തൂലിക ചിത്രം : “ലമ്മ ശബക്താനി” | ഫിബിൻ ജേക്കബ്

 

കൈവിടപ്പെടാൻ ഞാനെന്ത് ചെയ്തു പിതാവേ?? അവിടുത്തെ കണ്ണുകൾ എന്നിൽ നിന്നകറ്റുവാൻ ഞാനെന്ത് പിഴച്ചു അബ്ബാ? ആൾക്കൂട്ടത്തിൽ ഞാനേകനാണ്, നഗ്നനാണ്, പുരുഷാരമെന്നെ നോക്കുന്നു, അവരെന്നെ പരിഹസിക്കുന്നു. ദൂരെയാ ഗോപുരത്തിൽ നിന്ന് ആറാം മണിയടിച്ചു. ഹൃദയം മുറിക്കുന്ന ആ കാഴ്ച്ച കാണാൻ കഴിയാതെ സൂര്യൻ കണ്ണടച്ചു. കൂരിരുട്ട് കണ്ണുകളെ മറച്ചപ്പോൾ വെള്ളം വറ്റിയുണങ്ങിയ നാവിൽ നിന്ന് ആദ്യ വാചകം ഉതിർന്നു.

“അബ്ബാ, ഇവർ ചെയ്യുന്നതു ഇന്നത് എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ”.

post watermark60x60

അപ്പോളേക്കും മുപ്പത് വെള്ളിക്കാശിന് ഗുരുവിനെ ഒറ്റിയവൻ മനഃസാക്ഷിയുടെ കോടതിയിൽ പാപം ക്ഷമിക്കപ്പെടുന്നില്ല എന്ന ദുഃഖഭാരം താങ്ങാൻ കഴിയാതെ കയറിന്റെ ഒരറ്റത്ത് തൂങ്ങിയിരുന്നു, ദേവാലയത്തിന്റെ നടുത്തളത്തിൽ ചിതറിയ വെള്ളിക്കഷ്ണങ്ങൾ പെറുക്കിയെടുക്കുന്ന തിരക്കിലായിരുന്ന പ്രമാണിമാർ ക്ഷമയുടെ ആദ്യ പ്രാർത്ഥന കേട്ടതുമില്ല.

കാരിരുമ്പ് തുളച്ച ദേഹം വേദനയിൽ പുളയുമ്പോൾ അടുത്ത മരത്തിൽ തൂങ്ങിക്കിടന്നവൻ മരണമുഖത്തും സമശിക്ഷയിൽ കിടക്കുന്നവനെ നോക്കി പല്ലിളിച്ചു. അതിന്നും തുടരുന്നു എന്നതാണ് കാലമൊരുക്കി വെച്ച ക്രൂരമായ തമാശകളിലൊന്ന്. പക്ഷെ അപ്പോളും പ്രതീക്ഷയുടെ തിരിനാളം ഊതി കെടുത്താത്ത മറ്റൊരുവൻ പറുദീസയെ സ്വപ്നം കാണുന്നുണ്ടായിരുന്നു, നീച മരണം കൈനീട്ടി വിളിക്കുന്നതിന് മുന്നേ അവനൊരുറപ്പ് കിട്ടി.

“ഇന്നു നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു”.

രണ്ടാം വാചകത്തിന് ആർദ്രതയുടെ നനവുണ്ടായിരുന്നു, കാണാതെ പോയ ഏതോ ഒരാടിനെ കണ്ടെത്തിയ ഇടയന്റെ സ്നേഹമുണ്ടായിരുന്നു. കേട്ടവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അറിയാതെയവന്റെ ഹൃദയത്തിൽ നിന്ന് ഇനി ഞാൻ മരിക്കട്ടെ നാഥാ എന്ന പ്രാർത്ഥന മാത്രം ഉയർന്നു.

ആ ചെറുകുന്നിന്റെ താഴ്വാരത്ത് നിന്നും നിറഞ്ഞ കണ്ണുകളുമായൊരു സ്ത്രീ നടന്നു വരുന്നുന്നുണ്ടായിരുന്നു കൂടെ പ്രിയ ശിഷ്യനുമുണ്ടായിരുന്നു. ശരീരം മുഴുവൻ ഉഴവ് ചാല് പോലെ മുറിയപ്പെട്ട ആ മാംസപിണ്ഡം ചോരയൊഴുകി കാഴ്ച്ച മങ്ങിയ കണ്ണുകൾ താഴ്ത്തി നോക്കിയപ്പോളേക്കും അവർ അടുത്തെത്തിയിരുന്നു. തല മറച്ച ആ തുണിയുടെ അറ്റം കൊണ്ട് കണ്ണുനീർ തുടക്കുന്ന ആ സ്ത്രീയുടെ നെഞ്ചകം തുളയ്ക്കുന്ന മൂന്നാം വാചകം പതിഞ്ഞ സ്വരത്തിലൊഴുകി.

“സ്ത്രീയേ, ഇതാ നിന്റെ മകൻ”

സ്ത്രീയെ ഞാനിന്ന് വരെ നിനക്ക് ആരായിരുന്നോ അതെല്ലാം ഇവിടെയവസാനിക്കുന്നു. വിറയ്ക്കുന്ന ആ മുഖം ശിഷ്യന് നേരെ തിരിച്ച് ” ഇതാ നിന്റെ അമ്മ ” എന്ന് പറഞ്ഞപ്പോഴേക്കും ശിഷ്യൻ ആ അമ്മയെ നെഞ്ചോട് ചേർത്തു പിടിച്ചു. ആ സ്ത്രീയുടെ കണ്ണുകൾ നിർത്താതെ ഒഴുകിയിരുന്നു. സീമന്ത പുത്രന്റെ നുറുങ്ങിയ ദേഹം കാണാൻ കഴിയാതെ ആ അമ്മയവിടെ തളർന്നിരുന്നപ്പോൾ ആ മകന് ചാരുവാൻ പച്ച മരത്തിന്റെ തണൽ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

പിതാവിന്റെ നോട്ടം തന്നിൽ നിന്ന് മാഞ്ഞു പോകുന്നതറിഞ്ഞ ആ പുത്രൻ തളർന്ന കണ്ണുകൾ മുകളിലേക്കുയർത്തി, വിറയാർന്ന ചുണ്ടുകൾ ചേർത്ത്

“എലോഹി എലോഹി ലമ്മാ ശബക്താനി”… എന്നുറക്കെ നിലവിളിച്ചു.

ആ കരച്ചിൽ മരണ വേദന കൊണ്ടാണെന്ന് പലരും കരുതി. ഇരുട്ടിന്റെ മറ പറ്റി ഗൂഢമായ ചിരിയോടെ ശത്രുവിന്റെ മരണം കണ്ടാസ്വദിക്കാൻ വന്നവനും അങ്ങനെ തന്നെ കരുതിക്കാണും. പക്ഷെ മരണ വേദനയായിരുന്നില്ല ആ മുഖത്തുണ്ടായിരുന്നത്, പിതാവ് തന്നെ കൈവിട്ടു എന്ന വേദനയായിരുന്നു. പിതാവിന്റെ ഉത്തരവും കൊണ്ട് പ്രകാശം പെട്ടെന്നെവിടെയോ നിന്നോ വന്നു. അപ്പോളും പരിഹാസവും കൊണ്ട് പ്രമാണിമാരുടെയൊരു കൂട്ടം അവിടെയുണ്ടായിരുന്നു.

ഉമിനീർ വറ്റിയുണങ്ങിയ നാവിന് നനവായി “എനിക്ക് ദാഹിക്കുന്നു” എന്ന് വിറയാർന്ന സ്വരത്തിൽ ഒരിറ്റു വെള്ളം ചോദിക്കുമ്പോൾ ആലയത്തിലെ തിരശീലയുടെ ഒരറ്റം പതിയെ കീറി തുടങ്ങിയിരുന്നു. ഭൂമിയുടെ അടിസ്ഥാനങ്ങളിൽ ചെറിയ അനക്കങ്ങൾ തുടങ്ങിയിരുന്നു. ശത്രുവിന്റെ പതനം കാണുവാൻ കാത്തുനിന്നവരൊക്കെ ഓടിയൊളിച്ചു. ഭയപ്പാടോടെ ഒരുകൂട്ടം കുന്നിറങ്ങി പോയപ്പോൾ ആറാം വാചകം ശാന്തമായവിടെ നിറഞ്ഞു.

“നിവൃത്തിയായി”

ആത്മനിർവൃതിയുടെ കനലാഴങ്ങളിൽ നിന്ന് ഉതിർന്ന ആ വാക്കുകൾ കേൾക്കാനാവാത്ത പ്രകൃതി കാതുകൾ മുറുക്കെയടച്ചു. അവിടുത്തെ ഇഷ്ടം നടക്കണം എന്ന് മാത്രം കരുതി ആ മകൻ പച്ച പൈൻ മരക്കുരിശിൽ തല ചായ്ച്ചപ്പോൾ ഏഴാം വാചകം അത്യുച്ചത്തിൽ മുഴങ്ങി.

“പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപ്പിക്കുന്നു”

എന്ന് പറഞ്ഞതും സൗന്ദര്യം വഴിഞ്ഞൊഴുകിയിരുന്ന ആ കണ്ണുകളടഞ്ഞു. മനുഷ്യപുത്രന്റെ മരണം കാണാൻ വന്നവൻ തോൽവിയുടെ കയങ്ങളിൽ പോയൊളിച്ചു.

പിതാവിന്റെ ഇഷ്ടത്തിന് സമർപ്പിച്ച ആ പുത്രന്റെ ജീവനറ്റ മുഖത്ത് നിന്ന് തെറിച്ചു വീണൊരു രക്തത്തുള്ളി ഉണങ്ങിയ ആ മണ്ണിനെ ചുംബിക്കുമ്പോൾ ഭൂമി ഭയന്ന് വിറച്ചു, ആലയത്തിലെ തിരശീല രണ്ടായി ചീന്തപ്പെട്ടു. തിരയൊടുങ്ങാത്ത കടല് പോലെ ചാഞ്ചാടിയിരുന്ന അന്തരീക്ഷം കുറച്ച് സമയങ്ങൾക്ക് ശേഷം പെട്ടന്നൊരു നിമിഷം കൊണ്ട് ശാന്തമായി അപ്പോൾ ഒരശരീരിയവിടെ മുഴങ്ങിയിരുന്നു.

“ഇവനെന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.”

താഴെയിറക്കി കിടത്തിയ ആ മൃതദേഹം സുഗന്ധവസ്തുക്കളിൽ പൊതിഞ്ഞ് ശവക്കല്ലറയിൽ വെച്ച് കല്ലുരുട്ടി വാതിലടച്ചപ്പോൾ ഒരുപക്ഷെ പ്രിയപ്പെട്ടവർ പോലും എല്ലാമവസാനിച്ചു എന്ന് കരുതിയിരിക്കും. പക്ഷെ മൂന്നാം നാൾ ഉയിർത്ത് ശിഷ്യരുടെ മുന്നിൽ വന്ന ഗുരുവിന്റെ മുറിപ്പാടുകളിൽ കൈകടത്തിയ ശിഷ്യൻ ആ പാദങ്ങളിൽ വീണു കരഞ്ഞു. വശ്യമായ ശാന്തതയോടെ ഗുരുവിന്റെ വായിൽ നിന്ന് നിറഞ്ഞൊഴുകിയ

“ഞാൻ വെളിച്ചമാകുന്നു” എന്ന മൃദുസ്വരം ആ മുറിയിലാകെ വസന്തം വിരിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like