ആസിയ ബീബി ജയില്‍ മോചിതയായി; പാകിസ്ഥാൻ വിട്ടു
ഇസ്ലാമാബാദ്: മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വീട്ടമ്മ ആസിയ ബീബിയെ ജയിലില്‍നിന്നും മോചിപ്പിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എട്ടു വര്‍ഷം കാരാഗൃഹവാസം അനുഭവിച്ച ആസിയ ബീബി കുറ്റവിമുക്തയാക്കപ്പെട്ടിട്ടും ജയില്‍ മോചനം സാധ്യമായിരുന്നില്ല. രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ആസിയയെ സര്‍ക്കാര്‍ ജയിലില്‍നിന്നും മോചിപ്പിക്കാതിരുന്നത്.
ആസിയ ബീബി ജയില്‍ മോചിതയായെന്നു അവരുടെ അഭിഭാഷകന് സൈഫ് ഉല് മുലൂക് അറിയിച്ചത്. അവര്‍ ഇപ്പോള്‍ വിമാനത്തിലാണ് ഉള്ളത്. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ തന്നെ ആസിയ ബീബിയെ മോചിപ്പിച്ചുള്ള ഉത്തരവ് മുള്‍ട്ടാനിലെ ജയിലില്‍ ലഭിച്ചു. ഇതേ തുടര്‍ന്നായിരുന്നു ജയില്‍ മോചനം. കഴിഞ്ഞ ആഴ്ചയായിരുന്നു പാക് പരമോന്നത കോടതി ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയത്.
പാക്കിസ്ഥാന് വിടാന്‍ സഹായിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് മസിഹ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോടും അഭ്യര്‍ഥിച്ചിരുന്നു. കുടുംബാംഗങ്ങള്‍ അവിടെയും ഇവിടെയുമെല്ലാം ഒളിച്ചു കഴിയുകയാണ്. ആസിയ ജയിലില്‍ ആക്രമിക്കപ്പെടാം. വേണ്ട സുരക്ഷ നല്കാന് സര്‍ക്കാര്‍ തയാറാകണം. മതനിന്ദാ കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ രണ്ടു ക്രൈസ്തവവര്‍ വെടിയേറ്റു മരിച്ച കാര്യവും മസിഹ് ഓര്‍മിപ്പിച്ചു. ആസിയയുടെ അഭിഭാഷകന് സൈഫ് ഉല് മുലൂക് ജീവന് രക്ഷിക്കാനായി പാക്കിസ്ഥാന് വിട്ടിരുന്നു.
ആസിയയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെതിരേ പാക്കിസ്ഥാനിലുടനീളം തീവ്രനിലപാടുകാര്‍ പ്രക്ഷോഭം നടത്തിവരികയാണ്. മതനിന്ദാനിയമം സം രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന തെഹ്രിക് ഇ ലെബെയ്ക് പാര്‍ട്ടിയാണ് നേതൃത്വം നല്‍കുന്നത്. ആസിയയെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും വധശിക്ഷ നീക്കി യതിനെതിരേ നല്കിയ പുനപ്പരിശോധനാ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.