ലേഖനം:സ്ഥിരതയോടെ ഓടുക | ജോസ് പ്രകാശ്,കാട്ടാക്കട

ക്രിസ്തീയ ജീവിതം ഒരു ഓട്ടക്കളത്തിന് സമാനവും ദൈവമക്കൾ അതിലൂടെ നിരന്തരം ഓടിക്കൊണ്ടിരിക്കുന്നവരുമാണ്. യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുന്ന നിമിഷം മുതലാണ് ഈ ഓട്ടം ആരംഭിക്കുന്നത്.

ലോകപ്രകാരമുള്ള ഓട്ടമത്സരവും ആത്മീയലോകത്തെ വിരുതിനായുള്ള ഓട്ടവും തമ്മിൽ വളരെ വ്യത്യാസമുണ്ട്.
ഈ ലോകത്തിൽ പൊതുവായി മറ്റുള്ളവരെ തോൽപ്പിച്ച് മുന്നിലെത്തുന്നവർക്കാണ് പുരസ്കാരം ലഭിക്കാറുള്ളത്. എന്നാൽ നമ്മുടെ ആത്മീയ ഓട്ടം ആരെയും തോൽപ്പിക്കാനല്ല, പ്രത്യുത നാം തോല്ക്കാതിരിപ്പാൻ വേണ്ടിയാണ്.

വിശ്രമമില്ലാതെ രാവും പകലും തുടർന്നു കൊണ്ടിരിക്കേണ്ട ഓട്ടമാണിത്. സകലതും ത്യജിച്ച് തന്നെത്താൻ ക്രൂശെടുത്ത് ഗുരു നാഥന്റെ പിന്നാലെയുള്ള ഓട്ടമാണിത്. ആകയാൽ നാമും, സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ തുടരേണ്ടതാണ്
[എബ്രായർ 12:1]. നമുക്കു മുൻപായി അച്ചടക്കത്തോടെ ഓടിയ ഭക്തന്മാർ കാടും മേടും കണ്ട് സംശയിക്കാതെയും, അങ്ങുമിങ്ങും നോക്കാതെയും സ്ഥിരതയോടെ ഓടി തങ്ങളുടെ ഓട്ടം പൂർത്തികരിച്ചവരായിരുന്നു.

തന്റെ പ്രാണനെ വിലയേറിയതായി എണ്ണാതെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കേണ്ടതിനും, കർത്താവ് തന്നെ ഭരമേല്പിച്ച ശുശ്രൂഷ തികെക്കുവാനും വേണ്ടി നന്നായി ഓടിയ ഭക്തനായിരുന്നു അപ്പോസ്തലനായ പൗലോസ്. യേശു ക്രിസ്തുവിന്റെ നാമത്തിനുവേണ്ടി അപമാനം സഹിച്ചപ്പോഴും, പ്രാണത്യാഗം ചെയ്യേണ്ടിവന്നപ്പോഴും തന്റെ ഓട്ടം അവസാനിപ്പിച്ചില്ല. കഠിനമായ പരിശോധനകളും, പോരാട്ടങ്ങളും, യെഹൂദന്മാരാലുള്ള വെല്ലുവിളികളും എല്ലാം തരണം ചെയ്ത് യജമാനൻ ഏല്പിച്ച ദൗത്യം ഭംഗിയായി പൂർത്തിയാക്കിയ ഭക്തൻ പറഞ്ഞതിപ്രകാരമാണ്: ” ഞാൻ നല്ല ശുശ്രൂഷചെയ്തു, വിശ്വാസം കാത്തു, ഓട്ടം തികച്ചു.” ഒരു ക്രിസ്തു ഭക്തന് പ്രസ്താവിക്കുവാൻ കഴിയുന്നതിൽ വെച്ചേറ്റവും മഹനീയമായ സാക്ഷ്യമാണിത് [2തിമൊ 4:7].

പിമ്പിലുണ്ടായിരുന്ന പൂർവ്വികപാരമ്പര്യത്തിലും പഴയസ്വഭാവത്തിലും ഊറ്റം കൊള്ളാതെ മുമ്പിലുണ്ടായിരുന്ന പ്രഥമ ലക്ഷ്യമായ മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കുവാൻ വേണ്ടി വിരുതിനായി അപ്പൊസ്തലൻ ഓടിക്കൊണ്ടേയിരുന്നു
[ഫിലിപ്പിയർ 3:14].

ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമ വിളിയുടെ വിരുതിനായ് ലക്ഷ്യത്തിലേക്ക് ഓടുവാൻ ലോകം, ജഡം, പിശാച് ഈ മൂന്നിനെയും നാം ജയിച്ചേ തീരുകയുള്ളൂ. നമ്മിലും ഭക്തരും ശക്തരുമായവർ നിത്യ ഭവനത്തിലേക്കുള്ള ഓട്ടത്തിൽ വീണുപോയ വീഥികളിലൂടെയാണ് നാമും ഓട്ടം തുടരുന്നത്. ആകയാൽ ഈ ലോകത്തിലെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യ സ്വഭാവത്തിന് കൂട്ടാളികളായി തീരേണ്ടതിന് മോഹങ്ങളെ വിട്ടോടി എല്ലാവരോടും നാം സമാധാനം ആചരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

താൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ നിശ്ചയത്തോടെ ആയിരുന്നു പൗലൊസ് അപ്പൊസ്തലൻ ഓടിയത്. ഓട്ടം പൂർത്തിയാക്കുന്നതിനു മുമ്പായി ഭക്തന് പറയുവാൻ കഴിഞ്ഞു ” തന്റെ ഓട്ടവും അദ്ധ്വാനവും വൃഥാവാകില്ലെന്നും ക്രിസ്തുവിന്റെ നാളിൽ തനിക്കു പ്രശംസ ഉണ്ടാകും എന്നുമുള്ള യാഥാർഥ്യം ”
[ഫിലിപ്പിയർ 2:16].

നമ്മുടെ ഓട്ടം എവിടേക്കെന്നും, എന്തിനുവേണ്ടിയാണെന്നും, എങ്ങനെയെന്നും നാം നമ്മെ നന്നായി ശോധന ചെയ്യേണ്ട സമയമാണിത്. നാശത്തിലേക്കുള്ള വിശാല വീഥിയിലൂടെ പിന്മാറി ഓടാതെ വിശ്വസിച്ച് ജീവരക്ഷ പ്രാപിക്കുന്നതിന് വേണ്ടി ജീവങ്കലേക്ക് പോകുന്ന ഇടുക്കു വാതിലിലൂടെ ഓടി പ്രവേശനം ഉറപ്പാക്കേണം. മറുകരയിൽ നമ്മെ മാറോട് ചേർക്കുവാൻ കാത്തു നില്ക്കുന്ന മണവാളനെ സ്വർണ തെരുവീഥിയിൽ കാണുവാൻ വിശുദ്ധ ജീവിതവും ഭക്തിയും ഉള്ളവർ ആയിരിക്കാം.

നന്നായി ഓട്ടം ആരംഭിച്ച ഗലാത്യ സഭയിലെ വിശ്വാസികളോടുള്ള ബന്ധത്തിൽ; ” നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു? ” എന്ന അപ്പൊസ്തലന്റെ ചോദ്യം ഈ നാളിലും പ്രസക്തമാണ്
[ഗലാത്യർ 5:7]. അതിനാൽ ഓട്ടം തികക്കുവാൻ കഴിയാതെ ഉപ്പുതൂണായ ലോത്തിന്റെ ഭാര്യയെയോ, ലോകത്തിന്റെ പിന്നാലെ ഓടിപ്പോയ ദേമാസിനെയോ അല്ല നാം മാതൃകയാക്കേണ്ടത്‌. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നതുമായ യേശുവിനെ നോക്കി ഓട്ടം പൂർത്തീകരിച്ച, നമുക്ക് ചുറ്റും നിൽക്കുന്ന സാക്ഷികളുടെ ആ വലിയ സമൂഹമത്രെ നമ്മുടെ എക്കാലത്തെയും ഉത്തമ മാതൃക.

ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്ന വിലയേറിയ തിരുവചന സത്യം കൈമുതലായുള്ള നാം എന്തു ത്യാഗം സഹിച്ചും ആ വിരുത് പ്രാപിക്കുന്നതുവരെ ഈ വിശ്വാസ ഓട്ടക്കളത്തിൽ നിന്നും പിന്മാറാതെ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കേണം. ആകയാൽ പ്രത്യാശയുടെ സ്വീകാരം മുറുകെ പിടിച്ചുകൊണ്ട് പൂർണ്ണനിശ്ചയത്തോടും പരമാർത്ഥഹൃദയത്തോടും
നമുക്ക് ഓട്ടം തുടർന്നു കൊണ്ടേയിരിക്കാം
[1കൊരിന്ത്യർ 9:24,26].

നന്നായി ഓട്ടം ആരംഭിച്ച നമ്മുടെ പൂർവ്വികരിൽ മിക്കപേരിലും ദൈവം പ്രസാദിക്കാത്തതുകൊണ്ട് അവർ മരുഭൂമിയിൽ വീണു പോയി. ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. ആകയാൽ നില്ക്കുന്നു എന്നു തോന്നുന്നവർ വീഴാതിരിപ്പാനും, നന്നായി ഓടുന്നു എന്നു ചിന്തിക്കുന്നവർ ലക്ഷ്യം തെറ്റാതിരിപ്പാനും നോക്കിക്കൊള്ളേണം [1കൊരിന്ത്യർ 10:11-12]. ക്രിസ്തീയ ഓട്ടം എങ്ങനെ ആരംഭിച്ചു എന്നതിനേക്കാൾ എപ്രകാരം അവസാനിപ്പിച്ചു എന്നതിനാണ് പ്രാധാന്യത. അതുകൊണ്ട് നമ്മിൽ നല്ല പ്രവൃർത്തിയെ ആരംഭിച്ചവർ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കണം എന്ന ദൃഢനിശ്ചയത്തോടും ഉറപ്പോടും കൂടെ ഓട്ടം തുടർന്നു കൊണ്ടേയിരിക്കണം.

പ്രിയരേ, ഓട്ടം തീരുവാനുള്ള നാൾ സമീപമായ്, കർതൃകാഹളം യുഗാന്ത്യത്തിൽ മുഴങ്ങുമ്പോൾ നിത്യമായ പ്രഭാത ശോഭയുള്ള‍ ആ നല്ലനാളിൽ പാർത്തലേ രക്ഷപ്പെട്ടവരോടൊപ്പം അക്കരെനാട്ടിൽ കാണുവാനും, പേർവ്‍വിളി കേൾക്കുവാനും, ഇടയശ്രേഷ്ഠനിൽ നിന്നും തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കേണ്ടതിന്നും നമുക്ക്‌ സ്ഥിരതയോടെ ഓടാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.