പരാജിതർ പ്രകാശിക്കുന്നു (ധ്യാനത്തിനപ്പുറം – 1)

മ്മുടെ കണ്ണുകളും ശ്രദ്ധയും എപ്പോഴും പതിഞ്ഞിരിക്കുന്നത് ജീവിതത്തിൽ വിജയിച്ചവരിലേക്കാണ്. നാം നോക്കുമ്പോൾ അവർ സ്വപ്നതുല്യമായ ജീവിതമാണ് നയിക്കുന്നത്. അവരിൽ ചിലർ അളവില്ലാതെ സ്വത്ത് സമ്പാദിക്കുന്നു. കൂടാതെ ഉയർന്ന ചിന്താഗതികളും പ്രവൃത്തനങ്ങളുമായി പ്രശസ്തിയുടെ ആകാശങ്ങളിലാണ് അവരുടെ സ്ഥാനം.

നമ്മുടെ ബാല്യം മുതൽക്കേ അവരെക്കുറിച്ചു നാം പഠിക്കുന്നു. അവരെ പോലെ ആകുവാനുള്ള പ്രവണത നമ്മിൽ വളർന്നു വരുന്നു. അല്ലെങ്കിൽ അങ്ങനെയാണ് നാം പരിശീലിപ്പിക്കപ്പെടുന്നത്.വിജയിക്കുന്നവർക്കാണ് എപ്പോഴും കൈയടികൾ ഉള്ളതെന്നും അവരുടെ കൂടെയാണ് സമൂഹം നിലകൊള്ളുന്നതെന്നുമാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അതേ പാത പിന്തുടരുന്ന നാം ചെറിയ നേട്ടങ്ങളിൽ നിന്ന് വലിയ വിജയങ്ങളിലേക്ക് കടന്നു പോകുമ്പോൾ മേൽപറഞ്ഞ സമൂഹം നമ്മെ ചേർത്ത് പിടിക്കും. നമുക്ക് വേണ്ടി കൈകൾ അടിക്കുവാൻ ആളുകൾ കൂടി തുടങ്ങും.

എന്നാൽ നാം നേടുന്ന വിജയങ്ങൾ ആപേക്ഷീകമാകുന്നത്, നമ്മുടെ വിജയങ്ങളെ ദൈവം എങ്ങനെ വിലയിരുത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. യഹൂദന്മാരും അന്നത്തെ റോമ സാമ്രാജ്യവും നോക്കിയപ്പോൾ യേശു എന്ന് പേരുള്ള ഒരു റബി, അല്ലെങ്കിൽ നസറെത്തിൽ നിന്നുള്ള ഒരു തച്ചൻ അതി ദാരുണമായി പരാജയപ്പെടുന്ന കാഴ്ചയാണ് കുരിശിൽ കണ്ടത്. ദൈവപുത്രനെന്ന് പറഞ്ഞ് ആളുകളെ വശീകരിച്ച ആ യേശുവിന്റെ ശിഷ്യന്മാരുടെ സ്ഥിതിയും മറ്റൊന്നായിരുന്നില്ലഎന്ന് ആഹ്ലാദത്തോടെ അവർ പരസ്പരം പറഞ്ഞു.. അന്നത്തെ ലോകം; യേശുവും അദ്ദേഹത്തിന്റെ ചിന്താഗതികളും പരാജയപ്പെട്ടു പോയി എന്ന് കരുതി. എന്നാൽ തന്റെ ഏകജാതൻ, ഭൂമിയിലുള്ള ഒരു രാജാവിനാലുംഒരു മനുഷ്യനാലും കഴിയാത്ത മഹാവിജയത്തിലേക്ക് നടന്നു ചെല്ലുന്നതായാണ് , ദൈവം ആ കുരിശിന്റെ നിമിഷങ്ങളെ വിലയിരുത്തിയത്.

കഴിഞ്ഞ ദിവസം ദൈവത്തിനു വേണ്ടി അതിധീരം നിൽക്കുന്ന ഒരു സ്നേഹിതനെ കണ്ടപ്പോൾ, ദീർഘമായ സംസാരത്തിനിടയിൽ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി; “ബ്രദർ, വർഷങ്ങൾക്ക് മുൻപുള്ള എന്റെ ഗൾഫ് ജീവിതത്തെക്കാൾ ഞാനിപ്പോൾ സംതൃപ്തിയും സമാധാനവും ആഘോഷിക്കുന്നു.” അന്ന് അദ്ദേഹം നേടിയതെല്ലാം കൈവിടപ്പെട്ടു പോയിരുന്നു. ഒഴിഞ്ഞ കൈകളുമായി നാട്ടിലെത്തിയ അദ്ദേഹം യേശുവിനെ അറിഞ്ഞു, ഇപ്പോൾ യേശുവിനായി നിലകൊള്ളുന്നു. ഇന്ന് അദ്ദേഹം താമസിക്കുന്നത് വാടക വീട്ടിലാണ്, ബന്ധുക്കളും പരിചയക്കാരും നിരന്തരമായി പരിഹസിക്കുന്നുണ്ട്, ജീവിതത്തിന്റെ നല്ല പ്രായത്തിൽ ഒന്നും നേടിയില്ലന്ന് പറഞ്ഞ് സുഹൃത്തുക്കൾ സഹതപിക്കാറുണ്ട്‌. എന്നാൽ അദ്ദേഹത്തിനു ലഭിച്ച വിജയത്തെ കാണുവാൻ പരിഹസിക്കുന്നവർക്കും, സഹതപിക്കുന്നവർക്കും കഴിയുകയില്ല.

ഒരു നേരത്തെ ആഹരത്തെക്കാൾ, ഒരു തലമുറ കഴിയുവാനുള്ള സമ്പത്തിനെക്കാൾ ദൈവസാന്നിധ്യത്തിനു പ്രാധാന്യം നൽകുന്നവരാണ് ദൈവത്തിന്റെ വിജയികൾ. മരുഭൂമിയിലൂടെ മോശെയും യിസ്രായേൽ മക്കളും പ്രയാണം തുടങ്ങിയപ്പോൾ ഇതുപോലെ നിരവധി സന്ദർഭങ്ങൾ   അവിടെ ഉണ്ടായതായി നാം കാണുന്നു. അവർ ആഹാരവും വെള്ളവും ലഭിക്കാതെ അലയുമ്പോൾ ജനം പെട്ടന്ന് മോശെയെ കുറ്റം പറയുവാനും ദൈവത്തിനെതിരെ പിറുപിറുക്കുവാനും തുടങ്ങുമായിരുന്നു. എന്നാൽ, വെള്ളമോ, ആഹാരമോ ഇല്ലാത്തപ്പോഴും അഗ്നിസ്തംഭമായി, മേഘസ്തംഭമായി ദൈവം അവരോട് കൂടെ ഉണ്ടെന്നു മനസ്സിലാക്കുവാൻ ഒരു മോശെയ്ക്കെ കഴിഞ്ഞൊള്ളു. ആ മോശെയുടെ മുൻപിലാണ് സർവ്വശക്തൻ പലപ്പോഴും തന്റെ മനസ്സ് തുറന്നത്എന്ന വസ്തുത ഇന്നും നമ്മെ ഉത്തേജിപ്പിക്കുന്നുണ്ടല്ലോ..

സമ്പത്ത് വർദ്ധിപ്പിക്കുന്നതിലോ വീടുകളുടെയും കാറുകളുടെയും എണ്ണം കൂട്ടുന്നതിലൊ അല്ല കാര്യം. അതൊക്കെ വിജയങ്ങളായി സമൂഹത്തിന് തോന്നിയേക്കാം. സർക്കാരിന് നികുതി നൽകാതെയും കൊള്ളപ്പലിശയ്ക്ക് പണം കൊടുത്തും, ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള ജീവിതരീതി ശീലിച്ചും നാം എങ്ങോട്ടാണ് പായുന്നതെന്ന് ഒരു നിമിഷംപോലുംനിന്ന് ആലോചിക്കുവാൻ നമ്മുക്ക് സമയമില്ല. എങ്ങനെ വിജയിക്കാം എന്നതിനെ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങൾക്ക് വിവിധ എഡിഷനുകൾ ഇറങ്ങുന്നതും അവ അതിദ്രുതം വിറ്റഴിക്കപ്പെടുന്നതും ഇതിനാലാണ്. മനുഷ്യർ ഈ ലോകത്തിന്റെ ഭ്രമകാഴ്ചകളിൽ വശംവദരായി ഓടിക്കൊണ്ടിരിക്കുയാണ്. അങ്ങനെ നാലാളുകൾ നല്ലതു പറയുന്നത് കേൾക്കുവാനും, അവരുടെ മുൻപിൽ മഹാനാകുവാനുമുള്ള മനുഷ്യന്റെ ആസക്തി അവിരാമം തുടർന്നു കൊണ്ടിരിക്കുന്നു.

ഇങ്ങനെ വിജയത്തിൽ നിന്ന് വിജയത്തിലേക്ക് കുതിക്കുന്ന മനുഷ്യൻ ദൈവത്തെ മനപ്പൂർവ്വമായി ഒഴിവാക്കുന്നു. ദൈവത്തെ കൂടെ നിർത്തിയാൽ ദൈവത്തിന്റെ നിയമങ്ങളെ ശ്രദ്ധിക്കേണ്ടിവരുമല്ലോ. ഇവിടെ സമൂഹത്തിന്റെ ഭംഗിവാക്കുകൾക്കായി വെമ്പുന്ന നാം മറന്നു പോകുന്ന ചില കാര്യങ്ങൾ ഉണ്ട്, സമൂഹം നിരന്തരമായി ഒരാളുടെ കൂടെ നിൽക്കുകയില്ല. നമ്മെ കടന്ന് ആരെങ്കിലും വന്നാൽ സമൂഹം നിസംഗം നമ്മെ തഴയുകയും അവന്റെ കൂടെ നിൽക്കുകയും ചെയ്യും. അതുപോലെ ഒരടി നാം പിന്നോട്ടു പോയാലും സമൂഹം നമ്മെ ചവുട്ടി കയറി വരുന്നവന് ജയ്‌വിളിച്ചു തുടങ്ങും. എന്നാൽ നമ്മുടെ പിതാവായ ദൈവം അങ്ങനെയല്ല. നമ്മടെ താഴ്ചയിൽ അവിടുന്ന് നമ്മെ ഓർക്കുന്നു. വഴിതെറ്റിയുള്ള നമ്മുടെ യാത്രകളിൽ അവിടുന്ന് വേദനപ്പെടുന്നു. മാത്രമല്ല, ‘അവൻ വിജയിച്ചിരിക്കുന്നു’ എന്ന് ദൈവം പറയുമ്പോഴാണ് നാം പ്രകാശിച്ചു തുടങ്ങുന്നത്.

പരാജയപ്പെട്ടവർക്ക് ലോകത്തിന്റെ മുന്നിൽ സ്ഥാനമില്ല. പരാജയപ്പെട്ടവരെ ഒരു മുന്നറിയിപ്പും നല്കാതെ ഒഴിവാക്കുകയാണ് സമൂഹത്തിന്റെ പതിവ്. സമൂഹം നമ്മെ വിജയികളായി ഘോഷിക്കുന്നത് മറ്റു ചിലരുമായി താരതമ്യം ചെയ്തിട്ടാണെന്നു നാം മറന്നു പോകരുത്. മില്ലീ സെക്കന്റ്‌ വ്യത്യാസത്തിൽ വിജയം നഷ്ടമായവരെ നമ്മുക്കറിയാം. ഇങ്ങനെ ഒത്തു നോക്കാതെ സമൂഹത്തിന് വിജയം ഉറപ്പിക്കുവാൻ കഴിയുകയില്ല. എന്നാൽ മറ്റൊരാളുമായി തുലനം ചെയ്യാതെയാണ് ദൈവം നിങ്ങളുടെ വിജയത്തിന് മൂല്യമിടുന്നത്. തെരുക്കൊണുകളിൽ പ്രാർത്ഥിക്കുന്നവരും കാഹളം ഊതി ഭിക്ഷ കൊടുക്കുന്നവരും ദൈവത്തെക്കാൾ ധനത്തെ സ്നേഹിക്കുന്നവരും വിജയശ്രീളാതിരായി നില്ക്കുന്നയിടത്ത്, ദൈവഹിതത്തിനു പ്രാധാന്യം നല്കുന്ന, ദൈവസന്നിധിയിൽ വിജയികളായി നില്ക്കുന്ന നിരവധിയാളുകൾ നമ്മുടെ ചുറ്റുമുണ്ട്; സമൂഹം അവരെ തോറ്റുപോയവർ എന്ന് പരിഹസിക്കുമെങ്കിലും….

(തുടരും…)

-ADVERTISEMENT-

-ADVERTISEMENT-

You might also like