ലേഖനം: ഒരേ അപ്പന്റെ മക്കൾ

മോൻസി തങ്കച്ചൻ

മനുഷ്യ ഉല്പത്തി മുതൽ ഇന്നുവരെ ഊർജ്ജസ്വലതയോടെ ബുദ്ധിപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അപ്പന്റെ വ്യത്യസ്തരായ രണ്ടു മക്കളെകുറിച്ച് ഒന്നു നോക്കാം. ഒരു മകനെ നമുക്ക് വളരെ എളുപ്പം കണ്ടെത്താൻ കഴിയും, എന്നാൽ രണ്ടാമനെ അല്പം പ്രയാസപ്പെടേണ്ടി വരും. ഇളയവൻ പ്രത്യക്ഷത്തിൽ അപ്പനോട് രൂപസാദൃശ്യം വളരെ ഉള്ളവനും മൂത്തവൻ തികച്ചും വ്യത്യസ്തനു० ആണ്.

പാപത്തിൻറെ പടുകുഴിയിൽ വീണ്, പാപം കാർന്നുതിന്നുന്നവൻ രണ്ടാമൻ. ദൈവം തന്റെ ജനത്തിന് നൽകിയ വിശുദ്ധിയുടെ പ്രമാണങ്ങളും, മാനദണ്ഡങ്ങളും പോരാതവണ്ണം സ്വയം വിശുദ്ധിയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന വിശുദ്ധൻ ഇവരിൽ ഒന്നാമൻ. പാപം പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുമ്പോൾ, വചനം ജഡമായി കാൽവറി കുലക്കളത്തിൽ മറുവിലയായി. നിഷ്കളങ്കവും നിർദോഷവുമായ പുത്രന്റെ രക്തത്താൽ പാപത്തിന്റെ വിഷമുള്ള് ഒടിച്ചു. ഇളയവൻ തന്റെ പ്രാണരക്ഷയുടെ വാതിൽ തുറക്കപ്പെട്ടത് കണ്ടുതുടങ്ങി. പാപമോചനം വളരെ ലളിതമാക്കി. എന്നിലെ ഞാൻ അവനോടു ചേരുവാനുള്ള വാഞ്ചയാണ് വാതിൽ കടക്കുന്നവനെ മുന്നോട്ടുനയിക്കുന്നത്. ദൈവത്തിൽ നിന്നും പിന്നിലേക്ക് നടന്നു നീങ്ങുന്ന അവസ്ഥയാണ് പാപം. നാം പട്ടികപ്പെടുത്തിയിരിക്കുന്ന പാപങ്ങൾ പലതും നമ്മുടെ സമൂഹത്തിൽ കുറ്റകൃത്യങ്ങളാണ്. സൽസ്വഭാവിയായി ജീവിക്കുന്ന വ്യക്തിയും ഈ വക പാപങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുന്നു. ഇവയിൽനിന്നും ഒഴിഞ്ഞുള്ള ജീവിതം കൊണ്ടുമാത്രം രക്ഷ സാധ്യമാകുന്നില്ല എന്ന് സാരം. മനുഷ്യോല്പത്തിയുടെ അടിസ്ഥാനമായ കൂട്ടായ്മയാണ് ഏറ്റവും പ്രധാന०. തന്റെ പ്രവർത്തിയിൽ അസ്വസ്ഥനായ മനുഷ്യൻ ദൈവത്തിൽ നിന്നും ഓടി ഒളിച്ചു. അങ്ങനെ അനുസരണക്കേട് പാപമായി മാറി. ഏറ്റുപറഞ്ഞ് നിരപ്പ് പ്രാപിക്കുന്നതിന് പകരം ആരോപണങ്ങൾ ആയി, അത് സൃഷ്ടാവിങ്കലേക്കു० വിരൽ ചൂണ്ടി. അങ്ങനെ രണ്ടാമൻ ജന്മം കൊണ്ടു.

ഒന്നാമൻ മനുഷ്യദൃഷ്ടിയിൽ അപ്പനോട് സാദൃശ്യനല്ല എങ്കിലും പ്രവർത്തിയിൽ സമാനതകളുണ്ട്. അപ്പൻ വീണ അതേ വഴിയിൽ ഓടുന്നവൻ. ദൈവം തന്റെ സൃഷ്ടികൾക്ക് അതിന്റെതായ അതിരുകൾ നൽകിയിരിക്കുന്നു. സേവകാത്മാക്കൾ ആയ ദൂതന്മാരിൽ ഒരുപടി ഉയർത്തി ആയിരുന്നു ലൂസിഫറിന്റെ സൃഷ്ടി. എന്നാൽ ലൂസിഫർ രണ്ടു പടി മുകളിൽ കയറാൻ സ്വയം തീരുമാനിച്ചു. വിശുദ്ധിയിൽ ഭയങ്കരനായ ദൈവം തനിക്കു നൽകിയ ശ്രേഷ്ഠത, സ്ഥാനം, കടമകൾ ഇവയെല്ലാം പോരാതെ വന്നപ്പോൾ സ്വയം അധിവിശുദ്ധിയുടെ കുപ്പായം അണിയാൻ ആശതോന്നി അങ്ങനെ അപ്പൻ ജന്മം കൊണ്ടു.

ദൈവം മനുഷ്യനെ പാപത്തിൻ പിടിയിൽനിന്നും വീണ്ടെടുത്തു തുടങ്ങിയപ്പോൾ തന്റെ വീഴ്ചയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അപ്പൻ വെളിച്ചദൂതന്റെ വേഷം കൂടുതലായി ധരിക്കുന്നത് പതിവായി. മനുഷ്യന് ദൈവം കൊടുത്ത വിശുദ്ധിയുടെ പ്രമാണങ്ങൾക്ക് ഉപരിയായി അവൻറെ ചിന്താ മണ്ഡലങ്ങളെ സ്വാധീനിച്ച് ഭൂമിയിൽ വിശുദ്ധന്മാരെ ഉത്പാദിപ്പിച്ചു തുടങ്ങി. വചനം നിഷ്കർഷിക്കുന്നതിന് ഉപരിയായി വിശുദ്ധിക്ക് പരിവേഷങ്ങൾ നൽകി. പ്രകടമായ പ്രശ്നങ്ങൾ ഒന്നും തന്നെ കാണുവാൻ കഴിയുന്നില്ല എങ്കിൽ തന്നെയും ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധത്തെയും, സ്നേഹത്തെയും മെല്ലെ മെല്ലെ കാർന്നു തിന്നാൻ തുടങ്ങി . വിശുദ്ധന്മാരും, വിശുദ്ധവസ്തുക്കളും ചേർന്ന് ഉപഭോക്തൃസംസ്കാരം കൊണ്ടുവന്ന് ക്രിസ്തു നടുവേ കീറിയ തിരശ്ശീല തുന്നിച്ചേർത്തു. പ്രമാണങ്ങളെ കൃത്യമായി ദുർവ്യാഖ്യാനിച്ച് ജനത്തെ വചനത്തിൽ തെറ്റിച്ചു കളഞ്ഞു. ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നു० പറഞ്ഞിരിക്കുന്നതുപോലും കേട്ടാൽ തെറ്റിദ്ധരിക്കപ്പെടാത്ത എന്നാൽ യാഥാർത്ഥ്യം അല്ലാത്തതുമായ വാക്യശകലങ്ങൾ ഉദ്ധരിച്ചുകൊണ്ട് പുതിയ വിശുദ്ധിയുടെ പ്രമാണങ്ങൾ കൊണ്ടുവന്നു. മാന്യവും നിർമ്മലവുമായ വിവാഹബന്ധങ്ങൾ പോലും ദുർവ്യാഖ്യാനിച്ച് നീക്കി വിശുദ്ധിയുടെ തിലകക്കുറി ആക്കി . ഇങ്ങനെയുള്ള വിശുദ്ധൻമാർ ദൈവത്തിനു० മനുഷ്യനും ഇടയിൽ ഇടിച്ചുകയറി വിശേഷത ഉള്ള ഇടനിലക്കാരായി. അതിനായി ആട ആഭരണങ്ങൾ ധരിച്ച് അലങ്കാര വിഭൂഷിതരായി. എല്ലാം ഒരു പരിധിവരെ സംഘടനാ നിയമങ്ങൾ, ശുശ്രുഷവൃന്ധത്തിൻറെ അനിവാര്യ ഘടകങ്ങളാണ് എന്നൊക്കെ ന്യായീകരിക്കാം എങ്കിലും, ഫലത്തിൽ കല്പനകളെ മറിച്ചുകളയുന്ന വലിയ പിഴവിലേക്ക് വന്നു നിൽക്കുന്നു. മധ്യസ്ഥൻമാരുടെ കടന്നുകയറ്റം തന്നെ. ഇവരിലൂടെ ദൈവത്തിലേക്ക് കുറുക്കുവഴി വെട്ടുന്നു. അപേക്ഷകളും, പ്രാർത്ഥനകളും ഇവരിലേക്ക് വഴിതിരിച്ചുവിട്ടു. അതിനെ പരിപോഷിപ്പിക്കാൻ ആയി പുതിയ പ്രമാണങ്ങൾ വിവിധ സംഘടനകൾ ദൈവിക പ്രമാണങ്ങളോട് കൂട്ടിച്ചേർത്തു. വിശേഷ വസ്ത്രങ്ങൾ, സന്യാസജീവിതം, അത്ഭുത പ്രവർത്തികളുടെ കെട്ടുകഥകൾ, ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വസംവിധാനം ഇവയെല്ലാം ചേർന്ന് ഈ വിശുദ്ധന്മാരെ വാനോളം ഉയർത്തി. പരിശുദ്ധാത്മാവിനെ നടത്തിപ്പ് അവകാശത്തിൽ നിന്നും നീക്കി.
മൂപ്പന്മാരുടെ വചനവിരുദ്ധമായ പ്രമാണങ്ങളിലൂടെ ജനത്തെ നയിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവിൽ ജനിച്ച്, വചനം അനുസരിക്കുന്ന തന്റെ സഹോദരങ്ങളെ അംഗീകരിക്കാൻ പറ്റാത്ത നിലയിലേക്ക് തെറ്റായ ഈ വിശുദ്ധ പ്രമാണങ്ങൾ കൊണ്ടുപോയി. രാജകീയ പുരോഹിത വർഗ്ഗമായ തന്റെ ജനത്തിന് ഇന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന സ്വർഗ്ഗം പോലും ഈ വിശുദ്ധന്മാർ രണ്ട് തട്ടായി തിരിച്ചു കഴിഞ്ഞു. ക്രിസ്തു എന്ന തലയെ ആദരിക്കാതെ അതിവിശുദ്ധ പ്രമാണങ്ങളുടെ പിറകെ പോകുന്നവർ ആക്കി തീർത്തു.

നാം തന്ത്രങ്ങൾ അറിയാത്തവരായി, സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ വേദനിപ്പിക്കാതെ ക്രിസ്തു എന്ന മായമില്ലാത്ത പാൽ കുടിച്ചു വളരുവാൻ ആത്മാവ് നമ്മെ ബലപ്പെടുത്തട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.