ഭാവന:’എന്നാലും എന്റെ ഇയ്യോബേ നിങ്ങൾക്കീ ഗതി വന്നല്ലോ | ജസ്റ്റിൻ കായംകുളം

“എന്നാലും എന്റെ അച്ചായാ നിങ്ങള് വലിയ വിശുദ്ധനും നിഷ്കളങ്കനും നേരുള്ളവനുമെന്നൊക്കെ പറഞ്ഞോണ്ട് നടന്നത് വെറുതെയായിരുന്നല്ലേ?”.. അമ്മാമ്മ ഇയ്യോബ് അച്ചായനോട് കുശലം പറയുകയാണ്.. പരദൂഷണത്തിനു ഡോക്ടറേറ്റ് എടുത്തയാളാണ് അമ്മാമ്മ.. എന്നാലും നിങ്ങൾക്കീ ഗതി വന്നല്ലോ? ദൈവകോപം തന്നെ അല്ലാതെന്താ, വേറെ ആർക്കുമില്ലാത്ത അവസ്ഥയല്ലിയോ ഇയ്യോബച്ചായന്റെ ജീവിതത്തിൽ വന്നിരിക്കുന്നത്.. സംസാരം കാട്ടു തീ പോലെ പടരുകയാണ്.. എല്ലാ പ്രാർത്ഥനകളിലെയും, പരദൂഷണ കൂട്ടായ്മയിലേയും സംസാര വിഷയം ഇപ്പോൾ ഇയോബച്ചായനാണു..
സഭയിലെ പ്രധാനി, എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വം.. ദേശക്കാർക്കു പോലും ബഹുമാനമാണ് അച്ചായനോട്.. പക്ഷെ പലർക്കും അതങ്ങോട്ട് പിടിച്ചിട്ടില്ല.. അല്ല അതങ്ങനെയാണല്ലോ മറ്റുള്ളവർ നന്നാകുന്നതും അംഗീകരിക്കപ്പെടുന്നതും ആർക്കും ഇഷ്ടമല്ലല്ലോ… അച്ചായനിട്ടു കുറ്റം പറയാനും തരം താഴ്ത്താനും സഭയിലെ പ്രധാന മൂപ്പന്മാർ കാത്തിരുന്നപ്പോളാണ് കൂനിന്മേൽ കുരുപോലെ അച്ചായന്റെ കഷ്ടകാലം തുടങ്ങുന്നത്…
ഊസ് ദേശത്തെ സകല പൂർവ ദിഗ്‌വാസികളിലും മഹാനായിരുന്നു അച്ചായൻ.. ഏഴായിരം ആടും, മൂവായിരം ഒട്ടകവും, അഞ്ഞൂറ് ഏർ കാളയും അഞ്ഞൂറ് പെൺകഴുതയും ആയ മൃഗസമ്പത്തിനുടമ, ആയ കാലത്തു മണ്ണിനോട് പടവെട്ടി അധ്വാനിച്ചു, ദൈവം അനുഗ്രഹിച്ചു കൊടുത്ത സമ്പത്തിന്റെ ഉടമ.. ഏഴു പുത്രന്മാരും, മൂന്ന് പുത്രിമാരും ഉൾപ്പടെ പത്തുമക്കൾ.. ഒന്നിലും കുറവില്ലാത്ത ജീവിതം… ആരും അസൂയയോടെ നോക്കിപ്പോകുന്ന ജീവിതം…. ജീവിത സാഹചര്യങ്ങൾ വർധിച്ചപ്പോളും അഹങ്കരിക്കാതെ തന്റെ ദൈവത്തിൽ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന കറ തീർന്ന വിശ്വാസി…സഭയിൽ കൊടുക്കുന്ന ദശാംശത്തിന്റെ ഗമയിൽ അധികാരം കയ്യാളുകയോ, മറ്റുള്ളവനെക്കാൾ ശ്രേഷ്ഠനെന്നു ചിന്തിക്കുകയോ ചെയ്യാത്ത വ്യക്തി…
മക്കളെ പഥ്യയോപദേശത്തിലും ദൈവ ഭക്തിയിലും വളർത്തി, അവർക്കിഷ്ടമുള്ളത് കൊടുക്കുമ്പോൾ തന്നെ പ്രമാണത്തിനു അനുസരിച്ചു ജീവിക്കുകയും ചെയ്ത ധനാഢ്യൻ..
എന്നാൽ അപ്രതീക്ഷിതമായി തന്റെ ജീവിതത്തിൽ പ്രതികൂലത്തിന്റെ കാറ്റ് ആഞ്ഞു വീശി.. പട്ടുമെത്തയിൽ കിടന്ന അച്ചായൻ ചാരത്തിൽ കയറി ഇരിക്കേണ്ടി വന്നു.. ശരീരം മുഴുവൻ വ്രണങ്ങൾ വന്നു നിറഞ്ഞു പൊട്ടി പഴുപ്പും ചലവും പുറത്തു വന്നു കൊണ്ടിരുന്നു… അസഹനീയമായ ദുർഗന്ധവും ചൊറിച്ചിലും അദ്ദേഹത്തെ അസഹ്യപ്പെടുത്തി… കൂടാതെ പ്രശ്നങ്ങൾ ആഞ്ഞടിച്ചു കൊണ്ടിരുന്നു.. പത്തു മക്കളും ചുഴലികൊടുങ്കാറ്റിൽ പെട്ട് അതി ദാരുണമായി മരിച്ചു, ആട് മാട് മൃഗസമ്പത്തെല്ലാം നഷ്ട്ടപ്പെട്ടു…

പോരെ അത് വരെ മിണ്ടാതിരുന്ന നാവുകൾ തുറക്കപ്പെട്ടു, പുള്ളിയോട് എന്തുണ്ട് വിശേഷം എന്ന് ഒരിക്കൽ പോലും ചോദിക്കാത്ത അച്ചായന്മാരും അമ്മമ്മമാരും കഥകളുമായി മുന്നിൽ നിന്നു… ശാപത്തിന്റെയും ദൈവകോപത്തിന്റെയും കണക്കിൽ ഇയ്യോബ് അച്ചായന്റെ ജീവിതകഥകൾ കൂട്ടിക്കുഴക്കപ്പെട്ടു… പല വിധത്തിലുള്ള അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ അന്തിക്കമ്മറ്റികളിൽ രൂപപ്പെട്ടു.’അയാൾ കള്ളനാണ്, ദൈവത്തെ പറ്റിച്ചവനാണ്, പണ്ട് അവനെ നമുക്കറിയില്ലേ..അയാളുടെ കയ്യിലിരുപ്പിന് ഇതല്ലായിരുന്നു വരേണ്ടത്’ എന്ന് വേണ്ട കമന്റുകൾ പലതും നീണ്ടു.. . ഒരു ഗ്ലാസ് കഞ്ഞി വേണോ എന്ന് ആരും അന്വേഷിച്ചില്ല.. വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ, മരുന്ന് വേണോ, പണം വേണോ ഒന്നും ആരും ചോദിച്ചില്ല… പക്ഷെ ചർച്ചകൾ നിരവധി നടന്നു.. പുറമെ അച്ചായന്റെ മുന്നിൽ കരഞ്ഞു, ഉള്ളിൽ ചിരിച്ചു..സ്വന്തം ഭാര്യ, അമ്മായിയമ്മ, അപ്പൻ, അമ്മ, സ്നേഹിതർ, സഭാജനങ്ങൾ എല്ലാവരും അവനെ ഒളിഞ്ഞും തെളിഞ്ഞും വേദനിപ്പിച്ചു..

ഒരാൾ വീഴാൻ കാത്തിരിക്കയാണ് ലോകം അവനെ ചവിട്ടി താഴ്ത്താൻ.. വീഴ്ചയിൽ കൈ താങ്ങുവാൻ ആരുമില്ലെങ്കിലും ചവിട്ടാൻ എല്ലാ കാലുകളും ഒന്നിച്ചുയരും.. അത് ലോകസഹജമാണ്‌.. മറ്റു ചിലർ സഹതാപത്തോടെ നോക്കി, സംസാരിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. ഇയ്യോബ് അച്ചായൻ കുലുങ്ങാതെ ദൈവത്തിൽ ആശ്രയിച്ചിരുന്നു എങ്കിലും ആളുകൾ വിടാൻ തയ്യാറായില്ല, ഏറ്റവും കൂടുതൽ അദ്ദേഹത്തെ വേദനിപ്പിച്ചത് മറ്റുള്ളവരുടെ സഹതാപ വാക്കുകളായിരുന്നു, അദ്ദേഹത്തിൻറെ പ്രത്യാശയും വിശ്വാസവും കാണാൻ ആർക്കും കഴിയാതെ പോയി.. പ്രാർത്ഥിക്കാൻ വന്നവർ വാക്കുകളിൽ കൂടെ അദ്ദേഹത്തെ കൂടുതൽ വേദനിപ്പിച്ചു കൊണ്ടേയിരുന്നു… പല ആശ്വാസ വാക്കുകളും തകർന്നിരിക്കുന്നവരെ ആഴത്തിൽ മുറിപ്പെടുത്തുന്നതാനെന്നുള്ള കാര്യം പലരും മറന്നു പോയി..
എങ്കിലും തന്റെ വീഴ്ചയിലും ദൈവശബ്ദത്തിനു കാത്തിരുന്ന ഇയ്യോബ് തളർന്നില്ല, ദൈവത്തെ പഴി പറഞ്ഞില്ല..ദൈവത്തിൽ നിന്ന് നന്മ പ്രാപിക്കുന്നെങ്കിൽ തിന്മയും പ്രാപിക്കാൻ താൻ സന്നദ്ധനാണെന്നുള്ള വിശ്വാസത്തോടെ അദ്ദേഹം കാത്തിരുന്നു….

post watermark60x60

എന്നാൽ മറ്റൊരിടത്തു വേറെ പദ്ധതികൾ ആയിരുന്നു തയ്യാറായിക്കൊണ്ടിരുന്നത്..സത്യത്തിൽ പദ്ധതി പിശാചിന്റേതായിരുന്നു.. ആത്മക്കണ്ണുകൾ തുറക്കാത്ത ദൈവമക്കൾ എന്ന നാമധാരികൾക്കു അത് മനസ്സിലാകാതെ പോയത് കൊണ്ട് അവർ സ്വയം അനുമാനങ്ങളിൽ എത്തിച്ചേർന്നു. പൈശാചിക പദ്ധതികൾക്ക് ഇയ്യോബിനെ ഏൽപ്പിച്ച ദൈവം തന്റെ ഭക്തന്റെ വിശ്വാസവും ഉറപ്പും തെളിയിക്കുകയായിരുന്നു.. ആത്മക്കണ്ണുകളിൽ ദൈവ പ്രവർത്തി കണ്ടവൻ മറ്റുള്ളവരുടെ വാക്കുകളിൽ തളർന്നില്ല, പിശാച് തോറ്റ് തുന്നം പാടി.. ദൈവ പ്രവർത്തി പലപ്പോഴും അങ്ങനെയാണ് സാമാന്യ ജനങ്ങൾ മനസ്സിലാക്കുകയില്ല…

ഇയ്യോബിന്റെ നഷ്ട്ടങ്ങൾ ലാഭങ്ങളായി… ദൈവം ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.. നഷ്ട്ടപെട്ടതെല്ലാം ഇരട്ടിയായി മുന്കാലത്തെക്കാൾ അധികമായി അച്ചായൻ അനുഗ്രഹിക്കപ്പെട്ടു.. അച്ചായനെ വിധിച്ചവർ മരിച്ചു മണ്ണടിഞ്ഞിട്ടും ഇയ്യോബ് അച്ചായൻ പിന്നെയും അനേകം വർഷങ്ങൾ തന്റെ മക്കളോടും കൊച്ചു മക്കളോടുമൊപ്പം ജീവിച്ചു ദൈവത്തെ മഹത്വപ്പെടുത്തി….

-ADVERTISEMENT-

-ADVERTISEMENT-

You might also like