ഇംഗ്ലീഷും, മലയാളിയും, പിന്നെ ഐ. ഇ .എൽ.റ്റി. എസ്സും | ഡഗ്ളസ് ജോസഫ്

മല്ലൂസിന്റെ ഇംഗ്ലീഷ് അത്ര പോരാ എന്നു പറയുന്നവരോട് ശശി തരൂരിന്റെ സൂപ്പർ ഇംഗ്ലീഷും, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിച്ചുള്ള എഴുത്തും ചൂണ്ടിക്കാട്ടി മേനി പറയുന്നതു കൊണ്ട്, മലയാളിക്ക് പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല. ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ മലയാളികൾക്കുള്ള തടസ്സമെന്താണ്? ഒരു ആശയം പറയാൻ, ആദ്യം നാം അതേപ്പറ്റി മലയാളത്തിൽ ചിന്തിക്കുന്നു അല്ലെങ്കിൽ അക്കാര്യം മനസിൽ കാണുന്നു. പിന്നെ അതിനെ മലയാളത്തിൽ നിന്നും നാം ഇംഗ്ലീഷിലേക്കു മാറ്റുന്നു. ഇങ്ങനെ ഒരു ചെറിയ കാര്യം പോലും ഇംഗ്ലീഷിൽ പറയാൻ നീണ്ട ഒരു മാനസിക പ്രക്രിയ നടക്കുന്നു. ഇതുമൂലമാണ് ഒഴുക്കോടെ സംസാരിക്കാൻ കഴിയാതെ മുക്കിയും, മൂളിയും ഇംഗ്ലീഷ് പറയേണ്ടി വരുന്നത്. ഇങ്ങനെ നീണ്ട പ്രക്രിയ അതായത് മലയാളത്തിൽ ചിന്തിച്ചു, അതിനെ ഇംഗ്ലീഷിലാക്കി പറയുന്നതിനു പകരം നേരിട്ട്, അതായത് ഇംഗ്ലീഷിൽ ചിന്തിച്ചു, ഒരു ആശയം പറഞ്ഞാൽ സംഗതി എളുപ്പമായി. പിന്നെ ഒരു കാര്യം നല്ല ഇംഗ്ലീഷ് കേൾക്കാനുള്ള അവസരം മലയാളികൾ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ്. ബി.ബി .സി, സി .എൻ. എൻ, ഇന്ത്യൻ ഇംഗ്ലീഷ് ചാനലുകൾ കാണുന്നവർ വിരളം. മലയാളം ന്യൂസ് ചാനലുകളിലെ പീഡന ചർച്ചകൾ കണ്ടോ, കോമഡി പ്രോഗ്രാമുകൾ കണ്ടോ സമയം കളയുന്ന നേരത്തു മേൽപറഞ്ഞ ചാനലുകൾ സ്ഥിരമായി കണ്ടാൽ ലിസ്സ്നിംങ്ങ് സ്കിൽസ് വർദ്ധിക്കും. ബി. ടെക്, എം. ബി എ, എം .എ ബിരുദങ്ങൾ നേടിയവർ പോലും ഇംഗ്ലീഷ് സംസാരിക്കുന്നതിനു പിറകിലാണ്. അതിനു കാരണം ഞാൻ ഇംഗ്ലീഷ് പറഞ്ഞാൽ ഗ്രാമർ ശരിയാവുമോ? മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള പേടിയാണ്. നാട്ടിൽ പ്രാക്ടീസ് ചെയ്ത ഒരു ഡോക്ടർ, ഗൾഫിൽ ജോലി കിട്ടി വന്നപ്പോൾ ഇംഗ്ലീഷ് പറയാൻപെട്ട പാട് ഈ ലേഖകൻ നേരിൽകണ്ടതാണ്. കുറച്ചു നാൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തി കഴിഞ്ഞപ്പോൾ ആൾ ഓകെയായി.

ഇത്തരമൊരു കഥയാണ് ജാൻസിക്ക് പറയാനുള്ളത്. ജാൻസി ബി,എസ്സ്.സി നഴ്സിംഗ് പാസ്സായി നാട്ടിലെ പ്രശ്തമായി ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബത്തിൽപെട്ട ജാൻസി, ബാങ്ക് ലോൺ എടുത്താണ് പഠനം പൂർത്തിയാക്കിയത്. മൂന്നു വർഷമായി ജോലി ചെയ്തിട്ടും, ഒരു പൈസ പോലും മിച്ചമില്ല. ബാങ്ക് ലോൺ അടക്കാനും, ബാംഗ്ലൂരിൽ നഴ്സിങ്ങിനു പഠിക്കുന്ന അനുജത്തിയുടെ പഠനച്ചെലവിനും , ഇടത്തരം കർഷകനായ പിതാവും, വീട്ടമ്മയായ മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ചെലവുകൾക്ക് അയച്ചുകൊടുക്കാനും പോലും ശമ്പളം തികയുന്നില്ല. ഏതൊരു നഴ്സിനെയും പോലെ വിദേശത്തു പോയി കുടുംബം ഒന്നു പച്ചപിടിപ്പിക്കാൻ അവൾ ആഗ്രഹിച്ചു. പണ്ടൊക്കെ നഴ്സുമാരുടെ ചാകരയായിരുന്ന ഗൾഫ് നാടുകൾ സ്വദേശിവത്ക്കരണവും, ഓയിൽ വില കുറഞ്ഞതിന്റെ പേരിലുള്ള സാമ്പത്തികമാന്ദ്യവും മൂലം പുതിയതായി നഴ്സുമാരെ എടുക്കുന്നില്ല എന്നതുപോകട്ടെ ഉള്ളവരെ കൂടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെയാണ് , ഒരു വാതിൽ അടഞ്ഞാൽ മറ്റൊന്ന് തുറക്കും എന്ന് പറയുന്നതുപോലെ, യു.കെ യിലേക്ക് നഴ്സുമാരെ ഒരു പൈസയും ചെലവില്ലാതെ സൗജന്യമായി റിക്രുട്ട് ചെയ്യാൻ ഹോസ്പിറ്റൽ പ്രതിനിധികൾ ജാൻസിയുടെ പട്ടണത്തിലെത്തിയത്. ഇന്റെർവ്യൂ കഴിഞ്ഞു , അപ്പോയ്ന്റ്മെന്റ് ലെറ്ററും അവർ നൽകി. പക്ഷേ കടമ്പകൾ പലതു കടന്നാലേ യു.കെയിൽ എത്തി ജോലിയിൽ പ്രവേശിക്കാനാവു. അതിലൊന്ന് ഐ. ഇ .എൽ.റ്റി . . എസ് എന്ന ഇംഗ്ലീഷ് ഭാഷ പരീക്ഷ പാസ്സാവുക എന്നതാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണ് പഠിച്ചതെങ്കിലും, ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ജാൻസിക്ക് ഇപ്പോളും തപ്പലാണ്. നാട്ടിൽ ഇംഗ്ലീഷ് മീഡിയമാണെങ്കിലും, മലയാളത്തിലാണ് സംസാരമെല്ലാം. മലയാളം മീഡിയത്തിൽ പഠിച്ചവരുടെ കാര്യം പറയാനുമില്ല. നാട്ടിൽ മറ്റൊരു കാര്യം കൂടിയുണ്ട്. സ്കൂളിലാകെട്ടെ, ഓഫീസിലാക്കട്ടെ, പൊതു സ്ഥലത്താകട്ടെ ആരെങ്കിലും ഇംഗ്ലീഷ് സംസാരിച്ചാൽ അവരെ തുറിച്ചുനോക്കാനും, പരിഹാസ ചിരിയോടുള്ള സമീപനവും കാണുമ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവർ പോലും മടിച്ചുപോകും. അഞ്ചു തവണ ഐ. ഇ .എൽ.റ്റി . എസ് എക്സാം എഴുതിയെങ്കിലും ആവശ്യമായ സ്കോർ കിട്ടാതെ ജാൻസി, വിദേശജോലി ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നു. ഓരോ തവണയും ഐ. ഇ .എൽ.റ്റി . സ് എഴുതാൻ പതിനായിരം രൂപയോളം ചെലവു വരും. അങ്ങനെ പണവും പോയി, സമയവും പാഴായി വിധിയെ പഴിച്ചു കഴിയുന്നു. ഇത്തരം പതിനായിരക്കണക്കിന് ജാൻസിമാർ നമ്മുടെ നാട്ടിലുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യം ഇല്ലാത്തതുമൂലം തങ്ങളുടെ സ്വപ്നജോലിയും, വിദേശ അവസരങ്ങളും ഇല്ലാതായവർ.

നഴ്സുമാർക്ക് മാത്രമല്ല ഇപ്പോൾ വിദേശരാജ്യങ്ങളിൽ അവസരം. ഡ്രൈവർ, ഇലെക്ട്രിഷ്യൻ, പ്ലംബർ, ഏ.സി മെക്കാനിക് തുടങ്ങി നൂറു കണക്കിന് തൊഴിൽ മേഖലയിലുള്ളവർക്ക് ഐ. ഇ .എൽ.റ്റി . എസ് കുറഞ്ഞ സ്കോറായ 5 നേടുകയാണെങ്കിൽ കാനഡയിൽ പോകാൻ അവസരമുണ്ട്. അതുപോലെ പ്ലസ് ടു കഴിഞ്ഞവർക്ക്, കാനഡ , ഓസ്ട്രേലിയ , ന്യൂസിലൻഡ് , യു .കെ , യൂ .എസ് .എ എന്നിവിടങ്ങളിൽ ഉപരി പഠനത്തിന് ഐ. ഇ .എൽ.റ്റി . എസ് സ്കോർ ആവശ്യമാണ്.
ഐ. ഇ .എൽ.റ്റി . എസ് എന്ത്? എന്തിന് ?

ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS) ഇംഗ്ലീഷ് ഭാഷ ആശയവിനിമയഭാഷയായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ പഠിക്കാനോ, കുടിയേറാനോ അല്ലെങ്കിൽ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന ആളുകളുടെ ഭാഷാ പ്രാവീണ്യത്തെ ( Language Proficiency ) അളക്കുന്നു. ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാ നിലവാരത്തെ വ്യക്തമായി തിരിച്ചറിയാൻ ഒന്നു മുതൽ ഒൻപത് വരെയുള്ള ഗ്രേഡിംഗ് നൽകുന്നു. ഐ. ഇ .എൽ.റ്റി . എസ് ബാൻഡ് സ്കോർ ഏഴ് കിട്ടുകയാണെങ്കിൽ നിങ്ങളുടെ ഇംഗ്ലീഷ് പ്രാവീണ്യം ഗുഡ് കാറ്റഗറിയിലാണ്. ബാൻഡ് സ്കോർ ഒന്നു കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് ഇംഗ്ലീഷ് ഒട്ടും തന്നെ അറിയില്ല ( Non -user ) കാറ്റഗറിയിലാണ്.

ഐ. ഇ .എൽ.റ്റി . എസ് രണ്ട് വിധത്തിലുണ്ട്. അക്കാദമിക് ( Academic) – ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ പ്രൊഫഷണൽ രജിസ്ട്രേഷനായി അപേക്ഷിക്കുന്നവർക്ക് ഉദാഹരണത്തിന് നഴ്സുമാർ, ഡോക്ടർമാർ മറ്റു പ്രൊഫഷണലുകൾ. General Training (പൊതുപരിശീലനം) – ആസ്ട്രേലിയ, കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ചുറ്റുപാടിൽ സെക്കൻഡറി വിദ്യാഭ്യാസം, പരിശീലന പരിപാടികൾ, തൊഴിൽ പരിചയം എന്നിവ ആഗ്രഹിക്കുന്നവർക്ക്.

ഐ. ഇ .എൽ.റ്റി . എസ് ഉന്നതവിദ്യാഭ്യാസത്തിനും ആഗോള കുടിയേറ്റത്തിനുമുള്ള ഏറ്റവും ജനപ്രിയമായ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യ പരീക്ഷയാണ്. നിങ്ങളുടെ എല്ലാ ഇംഗ്ലീഷ് കഴിവുകളും – വായന ( reading ) എഴുത്ത് ( writing ) കേൾവി ( listening ) സംസാരം ( speaking ) എന്നീ കഴിവുകൾ ( skills ) പരിശോധിക്കും. ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്തു ഉപരി പഠനത്തിലും, ജോലിസ്ഥലത്തും ഒക്കെ ഇംഗ്ലീഷ്പ് ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിവുണ്ടോ എന്നാണ് വിലയിരുത്തുന്നത്.

ഐ. ഇ .എൽ.റ്റി . . എസ് പരീക്ഷ.

ഐ. ഇ .എൽ.റ്റി . എസ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. നമ്മുടെ കൊച്ചു കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

ഐ. ഇ .എൽ.റ്റി . എസ് എങ്ങനെ തയാറെടുക്കാം?

* ഇംഗ്ലീഷ് നിത്യ ജീവിതത്തിൽ ഉപയോഗിക്കാത്തവർ, ഇംഗ്ലീഷിലുള്ള യാതൊന്നും സ്ഥിരമായി വായിക്കാത്തവർ തുടങ്ങിയ ഗണത്തിൽപെടുന്നവർ ഐ. ഇ .എൽ.റ്റി . സ് പരീക്ഷയ്ക്കായി ആറു മാസം മുമ്പേ പരിശീലനം തുടങ്ങണം.

* ഐ. ഇ .എൽ.റ്റി . എസ് പഠിക്കുവാനായി അനേകം കോച്ചിങ് സെന്ററുകളുണ്ട്. പക്ഷേ നല്ല കോച്ചിങ് സെന്ററിൽ പോയതുകൊണ്ട് മാത്രം മെച്ചമൊന്നുമില്ല. പഴഞ്ചോല്ലിൽ പറയുന്നതുപോലെ തൊട്ടിൽ മുതൽ ശവക്കല്ലറ വരെ നീളുന്ന പ്രക്രിയാണ് പഠനം. അതിനാൽ കോച്ചിങ് സെന്ററിന്റെ മേന്മയെക്കാൾ ക്യാൻഡിഡേറ്റിന്റെ വ്യക്തിഗതമായ പരിശ്രമമാണ് വേണ്ടത്.

* ദിവസവും ഒരു മണിക്കൂർ ഇംഗ്ലീഷ് പത്രം വായിക്കണം. സ്ഥിരമായി വായിച്ചാൽ ഐ. ഇ .എൽ.റ്റി . എസ് റീഡിങ് പരീക്ഷയിൽ വേഗത്തിൽ വായിച്ചു ഉത്തരം എഴുതാൻ സഹായകമാവും, പത്ര വായന പദസമ്പത് ( Vocabulary ) വർദ്ധിപ്പിക്കും.

* ഐ. ഇ .എൽ.റ്റി . എസ് സ്പീക്കിങ് ടെസ്റ്റിൽ രണ്ടു മിനിറ്റ് നേരം, അപ്പോൾ നൽകപ്പെടുന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കണം. ഇതിനായി, ഒരു കണ്ണാടിക്ക് മുൻപിൽ വിവിധ വിഷയത്തെപ്പറ്റി സംസാരിച്ചു പരിശീലിക്കണം.

* ഇംഗ്ലീഷ് സംസാരിക്കുമ്പോൾ നമ്മുടെ മുഖഭാവങ്ങൾ ( facial Expression ) കൈകളുടെ ചലനം ( gestures ) എല്ലാം ചേർന്ന് നല്ല സ്മാർട്ട് ആയി വേണം സംസാരിക്കാൻ. ഒരു പ്രതിമ പോലെ ഇരുന്നു സംസാരിച്ചാൽ സ്പീക്കിങ് ടെസ്റ്റ് വിജയിക്കില്ല.

* ബി.ബി .സി , സി .എൻ. എൻ തുടങ്ങിയ ഇംഗ്ലീഷ് ന്യൂസ് ചാനൽ കേൾക്കണം. ഐ. ഇ .എൽ.റ്റി . എസ് ലിസണിങ് ടെസ്റ്റിന് ഇതു ഉപകാരമാവും.

* നമ്മുടെ ജോലി സ്ഥലത്തുള്ള അന്യനാട്ടുകാരോട് ഇംഗ്ലീഷ് സംസാരിക്കുക. ഒരു നേറ്റീവ് ഇംഗ്ലീഷ് സ്പീക്കർ ആയാൽ സംഗതി ജോറാവും. നിത്യ ജീവിതത്തിലെ കാര്യങ്ങൾ അനായേസേന അവതരിപ്പിക്കുക. ഇത് ഐ. ഇ .എൽ.റ്റി . എസ് സ്പീക്കിങ് ടെസ്റ്റിനുള്ള നല്ല പരിശീലനമാണ്

* നിങ്ങൾ പഠിക്കുന്ന, അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മീറ്റിംഗുകൾ. മറ്റു പ്രോഗ്രാമുകൾ ഇവയിൽ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ, അല്ലെങ്കിൽ അവതാരകനായി ഒക്കെ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തണം.

* ഐ. ഇ .എൽ.റ്റി . എസ് റൈറ്റിംഗ് ടെസ്റ്റിനായി, കഴിയുന്നത്ര വർക്ക് സീറ്റുകൾ പ്രാക്റ്റീസ് ചെയ്യണം. നിങ്ങൾ എഴുതിയത്തിന്റെ കുറവുകൾ അറിയാൻ അധ്യാപകരുടെ സഹായം തേടണം.

* ഇംഗ്ലീഷ് ശൈലീപ്രയോഗങ്ങൾ ( phrases and idioms ) സംസാരിക്കുമ്പോൾ അല്ലെങ്കിൽ എഴുതുമ്പോൾ ഉപയോഗിക്കുന്നത് ഐ. ഇ .എൽ.റ്റി . എസി ന് നല്ല സ്കോർ കിട്ടാൻ സഹായിക്കും. ഇതിനായി ഇത്തരം ശൈലീപ്രയോഗങ്ങൾ ശേഹരിച്ചു പഠിക്കുക.

* ഐ. ഇ .എൽ.റ്റി . എസ് സ്പീക്കിങ് ടെസ്റ്റിനായി മോക്ക് ഇന്റർവ്യൂ നടത്തി പരിശീലിക്കുന്നത് നിങ്ങളുടെ ആത്മ വിശ്വാസം കൂട്ടും.

* ഐ. ഇ .എൽ.റ്റി . എസ് ഇംഗ്ലീഷ് മാതൃഭാഷ അല്ലാത്തവർക്കായി നടത്തുന്ന പരീക്ഷയാണ്. അതിനാൽ നമ്മിൽ നിന്നും ആരും സായിപ്പിന്റെ പ്രോണൻസിയേഷൻ പ്രതീക്ഷിക്കുന്നില്ല. പക്ഷേ മലയാളി ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഉണ്ടാവുന്ന മാതൃഭാഷ സ്വാധീനം കുറച്ചുകൊണ്ടുവരുവാൻ ശ്രദ്ധിക്കണം. പല വാക്കുകളും കാണുന്നതുപോലെയല്ല ഉച്ചരിക്കുന്നത്. ഉദാഹരണത്തിന് debut എന്ന വാക്ക് ഡെബ്യു എന്നാണ് പറയേണ്ടത്. ഓൺലൈൻ പ്രോണൻസിയേഷൻ ഡിക്ഷണറി ഉപയോഗിച്ച് വിവിധ വാക്കുകളുടെ ബ്രിട്ടീഷ്, അമേരിക്കൻ അക്സെന്റ് മനസിലാക്കാവുന്നതാണ്.

ചുരുക്കത്തിൽ Rome was not built in a day എന്ന പഴമൊഴി ഐ. ഇ .എൽ.റ്റി . എ സിനു തയാറെടുക്കുന്നവർ ഓർത്തിരിക്കണം.

( കോട്ടയം ഫീനിക്സ് ആംഗ്ലോ അക്കാദമി മുൻ ഐ. ഇ. ൽ.റ്റി. എസ് ട്രെയിനറും, ഫുജൈറ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ അധ്യാപകനുമാണ് ഡഗ്ളസ് ജോസഫ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.