ലേഖനം:വാഴ്ത്തപ്പെട്ട പേന | മെനിൻ കുവൈറ്റ്

ഇതിന്റെ തലവാചകം കേൾക്കുമ്പോൾ ഒരുപക്ഷേ പലരും നെറ്റി ചുളിച്ചേക്കാം..കാരണം പേന വാഴ്ത്തൽ നമുക്കുണ്ടോ? അതും ഒരു പേന…എങ്കിൽ കേട്ടോളു…ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല..കാരണം, എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ആണ് ഇത്..സത്യത്തിൽ ഇതൊരു വാഴ്ത്തൽ ചടങ്ങു ആയിരുന്നില്ല..പരീക്ഷ എഴുതാൻ പോകുന്നതിനു തലേ ദിവസത്തെ ഞായറാഴ്ച ആരാധന കഴിഞ്ഞു പ്രത്യേക പ്രാർത്ഥനക്കു വേണ്ടി ചില കുട്ടികൾ പാസ്റ്ററുടെ അടുത്തപോയി…കാര്യം നാളെ പരീക്ഷയാണ്…പഠിച്ചോ പഠിച്ചില്ലിയോ എന്നുള്ളതല്ല കാര്യം.. നാളത്തെ പരീക്ഷക്ക് നല്ലതുപോലെ എഴുതാൻ കഴിയണം…അതിനു വേണ്ടി പ്രാർത്ഥിക്കാൻ ഉള്ള നിൽപ്പാണ്…അതിൽ ചില കുട്ടികൾ തങ്ങളുടെ കയ്യിലെ പേന പാസ്റ്ററുടെ കയ്യിൽ കൊടുത്തു പ്രാർത്ഥിപ്പിച്ചു…സത്യത്തിൽ ഇതു അവരുടെ ഭാഗത്തു നിന്നും ഉണ്ടായതു ഒരു തെറ്റ് അല്ല…കാരണം എല്ലാം ദൈവത്തിൽ അർപ്പിച്ചു വിശ്വാസത്തോടെ ഒന്നു പ്രാർത്ഥിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും എന്നത് കൊണ്ടാണ്…പക്ഷെ ഇതിൽ എന്റെ ചിന്ത കടന്നുപോയത് വേറൊരു ദിശയിലേക്കാണ്… ദൈവം പേനയിൽകൂടി കടന്നു ചെന്നു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തന്നെ എഴുതി കൊടുക്കുമോ?അതോ ഇനി അവർ ആ പേനയും പിടിച്ചുകൊണ്ടു ചുമ്മാതെ ഉത്തരകടലാസിൽ കൈവെച്ചാൽ സ്വിച് ഇട്ടപോലെ വേണ്ടതും വേണ്ടാത്തതുമായ എല്ലാ ചോദ്യങ്ങളുടേയും ഉത്തരങ്ങൾ പേപ്പറിൽ തെളിഞ്ഞു വരുമോ? ഇനി എങ്ങാനും മഷി തീർന്നാൽ എഴുത്തു അതോടെ നിന്നുപോകുമോ?വേറൊരു പേന കൂട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയാൽ തുടർന്ന് എഴുത്തു നടക്കുമോ? ഈ വക ചിന്തകൾ എന്നിലൂടെ കടന്നുപോയെങ്കിലും അവരുടെ വിശ്വാസം അവർക്കു വലുതായിരിക്കും എന്നു മനസിൽ പറഞ്ഞു ആശ്വസിച്ചു…
എന്നിരുന്നാലും എന്റെ ചിന്തയിൽ നിന്നും എനിക്കു തോന്നിയ ഒരു സത്യം ഞാൻ പറയട്ടെ..! ദൈവം ഒരിക്കലും പഠിക്കാതെ പോയി പരീക്ഷ എഴുതുന്നവരെ വിജയത്തിൽ എത്തിക്കാറില്ല…കാരണം, ദൈവത്തിനു അതല്ല ജോലി… നമ്മൾ ചെയ്യേണ്ടകാര്യം ആത്മാർഥമായി ചെയ്യുകയും സകലത്തിലും അവിടുത്തെ ആലോചനക്കായി യാചിക്കുകയും, പ്രാർത്ഥിക്കുകയും, അതോടൊപ്പം തന്നെ ദൈവം നമ്മളെ പറ്റി എന്തു ആഗ്രഹിക്കുന്നുവോ അതു ജീവിതത്തിൽ പ്രയോഗികമാക്കുകയും ചെയ്താൽ അവിടുന്നു നമ്മളോട് കൂടെ ഇരുന്നു നമുക്കു വേണ്ടതെല്ലാം നൽകി നമ്മെ അനുഗ്രഹിക്കും…
ഇവിടെ പറഞ്ഞ കുട്ടികളിൽ പലരും ഉപവാസം എടുത്തു പ്രാർത്ഥിക്കുകയും, പേന വാഴ്ത്തുകയും ഒക്കെ ചെയ്തവർ ആണെങ്കിലും പരീക്ഷ ഫലം വന്നപ്പോൾ പലർക്കും ഉദ്ദേശിച്ച വിജയം കരസ്ഥമാക്കുവാൻ സാധിച്ചില്ല… ഇതൊരിക്കലും ദൈവം പ്രാർത്ഥന കേൾക്കാഞ്ഞിട്ടോ, അവരുടെ ഉപവാസം പോരാതെ വന്നിട്ടോ അല്ല..ദൈവത്തെ ഒരു പരീക്ഷ ജയിപ്പിക്കുന്നവൻ മാത്രം ആയി കാണുകയും, ദൈവത്തിനു കൈക്കൂലി ആയി 2 നേരത്തെ ഉപവാസവും ,10 രൂപയുടെ പേനയിൽ വ്യാപരാശക്തി ഫ്രീ ആയി ലഭിക്കുമെന്നുള്ള വിവരമില്ലായ്മയും ആണ്… പ്രിയ ദൈവമക്കളെ, ദൈവത്തിന് പ്രവർത്തിക്കുവാൻ ഒരു മാധ്യമം ആവശ്യമില്ലെങ്കിലും, ഒന്നുമില്ലായ്മയിൽ നിന്നും സകലത്തെയും ഉള്ളതിനെപ്പോലെ വിളിച്ചു വരുത്തുവാൻ കഴിയുന്നവനുമായ ദൈവത്തിനു ഇതെല്ലാം നിസ്സാര കാര്യങ്ങൾ ആണ്… എന്നിരുന്നാലും അങ്ങനെ ലഭിക്കുന്ന വിജയത്തിൽ ദൈവത്തെ വെറും കൈക്കൂലിക്കാരൻ ആക്കുക എന്നതു മാത്രം ആണ് അവിടെ നടക്കുന്നത്… മാത്രമല്ല ഇതര വിശ്വാസത്തിൽ പെട്ട ഒരുപാട് കുട്ടികൾ പരീക്ഷക്ക് മുൻപ് തന്നെ ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടു പഠിച്ചു എഴുതിയ പരീക്ഷയിൽ വെറും കുറച്ചു സമയം മാത്രം പഠിച്ചിട്ടു അവസാന നിമിഷം പേന വാഴ്ത്തിയാൽ ജയിക്കുമെന്ന ചിന്ത ശെരിക്കും തെറ്റല്ലേ?
അതുകൊണ്ടു നാം നമ്മുടെ സമയം തക്കത്തിൽ ഉപയോഗിക്കുകയും, ദൈവം നമ്മെ ഏൽപ്പിച്ച താലന്തുകൾക്കനുസരിച്ചു ദൈവ സന്നിധിയിൽ കുറ്റമറ്റ മനസാക്ഷിയോടെ നാം ചെയ്യേണ്ടകാര്യങ്ങൾ ആത്മാർത്ഥമായി ചെയ്യുക…
ഇതോടൊപ്പം ഒരു ചിന്തകൂടി ഓർമ്മിപ്പിക്കട്ടെ…പരീക്ഷയിൽ ഉണ്ടാകുന്ന പരാജയത്തിൽ പതറാതെ, ദൈവത്തോട് പിറുപിറുക്കാതെ, ദൈവം തനിക്കു തന്ന പരാജയം അതൊരിക്കലും തിന്മക്കല്ല നന്മക്കായിട്ടത്രേ വരികയുള്ളൂ എന്നൊരു വിശ്വാസം നമ്മിൽ ഉണ്ടാകണം…ഒരുപക്ഷെ പ്രാർത്ഥിച്ചിട്ടും ഉപവസിച്ചിട്ടും തനിക്കു എന്തേ തോൽവി സംഭവിച്ചത് എന്നോർത്തു ദുഃഖിക്കാതെ, തോൽവിയിലും ദൈവത്തെ മഹത്വപ്പെടുത്താനുള്ള ആർജവം നമ്മിൽ ഉണ്ടാകണം… പ്രിയരേ, വിജയത്തിൽ പറയുന്ന സ്തോത്രത്തെക്കാൾ നിന്റെ പരാജയത്തിൽ പറയുന്ന സ്തോത്രത്തിനാണ് ദൈവ സന്നിധിയിൽ വിലയുള്ളത്…ഇന്ന് നീ സങ്കടം കൊണ്ടു കരഞ്ഞ സ്ഥാനത്തു നാളെ നീ സന്തോഷം കൊണ്ട് കരയും…അന്ന് കൂട്ടത്തിൽ നിന്നെ പരിഹസിച്ചവർ കാണും, കൂടെ പഠിച്ചവർക്ക് ഒരുപക്ഷേ നിന്നെക്കാൾ മുന്നേ ജോലി ലഭിച്ചുകാണുമായിരിക്കാം…എന്നാലും കാലങ്ങൾ കഴിഞ്ഞു നീ തിരിഞ്ഞു നോക്കുമ്പോൾ അവരെക്കാൾ മുന്നേ ഓടി ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരുവാൻ ദൈവം നിന്റെ കാലുകൾക്ക് ബലം നൽകിയത് നീ ഒരുപക്ഷേ ഒന്നു തിരിഞ്ഞു നോക്കുമ്പോഴേ അറിയാൻ കഴിയു….അതുകൊണ്ടു ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ ദൈവം നമ്മെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.