ഭാവന: അമ്മച്ചിയുടെ വേദപുസ്തകം

ജിജോ പുനലൂർ

ലക്ഷ്യമായി കിടക്കുന്ന മുറിയിലേക്ക് അയാൾ നടന്നു കയറി. ചിലന്തി വലകൾ നിറഞ്ഞ ആ മുറി ആകെ അലങ്കോലമായിരുന്നു. പൊടിപടലങ്ങൾ നിറഞ്ഞ കട്ടിലും ബെഡും ഒക്കെ സ്ഥാനം തെറ്റി കിടക്കുന്നു. ഒരുവിധം പിടിച്ചു നേരെ വച്ചശേഷം അയാൾ, മുറി വൃത്തിയാക്കാൻ ആരംഭിച്ചു. പത്രതാളുകൾ, പുസ്തകങ്ങൾ, ക്രിസ്തീയ മാസികകൾ, ലഖുലേഖകൾ, കുറെ തുണികൾ, മരുന്ന് പാത്രങ്ങൾ, പാതിയായ കഷായ കുപ്പി തുടങ്ങിയവ ചിതറിക്കിടന്നിരുന്നു. മരുന്നിന്റെയും കുഴമ്പുകളുടെയും രൂക്ഷ ഗന്ധം ആ മുറിയാകെ നിറഞ്ഞു നിന്നിരുന്നു. ഓരോന്നായി അയാൾ അത് വൃത്തിയാക്കാൻ തുടങ്ങി.
പതിയെ അവയെല്ലാം അടുക്കുന്നതിനിടയിൽ പെട്ടെന്ന് അയാളുടെ നോട്ടം ആ പുസ്തകത്തിലേക്ക് പതിഞ്ഞു.
“എന്റെ അമ്മച്ചിയുടെ വേദപുസ്തകം. ”
വശങ്ങളൊക്കെ ചുരുങ്ങിയിരുന്നു. എന്നും വായിച്ചിരുന്നതു കൊണ്ടാവാം നിറം അല്പം മങ്ങിയിരുന്നു. പുറം താളുകൾ ഇളകിത്തുടങ്ങിയ ആ പുസ്തകം അയാൾ തന്റെ കൈകളിൽ ചേർത്തു വെച്ചു… പറ്റിയിരുന്ന പൊടികളൊക്കെ തുടച്ചു, അയാൾ ആ പുസ്തകം തുറന്നു.
തുറന്ന മാത്രയിൽ ഒരു കൂട്ടം കുറിപ്പുകൾ താഴേക്ക് പതിച്ചു. അമ്മച്ചിയുടെ എഴുത്തുകൾ ആണ്. ആരു പ്രസംഗിച്ചാലും തന്നെ ചിന്തിപ്പിച്ച, സന്തോഷം പകർന്ന വചനഭാഗങ്ങൾ അമ്മച്ചി അതു ചെറു പേപ്പർ കഷണങ്ങളിൽ കുറിച്ചിട്ടു സൂക്ഷിച്ചു വെയ്ക്കും. തനിച്ചിരിക്കുമ്പോൾ അതോർത്തു ധ്യാനിക്കും, അതൊരു ശീലമായിരുന്നു. അടുത്ത താളുകളിലേക്ക് അയാൾ കടന്നു. ചെറുതായി, ഉരുട്ടി എഴുതിയ കയ്യക്ഷരത്തിൽ എന്തൊക്കെയോ അവിടെ കുറിച്ചിട്ടുണ്ട്. താഴെ ഇയ്യോബ് എന്നെഴുതി വെച്ചിട്ടുണ്ട് കൂടെ റഫറൻസ് ഉണ്ടായിരുന്നു. അതു കണ്ടപ്പോഴേ അത് വാക്യം ആണെന്ന് അയാൾ ഊഹിച്ചു.
ആ വാക്യത്തിലേക്ക് അയാൾ കണ്ണോടിച്ചു…
അവന്റെ വായിൽ നിന്നുള്ള വചനത്തെ എന്റെ ആഹാരത്തെക്കാൾ അധികം സൂക്ഷിച്ചു എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.

ശെരിയാണ്, അമ്മച്ചിയുടെ ഓർമ്മകൾ അയാളുടെ മനസ്സിൽ കടന്നുവന്നിരുന്നു. എവിടെ പോയാലും വേദപുസ്തകം കൂടെ കൊണ്ടു പോകും… കിട്ടുന്ന സമയങ്ങളിൽ അതു വായിച്ചു തീർക്കും. പലപ്പോഴും, അതിന്റെ പേരിൽ താൻ അമ്മച്ചിയോടു വഴക്കിട്ടത് അയാൾ ഓർത്തു. അന്ന് ഒന്നും മിണ്ടാതെ തന്റെ മുന്നിൽ ഞാൻ പിടിച്ചോളാം മോനെ… എന്ന് പറഞ്ഞു വേദപുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചു നിന്ന അമ്മയുടെ മുഖം അയാൾ ഇന്നെന്ന പോലെ ഓർത്തെടുത്തു.

അമ്മച്ചിക്ക് ആ പുസ്തകം വായിക്കുമ്പോൾ എന്തൊക്കെയോ നേടിയ സന്തോഷം ആയിരുന്നു. ഈ പുസ്തകം ഇത്രേം ശക്തി ഉണ്ടോ എന്നൊക്കെ ചോദിച്ചു അന്ന് വഴക്കിട്ട തന്നോട് ഇതെന്റെ ആഹാരം ആണെന്ന് പറഞ്ഞതും അയാൾ ഓർത്തു. അമ്മച്ചി ആ പുസ്തകത്തെ ഒരുപാട് സ്നേഹിച്ചു. അതിലെ വാക്യങ്ങൾ ഒക്കെ മനസ്സിൽ സംഗ്രഹിച്ചിരുന്നു.
ആ വചനങ്ങൾ അമ്മച്ചിയെ ഓരോ ദിനവും ബലപ്പെടുത്തി. പലപ്പോഴും വേദപുസ്തകം നെഞ്ചോട് ചേർത്ത് വെച്ചു കരഞ്ഞിരുന്നു. തന്റെ ഉള്ളു നീറുന്ന സങ്കടങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ ആ പുസ്തകം അമ്മച്ചിയെ സഹായിച്ചു. ചിന്തകൾ കടന്നു പോകുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞു. താൻ ആയിരുന്നു അമ്മച്ചിയുടെ ഏക ദുഃഖം , തന്നെ ഓർത്തു അമ്മച്ചി ദിനംപ്രതി ദുഃഖിച്ചിരുന്നു. പലപ്പോഴും ഉപദേശം പറയുമ്പോൾ അമ്മയെ താൻ വല്ലാതെ ശകാരിക്കുമായിരുന്നു. പല രാത്രികളിലും മാറോടു ചേർത്ത് വെച്ച വേദപുസ്തകവുമായി കരയുന്ന അമ്മയെ താൻ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം താൻ കണ്ടില്ലെന്നു നടിച്ചു ഇറങ്ങിപ്പോയിട്ടുണ്ട്. മദ്യപിച്ചു വീട്ടിൽ വരുമ്പോഴും അമ്മ കട്ടിലിൽ കരഞ്ഞു പ്രാർത്ഥിക്കുന്നത് താൻ കണ്ടിരുന്നു. അന്നൊന്നും അമ്മയെ തിരിച്ചറിയാനോ അമ്മ ദിനംപ്രതി വായിച്ച ഈ പുസ്തകം എന്താണെന്നോ മനസ്സിലാക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. താളുകൾ മറിക്കും തോറും വാക്യങ്ങൾക്കെല്ലാം അമ്മച്ചി അടിവര ഇട്ടിരിക്കുന്നു.
ഓരോന്ന് ഓടിച്ചു മറിച്ചു നോക്കിയ ശേഷം അവസാനതാളുകളിൽ എത്തി, വിശുദ്ധ നാടിന്റെ രേഖാചിത്രങ്ങൾ ഒക്കെ കഴിഞ്ഞു ഒഴിഞ്ഞ താളിൽ അയാളുടെ ശ്രദ്ധ പതിഞ്ഞു .
അമ്മയുടെ കൈവിരൽ പതിഞ്ഞ മഷിയിൽ അയാൾ തലോടി. എഴുതിയിരിക്കുന്നത് വായിക്കാൻ ശ്രമിച്ചു.
” എന്റെ മോൻ ഈ പുസ്തകം വായിച്ചു ധ്യാനിക്കാൻ അവന്റെ ഹൃദയം തുറക്കണമെ, അവനെ ഒരു ദൈവപൈതൽ ആക്കി തീർക്കണം. പാപത്തിന്റെ കുഴിയിൽ നിന്നും അവനെ രക്ഷിച്ചു അങ്ങയുടെ രാജ്യത്തു അവനെ എത്തിക്കണേ കർത്താവെ…. ”
മഷികൾ പടർന്നു കിടക്കുന്നു. വെള്ളം വീണു നനഞ്ഞ പോലുള്ള പാടുകൾ താളുകളിൽ കാണാമായിരുന്നു.
അമ്മച്ചി തന്നെ ഓർത്തു ദിനവും കരഞ്ഞിരുന്നു എന്നയാൾ തിരിച്ചറിഞ്ഞു. പുസ്തകം മടക്കുമ്പോൾ അയാൾക്കു ഒന്നു മിണ്ടുവാൻ കഴിഞ്ഞില്ല. അടക്കാൻ കഴിയാതിരുന്ന സങ്കടം പുറത്തു വന്നു… കുറച്ചു നിമിഷങ്ങൾ ആ പുസ്തകം നെഞ്ചോട് ചേർത്ത് വെച്ച് അയാൾ കരഞ്ഞു. ദൈവമേ, എന്നോട് ക്ഷമിക്കണേ… എന്റെ അമ്മയെ തിരിച്ചറിയാൻ, അങ്ങയെ കാണാൻ വചനം വായിക്കാൻ ഒക്കെ കഴിയാതെ പോയതോർത്ത് അയാൾ അനുതപിച്ചു.
എന്റെ അമ്മച്ചി എന്നയാൾ ഉറക്കെ വിളിച്ചു, പക്ഷെ ആ വിളി കേൾക്കാൻ അമ്മച്ചി ഉണ്ടായിരുന്നില്ല, കാഹളധ്വനിയിൽ ഉയർത്തു വരുന്ന നിദ്രയിൽ അമ്മച്ചി മണ്ണോടു ചേർന്നിരുന്നു.

അയാൾ ആ പുസ്തകം തുറന്നു. ശ്രദ്ധിച്ചു വായിച്ചു…. അന്ന് ആ പുസ്തകം അയാളോട് സംസാരിച്ചു. അയാളും അധികം വൈകാതെ അമ്മച്ചിയെപ്പോലെ വചനധ്യാനം ഉള്ളവനായി,മാതൃകയുള്ള ദൈവപൈതലായി മാറി.
അമ്മച്ചിയുടെ കണ്ണുനീരിനും പ്രാർത്ഥനക്കും മറുപടി നൽകാൻ ഇടവിടാതെ മാറോടു ചേർത്ത പുസ്തകം കാരണമായി മാറി.

വാല്‍കഷ്ണം: 
മാതാപിതാക്കളുടെ കണ്ണുനീരാണ് തലമുറയുടെ നിലനിൽപ് .

– ജിജോ പുനലൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.