ലേഖനം: മക്കൾ പരിധിക്ക് അകത്തോ?

സാങ്കേതികവിദ്യയുടെ അതിപ്രസരം തലക്കുപിടിച്ചു ആരെയും കൂസാതെ സ്വന്തം ലോകത്തേക്ക് ഉൾവലിയുന്നവരായി ഇന്നത്തെ തലമുറ മാറിയിരിക്കുന്നു. സ്മാർട്ട് ഫോണും ഐ പാഡും സോഷ്യൽ മീഡിയയും തുടങ്ങി ‘ആപ്പിൽ’ വരെ എത്തി നിൽക്കുന്ന ‘സ്മാർട്ട്’ തലമുറയാണ് ഇന്നുള്ളത്. സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് ഉള്ളതിലും എത്രയോ മടങ്ങ്‌ അറിവാണ് ഇവർക്കുള്ളത്. ഇത് ശരിയെക്കാൾ തെറ്റിന് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് ഇന്നിന്റെ പ്രശ്നം.

പെന്തെകൊസ്ത് തലമുറകളെല്ലാം വിശുദ്ധരാണെന്ന് പറയാൻ പ്രയാസമാണ്. അവരുടെ ഏതു ആവശ്യവും സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ റെഡി. പിന്നെ അവർക്ക് എന്ത് പേടിക്കാൻ? ചോദിക്കുന്നതെന്തും കൊടുക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അവരെ ‘സ്മാർട്ട്’ ആക്കാൻ നാം തയ്യാറാവുകയല്ലേ? ഒരു നേരത്തെ അന്നത്തിനു വകയില്ലെങ്കിലും മക്കളുടെ നിർബന്ധത്തിനു വഴങ്ങാൻ മാതാപിതാക്കൾ തയ്യാറാണ്. കൈ നിറയെ പണവും പിന്നെ കുറെ സുഹൃത്തുക്കളും ഉണ്ടെങ്കിൽ എല്ലാമായി എന്നവർ ചിന്തിക്കുന്നു. ചോദിക്കുന്ന പണം കിട്ടിയില്ലെങ്കിൽ എന്തുചെയ്യണമെന്നു പോലും അവർക്ക് അറിയാം. മക്കൾ വല്ല കടുംകൈയും ചെയ്യുമോ എന്ന് ഭയന്നു കാര്യം സാധിച്ചു കൊടുക്കുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ അനുസരണമില്ലാത്തവരും ദൈവ ഭയം ഇല്ലാതവരുമായി വളരുന്ന തലമുറകൾ നാളെയുടെ ശാപമായി മാറുന്നുവോ?

പ്രായത്തിന്റെ ചോരത്തിളപ്പിൽ പലതും കാട്ടിക്കൂട്ടും. അതെല്ലാം കണ്ടില്ലെന്നു നടിക്കുന്നതിലൂടെ മാതാപിതാക്കൾ അവര്ക്ക് നൽകുന്ന സന്ദേശം എന്താണ്? ആർക്കും ആരെയും ചോദ്യം ചെയ്യാൻ പറ്റില്ല എന്നുവന്നിരിക്കുന്നു. ആക്രമണങ്ങളും കുലപാതകങ്ങളും ലഹരി ഉപയോഗവും ലൈംഗീക അതിക്രമണങ്ങളും കൊണ്ടെത്തിക്കുന്നത് വികലമായ വ്യക്തിയായിട്ടാണ്‌.

സഭയിലും കുടുംബത്തിലും മാന്യതയുടെ വേഷം ധരിച്ചെത്തുന്ന തലമുറകളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ പുറത്തേക്കിറങ്ങി ചോദിക്കണം. സഭയ്ക്കുള്ളിൽ സമയം ചിലവഴിക്കാൻ അവർക്ക് ഇന്ന് പല മാർഗങ്ങളുണ്ട്. ഇതൊക്കെ ആര് ശ്രദ്ധിക്കാൻ? അവസരം കിട്ടിയാൽ എവിടെയും പടർന്നു കയറുന്ന ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഇവര്ക്ക് ഉപദേശങ്ങളോട് അലർജിയാണ്. പ്രണയം നടിച്ചു യുവതികളുടെ മാനം കവരാൻ പോലും ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. ഇതൊക്കെ ആരും അറിയാതെ അതിവിദഗ്ധമായി കൈകാര്യം ചെയ്യാൻ ഇവർക്കറിയാം. അതിനു വളംവച്ചു കൊടുക്കുന്നവർ കൂടിയായാൽ പിന്നത്തെ കാര്യം പറയണോ?

പെണ്‍കുട്ടികളും മോശമല്ല, അലക്ഷ്യമായി വസ്ത്രം ധരിക്കുന്നതിലൂടെയും വഴിവിട്ട ബന്ധം കാംക്ഷിച്ചും ചെറുപ്പക്കാരെ വലയിലാക്കുന്നു. പാപത്തെ പരിശുദ്ധമാക്കാൻ ഇവര ബഹു മിടുക്കരാണ്. ഇങ്ങനെ ജീവിക്കുന്ന മറ്റാരെങ്കിലും സഭയിൽ ഉണ്ടെങ്കിൽ അവരായിരിക്കും റോൾ മോഡൽ. ഇത്തരം വഴിവിട്ട സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. അന്യ സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനു പോകുന്നവരും മോശമല്ല. ആരും കാണാത്തയിടത്ത് അഴിഞ്ഞാടി നടക്കാമല്ലോ? ചോദിയ്ക്കാൻ ആരും ഇല്ല. മെട്രോ നഗരങ്ങളൊക്കെ ഇങ്ങനെയുള്ളവരെ കാത്തിരിക്കുകയാണ്. പണം കിട്ടാനായി ശരീരം വിലക്കാൻ പോലും തയ്യാറാകുന്നവരുണ്ട്. ഒരു റൂമിൽ ഒന്നിച്ചു താമസിക്കുന്നത് ആരെന്നുപോലും മാതാപിതാക്കൾ അറിയുന്നില്ല. എല്ലാം തകർന്നവരായി നാട്ടിൽ എത്തുമ്പോഴേക്കും വീട്ടുകാരുടെ സ്വപ്നം തകർന്നിട്ടുണ്ടാവണം. പാശ്ചാത്യ സംസ്കാരത്തെ നമ്മുടെ രാജ്യത്തിൽ അപ്പാടെ പകർത്തുന്നത് ദോഷം ചെയ്യും.ചിലപ്പോൾ ചെയ്തുപോയ അപരാധം താങ്ങാനാവാതെ ജിവിതം അവസാനിപ്പിച്ചു എന്നും വരാം, ഇല്ലെങ്കിൽ മറ്റാരെങ്കിലും കൊന്നെന്നും വരാം. നരാധമന്മാരുദെ നീരാളിപ്പിടുത്തത്തിൽ നമ്മുടെ തലമുറകൾ അകപ്പെടാതിരിക്കൻ ശ്രദ്ധിക്കണം. അടുത്തയിടെ ഒരേസമയം ഒന്നിൽ ആധികം കാമുകന്മാരുമായി കിടക്ക പങ്കിട്ട് ഒടുവിൽ ഗർഭം അലസിപ്പിക്കാൻ പണമില്ലാതെ വന്നപ്പോൾ ജീവൻ ഒടുക്കിയ ഒരു പെന്തകോസ്ത് പെണ്‍കുട്ടിയുടെ ചിത്രമാണ് മനസ് നിറയെ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.

മാതാപിതാക്കളെ, പാട്ടും പ്രാർഥനയും നല്ലതുതന്നെ, എന്നാൽ നിങ്ങളുടെ തലമുറയെക്കുറിച്ച് ഇനിയും ഒരു വീണ്ടുവിചാരത്തിന് തയ്യാറായില്ലെങ്കിൽ അവർ ദൈവത്താൽ യോജിക്കപ്പെടാതവരുമായി ജീവിതം തുടങ്ങും. ഇത് വായിച്ചെങ്കിലും മക്കളെ ഓർത്തു വിലപിക്കുമോ? അവർക്ക് നിങ്ങൾ മാതൃകയാകുമോ? എപ്പോൾ വേണമെങ്കിലും കൊത്തിക്കൊണ്ടുപോകാൻ കഴുകൻ കണ്ണുകൾ അവര്ക്ക് ചുറ്റും ഉണ്ട്. നഷ്ടപ്പെട്ടിട്ടു പിന്നെ വിലപിച്ചിട്ട് കാര്യമില്ല. വളർത്തി വലുതാക്കിയ മാതാപിതാക്കളെ ചതിക്കരുതേ!

മക്കളെ നടക്കേണ്ടുന്ന വഴിയിൽ അഭ്യസിപ്പിക്കുന്നതിനു പകരം ദൈവഭയമില്ലാതവരാക്കി മാറ്റരുതേ! അവരെ ഒന്നു ശ്രദ്ധിക്കണേ…

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.