ലേഖനം: വിധവയുടെ രണ്ടു കാശും നമ്മുടെ സന്മനസ്സും

ഷാജി ആലുവിള

രിദ്രയായ ഒരു വിധവ രണ്ട് കാശ് ദൈവാലയത്തിൽ ഇടുന്നത് യേശു കണ്ടിട്ട്  ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നുള്ള സത്യം മാത്രമല്ല എല്ലാവരും തങ്ങളുടെ സമർദ്ധിയിൽ നിന്ന് വഴിപാടിട്ടപ്പോൾ ഇവളോ തന്റെ ഇല്ലായ്മ യിൽ നിന്നു തനിക്കുള്ള ഉപജീവനം മുഴുവൻ ഇട്ടു എന്നുള്ളതും കൂടി ഓർമ്മിപ്പിക്കുന്നു.

മറ്റുള്ളവർ എന്ത് കൊടുക്കുന്നു എന്നുള്ളതിനെക്കാൾ എനിക്ക് എന്തു ചെയ്യുവാൻ സാധിക്കും എന്ന് മാത്രമേ ആ മാതാവ് നോക്കിയുള്ളൂ. അവരുടെ ഉപജീവനം മുഴുവൻ പൂർണ്ണമനസ്സോടെ ഭണ്ഡാരത്തിൽ കൊടുക്കുമ്പോൾ മറ്റൊരു തലത്തിൽ അത് ഒരു നിക്ഷേപം ആയി മാറുകയായിരുന്നു സ്വർഗ്ഗത്തിലേക്ക്. മുന്നോട്ട് ഉള്ള ജീവിത മാർഗ്ഗം എന്തന്ന് അവർ ചിന്തിച്ചില്ല. ദൈവത്തിൽ ഉള്ള നിക്ഷേപം നഷ്ടം അല്ല എന്ന് ഒരു പക്ഷെ ഭൂതകാല പ്രക്രിയകളിലൂടെ ആ വിധവ അറഞ്ഞിട്ടുട്ടാവും. അത് അനുഭവിച്ചറിഞ്ഞ അവർക്ക് നാളയെ കുറിച്ച് എന്തു ഭാരം.

വഴിപാടിടുന്ന ധനവാന്മാരിൽ നിന്നും യേശു കണ്ടത് അവർ അവരുടെ സമർദ്ധിയിൽ നിന്ന് കൊടുക്കുന്നതാണ്. സമർദ്ധിയിൽ നിന്നുള്ളതിനെക്കാൾ, ഇല്ലായ്മയുടെ കാലങ്ങളിൽ പൂർണ്ണമനസ്സോടെ ദൈവനാമത്തിൽ ചിലവിട്ടതിന്റെ അഭിവൃദ്ധിയാണ് ഇന്നുള്ള നമ്മുടെ നൻമ. കൊടുപ്പിൻ എന്നാൽ നിങ്ങൾക്ക് ലഭിക്കും എന്നും അതു അമർത്തി കുലുക്കി കവിഞ്ഞു വരത്തക്കവണ്ണം ആയിത്തീരുമെന്നും യേശു പറഞ്ഞു. അങ്ങനെ നിങ്ങൾ ചെയ്യുന്നത് മനുഷ്യർക്കെന്നല്ല ദൈവത്തിന് എന്നവണ്ണം മനസ്സോടെ ചെയ്യുവാനും പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു.

വേലക്കാരുടെ കൂലി പിടിച്ചു വെക്കാതെ കൊടുക്കണം എന്നാണ് ബൈബിൾ നിർദ്ദേശം. അതിനെ കാണാതെ ആണ് ജോലിക്കാരോട് പല ക്രിസ്തീയ സംഘടനകളും ഇടപെടുന്നത്. അതിന് ഉദാഹരണമാണ് രാവെന്നോ പകലെന്നോ നോക്കാതെ കഠിനാദ്ധ്വാനം ചെയ്യുന്ന അനേക ഉദ്യോഗാർത്ഥികളുടെ വേതനം പിടിച്ചു വെച്ചും ന്യായമായത് കൊടുക്കാതെയും വിയർപ്പ് ഒഴിക്കിപ്പിക്കുന്ന പ്രസ്ഥാനങ്ങൾ. ആതുര സേവകരാക്കി അദ്വാനിപ്പിക്കുന്ന ഒട്ടനവധി ചാരിറ്റി പ്രസ്ഥാനങ്ങൾ അനേകരുടെ സന്മനസിനെ ചൂഷണം ചെയ്യുന്നു. പറഞ് ഉറപ്പിച്ച ശമ്പള തുക പോലും കൊടുക്കാതെ കൂലിക്കാരെ കരയിപ്പിക്കുന്ന എത്ര എത്ര സംഭവങ്ങൾ നമ്മുടെ ചുറ്റുവട്ടത്തിൽ ഉണ്ട്. ആശുപത്രികൾ എന്നും സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങൾ ആണ്. അതിൽ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വിഭാഗം ആണ് പരിചാരക വിഭാഗത്തിലെ നഴ്‌സ്മാർ. അനേകരുടെ ശാസനക്ക് വിധേയ മായാണ് അവരുടെ സേവനം പോകുന്നത്. എല്ലാം സഹിച്ചിട്ടും അദ്ധ്വാനത്തിനൊത്ത വേതനം പലർക്കും കിട്ടാതെയും പോയത് കൊണ്ടല്ലേ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നവരിൽ പലരും സമര മുഖവുമായി നിരത്തിൽ ഇറങ്ങുന്നത്. അതിൽ കൂടുതലും മിഷൻ ആശുപത്രികൾ ആണന്നു ള്ളതാണ് ഖേദകരം.

അധ്വാന ജന വിഭാഗത്തിന്റെ അനിഷേധ്യനായ നേതാവും രക്ഷകനും ആയിരുന്നു യേശു ക്രിസ്തു. അദ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരും ആയിട്ടുള്ളവരെ അരികിൽ വിളിച്ച് ആശ്വസിപ്പിച്ചു അദ്ദേഹം. ആ യേശുവിന്റെ പേരിൽ നില കൊള്ളുന്ന അനേകർ, പേരും, പെരുമയും, ആളും തരവും കണ്ടാണ് നന്മ ചെയ്യുന്നത്. ധനാഗമന മാർഗം കുറഞ്ഞ ശുശ്രൂഷന്മാരെക്കാൾ കവറിൽ കൂടുതൽ കൊടുക്കുന്നത് ഇട്ടു മൂടുവാൻ പണമുള്ള ശ്രേഷ്ടന്മാർക്കല്ലേ. ഒരുപക്ഷേ സ്ഥാന മാന ശുശ്രൂഷകൾക്ക് കൊടുക്കുന്ന വിലയിടീൽ ആയിരിക്കാം കവറിന്റെ ആകെ തുക. നാം ഓർക്കുക എളിയവനെ ആദരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. പ്രസ്ഥാനത്തിന് വൻ തുക കൊടുത്ത് നാലു പേർ കാണുന്ന ചുവരിൽ വലിയ പ്രശസ്തിക്കായി പേരെഴുതിപ്പിക്കുന്നവരും മുൻപന്തിയിൽ ഇല്ലേ?. എന്നാൽ നിർധനരായ വർക്കുവേണ്ടി ഒരുസഹായം അഭ്യർഥിച്ചു ചെന്നാൽ പിൻ വാതിലിലൂടെ പടി മാറി പോകുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്.

സുവിശേഷ വേലയിൽ അത്യദ്ധ്വാനം ചെയ്ത് ഒരു നേട്ടവും കൂട്ടാതെ തലമുറകൾക്കായിട്ടൊന്നും സമ്പാദിക്കാതെ കഷ്ടപ്പെടുന്ന എത്രയോ ദൈവദാസൻ മാർ നമ്മുടെ മുൻപിൽ ഉണ്ട്. എത്രയോ ദൈവദാസന്മാർ സ്വന്തമായി ഒരു കിടാപ്പാടം പോലും ഇല്ലാതെ മാനസികമായി ബുദ്ധിമുട്ടുന്നു. വാർദ്ധക്യത്തിൽ സർവ്വത്ര രോഗത്തോടെ വേലയിൽ നിന്നു വിരമിക്കുന്ന ശുശ്രൂഷരെ ആര് പരിഗണിക്കുന്നു? അവരുടെ ആവലാതികൾ ആരു കേൾക്കുവാൻ?. ശുശ്രൂഷ പാഠവം ഉള്ള ഉന്നതൻ മാരായ നേതാക്കന്മാർ പോലും പിന്തള്ളപ്പെടുന്ന ഈ കാലഘട്ടത്തിൽ ഒരു കാലത്ത് കഷ്ടതയിൽ പോരാടി ഇപ്പോൾ പുരാവസ്തുപോലായ നമ്മുടെ പിതാമഹന്മാരോടുള്ള സമീപനം മോശകരം ആകരുത്. മറക്കരുത് അവരുടെ സേവനത്തെ, കാണാതിരിക്കരുത് അവരുടെ ആവശ്യങ്ങളെ. സ്വന്തം നേട്ടത്തിന് വേണ്ടി മെയ്യനക്കുന്നവർക്ക് ഒരിക്കലും അപരന്റെ അവസ്ഥ നോക്കുവാൻ എവിടെ സമയം. കമന്നു വീണാൽ കാൽ പണക്കാർക്ക് “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്നതല്ലേ അന്വർത്ഥം.

നന്മ ചെയ്യുന്നതിൽ നാം മടുത്തു പോകരുത്. മാധ്യമങ്ങൾ വഴി സമൂഹത്തിൽ നിന്നും സഹായങ്ങൾ സ്വീകരിച്ചു നിർദ്ധരെ സഹായിക്കുന്ന അനേക പ്രവർത്തർ ഉണ്ട്. അവരെ അഭിനന്ദിക്കുന്നു. അതും ഒരു സാമൂഹിക പ്രതിബദ്ധത ആണ്. അതിനെ പോലും ഊതി കെടുത്തുന്ന കുഢിലബുദ്ധികളും അരികിലുണ്ട് എന്നുള്ളത് വേദനാജനകം ആണ്. അങ്ങനെ ചെയ്യുമ്പോൾ അനേകരുടെ ആശ ദീപം അണയ്ക്കുകയാണ് അവർ. ഒരു ഗ്രേസ് മാർക്ക് എത്രയോ വിദ്യാർത്ഥികളുടെ ഭാവിയെ ഉന്നതിയിൽ എത്തിച്ചു ജീവിത മൂല്യം ഉയർത്തി. അതുപോലെ ആണ് തക്ക സമയത്തെ മനസ്സോടുകൂടിയ ഒരു നല്ല സഹായം ചിലരെ രക്ഷിക്കുന്നത്. നമ്മുടെ ഇടയിൽ ദാനശീലം ഇനിയും വർധിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ ആവശ്യം സ്വന്തം ആവശ്യം പോലെ കണ്ടാൽ സഹായിക്കുവാൻ എങ്ങനെയും സാധിക്കും. ആരും അറിയാതെ തന്റെ ഇല്ലായ്മയിൽ നിന്ന് തനിക്കുള്ള ഉപജീവനം മുഴുവൻ ഭണ്ഡാരത്തിൽ നിക്ഷേപിച്ച ആ വിധവയെ കണ്ടുകൊണ്ടിരുന്ന യേശു ധനവാന്മാരുടെ ഔദാര്യമാനസ്സിനെ നന്നായി വീക്ഷിക്കുന്നു. നമ്മെയും കർത്താവ് നന്നായി വീക്ഷിക്കുന്നു. സന്മനസുള്ളവർക്കെ സമാധാനം കിട്ടു അവർ സ്വർഗ്ഗരാജ്യത്തെ അവകാശം ആക്കുകയും ചെയ്യും. അതായിരിക്കും നിത്യതയിലെ അവകാശം എന്ന പ്രതിഫലം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.