ഭാവന: പൗലോച്ചായനും..ത്രേസ്യാകൊച്ചും |ജിജി പ്രമോദ്

ഒന്നു വേഗം വാ എന്റെ പൊന്നു ത്രേസ്യാമ്മേ..
ഇനി എത്ര ദൂരം യാത്ര ചെയ്തുവേണം അവിടെ എത്താൻ.

ഒരു വിവാഹത്തിന് പോകുമ്പോൾ കുറച്ച് ഒരുക്കമൊക്കെ വേണ്ടേ അച്ചായാ.ഇനി ഞാനായിട്ട് താമസിപ്പിക്കുന്നില്ല വാ വേഗം ഇറങ്ങാം.

അങ്ങനെ പൗലോച്ചായൻ തന്റെ ധർമ്മ പത്‌നി യുമായി ദൂരെയുള്ള തന്റെ ബന്ധു വീട്ടിൽ വിവാഹത്തിന് സംബന്ധിക്കുവാൻ കടന്നു പോയി.
പോകുന്നവഴിയിൽ ത്രേസ്യാമ്മ തന്റെ പ്രിയ കൂട്ടുകാരി കത്രീനയെ കണ്ടു.

ഈ കച്ചമുറി ഉടുത്തൊണ്ടാണോ ത്രേസി നീ കല്യാണത്തിനു പോകുന്നത്.

കത്രീന യുടെ ചോദ്യം കേട്ടതും കർക്കിടകത്തിലെ പെയ്യാൻ വെമ്പുന്ന കാർമേഘം പോലെയായി ത്രേസ്യാകൊച്ചിന്റെ മുഖം.
അതുകണ്ട് കത്രീന അവളെ വിളിച്ച് അകത്തുകൊണ്ടുപോയി.അച്ചായൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന പളപളാ മിന്നുന്ന ഒരു സാരി എടുത്ത് അവൾക്ക് കൊടുത്തു.
ത്രേസ്യ കൊച്ചിന്റെ മുഖം ആയിരം പൗർണമി ഒന്നിച്ച് ഉദിച്ചത്പോലെ തിളങ്ങി.
ആസാരി ഉടുത്ത് പ്രിയപത്നി ഇറങ്ങി വന്നപ്പോൾ
പൗലോച്ചായൻ വായ്‌പോളിച്ചുനിന്നു ..ചുരുക്കിപ്പറഞ്ഞാൽ അച്ചായന്റെ കിളിപോയി..
കഞ്ഞിമുക്കി മുക്കി കഞ്ഞി പോലെ ആയ ഈ പഴയ ജുബ്ബയും മുണ്ടും ധരിച്ച് ഇവളുടെ കൂടെ എങ്ങനെ പോകും.പറന്നുപോയ കിളികളിൽ ഒന്നുരണ്ടെണ്ണം തിരിച്ചു വന്നപ്പോൾ അച്ചായന്റെ ബുദ്ധി മണ്ഡലം പ്രവർത്തനനിരതമായി.
അതിയാന്റെ കിളിപോയ നിൽപ്പുകണ്ടപ്പോൾ കത്രീനയ്ക്ക് കാര്യം പിടികിട്ടി.
ദാനശീലയായ അവൾ തന്റെ ഭർത്താവിന്റെ നല്ല ഒരു പാന്റും ഷർട്ടും പൗലോച്ചായനു കൊടുത്തു.
അങ്ങനെ കത്രീന കൊച്ചിന് നന്ദിപറഞ് സന്തോഷത്തോടെ അവർ അവിടെ നിന്നും ഇറങ്ങി.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവിടെ ഒരു കവല യിൽ കുറേ മനുഷ്യർ നീളമുള്ള കുപ്പായം ധരിച്ചു നിൽക്കുന്നു. അവിടേക്ക് പോകുന്ന എല്ലാവരും ആ കുപ്പായം ധരിച്ചു മടങ്ങി വരുന്നു.
അവിടെ എന്താ..ഒരു കുപ്പായ ധാരിയോട് അദ്ദേഹം ചോദിച്ചു.
നിങ്ങൾ അറിഞ്ഞില്ലേ.. നിങ്ങളുടെ ഈ ഷർട്ടും പാന്റും അവിടെ കൊടുത്താൽ ഒരുലക്ഷം രൂപയും പിന്നെ ഈ കുപ്പായവും കിട്ടും.
നേരോ..ഒരുലക്ഷം എന്നു കേട്ട് പൗലോസ് മുന്നോട്ട് നടന്നപ്പോൾ ഭാര്യ തടഞ്ഞു .വേണ്ട അച്ചായാ നമുക്ക് വിവാഹത്തിനു കൂടാൻ പോകേണ്ടതാണ്.
നീ മിണ്ടാതിരിക്ക് ത്രേസ്യാമ്മേ.. ഇത്രേം കാശ് കിട്ടുന്നത് വെറുതെ കളയണോ.നീയും ആ സാരി കൊടുത്തിട്ട് ഒരു കുപ്പായവും കാശും വാങ്ങാൻ നോക്ക്.
ഞാൻ കൊടുക്കില്ല ഈ സാരി..
എനിക്ക് കുപ്പായവും കാശും ഒന്നും വേണ്ട..അവൾ സാരിയിൽ മുറുകെ പിടിച്ചു.

കത്രീന കൊച്ചിന്റെ സ്നേഹസമ്മാനം കൊടുത്ത്
ഒരു ളോഹയും ഒരുലക്ഷം രൂപയും വാങ്ങി പൗലോസ് അൽപ്പം തല ഉയർത്തി നടന്നു.

പൗലോസിന്റെ വേഷം ത്രേസ്യാകൊച്ചിന് അത്ര പിടിച്ചില്ല. അതിന്റെ പ്രതിഷേധസൂചകമായി തുടർന്നുള്ള യാത്ര മൗനം നിറഞ്ഞതായിരുന്നു.
കല്യാണ വീടിന്റെ അടുത്തെത്താറായപ്പോൾ കുറച്ചു ഫ്രീക്കന്മാരായ പിള്ളേര് അവരെ വഴിയിൽ തടഞ്ഞു നിർത്തി.
കുപ്പായം ഇട്ട പൗലോസിന്റെ കയ്യിൽ കാശ് ഉണ്ടാകും എന്നറിഞ്ഞുള്ള വരവാണ്.അവർ പൗലോസിന്റെ കുപ്പായം ഊരി എടുത്തു.അതിന്റെ കീശയിൽ നിന്നും കാശും എടുത്ത് ആ കുപ്പായവും കൊണ്ട് അവർ പോയ്‌..പോകും മുൻപ്‌കൂട്ട ത്തിൽ ഒരു പയ്യൻ ഒരു ടൈ അച്ചായന്റെ കഴുത്തിൽ കെട്ടികൊടുത്തു.
കഞ്ഞിമുക്കിയ മുണ്ടിന്റെ അടിയിൽ ഒരു കളസം
ഇട്ടിരുന്നത് കൊണ്ട് പൗലോച്ചന് അത്രേം മെങ്കിലും ബാക്കി കിട്ടി.
കളസവും ഇട്ട് ടൈയ്യും കെട്ടി നിൽക്കുന്ന പൗലോച്ചായനെ കണ്ട് മനസ്സ്‌തകർന്ന് കരഞ്ഞു വിളിച്ചു കൊണ്ട് ത്രേസ്യാകൊച്ചു കല്യാണവീട്ടിൽ ഓടിക്കയറി. അഥിതി കളെ സ്വീകരിക്കാൻ വാതിൽ ക്കൽ നിന്ന പിള്ളേർ അല്പ വസ്ത്ര ധാരിയായ് വന്ന പൗലോസിനെ പിച്ചക്കാരനായി തെറ്റിദ്ധരിച്ച് ഓടിച്ചു വിട്ടു..
അപമാനിതനായ പൗലോസ്‌ വീട്ടിലേക്ക്തിരികെ നടന്നു..കിട്ടിയ നന്മ അത്യാഗ്രഹം മൂലം നഷ്ടപ്പെടുത്തിയ കുറ്റ ബോധത്തോടെ അപമാനഭാരത്താൽ തലകുനിച്ച് അയാൾ നടന്നു നീങ്ങി..

ജിജി പ്രമോദ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.