കഥ: മരണത്തിന്റെ പ്രവാചകൻ

ആഷേർ മാത്യു

കുറച്ച് മീൻ വാങ്ങിയിട്ട് പോയാലോ?’

ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി അടുത്ത ബസ്സിന് കാത്തു നിന്നപ്പോഴാണ് ജോസിന് അങ്ങനെ തോന്നിയത്.

പകലത്തെ ജോലിയുടെ ക്ഷീണം നന്നായിട്ടുണ്ട്. എങ്ങനെയെങ്കിലും വീട്ടിൽ ചെന്ന് ഒന്ന് വിശ്രമിച്ചാൽ മതി. കുറച്ച് മീൻ വാങ്ങി ചെന്നാൽ അത്താഴം കുശാലായി കഴിക്കാം. ഭാര്യ ലീലയ്ക്കും മക്കൾക്കും മീൻ ഇഷ്ടമാണ്. ബസ്സ് സ്റ്റാൻഡിൽ നിന്നും കുറച്ചു നടന്നാൽ ഒരു മീൻകട ഉണ്ട്. ജോസ് വേഗം അങ്ങോട്ടേക്ക് നടന്നു.

മീൻ വാങ്ങിക്കൊണ്ട് നിന്നപ്പോഴാണ് ദൂരെനിന്നും ഉച്ചഭാഷിണിയിലൂടെ പാട്ട് കേട്ടത്.

” തീ പോലെ ഇറങ്ങണമേ… അഗ്നി നാവായി പതിയണമേ….”

മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാവണം പാട്ട് കേൾക്കുന്നത്. അവിടെ കൺവെൻഷൻ നടക്കുന്നതായി സഭയിൽ കഴിഞ്ഞ ഞായറാഴ്ച നോട്ടീസ് വായിച്ചിരുന്നു.  മാത്രമല്ല എവിടെയൊക്കെയോ ഫ്ലക്സ് ബോർഡുകളും കണ്ടിരുന്നു. ഒന്ന് പോയി കുറച്ചു നേരം പാട്ട് കേട്ടാലോ?!

കഴിവതും ആത്മീയ കൂട്ടായ്മകളിൽ സംബന്ധിക്കുന്നതിൽ താല്പര്യം ഉള്ള ആളാണ് ജോസ്. ഇപ്പോൾ സമയം ഏഴു കഴിഞ്ഞു. എട്ടരയ്ക്കും  ഒമ്പതുമണിക്ക് ഇനി വീട്ടിലേക്ക് ബസ് ഉണ്ട്.

പക്ഷേ കയ്യിലിരിക്കുന്ന മീൻ ചീത്തയാകുമോ എന്തോ? എന്തായാലും കുറച്ചു നേരം പാട്ട് കേട്ടിട്ട് പോവാം.

കൺവെൻഷൻ പന്തലിൽ നടന്നു  ചെന്നപ്പോഴേക്കും ഗാനശുശ്രൂഷ അവസാനിച്ചിരുന്നു. എന്നാൽ മടങ്ങി പോയേക്കാം എന്ന് ചിന്തിച്ചപ്പോഴാണ് യോഗാധ്യക്ഷൻ പ്രസംഗകനെ. പരിചയപ്പെടുത്തിയത്. പ്രശസ്തനും പ്രവാചകനുമായ അദ്ദേഹത്തെപ്പറ്റിയുള്ള വിവരണം  കേട്ടപ്പോൾ എന്നാൽപ്പിന്നെ പ കുറച്ചു നേരം പ്രസംഗം കേട്ടിട്ട് പോകാമെന്ന് ജോസിന് തോന്നി.

ഗംഭീര പ്രസംഗം!!

നല്ല പ്രാസമൊപ്പിച്ചുള്ള  വാക്കുകൾ !! അവിശ്വസനീയമായ ജീവിതാനുഭവങ്ങളും സാക്ഷ്യവും!! മേമ്പൊടിക്ക് നല്ല ഹാസ്യവും!!

ജോസിനെ പ്രസംഗം രസകരമായി തോന്നി. ഇനിയിപ്പോ ഒമ്പതുമണിയുടെ ലാസ്റ്റ് ബസ്സിനു പോകാം.

അല്പം കഴിഞ്ഞപ്പോഴേക്കും അന്തരീക്ഷം ആകെ മാറി. പ്രവചന – രോഗശാന്തി  ശുശ്രൂഷയിലേക്ക് പ്രസംഗകൻ  കടന്നു.

വെറും പ്രവചനം അല്ല,പേര് വിളിച്ചാണ് പ്രവചനം !!

ഇതൊക്കെ ഉള്ളതാണോ എന്തോ …എങ്ങനെ സാധിക്കുന്നു… സത്യത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി വലിയ പിടിയൊന്നുമില്ല. നേതാക്കന്മാർ എന്തുപറഞ്ഞാലും വിശ്വസിക്കുന്ന  ഒരു സാധാരണ വിശ്വാസിയാണ് ജോസ്.

‘നടുവുവേദനയാൽ ഭാരപ്പെടുന്ന അമ്മിണിയെ ദൈവം ഇന്ന് സൗഖ്യമാക്കുന്നു ‘.

തലവേദനയുള്ള വർഗീസിനെയും സാമ്പത്തിക ബുദ്ധിമുട്ടുള്ള തങ്കച്ചനെയുമൊക്കെ അദ്ദേഹം പേര് വിളിച്ചു. ലാസ്റ്റ് ബസ്സിനു മുമ്പേ മടങ്ങി പോയേക്കാം എന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ആണ് ആ പ്രവചനം കാതിൽ മുഴങ്ങിയത്.

“എയ്ഡ്സ് എന്ന മാരക രോഗത്താൽ ഭാരപ്പെടുന്ന ഒരു സഹോദരൻ ഈ പന്തലിന്റെ പുറകിൽ ഭാരപ്പെട്ട് നില്ക്കുന്നു. ഈ നിമിഷം സൗഖ്യം വ്യാപിക്കട്ടെ “.

ജോസ് ഒന്ന് തിരിഞ്ഞുനോക്കി. താനാണ് ഏറ്റവും പിറകിൽ നിൽക്കുന്നത്. മുമ്പിൽ ഇരിക്കുന്ന എല്ലാവരും പിറകോട്ട് തിരിഞ്ഞു നോക്കുന്നുണ്ട് .

എന്തോ ഒരു വല്ലായ്മ തോന്നി ജോസിന്.

ആരായിരിക്കും ആ വ്യക്തി?? മാത്രമല്ല എന്തിനാണ് എല്ലാവരും എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നത്.

ഞാൻ പുറത്ത് നിൽക്കുന്നത് കൊണ്ടായിരിക്കും. എന്തായാലും പോകുവാൻ സമയമായി.

ഇപ്പോൾ നടന്നാലെ ഒമ്പതുമണിയുടെ ബസ്സ് കിട്ടൂ. ജോസ് വേഗം സ്റ്റാൻഡിലേക്ക് നടന്നു.

രണ്ടു ദിവസം കഴിഞ്ഞായിരുന്നു സംഭവവികാസങ്ങളുടെ തുടക്കം.

ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ ലീലയുടെ മുഖം കരഞ്ഞ് വീർത്തിരിക്കുന്നു. രണ്ടു മക്കളുടെ മുഖവും അങ്ങനെ തന്നെ.

അവരുടെ മുഖം കണ്ടപ്പോൾത്തന്നെ ജോസിന്  വേവലാതി കയറി. എന്തുപറ്റി മക്കളെ ??

ആരും ഒന്നും മിണ്ടുന്നില്ല. കരച്ചിൽ മാത്രമാണ് മറുപടി. കരയുന്നതിനിടയിൽ ലീല തേങ്ങിക്കൊണ്ട് ചോദിച്ചു. “അച്ചായാ, നിങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടോ??”

“അസുഖമോ ?? എനിക്കോ?? അതെന്താ അങ്ങനെ ചോദിക്കാൻ?? എനിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ…”

“മക്കൾസ്കൂളിൽ നിന്ന് കരഞ്ഞു കൊണ്ടാണ് വന്നത്. ഏതോ കൂട്ടുകാർ പറഞ്ഞത്രേ, നിങ്ങളുടെ പപ്പായ്ക്ക് എന്തോ വലിയ അസുഖം ഉണ്ടെന്നു. ഞങ്ങൾക്ക് അറിയാത്ത എന്ത് അസുഖമാണ് നിങ്ങൾക്കുള്ളത് ??”

ലീല പൊട്ടിക്കരയുകയാണ്.

“ആരെങ്കിലും വെറുതേ പറഞ്ഞതാവും. നിങ്ങൾ സമാധാനമായിരിക്ക്”.

ആണയിട്ട് പറഞ്ഞപ്പോഴാണ് ലീലയ്ക്കും മക്കൾക്കും സമാധാനമായത്.

പതുക്കെ ജോസിന് എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നിത്തുടങ്ങി. അയൽക്കാരും സഭയിലെ വിശ്വാസികൾ പോലും എന്തോ ഒരു അകലം പാലിക്കുന്നോ എന്നൊരു സംശയം.

ഒടുവിൽ പിറ്റേ ഞായറാഴ്ച ര രാവിലെ സഭാ പാസ്റ്റർഫോണിൽ വിളിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. “പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ബ്രദറേ…കഴിഞ്ഞ ആഴ്ച നടന്ന കൺവെൻഷനിൽ ബ്രദർ പോകുകയും അവിടെ വച്ച് പ്രവാചകനായ പാസ്റ്റർ പുറകിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് ഉണ്ടെന്ന് പ്രവചിക്കുകയും അപ്പോൾ തന്നെ താങ്കൾ ഇറങ്ങിപ്പോവുകയും ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്…  ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ”

”എന്ത്??? ”

ഞെട്ടലോടെയാണ് ജോസ് ആ വാക്കുകൾ കേട്ടത്.

ഒമ്പത് മണിക്കുള്ള ബസ് പോകുമല്ലോ എന്നോർത്താണ് താൻ അന്നേരം തന്നെ അവിടെ നിന്ന് പോയത്.

ശരിയാണ് എല്ലാവരും എന്നെത്തന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന്  ഒരിക്കലും ചിന്തിച്ചിരുന്നില്ല.

“എന്റെ  കർത്താവേ…”

ബോധം പോകുന്ന പോലെ തോന്നി ജോസിന്. ദിസങ്ങൾക്കുള്ളിൽ  കിഴക്കേതിലെ ജോസിന് എയ്ഡ്സ് ആണെന്നുള്ള വ്യാജവാർത്ത ദേശം മുഴുവൻ പരന്നു.

അങ്ങനെയല്ല സത്യാവസ്ഥ എന്ന് പറയാനുള്ള  ത്രാണി പോലും ജോസിന് ഉണ്ടായിരുന്നില്ല.

“ജോസിന്റെ ശരീരം കണ്ടാൽ തന്നെ അറിയില്ലേ… മെലിഞ്ഞിരിക്കുന്നത് കണ്ടപ്പഴേ എനിക്ക് തോന്നിയതാണ്…”

“ഒരു മാസം മുമ്പ് ജോസ് മെഡിക്കൽ കോളേജ് നിൽക്കുന്നത് ഞാൻ കണ്ടതാ.. ”

എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ മാത്രം മതിയായിരുന്നു ആ വാർത്ത പരക്കാൻ.

സാധുവായ ആ മനുഷ്യനും കുടുംബത്തിനും തങ്ങളുടെ നിസ്സഹായാവസ്ഥ  എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് പോലും അറിയില്ലായിരുന്നു. വളർന്ന രണ്ടു പെൺകുഞ്ഞുങ്ങൾ !! അവരുടെ ഭാവി എന്തായി തീരുമോ ….

മാസങ്ങൾക്ക് ശേഷം പ്രസ്തുത പ്രവാചകന്റെ അടുത്ത ക്രൂസേഡിന്റെ വലിയ പരസ്യം വന്ന അതേ പത്രത്തിന്റെ മറ്റൊരു പേജിൽ ഒരു മൂലയ്ക്ക് ജോസിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.