ഭാവന:ഉപമകൾ കഥപറയട്ടെ | ബിനു വടക്കുംചേരി

കാണാതെ പോയ ആട്, നാണയം നഷ്ടപ്പെട്ട ഉടമസ്ഥ, ധൂർത്തപുത്രൻ എന്നീ മൂന്ന് ഉപമകളെ ഒരു നൂലിഴയിൽ കോർത്തപ്പോൾ എന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു കഥ

ആഴ്ചവട്ടത്തിന്റെ ഒന്നാം നാളായ ഞായറാഴ്ച, കൺകുളിർമ്മയോടെ ഈ വിശ്രമദിവസത്തെ മറ്റുള്ളവർ നോക്കുമ്പോൾ, സ്വന്തം നേട്ടത്തിനും തുട്ടിനും വേണ്ടി പായുന്ന വിശ്വാസികൾക്കാണേൽ ഏത് ദിവസമെന്ന് തിരിച്ചറിയാൻ കഴിയാത്ത ആശങ്കയിലാണ് . ഇത്തരം സാഹചര്യത്തിൽ യേശുവിന്റെ ഉപമകൾ നമ്മെ സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നത് ഒരു തിരിച്ചുവരവിന്റെ കഥയാണ്. അതെ, ഉപമകൾ കഥപറയട്ടെ!
പതിവുപോലെ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ വന്നെത്തി. അരുണ കിരണങ്ങൾ ഭൂമിയിലെ അന്ധകാരത്തെ പതിയെ തുടച്ചുനീക്കുവാൻ തുടങ്ങി. കാകളി പാടുന്ന പക്ഷികൾ ദൈവത്തെ സ്തുതിച്ചു, കാറ്റത്ത് ചാഞ്ചാടുന്ന വൃക്ഷലതാദികൾ ദൈവത്തിന് നന്ദി കരേറ്റി.
എല്ലാ വിശ്വാസികളേയും കാണുവാനും പരിചയം പുതുക്കുവാനുമാണോ ഞായറാഴ്ച എന്നറിയില്ല., പക്ഷെ, ഒരിടയന്റെ ജോലി എല്ലാവരേയും കാണുക മാത്രമല്ല, അവയെ കൃത്യമായി എണ്ണുകയും ചെയ്യും. പകൽ സമയങ്ങളിൽ ദേശത്തിനും തന്റെ ആടുകൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഉപദേശിക്ക് കുറച്ച് സമയം മതി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തിലെ വിശ്വാസിയെ കണ്ടെത്തുവാൻ. ഇടയന്റെ തിരച്ചിൽ പൂർത്തിയായപ്പോൾ ഒരു ആടിനെ കാണ്മാനില്ല.
മനക്ലേശതരംഗത്താൽ ദുഃഖസാഗരത്തിൽ മുങ്ങിയ ഉപദേശി ആരാധന കഴിഞ്ഞതും കാണാതെ പോയ ആടിനെ (വിശ്വാസിയെ) തേടി ഭവനത്തിലേക്ക് നടന്നുനീങ്ങി….. ആ ഭവനത്തിന്റെ വാതിൽ തുറന്നു കിടക്കുന്നതിനാൽ വാതിൽ മുട്ടുവാനോ ശബ്ദം കേട്ട് ആരെങ്കിലും വാതിൽ തുറക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
അങ്ങനെ വീടിന്റെ മുന്നിൽ നിന്നും ഉള്ളിലെത്തിയപ്പോൾ… തേച്ചുവെച്ച വസ്ത്രങ്ങൾ മേശക്ക് മുകളിലിരിക്കുന്നു. തൊട്ടടുത്ത് വേദപുസ്തകവും സാക്ഷ്യത്തിന് പാടുവാൻ കരുതിയപാട്ടുപുസ്തകവും ഉണ്ട്.  ഈ നിലയിൽ ആരാധനക്ക് വേണ്ടി വിശ്വാസി തയ്യാറെടുത്തു എന്നത് സത്യം തന്നെ. പിന്നെ എന്തു പറ്റി……?
ഉപദേശി ഒറ്റ വിളി (ഫോണിലൂടെ)…. എത്രദൂരത്തുനിന്നും തന്റെ ഇടയന്റെ വിളി കേട്ടാൽ തിരിച്ചറിന്ന ആട് (വിശ്വാസി) മൊബൈൽഫോൺ ഓഫ് ചെയ്തു. ശേഷം ഭവനത്തിലേക്ക് വരുന്നതിനിടയിൽ അപ്രതിക്ഷീതമായി ഇടയനെ കണ്ടുമുട്ടിയപ്പോഴും സ്തോത്രം ചെയുവാൻ പിശുക്ക് കാണിച്ചില്ല വിശ്വാസി.
വിശ്വാസിയുടെ കൈയ്യിൽ ഇരിക്കുന്ന വിളക്ക് കണ്ട് സംശയം പൂണ്ട ഉപദേശി ചോദിച്ചു “എന്താ ആരാധനക്കു വരാത്തത്?” അതിനു വിശ്വാസിയുടെ ഉത്തരം വിചിത്രമായിരുന്നു…

ഞാൻ ആരാധനക്കു വരുവാൻ വേണ്ടി തയ്യാറെടുക്കുന്നതിനിടയിൽ സ്ത്രോത്രകാഴ്ചക്കു വേണ്ടി മാറ്റിവെച്ച നാണയം പെട്ടെന്ന് നഷ്ടപ്പെട്ടു. അതു കണ്ടു കിട്ടുവോളം തിരയുകയായിരുന്നു ഞാൻ… അപ്പോഴേക്കും ആരാധനയും കഴിഞ്ഞു, ഉപദേശി വീട്ടിലും എത്തി.
ഇതു കേട്ട് ഗദ്ഗദപ്പെട്ടു ഉപദേശി വിശ്വാസിയെ നന്നായി ഉപദേശിച്ചു. നാം ആരാധനക്കു പ്രഥമസ്ഥാനം നൽകണം എന്നും, നമ്മുടെ നന്മ കൃത്യമായി ഉപയോഗിച്ചാൽ ഇത്തരത്തിൽ സാമ്പത്തിക നഷ്ടമുണ്ടാകില്ല എന്നും പറഞ്ഞു.
പക്ഷേ ഈ ഉപദേശം രസിക്കാത്തതിനാൽ ഉപദേശിയെ തിരസ്കരിച്ചുകൊണ്ട് വിശ്വാസി, താൻ വന്ന സ്തോത്രകാഴ്ചയില്ലാത്ത ‘അവരുടെ’ പള്ളിയിലേക്ക് തുടർന്നുള്ള ഞായറാഴ്ചകൾ പ്രാർത്ഥനക്കായി പങ്കെടുത്തു. യഥാർത്ഥ മാനസാന്തരം അനുഭവിക്കാത്ത ഈ വിശ്വാസിക്കു പിൻമാറ്റ ജീവിതം സന്തോഷത്തേക്കാൾ കൂടുതൽ നഷ്ടങ്ങൾ ഉണ്ടാക്കി.
ഒടുവിൽ ആഴ്ചകൾ എവിടെയും പോകാതെ വീടിന്റെ ഇരുണ്ട മുറികളിൽത്തന്നെ കഴിഞ്ഞുകൂടി. “ആരും സഹായമില്ല, എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ. എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമെ” എന്തോ.. ഈ പാട്ട് ഉള്ളിന്റെ ഉളളിൽ താൻ അറിയാതെ ഒന്നു മൂളി.
പിന്നീട് നാളുകൾക്ക് ശേഷം ബൈബിൾ എടുത്തു വായിച്ചു. അപ്പന്റെ ഭവനത്തിൽ വേലക്കാർ തിന്ന് ശേഷിപ്പു വരുത്തുന്നു. ഞാനോ പട്ടിണി കിടക്കുന്നു. ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കലേക്ക് പോകും. എന്ന ധൂർത്തപുത്രന്റെ വചനം ധ്യാനിച്ചു.
അങ്ങനെ ചില വർഷങ്ങൾക്ക് ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം നാളിൽ വിശ്വാസി യഥാർത്ഥ മാനസാന്തരവുമായി തന്റെ ഇടയന്റെ അരികിലേക്ക് തിരിച്ചെത്തി. ദൈവത്തിനായി തന്റെ ജീവിതം സമർപ്പിച്ചു. പുതിയ ചിന്തയോടെ, പുതിയ പ്രതീക്ഷയോടെ…
ദൈവസ്നേഹത്തിന്റെ അങ്കിയും കൃപയുടെ മോതിരവും ആത്മീയ യാത്രക്കു വേണ്ട ചെരിപ്പും ധരിപ്പിച്ച് വിശ്വാസിയുടെ മടങ്ങിവരവ് സഭ ആഘോഷിച്ചപ്പോൾ ആരാധനയിൽ ദൈവസാന്നിധ്യം വെളിപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.