ഭാവന :ഭക്തനായ ഇയ്യോബിനോടൊത്ത് | ദീന ജെയിംസ്, ആഗ്ര

വളരെനാളത്തെ സ്വപ്നസാക്ഷാത്കാരമാണ് ഇന്നത്തെ ഈ ദിനം… ബാല്യം മുതൽ കേട്ടും വായിച്ചും അറിഞ്ഞ ഇയ്യോബുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ. ഹൃദയത്തിൽ അലയടിച്ചിരുന്ന മോഹത്തിൻസാഫല്യമെന്നും പറയാം. കാരണം അങ്ങനെ ഒരു ദിനം വന്നുചേർന്നാൽ അത് വലിയൊരു ഭാഗ്യമായി കരുതിയിരുന്നു ഞാൻ. രാവിലെതന്നെ ഇയ്യോബിന്റെ ദേശമായ ഊസ് പട്ടണത്തിൽ ഞാൻ എത്തിചേർന്നു. കൂട്ടിനു സുഹൃത്തുക്കളെ കൂടി കൂട്ടണം എന്ന് ചിന്തിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്ക് തന്നെ പോയികാണുവാൻ ഒരാഗ്രഹം. ഇയ്യോബിന്റെ വീട് കണ്ടുപിടിക്കുവാൻ യാതൊരു പ്രയാസവും ഉണ്ടായില്ല. ആ പട്ടണത്തിൽ ഇയ്യോബിനെ പരിചയമില്ലാത്ത ആരും തന്നെ ഉണ്ടെന്ന് തോനുന്നില്ല. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്‌ എത്തിയ ഞാൻ ആദ്യമൊന്നു അമ്പരന്നു. അതെ, വലിയൊരു പടുകൂറ്റൻ മണിമാളിക!!!നേരത്തെ വരുമെന്ന് അറിയിച്ചിരുന്നതുകൊണ്ടാകണം അദ്ദേഹം വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. വീട് കണ്ട്‌ സ്തംഭിച്ചു നിന്ന എന്റെ കരം പിടിച്ചു അകത്തേക്ക് ക്ഷണിച്ചു ഇയ്യോബ്. വയസ് നൂറ്റിനാല്പതിനോടടുത്തെങ്കിലും പ്രായത്തിന്റെ ക്ഷീണമോ, തളർച്ചയോ ലവലേശം കാണ്മാനുണ്ടായിരുന്നില്ല ആ മുഖത്തു. ഇയ്യോബ് എന്ന വലിയമനുഷ്യനെപറ്റി ഞാൻ ചിന്തിചിരുന്നതിലും പതിന്മടങ്ങു ശോഭയാണ്. ദൈവതേജസ് കൊണ്ട് നിറഞ്ഞ ഭക്തൻ !!!!വീടിനുള്ളിൽ കയറിയ ഞാൻ നാലുപാടും കണ്ണോടിച്ചു. ദൈവം ഇയ്യോബിനെ ഇരട്ടിയായി അനുഗ്രഹിച്ചു എന്ന് വായിച്ചപ്പോൾ ഇത്രയും കരുതിയിരുന്നില്ല. എത്ര നല്ല ദൈവം !!!!പെട്ടന്ന് അതാ ഒരു സ്ത്രീ ട്രൈയിൽ പലതരം ജ്യൂസുമായി വരുന്നു. എന്റെ കണ്ണൊന്നു തള്ളി. കണ്ടപ്പോൾ തന്നെ മനസിലായി ഇയ്യോബ് പൊട്ടി എന്ന് വിശേഷിപ്പിച്ച ഭാര്യസഹോദരി ആണ് അതെന്നു. വായിച്ചും കേട്ടുമുള്ള അറിവിൽ അവരെ കണ്ടപ്പോൾ മനസ്സിൽ അല്പം നീരസമൊക്കെ തോന്നി. എന്റെ മുഖഭാവം കണ്ടിട്ടാകണം ആ പഴയ ഭാര്യയല്ല ഞാൻ എന്ന് ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. ആ മാറ്റത്തിനുള്ള ഒരേയൊരു കാരണം കഠിനശോധനയിലും മുറുകെ പിടിച്ചിരുന്ന തന്റെ ഭർത്താവിന്റെ ഭക്തിയാണെന്നും അവർ വെളിപ്പെടുത്തി. ഇയ്യോബ് തന്റെ ഭാര്യയെ പ്രശംസിക്കുന്നതു കേട്ടപോൾ ആ സ്ത്രീയ്ക്ക് വലിയ മാനസാന്തരം സംഭവിച്ചു എന്നെനിക്കു മനസിലായി. സൗമ്യനും ശാന്തശീലനുമായ ഇയ്യോബ് തന്റെ കദനത്തിന്റെയും അതിനുശേഷം ദൈവം കൊടുത്ത അനുഗ്രഹത്തിന്റെയും കഥയുടെ ഭാണ്ഡം തുറന്നു. കേട്ടിരുന്ന എനിക്ക് തോന്നി സുഹൃത്തുക്കളെ കൂടി കൂട്ടേണ്ടതായിരുന്നു, അവരും കൂടി കേൾക്കേണ്ടതായിരുന്നു ഇതൊക്കെ… സമയം പോയതറിഞ്ഞില്ല.. അപ്പോഴേക്കും “വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ “എന്ന് ഇയ്യോബ് സംബോധന ചെയ്‌തിരുന്ന സ്നേഹിതന്മാരും എത്തി. അവരുടെ ഇടപെടലുകൾ, സ്നേഹപൂർവ്വമുളള സംസാരം, കണ്ട ഞാൻ ഒന്നുമല്ലാതാകുന്നത് പോലെ തോന്നി. തങ്ങളുടെ സുഹൃത്തിന്റെ ഭക്തിയോടെയുള്ള ജീവിതവും പ്രത്യാശയുമാണ് അവരുടെ ജീവിതം മാറ്റിമറിച്ചതെന്നു അവരും പറഞ്ഞു. വലിയ ഭക്തൻ എന്നഭിമാനിക്കുന്ന പലരെയും ഞാൻ ഓർത്തു…. ഇയ്യോബിന്റെ മക്കളെ കാണാതെപോയാൽ അത് വലിയൊരു കുറവായിരിക്കും. ആ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ സ്നേഹിതന്മാരിലൊരാൾ പത്ത് മക്കളുമായി വന്നു. ഭവ്യതയോടെയുള്ള അവരുടെ നിൽപുകണ്ടാലറിയാം എത്ര ഭക്തിയോടും അച്ചടക്കത്തോടുമാണ് അവർ വളരുന്നതെന്നു. ഒരു നിമിഷം നമ്മുടെ തലമുറകളെ കുറിച്ചോർത്തു ഞാൻ ;സമയം അതിക്രമിച്ചിരിക്കുന്നു, എല്ലാവരോടും യാത്രപറഞ്ഞിറങ്ങാൻ നേരം ഇയ്യോബിന്റെ ഭാര്യയെപോലെ, സ്നേഹിതന്മാരെപോലെ ഒരുപുതിയ മനുഷ്യൻ ആകാൻ ഞാനും തീരുമാനിച്ചു. അതെ അവിടെ ചിലവഴിച്ച സമയം എന്നിലും വലിയൊരു മാറ്റം സൃഷ്ടിച്ചു. ഹൃദയത്തിനെന്തോ ഒരു വലിയ സന്തോഷം !!!പെട്ടന്ന് മൊബൈലിൽ അലാറം മുഴങ്ങി… പുതിയൊരു ദിനം കൂടി ആഗതമായി !!!പുതിയൊരു മനുഷ്യനായി ഞാനും…….

-ADVERTISEMENT-

-ADVERTISEMENT-

You might also like