ലേഖനം: സ്നേഹത്തിന്റെ ആഴം

നുഷ്യൻ ഒരു സമൂഹ ജീവിയാണ് . നമുക്കെല്ലാം തന്നെ പല വിധത്തിലുള്ള ബന്ധങ്ങളും ഉണ്ട്. അപ്പൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്, മക്കൾ, സുഹൃദ് വലയങ്ങൾ, അയൽക്കാർ, ബന്ധുക്കൾ തുടങ്ങി നാം ഓരോ ദിവസവും കണ്ടു മുട്ടുന്നവർ വരെ ആ കൂട്ടത്തിൽപ്പെടും. പക്ഷെ ചിന്തിക്കേണ്ടുന്ന വിഷയം ഇതാണ്. “നമുക്ക് ഈ ബന്ധങ്ങളെ വേണ്ട വിധത്തിൽ സൂക്ഷിക്കാൻ കഴിയുന്നുണ്ടോ? ”

നാം ഓരോരുത്തരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ മറ്റുള്ളവരോട് ബന്ധപ്പെട്ടു കിടക്കുന്നവരാണ്. കടപ്പാട്, സ്നേഹം, ഉത്തരവാദിത്തം, തുടങ്ങി അനേക വഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടി വരുന്നു. പക്ഷെ പലപ്പോഴും നാം കടപ്പാടും ഉത്തരവാദിത്തങ്ങളും നിറവേറ്റിയാലും മറന്നു പോകുന്ന ഒന്നുണ്ട്. “സ്നേഹിക്കാൻ”. ജീവിതം ഒരു കടമ തീർക്കലായി, ഒരു തട്ടിക്കൂട്ട് പരിപാടിയായി മുന്നോട്ടു കൊണ്ടുപോകുന്നവരാണ് അധികവും.
എല്ലാവർക്കും ഉണ്ട് സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മനസ്. പക്ഷെ അത് പലപ്പോഴും നമ്മൾ കാണാതെ പോകുന്നു. സ്നേഹത്താൽ സുഖപ്പെടുത്താൻ കഴിയാത്ത ഒരു മുറിവും ഇല്ല. ബന്ധങ്ങൾക്കിടയിൽ സ്നേഹം എന്ന ഒരു പ്രധാന കെട്ടുറപ്പ് ഇല്ലെങ്കിൽ ആ ബന്ധത്തിന് ഒരു വിലയും ഉണ്ടാകില്ല.

“ദൈവം സ്നേഹമാകുന്നു” എന്നു നമ്മളൊക്കെ ചെറുതായിരിക്കുമ്പോൾ മുതൽ കേൾക്കുന്നതാണ്. എന്നാൽ ആ സ്നേഹത്തെ എത്രത്തോളം, അതിന്റെ പവിത്രത നഷ്ടപ്പെടാതെ നമുക്ക് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്?
എന്റെ ചിന്തയിൽ, പണം സമ്പാദിക്കുന്നതിനെക്കാളും, ഞാൻ ബുദ്ധിമാനാണ് എന്നു പറയുന്നതിനേക്കാളും, എനിക്ക് വലിയ വീടും കാറും ഒക്കെ ഉണ്ട് എന്നു പറയുന്നതിനേക്കാളും, “എനിക്ക് ആഴത്തിൽ സ്നേഹിക്കാൻ ഒരു മനസുണ്ട്” എന്നു ഉറപ്പോടെ പറയാൻ പറ്റുന്നതിലാണ് വിജയം. എത്ര പണം ഉണ്ടായിട്ടും ജീവിതത്തിൽ സന്തോഷം ഇല്ലെങ്കിൽ ആ പണം കൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്?

നമുക്ക് നമ്മുടെ ചുറ്റുവട്ടത്തിലേക്ക് ഒന്നിറങ്ങി ചെല്ലാം. ചിലപ്പോൾ വീടിന്റെ അടുക്കളയിൽ മാത്രം പരാതി പറഞ്ഞു ഒതുങ്ങി കൂടിയ അമ്മയ്ക്കു ആ സ്നേഹത്തിന്റെ ആവശ്യമുണ്ടാകാം. തിരക്കുകൾക്കിടയിൽ മറന്നു പോയ മക്കൾക്കോ കൂട്ടുകാർക്കോ ഒരു വാക്കുകൊണ്ടെങ്കിലും നമ്മളെ ആവശ്യമുണ്ടാകാം. ചെറിയ ചെറിയ വാശികളുടെ പേരിൽ ഒരുപാട് അകലേയ്ക്കു പോയ ജീവിത പങ്കാളി നിന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ടാകാം. എന്തിനേറെ, യാത്ര ചെയ്യുമ്പോൾ കൂടെ യാത്ര ചെയ്യുന്ന അല്ലെങ്കിൽ കണ്ടു മുട്ടുന്ന ഒരാൾക്കു നിന്റെ ഒരു ചെറു പുഞ്ചിരിയുടെ എങ്കിലും ആവശ്യം ഉണ്ടാകാം.

ചിന്തിക്കാം.. സ്നേഹിക്കാം… ഈ ലോകത്തെ തന്നെ മാറ്റിമറിയ്ക്കാനുള്ള അത്ഭുത ശക്തി സ്നേഹത്തിനുണ്ട്..

– മെറിൻ.വി.മാത്യൂ ബാംഗ്ലൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.