യു.എ.ഇയിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഇനി ബാങ്ക് ഗാരന്റി വേണ്ട

അബുദാബി: യു.എ.ഇയില്‍ തൊഴില്‍ വീസ എടുക്കുന്നതിന് 3000 ദിര്‍ഹം ബാങ്ക് ഗാരന്റി (വീസ ഡെപ്പോസിറ്റ്) കെട്ടിവയ്ക്കണമെന്ന നിബന്ധനയില്‍ ഇളവ്. പകരം വീസ ഫീസിനൊപ്പം 150 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് എടുത്താല്‍ മതിയാകും. കമ്പനി പൂട്ടുകയോ തൊഴിലുടമ ഒളിച്ചോടുകയോ മറ്റോ ചെയ്താല്‍ ശമ്ബള കുടിശിക, സേവനാനന്തര ആനുകൂല്യം, അവധിക്കാല അലവന്‍സ്, ഓവര്‍ടൈം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ ഇന്‍ഷുറന്‍സ് കമ്പനി നല്‍കും.
ജോലി സ്ഥലത്തുണ്ടാകുന്ന അപകടത്തിന് ചികിത്സാ സഹായം ഉള്‍പ്പെടെ 20,000 ദിര്‍ഹത്തിന്റെ പരിരക്ഷയാണ് തൊഴിലാളിക്ക് ലഭിക്കുക. എന്നാല്‍ ബാങ്ക് ഗാരന്റി അടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. രണ്ട് മാര്‍ഗങ്ങളില്‍ ഏതുവേണമെങ്കിലും സ്വീകരിക്കാം. എന്നാല്‍ പാര്‍ട്ണര്‍മാരുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് യു.എ.ഇ താമസ വീസ എടുക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും 3000 ദിര്‍ഹം വീതം കെട്ടിവയ്ക്കേണ്ടിവരും.

നേരത്തെ പുതുതായി തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുമ്പോഴാണ് സ്ഥാപന ഉടമ ബാങ്ക് ഗാരന്റി കെട്ടിവച്ചിരുന്നത്. തൊഴിലാളിയുടെ വീസ റദ്ദാക്കുമ്ബോള്‍ ഈ തുക കമ്പനിക്ക് തിരിച്ചു നല്‍കുകയോ പുതിയ തൊഴില്‍ വീസയെടുക്കുമ്പോൾ ഗാരന്റി തുക അതിലേക്കു മാറ്റുകയോ ആയിരുന്നു പതിവ്. അതേസമയം നിലവിലുള്ള ജീവനക്കാരുടെ വീസ പുതുക്കുന്ന സമയത്ത് ഇന്‍ഷുറന്‍സ് തുക അടച്ചാല്‍ നേരത്തെ കെട്ടിവച്ച ബാങ്ക് ഗാരന്റി വീണ്ടെടുക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like