ലേഖനം:സുവിശേഷവും സുവിശേഷകനും | ദീന ജെയിംസ്,ആഗ്ര

സുപരിചിതമായ രണ്ട് പദങ്ങൾ !! സുവിശേഷം -നല്ലവാർത്ത, അതറിയിക്കുന്നവൻ -സുവിശേഷകൻ. ചരിത്രത്തിന്റെ ഏടുകളിലേക്ക്‌ ഒരെത്തിനോട്ടം നടത്തിയാൽ “സുവിശേഷം “അറിയിക്കുക എന്ന പ്രേക്ഷിതദൗത്യം ഏറ്റെടുത്തു അനേകം കഷ്ടനഷ്ടങ്ങൾ സഹിച്ച സുവിശേഷകന്മാരെ കാണുവാൻ കഴിയും. സുവിശേഷത്തിനു വേണ്ടി പാട്ടുകാരൻ പറയുന്നത് പോലെ “നാടുവിട്ടു വീടുവിട്ടു നാമധേയക്കൂട്ടം വിട്ടു… കാഠിന്യമാം ശോധനയിൽ യാനംചെയ്തോരാം..” എല്ലാം വിട്ടെറിഞ്ഞു ക്രൂശെടുത്തു ക്രിസ്തുവിനെ അനുഗമിച്ച ഭക്തന്മാർ !! സുവിശേഷം അറിയിക്കുന്നതിൽ അഭിമാനം കൊണ്ടിരിക്കുന്ന കാലം !!സുവിശേഷകൻ എന്നപേരിൽ തലയെടുപ്പോടെ നടന്നിരുന്ന ഭക്തൻമാർ !!!കാലത്തിന്റെ യവനികയിൽ അവർ മറഞ്ഞു.

ആധുനികയുഗത്തിൽ “സുവിശേഷവേല “എന്നത് “വിശേഷവേല “യിലേക്ക് മാറി. സുവിശേഷം അറിയിക്കുക, സുവിശേഷകൻ എന്നറിയപ്പെടുക, ഇതൊക്കെ തീരെവിലകുറഞ്ഞ ഒന്നായിമാറി. “വിശേഷമായ വേല” ചെയ്യാൻ കൂടുതൽപേരും ഇഷ്ടപെടുന്ന ഒരു കാലത്തിൽ വന്നെത്തിയിരിക്കുന്നു നാം. പൗലോസ്അപ്പോസ്തോലൻ പറയുന്നു: ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അത് ആകുന്നു എന്റെ സുവിശേഷം. (2തിമൊ :2:8)എന്നാൽ ഇന്ന്‌ പ്രസംഗിക്കപ്പെടുന്ന സുവിശേഷത്തിൽ യേശുക്രിസ്തുവിനെ ആരും ഓർക്കുന്നില്ല. മറിച്ച് അത്ഭുതങ്ങളും അനുഗ്രഹങ്ങളും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷംപേരും. “ശവം ഉള്ളേടത്തു കഴുക്കൾ കൂടും”എന്നപോലെ “മിറക്കിൾസ് ” ഉള്ളേടത്തു വലിയ ജനക്കൂട്ടം !!ആശ്‌ചര്യം തന്നെ !!!!മാത്രമോ, “സുവിശേഷകൻ “എന്നതിൽ നിന്നും “റവറെന്റും അഭിഷക്തനും ഒക്കെയായി മാറി. ചുരുക്കിപ്പറഞ്ഞാൽ സകലസൃഷ്ടിയോടും സുവിശേഷം അറിയിക്കുക എന്ന ദൈവ കല്പനയുടെ മുഖഛായ പാടെ മാറി.

സുവിശേഷവും സുവിശേഷകനും എല്ലാം നവീകരിക്കപ്പെട്ടു കഴിഞ്ഞു. അതുമാത്രമോ, ആ പദവികൾ ആർക്കും അനായാസം നേടിയെടുക്കാനും സാധിക്കും. ധനമഹാത്മ്യം കൊണ്ടും പരിചയസമ്പത്തുകൊണ്ടും എന്തും നേടിയെടുക്കാം എന്നസ്ഥിതി !!!ദൈവവചനം പഠിച്ചാൽ ദൈവത്തിന്റെ ദാനം പണം കൊണ്ട് നേടിയെടുക്കാൻ സാധിക്കുകയില്ല എന്ന് വ്യക്തമായി കാണുവാൻ സാധിക്കും(അപ്പൊ :8:20) സുവിശേഷകൻ ആകുക എന്നത് ദൈവം ഏൽപ്പിക്കുന്ന ഒരു ദൗത്യമാണ്. അത് ദൈവത്തിന്റെ ദാനമാണ്. ഇന്ന് പലരും ശീമോനെപ്പോലെ ആ ദാനം പണംകൊണ്ട് നേടുവാൻ ആഗ്രഹിക്കുന്നു, നേടുന്നു… പക്ഷെ, അതൊക്കെ വെറും പ്രഹസനങ്ങൾ മാത്രമായി നിലകൊള്ളുന്നു.

post watermark60x60

അനുഗ്രഹങ്ങൾ മാത്രം പ്രസംഗിക്കപ്പെടുമ്പോൾ യഥാർത്ഥമാനസാന്തരം സംഭവിക്കുന്നില്ല. എന്നാൽ സുവിശേഷം യഥാർത്ഥമായി കേൾക്കുമ്പോൾ രൂപാന്തരം സംഭവിക്കുന്നു. ഫീലിപ്പോസ് യേശുവിനെ ക്കുറിച്ചുള്ള സുവിശേഷം അറിയിച്ചപ്പോൾ ഷണ്ഡന് യഥാർത്ഥ മാറ്റം സംഭവിച്ചു (അപ്പൊ :8:35) പൗലോസ്‌ പറയുന്നു :സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല (റോമർ 1:16)സുവിശേഷത്തെ വിലകുറച്ച്കാണുന്ന, അനുഗ്രഹങ്ങളും അത്ഭുതങ്ങളും വിലയേറിയതായി കാണുന്ന ഈ യുഗത്തിൽ പൗലോസിനെപ്പോലെ നമുക്കും ഒരു നിശ്ചയദാർഢ്യമുണ്ടായിരിക്കണം.

നിത്യജീവൻ പ്രാപിക്കുവാൻ കാരണമായ സുവിശേഷം -അതറിയിക്കുന്നതിൽ നാം അഭിമാനിക്കണം. ലോകസുഖമാഹാത്മ്യങ്ങളേക്കാൾ, ലോകവും അതിലുള്ളതെല്ലാം ചവറെന്ന് എണ്ണിക്കൊണ്ട് സുവിശേഷത്തിനുവേണ്ടി നിലകൊണ്ട് അനേകരെ നിത്യതയിൽ എത്തിക്കുവാൻ കാരണമായ ഒരു ധീരഭടൻ ആകുന്നതിൽപരം ഭാഗ്യം മറ്റെന്തുണ്ട് ???
പ്രതിഫലം ലഭിക്കുന്ന നാളിൽ ശ്രേഷ്ഠ മായതു പ്രാപിക്കുവാൻ ഇടയാകട്ടെ !!!

-ADVERTISEMENT-

-ADVERTISEMENT-

You might also like