കഥ:അവനോടുള്ള എന്റെ പ്രേമം | ജിനേഷ് കെ

മഴ തിമിർത്തു പെയ്യുകയാണ് അവൾ ഉരുകുന്ന ഹൃദയത്തോടെ തന്റെ പ്രാണപ്രിയന്റെ വരവിനായി കാത്തിരിക്കുകയാണ്. വിറയാർന്ന ചുണ്ടുകൾ എന്തോ മന്ത്രിച്ചുകൊണ്ടിരുന്നു, “അതെ എന്റെ പ്രാണപ്രിയൻ വരും മുറിപ്പാടുകൾ തീർത്ത എന്റെ സ്വപ്നങ്ങൾ യാഥാർഥ്യം ആകുവാൻ കാലം അതിന്റെ അവസാന നിമിഷത്തിലേക്കു പോകുകയാണ്”. മരങ്ങൾ മഞ്ഞുതുള്ളികളാൽ നിറഞ്ഞ പ്രേമമാകുന്ന ഈ സായാഹ്നത്തിൽ സുഗന്ധം വീശിക്കൊണ്ട് ഇരിക്കുന്ന ഇളം കാറ്റ്. പെട്ടെന്നൊരു കുതിരക്കുളമ്പടി ശബ്ദം,അവൾ ജാലകങ്ങൾക്കിടയിലൂടെ നോക്കിയപ്പോൾ, ഇലകൾ പൊഴിഞ്ഞു കിടക്കും ആ സുന്ദരമാം വീഥിയിലൂടെ അവൻ വരുന്നു തന്റെ വെള്ളരിപ്രാവിൻ നിറമുള്ള പ്രിയതമയെ കൊണ്ട് പോകുവാൻ. അവൾ വാതിലുകൾ തുറന്നു, പ്രേമത്തിൻ സുഗന്ധ കാറ്റ് അവളെ തലോടി ദീർഘശ്വാസം പിടിച്ച് അവൾ പ്രിയന്റെ അരികിൽ ഓടി അണഞ്ഞു. മഞ്ഞുതുള്ളികൾ വീഴും ആ വീഥിയിൽ, മരങ്ങൾ ഇലകൾ പൊഴിച്ച് അവരുടെ സ്നേഹമാകുന്ന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർത്തുകൊണ്ടിരുന്നു. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തുടങ്ങി….
“മൂകമാകുന്ന ജീവിതത്തിൽ വാക്കുകൾ കോർത്തിണക്കാൻ കഴിയാതെ തനിച്ചിരുന്നീറ നണിഞ്ഞ എന്റെ മിഴികൾ പിടഞ്ഞിട്ടു ചോദിച്ചു കൊണ്ടിരുന്നു അങ്ങന്തേ മടങ്ങി വരുവാൻ വൈമനസ്യം കാണിക്കുന്നത്?” അവൻ അവളുടെ മിഴികളിൽ തന്നെ നോക്കി, അവന്റെ മിഴികളിൽ നിന്നും പ്രേമത്തിൻ മുത്തുകൾ പൊഴിഞ്ഞു. കാറ്റ് നിശ്ചലം ആയി, മരങ്ങൾ ഇലപൊഴിക്കാതെ മൂകമായി, മഞ്ഞുതുള്ളികൾ മൗനമായി പെയ്യ്തു തുടങ്ങി. വീഥികൾ കാതോർത്തിരുന്നു, ആ ദേശം എല്ലായിടവും മൗനമായി പ്രിയന്റെ വാക്കിനോടണയുവാൻ കാത്തിരുന്നു. അവൻ മൊഴിഞ്ഞു “പ്രിയേ എന്റെ പ്രിയേ നദികൾവറ്റും ലോകമോ നശിക്കും എന്നാൽ നിന്നോട് ഉള്ള എൻ പ്രേമം നശിക്കുകയില്ല അത് എന്നന്നേക്കും നിലനിൽക്കുന്നതാണ്. നിൻ മിഴികൾ ഈറൻ അണിഞ്ഞിട്ടും വരുവാൻ ഞാൻ താമസിച്ചത്, എന്നോട് ഉള്ള നിന്റെ പ്രേമത്തിന് മൂർച്ചയേകാൻ ആയിരുന്നു. മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും തണലേകുവാൻ ജീവിത നെറുകയിൽ ഇനി ഒരു ഏകാന്തത വരാതെ ഇരിക്കാൻ ഇതാ ഞാൻ വന്നിരിക്കുന്നു.”

കാറ്റ് വീശുവാൻ തുടങ്ങി, മഞ്ഞുതുള്ളികൾ ആവേശത്തോടെ പെയ്യ്തു. പറവകൾ പരസ്പരം പറഞ്ഞു “ദൃഢ ചിന്തകളുടെ കാലൊച്ചകൾക്കിനി വിരാമം, ഉരുകി തീരും ഈ ജൻമം എന്നാൽ ആർത്തുല്ലസിച്ചു കടൽ തിരയെപോലെ വരും പ്രേമമാകും പ്രിയന്റെ വാക്കുകളിലൂടെ ജീവന്റെ ഉറവ.”
മുപ്പതാം വയസ്സിൽ വീട് വിട്ടു നന്മയ്ക്കു കണ്ണും കരുത്തും കൊടുത്ത അവന്റെ കണ്ണിലൂടെ പ്രകാശിക്കുന്നു നമ്മോടുള്ള അവന്റെ സ്നേഹം. മുപ്പത്തിമൂന്നര വയസ്സിൽ അവൻ നമ്മോടു പറഞ്ഞു “ഭയപ്പെടേണ്ട ഞാൻ പോയതുപോലെ വരും നിങ്ങളെ ചേർക്കുവാൻ” ചിന്തകൾക്കപ്പുറമായി ആർക്കും മനസ്സിലാക്കാൻ കഴിയാതെ പോയ സ്നേഹം! ലോകമോ അറിഞ്ഞിരുന്നില്ല അവന്റെ സ്നേഹം. അവൻ സ്നേഹിച്ചു, സ്നേഹം എന്ത് എന്ന് അവൻ പഠിപ്പിച്ചു. പൂക്കൾ വിരിഞ്ഞ് അതിന്റെ സുഗന്ധം പരക്കും പോലെ ആയിരുന്നു അവന്റെ വാക്കുകൾ. എന്നാൽ അവന്റെ മരണത്തിൽ ലോകം നടുങ്ങി, ഭൂമി കണ്ണുനീർ പൊഴിച്ചു മൂന്നാം ദിവസം കാലചക്രങ്ങളെ കീറിമുറിച്ച് അവൻ ഉയിർത്തെഴുന്നേറ്റു. ആ ഇമ്പമേകുന്ന വാക്കുകളാൽ അവൻ നമ്മെ സമാധാനിപ്പിച്ചു ഇനിയും വരാം എന്ന് പറഞ്ഞ് അവൻ പോയി മറഞ്ഞു. പ്രേമത്തെ ഇളക്കുവാൻ ആർക്കു കഴിയും, മോഹങ്ങളെ മറക്കുവാൻ ആർക്കു കഴിയും. അവനോടുള്ള മോഹങ്ങൾ അത്യന്തം വിലയേറിയത്, ശൈത്യകാലത്ത് മഞ്ഞു പെയ്യുന്നത് പോലെയാണ് അവനോടുള്ള പ്രേമം. മരച്ചിലകൾക്കിടയിലൂടെ ആകാശത്തേക്ക് നോക്കി നിറകണ്ണുകളോടെ അവൾ കാത്തിരിക്കുന്നു പ്രാണപ്രിയന്റെ വരവിനായി….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.