കവിത: നീതിസൂര്യൻ | വിപിന്‍ പുതൂരന്‍സ്
ഒരുവൻ,
വെളിച്ചത്തിനെതിരായ്
കഷ്ട്തയുടെ പകലി-
ലുരുകി തീരുന്നു.
കണ്ണുനീർ കോപ്പയിൽ
ജീവിതം കയ്‌പ്പായി
തിളച്ചുമറിയുമ്പോഴും
ഇരുട്ടിന്റെ രട്ടുടുത്ത അന്ധനായ്,
സ്വപ്നങ്ങളെ മുത്തുകളാക്കി
ജീവിത നൂലിഴയിലവൻ കോർക്കുന്നു.
നെരിപ്പോടിനുള്ളിൽ ഹൃദയം
കനലായെരിഞ്ഞപ്പോൾ
ദു:ഖഭൂമിയിലൊരു ജീവനീരുറവ
തേടുകയായിരുന്നു പ്രാണൻ.
പാപം ബന്ധനമഴിയാത്ത ഇരുട്ടറയും
പാപി ആമത്തിലകപ്പെട്ട
അടിമയുമാകുന്നു!
നീതിസൂര്യനുദിക്കുമ്പോൾ
പാപാന്ധകാരം അസ്തമിക്കുന്നു.
ഇരുട്ടിൽ നിന്നുയുരുന്ന പ്രകാശം
പാപത്തിന്റെ പാർപ്പിടങ്ങളെ തകർക്കുന്നു.
നീതിസൂര്യനുദിക്കുമ്പോൾ,
പാപത്തിന്റെ കറയിൽ
രക്താംബരമായ മനസ്സ്
ഹിമത്തെക്കാൾ നിർമ്മലമാകുന്നു.
നീതിസൂര്യനുദിക്കുമ്പോൾ,
ആകാശം കിളിവാതിൽ തുറന്ന്
വെളിച്ചം പ്രാവുപോലിറങ്ങി വരുന്നു.
നീതിസൂര്യനുദിക്കുമ്പോൾ,
ആഴിയുടെ ഉറവുകളിൽ നിന്നും
സ്നേഹത്തിന്റെ പ്രവാഹങ്ങൾ ഉയരുന്നു.
മണ്മയമായതെല്ലാമിനി
വിണ്മയമായി തീരട്ടെ !
തിന്മയുടെ മൺകൂടാരങ്ങളിൽ
നന്മയുടെ വെളിച്ചം പരക്കട്ടെ !
നീതിസൂര്യനുദിച്ചിനി നമ്മിൽ
നന്മയുടെ വെളിച്ചം പരക്കട്ടെ !
-Advertisement-