ഭാവന:അവസാനം കർത്താവ് വരുമോ? | ദീന ജെയിംസ്, ആഗ്ര

ഫിലിപ്പ്മോൻ. അതാണ് അവന്റെ പേര്. സുന്ദരനായ ചെറുപ്പക്കാരൻ -ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. ക്രിസ്തീയപാരമ്പര്യമുളള മാതാപിതാക്കളുടെ ഏകമകൻ. ചെറുപ്പം മുതലേ ക്രിസ്തീയ സത്യങ്ങൾ മുറുകെ പിടിച്ചു സഭയിലും സമൂഹത്തിലും തലയെടുപ്പോടെ നിൽക്കുന്ന യൗവ്വനക്കാരൻ.

എന്നാൽ ഈയിടെയായി “ന്യൂ ജനറേഷൻ “ഹരത്തിന്റെ ലാഞ്ചന ചെറുതായി അവനിലും തുടങ്ങി എന്ന് തോന്നുന്നു. അവന്റെ ഹൃദയത്തിൽ കുറെയായി അലട്ടുന്ന സംശയം മറ്റൊന്നുമല്ല -കർത്താവു വരും എന്നുള്ളത് നടക്കുന്ന കാര്യമാണോ??എന്തെന്നറിയില്ല…ചില ദിവസങ്ങളായി ഈ സംശയം അവന്റെ മനസ്സിൽ അലതല്ലുന്നു. ഇടയ്ക്ക് കരുതി പിശാച് കൊണ്ട് വരുന്നതാണെന്ന്. എങ്കിലും മനസ്സിൽ ഒരു സുഖവും തോന്നുന്നില്ല. അപ്പനോട് ഇതിനെപ്പറ്റി ചോദിക്കാൻ തുനിഞ്ഞതാണ്. അപ്പോഴെല്ലാം മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ആത്മീയത്തിൽ കർക്കശക്കാരൻ ആയ അപ്പന്റെ പ്രതികരണം ഓർത്ത് !! പ്രാർത്ഥനാവീരയും വചനനൈപുണ്യവുമുള്ള മമ്മിയോട് ചോദിക്കണമെന്നുമുണ്ട്. അതിനുള്ള ധൈര്യം വരുന്നില്ല. ഏതായാലും ഊണ്ണിലും ഉറക്കത്തിലും ഒരേചിന്ത അവനെ അലട്ടുന്നു. ഒന്നിലും ശ്രദ്ധിക്കുവാൻ പോലും കഴിയുന്നില്ല.
അങ്ങനെയിരിക്കുമ്പോൾ ആത്മീയസുഹൃത്തായ പീറ്ററിനെ കാണുവാൻ ഇടയായി. അവനെ പറ്റി പറഞ്ഞാൽ നല്ല ആത്മീയ നിലവാരത്തിൽ നിർമലകന്യകയേപ്പോലെ ഒരുക്കിക്കാത്തിരിക്കുന്ന ഒരു വിശുദ്ധൻ !! ആദ്യം ഒന്ന് മടിച്ചു എങ്കിലും അവനുമായി സംശയം പങ്ക് വെച്ചു. കേട്ടപാടെ അവൻ പറഞ്ഞു, ”ശുദ്ധമണ്ടത്തരം അല്ലാതെന്തു??കർത്താവു വരാൻ സമയം ആയതിന്റെ ലക്ഷണമാണ്.. പിശാച് നിന്നെ തകർത്തുകളയാൻ വിത്ത് വിതച്ചതാണ് നിന്റെ മനസ്സിൽ”. അങ്ങനെ നീണ്ടു അവന്റെ പ്രഭാഷണം. പാലം കുലുങ്ങിയാലും കേളൻകുലുങ്ങില്ല എന്നപോലെ ഫിലിപ്പ്മോനിൽ യാതൊരു മാറ്റവും ഉണ്ടായില്ല. അവൻ പറഞ്ഞു, ”എടാ പീറ്ററേ, നമ്മുടെ വല്യപ്പൻമാരുമുതൽ പറയാൻ തുടങ്ങിയതാ ഈ ‘കർത്താവു വരാറായി, കർത്താവു വരാറായി’ എന്ന്. പറയുന്നതല്ലാതെ വല്ലതും സംഭവിച്ചോ ഇതുവരെ ?നമ്മൾ ഇങ്ങനെ വിശുദ്ധജീവിതം ഒക്കെ നയിച്ച്‌ അവസാനം മണ്ടൻമാരും ആകും”. സംസാരം കേട്ടു നിന്ന പീറ്ററിന്റെ മനസിലും ചെറിയൊരു സംശയത്തിന്റെ തീപൊരി പാറി. ”ഒരു കണക്കിന് സത്യമാ നീ പറയുന്നേ, എനിക്കും അങ്ങനെയൊക്കെ തോന്നുന്നു. നമുക്കൊരു കാര്യം ചെയ്യാം പാസ്റ്ററിനെ കണ്ട്‌ സംശയനിവാരണം നടത്താം”.

അങ്ങനെ പാസ്റ്റ്റുമായി ചർച്ച നടത്തുവാൻ അവർ തീരുമാനിച്ചു.
പക്ഷെ,ഒരു പ്രശ്നം. നിക്കോദിമോസിനെപ്പോ ലെ രാത്രിയിലെ പോകാൻ സാധിക്കൂ. പകൽ സഭയിൽ ആരേലും കണ്ടാൽ പിന്നെ നൂറ് ചോദ്യങ്ങളാകും. ഏതായാലുo അദ്ദേഹത്തെ വിളിച്ചു അങ്ങോട്ട്‌ വരുന്ന കാര്യം പറഞ്ഞു. പാസ്റ്റർ കരുതി പയ്യൻമാരല്ലേ, ഏതെങ്കിലും കുരുക്കിൽ ചെന്നുവീണു കാണും.

post watermark60x60

എന്നാൽ സംശയം കേട്ട അദ്ധേഹത്തിന്റെ കണ്ണ് തള്ളി !! ”എന്റെ മക്കളെ, എന്താ നിങ്ങൾക്ക് സംഭവിച്ചത് ?ഇങ്ങനെയൊന്നും ചിന്തിക്കുക പോലും അരുത്. സഭയ്ക്ക്, കുടുബത്തിനു ഒക്കെ നാണക്കേട്‌ ഉണ്ടാകുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ, ആരോടും ഇക്കാര്യം പറയുക പോലും അരുത്. നമ്മുടെ കർത്താവു വരും നിശ്ചയം… സമയം മാത്രം നിശ്ചയം അല്ല… ആകാശം മാറിയാലും ഭൂമി മാറിയാലും അവന്റെ വാക്കിന് മാറ്റമില്ല…” കിട്ടിയ സമയം കൊണ്ട് പാസ്‌റ്റർ ചെറിയൊരു പ്രബോധനം ഒക്കെ നടത്തി.

ഫിലിപ്പ്മോനും പീറ്ററിനും അതുകൊണ്ട്ഒന്നും തൃപ്തിയായില്ല..വീണ്ടും നിരാശ.ഏതായാലും പാസ്‌റ്ററിന് പ്രസംഗിക്കാൻ ഒരു വിഷയം കൂടി കിട്ടി.. ”എന്റെ പീറ്ററേ, എന്തായിത്തീരുമോ ഈ സംശയം ??”
”നീ വിഷമിക്കേണ്ട, എനിക്ക് പരിചയം ഉള്ള നല്ലൊരു പ്രവാചകൻ ഉണ്ട് അദ്ധേഹത്തിന്റെ അടുത്തുപോയി ഈക്കാര്യം നമുക്ക് സംസാരിക്കാം. എന്തെങ്കിലും അനുകൂലമായ മറുപടി കിട്ടാതിരിക്കില്ല”. പീറ്റർ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

അങ്ങനെ സംശയാലുക്കളായ രണ്ടുസുഹൃത്തുക്കളും പ്രവാചകശബ്ദത്തിനു വേണ്ടി കാതോർത്തു. യുവാക്കളുടെ സംശയം കേട്ട അദ്ദേഹത്തിനു ഒരു നിമിഷത്തെയ്ക്ക് കർത്താവു വന്നോ എന്ന് തോന്നിപ്പോയി.
തങ്ങളുടെ പ്രാസ്റ്റർ പറഞ്ഞ അതേ മറുപടി കേട്ട സുഹൃത്തുക്കളുടെ മുഖം തെല്ലു മ്ലാനമായി. എല്ലാപ്രതീക്ഷകളും അസ്തമിച്ചു എന്ന തോന്നൽ അവരിൽ പിടിമുറുക്കി. പല ചിന്തകളും അവരുടെ മനസ്സിൽക്കൂടെ കടന്നുപോയി.

സംശയത്തിന്റെ പൊരുൾ അഴിയാതെ വിഷണ്ണരായി ഇരുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് അപ്രതീക്ഷിതമായാണ് ചിന്നമ്മഅമ്മച്ചി കടന്നു വന്നത്. വിശ്വാസത്തിന് വേണ്ടി തീഗോളം പോലെ കത്തിനിൽക്കുന്ന സ്ത്രീരത്നം ആണ് അമ്മച്ചി. സഭയുടെ നട്ടെല്ല് എന്ന് വേണേൽ പറയാം. കുശലപ്രശ്നങ്ങൾ നടത്തിയശേഷം അമ്മച്ചിയോട് ഈ സംശയം സൂചിപ്പിച്ചാലോ എന്ന് പീറ്ററിന് ഒരു ചിന്ത. വേണ്ടന്ന്‌ ഫിലിപ്പ്മോനും.

എന്തോ പന്തികേട്‌ തോന്നിയ അമ്മച്ചി തന്നെ കാര്യം തിരക്കി “എന്താടാ മക്കളെ ഒരു പരുങ്ങൽ നിങ്ങൾക്ക് ??
“അല്ലമ്മച്ചി, ഈയിടെയായി ഒരു സംശയം ഞങ്ങൾക്ക്..” ഫിലിപ്പ്മോൻ തന്നെ തുടങ്ങി.
സംശയം കേട്ട അമ്മച്ചി പറഞ്ഞു.
”ആഹാ അത്രേയുള്ളോ… യഹോവയുടെ പുസ്തകത്തിൽ മറുപടി കിട്ടാത്ത ഏത് സംശയം ആണ് നിങ്ങൾക്ക്, കേൾക്കട്ടെ.
അമ്മച്ചിയ്ക്ക് ജിഞജാസ കൂടി…
”അത് ഈ കർത്താവു വരും എന്നുള്ളത് നടക്കുമോ.. അതോ…” പീറ്റർ ആണ് പറഞ്ഞത്. സംശയം കേട്ട അമ്മച്ചിയുടെ മുഖത്ത് ഒരു കാർമേഘം ഇരുണ്ടുകൂടി. ”നീയൊക്കെ ഇങ്ങനെ അവിശ്വാസികളും സംശയാലുക്കളും ആയിനടന്നാൽ എങ്ങനെ വരാനാ എന്റെ കർത്താവു? നിന്റെയൊക്കെ മാനസാന്തരത്തിന് വേണ്ടി ദീർഘഷമയോടെ കാത്തിരിക്കുവാ… നിങ്ങൾ കരുതുന്നപോലെ വാക്ക് പറഞ്ഞിട്ട് മാറുന്നവൻ അല്ല എന്റെ ദൈവം… ഞാനും അവന്റെ വരവിനായി കാത്തിരിക്കുവാ…”
അമ്മച്ചിയുടെ ഉപദേശം നീണ്ടു.. പ്രത്യാശനിറഞ്ഞ വാക്കുകൾ കേട്ട ഫിലിപ്പ്മോനും പീറ്ററിനും എന്തെന്നറിയില്ല ഒരു പ്രത്യേക മാറ്റം. കർത്താവു വരും എന്ന് ആരോ മനസ്സിൽ മന്ത്രിക്കുന്നപോലെ. അവർ രണ്ടു പേരും പരസ്പരം പറഞ്ഞു, ”അതേടാ, ഈ സംശയം നമ്മുടെ തോന്നലാ, നമ്മുടെ കർത്താവു വരും! നിശ്ചയം !! ”
ഇതുവരെ കാർമേഘം മൂടിയിരുന്ന അമ്മച്ചിയുടെ മുഖം സൂര്യന്റെ ശോഭപോലെ പ്രകാശിച്ചു. സ്വർഗത്തേയ്ക്ക് കൈകൾ ഉയർത്തി അമ്മച്ചി ഉറക്കെ പറഞ്ഞു ”ആമേൻ കർത്താവെ വേഗം വരേണമേ…”
പ്രിയവായനക്കാരെ, നിങ്ങളിൽ ആരെങ്കിലും ഫിലിപ്പ്മോനെപോലെ, പീറ്ററിനെപ്പോലെ ചിന്തിക്കുന്നുവെങ്കിൽ തെറ്റി. നമ്മുടെ കർത്താവു പോയപോലെ വീണ്ടും വരും. ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇഛിച്ച് നിങ്ങളോട് ദീർഘഷമ കാണിക്കുന്നതേയുള്ളൂ. അവന്റെ വരവിനായി നമുക്ക് ഒരുങ്ങാം !!!!!

-ADVERTISEMENT-

-ADVERTISEMENT-

You might also like