുവാൻ ശ്രമിക്കുന്നവർക്ക് രൂത്ത് ഒരു വെല്ലുവിളിയാണ്.

അധികം അദ്ധ്വാനവും അല്പം വിശ്രമവും ആത്മീയ ജീവിതത്തിൽ വളരെ ഫലം നല്കിതരും. അധിക പ്രയത്നത്തിന് ലഭിക്കുന്നത് ധാരാളം വിശ്രമം ആയിരിക്കണമെന്നില്ല, അധികം ഉത്തരവാദിത്വങ്ങൾ ലഭിക്കുവാനാണ് ഏറെയും സാധ്യത.

രൂത്തിന്റെ ജീവിത സന്ധ്യയിലെ കരച്ചിലും കണ്ണുനീരും ഉഷസ്സിൽ ആനന്ദ ഘോഷമായത് കഠിനാധ്വാനത്തിലൂടെ ആയിരുന്നു. അവൾ അധിക സമയം പ്രയത്നിച്ചു എന്നാൽ അല്പമേ വിശ്രമിച്ചുള്ളൂ. യേശു നാഥന്റെ പരസ്യശുശ്രൂഷകൾ ഏറെയും ആഹാരവും ആശ്വാസവും (വിശ്രമം) വെടിഞ്ഞുള്ളതായിരുന്നു.

ഒരിക്കൽ വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അപ്പൊസ്തലന്മാർക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു യേശു അവർക്ക് “ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവാൻ അവസരം നല്കി ” (മർക്കൊസ് 6:30-32).

സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! എന്നു പ്രഖ്യാപിച്ച അപ്പൊസ്തലനായ പൗലോസ് അധികംപേരെ നേടേണ്ടതിന്നു അധികം; ഏറ്റവും അധികം അദ്ധ്വാനിച്ചു.

വിശ്രമമില്ലാത്ത ആത്മാർത്ഥമായ ശുശ്രൂഷകളിൽ അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചപ്പോൾ വിശ്രമം കൂട്ടുകയോ പരിശ്രമം കുറക്കുകയോ ചെയ്യാതെ എല്ലാവരെക്കാളും അത്യന്തം താൻ അദ്ധ്വാനിച്ചു (1കൊരിന്ത്യർ 15:10).

യെഹൂദന്മാരെയും, ന്യായപ്രമാണത്തിൻ കീഴുള്ളവരെയും, ബലഹീനന്മാരെയും നേടേണ്ടതിനും ; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നും താൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.

മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും വേണ്ടി ചുറ്റിനടക്കുന്ന കള്ളനായ പിശാചിന്റെ കയ്യിൽ അകപ്പെട്ടു ; ജീവിതവസ്ത്രം നഷ്ടപ്പെട്ടും, മുറിവേറ്റും, അർദ്ധപ്രാണരായി കിടക്കുന്നവരെ തീയിൽ നിന്നു വലിച്ചെടുത്തു രക്ഷിക്കേണ്ടവരാണ് നാം. അധികം വല്ലതും ചെലവിട്ടാൽ യജമാനൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളും. തന്റെ മുന്തിരിത്തോട്ടത്തിൽ രാപ്പകൽ ആത്മാക്കളെ നേടുവാൻ അത്യദ്ധ്വാനം ചെയ്യുന്നവർക്ക് ഉടയോൻ ഒരിക്കലും കടക്കാരനല്ല; ന്യായമായതു തരിക തന്നെ ചെയ്യും (മത്തായി 20:4).

സുവിശേഷം ഹേതുവായി അധിക നാഴിക നടക്കേണ്ടി വന്നാൽ തളർന്നു പോകരുത്. “കലപ്പെക്കു വെച്ച കൈകൾ പിൻവലിക്കാതെയും പുറകോട്ടു നോക്കാതെയും ദൈവരാജ്യ വ്യാപ്തിക്കായ് പ്രവർത്തിച്ച് മുന്നേറണം”

യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്ന രൂത്തിന്റെ അതികാദ്ധ്വാനത്തിന് യഹോവ പൂർണ്ണപ്രതിഫലം പകരം നല്കിയെങ്കിൽ; സഭയുടെ (നമ്മുടെ) പ്രവൃത്തിയും പ്രയത്നവും അറിയുന്ന കർത്താവ് പ്രതിഫലം നല്കാതിരിക്കില്ല.

”കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ (പ്രാർത്ഥിപ്പിൻ) ” എന്ന ഗുരുമൊഴി അല്പകാലം കൊണ്ട് അധികം ആത്മാക്കളെ ആദായപ്പെടുത്തുവാൻ നാം അധികം അധ്വാനിക്കണം എന്നാണ് പ്രതിധ്വനിക്കുന്നത്.

ആകയാൽ പ്രിയരേ, നാം ഉറപ്പുള്ളവരും കുലുങ്ങാത്തവരും നമ്മുടെ (അധിക)പ്രയത്നം കർത്താവിൽ വ്യർത്ഥമല്ലെന്ന് തിരിച്ചറിഞ്ഞ് കർത്താവിന്റെ വേലയിൽ അധികം പ്രയോജനപ്പെടുവാനും, വർദ്ധിച്ചുവരുവാനും എപ്പോഴും ഉത്സാഹിക്കാം…

ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.