ലേഖനം:എന്നോട് എന്താ ഇത്രയും ശത്രുത?? | പാസ്റ്റർ ഷാജി ആലുവിള

ഞാൻ എന്നോടെന്നപോലെ നിങ്ങൾ നിങ്ങളോടും ചോദിക്കുന്ന വസ്തു നിഷ്ഠമായ ഒരു ചോദ്യമാണ് എന്നോടെ എന്താ ഇത്ര ശത്രുത?. ജീവിതം സമ്മാനിച്ച ദുരന്തങ്ങൾ മാറാത്ത വേദനകളായി പലർക്കും, പലരിലൂടെയും . ഒരു പക്ഷെ മറക്കുവാൻ ശ്രമിച്ചാലും മാഞ്ഞുപോകാത്ത പാടുകളായി മനസ്സിൽ പതിഞ്ഞു കിടക്കുന്നു വേദനിപ്പിക്കുന്ന പല ഓർമകളും.
ശത്രു എന്നാൽ വിരോധി, ദോഷം ചെയ്യുന്നവൻ, അമിത്രൻ, വൈരി, ധ്വവേഷണൻ എന്നൊക്കെ അർത്ഥങ്ങൾ ഉണ്ട്. പല ശകുനിമാർ സമൂഹത്തിൽ ഉള്ളതും ശത്രുത്വം ഉണ്ടാകുവാൻ ഇടയാകുന്നു..സുബലൻ എന്ന ഗാന്ധാര രാജാവിന്റെ പുത്രൻ ആണ് ശകുനി. ധർമ്മപുത്രരെ ചൂതുകളിയിൽ ചതിച്ചു തോല്പിച്ചത് ഈ ശകുനി ആണ്. ഇതുപോലെ ചതിവിലൂടെ മറ്റൊരുവനെ ഇല്ലായ്മ ചെയ്യുന്ന ആത്മീക ശകുനിമാർ ദൈവ സഭകളിലും കയറി പറ്റിയിട്ടുണ്ട്. ഒരുവന്റെ ഉയർച്ചയിൽ, മറ്റൊരു പ്രസ്ഥാനത്തിന്റെ വളർച്ചയിൽ, മറ്റുള്ളവരുടെ കഴിവുകളിൽ സമാസമം ഒരുവന് എത്തപ്പെടുവാൻ സാധിക്കുന്നില്ലെങ്കിൽ അയാൾ ലാക്ഷണികാർത്തൻ ആയി മാറുന്നു.
രാജകീയ ഭരണങ്ങളിൽ എതിർപ്പുകൾ പ്രകടിപ്പിക്കാൻ അത്ര പെട്ടന്ന് സാധ്യമല്ലായിരുന്നു. എന്നാൽ ജനാധിപത്യ ഭരണ സംവിധാനത്തിൽ പ്രതിപക്ഷ ശക്തി ഭരണത്തിന് വെല്ലുവിളി ആയാലും പ്രതിപക്ഷ ബഹുമാനത്തോടെ പരസ്പരം ഉൾ കൊണ്ടാൽ നല്ല മിത്രങ്ങളായി ഇരു കൂട്ടർക്കും സമൂഹത്തിന് നല്ലവ ചെയ്യുവാൻ ഇടയായി തീരും. നിയമ നിർമ്മാണം, നിയമ നിർവ്വഹണം, നീതി നിർവ്വഹണം എന്നിവയാണ് മികച്ച ഭരണത്തിന്റെ സവിശേഷതകൾ. ഭരണ കർത്താക്കളുടെ ഇടയിൽ പോലും കഴിവുകളിൽ തന്നെക്കാൾ മറ്റൊരു വൻ മുൻപിൽ ആയാൽ ശത്രുത താനേ ഉണ്ടാകും. കാരണം മനുഷ്യൻ എന്നും സ്വാർത്ഥനാണ്.
ദൈവമക്കൾ എന്ന് അഭിമാനിക്കുന്ന നമ്മുടെ സമൂഹത്തിലും ശത്രുക്കൾക്ക് കുറവൊന്നും ഇല്ല. പ്രതിപക്ഷം എവിടെ ഉണ്ടോ അവിടെ ശത്രുത ഉറപ്പായും ഉണ്ട്. നിയമ നിർവ്വഹണത്തിലും നീതി നിർവ്വഹണത്തിലും നീതിയോടെ നിൽക്കുന്നവർക്ക് ശത്രുത സന്തത സഹചാരി ആയി കൂടെ കാണും. ഇന്ന് എല്ലാവർക്കും തിരുത്തലുകളുടെ സന്ദേശമല്ല ആവശ്യം പുകഴ്ചകളുടെയും ആനന്ദത്തിന്റെയും ഘണ്ട ഘോഷമാണ്. ഇനി ശുദ്ധീകരണത്തിന്റെയോ, കുറവുകളെ ചൂണ്ടി കാട്ടിയോ പ്രസംഗിച്ചാൽ അത് മതി ശത്രുത ആരംഭിക്കാൻ. അവിടെ പക്ഷങ്ങൾ ഉടലെടുക്കുകയും ഗൂഢാ ലോചനകൾ നടത്തി പുരോഹിതൻ മാരെയും ശുശ്രൂഷകൻ മാരെയും തുരത്തുവാൻ ശ്രമിക്കയും ചെയ്യുന്നു. വചനം എന്നേ ശുദ്ധീകരിച്ചു നിത്യതയിൽ എത്തിക്കുവാനുള്ള വടിയും കോലും ആണന്നു ദാവീദ് രാജാവിനെ പോലെ നാം ചിന്തിച്ചാൽ കുറെ ഏറെ ശത്രുത കുറയുവാൻ ഇടയായി തീരും. നമ്മൾ വചനത്താൽ നന്നാകാത്തതു കൊണ്ടാണ് കമ്മറ്റി യിൽ അടി, പള്ളിക്കകത്തു പോര്, വീടുകൾ കയറി ഇറങ്ങി അംഗബലം കൂട്ടാൻ വോട്ടുശേഖരണം സഭാ ജനങ്ങളും ശുശ്രൂഷകർ /പുരോഹിതർ, തമ്മിലും വാക് പോര്, ഒരുപള്ളിയിൽ രണ്ടു ഗ്രൂപ്പിന് പ്രത്യേകം ആരാധന ഒരേ ഹോളിൽ ഒരേ സമയം തിരിഞ്ഞും മറിഞ്ഞും ഇരുന്നുള്ള ആരാധന. പരസ്പരം നാം ശത്രുക്കൾ ആകുമ്പോൾ പള്ളി കെട്ടിടം വർധിക്കയും സഭയുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. തൊഴുത്ത് മാറ്റിയത് കൊണ്ട് പശു നന്നാകില്ല. പശു നന്നായെലെ തൊഴുത്ത് നല്ലതാകു. നമ്മുടെ സമൂഹം ക്ഷമിക്കാനും പലതും മറക്കാനും തമ്മിൽ സ്നേഹിക്കാനും തയ്യാർ ആകണം മാത്രമല്ല ശകുനി യുടെ സ്വഭാവം മാറുകയും വേണം.
ഒരുവന്റെ വാക്കിനാൽ ഒരുവൻ ഒടുങ്ങി പോകരുത് എന്ന് ദൈവ വചനം പറയുന്നു. എന്റെ വാക്കും പ്രവർത്തിയും മറ്റൊരുവനെ തരം താഴ്ത്തുന്നതോ മുറിക്കുന്നതും ആണോ എന്ന് നാം വിലയിരുത്തണം. അങ്ങനെ സംഭവിച്ചാൽ ഒരു ക്രമീകരണത്തിനായി മുതിർന്നാൽ ശത്രുത ചിലതൊക്കെ ഇല്ലാതാകുകയും ചെയ്യും. കഴിവിന്റെ മികവ് സമാ സമം എന്ന് തോന്നിയാൽ ഒരുവനെ ഒടുക്കി കളയാൻ ശ്രമിക്കുന്ന അനേകർ ശത്രുതയാൽ മാത്രമേ നേരിടുകയുള്ളു. അതിനു വേണ്ടി എന്തു തരം താണ പണിയും നിഗൂഢമായും പ്രവർത്തിക്കും.
വിശുദ്ധ വേദപുസ്തകം പൂർണമായി നോക്കിയാൽ ദൈവദൂതൻ മാരുടെ സംഘത്തിൽ നിന്ന ദൂതൻ, കാലക്രെമേണ ശത്രുവായ പിശാച് ആയി ഭൂമിയിൽ ദൈവമക്കളുടെ ഇടയിൽ കയറി പറ്റി . സ്നേഹിതനായി തോട്ടത്തിലും, കുലപാതകിയായി കായീനിലും വഞ്ചകനായി യൂദാ ഇസ്കരിയോത്താവിലും പ്രവർത്തിച്ചു.ഇതു പോലെ ആണ് സ്നേഹിതനായി കൂടെ നടന്നു പലരും ശത്രു ആയി തീരുന്നതും. പരിണിത ഫലമോ സമാധാന അന്തിരീക്ഷത്തെ കുലം തോണ്ടി തൊഴുത്തിൽ കുത്തും ഉണ്ടാക്കുന്നു. ഇതോടെ കലുഷിതമായ ഒരു അന്തരീക്ഷം നമ്മിലൂടെ ശത്രു ഉണ്ടാക്കുകയാണ്. അതിർത്തിക്കുവേണ്ടി രാജ്യങ്ങൾ തമ്മിലും യുദ്ധം ചെയ്തു ശത്രുക്കൾ ആകുന്നു. ഇതൊക്കെ ഒരു സമവായ ചർച്ചയിലൂടെ തീരുന്നകാര്യങ്ങളാണ്. രണ്ടു പേരെ ശത്രുക്കളായി നിർത്തിക്കൊണ്ട് നേട്ടം കൊയ്യുന്ന മൂന്നാമനെ നാം തിരിച്ചറിയണം.
ദാവീദ് രാജാവിന്റെ ജീവിതത്തിൽ തനിക്കു വിജയം ഉണ്ടാകാൻ കാരണം മല്ലനായ ഗൊല്യാത്തിന്റെ മുന്നിലുള്ള ജയം ആണ്. അതിനു കാരണം ശത്രു ശക്തിയെക്കാൾ ശക്തൻ ആണ് എന്റെ ദൈവം എന്ന് ദാവീദിന് പൂർണ വിശ്വാസം ഉണ്ടായിരുന്നു. സ്വന്തം മകനെയും ശത്രുക്കൾ വശീകരിച്ചു പിതാവിന്റെ ശത്രുവാക്കി മാറ്റി. സ്വന്തം മകനായ അബ്ബ്‌ഷാലോമിന്റെയും കൂട്ടരുടെയും ഗൂഡാലോചനകളെ തകർത്ത് ദൈവം ദാവീദിന് ശത്രുവിന്റെ മേൽ ജയം കൊടുത്തു. ദാവീദിന്റെ നല്ല ഭരണത്തിൽ, ആത്മീയതയിൽ എപ്പോഴും ശത്രു ഉണ്ടായിരുന്നു. യഥാർത്ഥ ദൈവ ഭക്തർ ആയിരുന്ന ഡാനിയേലിനും, കൂട്ട് സഹോദരൻ മാർക്കും എതിർപ്പുകൾ കൂടിയത് ദൈവത്തോടുള്ള ആരാധനയിൽ ആണ്.ഏലിയാവിനും, യോഹന്നാൻ സ്നാപകനും രാജാക്കന്മാർ ശത്രുക്കൾ ആയിരുന്നു. കാരണം അവരുടെ പാപത്തിനു നേരെ പ്രവാചകന്മാർ വിരൽ ചൂണ്ടി. ദൈവജനം ദൈവസ്നേഹത്തിലും ആത്മീയതയിലും വർദ്ധിക്കുവാനും ഐക്യതയിൽ മുന്നേറുവാനും പിശാച് അനുവദിക്കയില്ല. ആ തന്ത്രം അറിയാവുന്ന നമ്മൾ പിശാചിന് ഇരിപ്പാടം ഉള്ളിൽ കൊടുത്ത് തമ്മിൽ ശത്രുക്കൾ ആയി തീരുന്നു. എന്നിട്ടു ചോദിക്കും എന്നോട് എന്താണ് എത്ര ശത്രുത?.
മൂന്നര വർഷവും യൂദാസ് യേശുവിനു ശത്രു അല്ലായിരുന്നു. യേശു ദൈവപുത്രനായ മിശിഹ എന്നുള്ള പ്രഖ്യാപനനാവും, പ്രവർത്തന മേഖലകളും അന്നത്തെ യെഹൂദ്യ ഭരണകൂടത്തിനും പുരോഹിത വർഗ്ഗത്തിനും ഉൾക്കൊള്ളുവാൻ സാധിക്കാതെ വന്നപ്പോൾ യേശുവിന്റെ മിത്രമായ ശിഷ്യനെ ശത്രു പാളയം വിലക്കെടുക്കയായിരുന്നു. പരിണിത ഫലമോ യൂദായുടെ ദാരുണമായ അന്ത്യവും. ശത്രുക്കളായിരുന്ന ഫറവോനും പീലാത്തോസും യേശുവിനെ ക്രൂശിക്കാൻ ഒത്തുകൂടി. യേശു അന്നും ഇന്നും അധർമ്മ മൂർത്തികൾക്കു ശത്രു തന്നെയാണ്. പക്ഷെ യേശു പഠിപ്പിച്ചത് ശത്രുക്കളെ സ്നേഹിപ്പിൻ എന്നാണ്. ശത്രുക്കളെ തമ്മിൽ ഒന്നിപ്പിച്ചാൽ ഒന്നിപ്പിക്കുന്ന ആളിന്റെ ശത്രു ആകും ഒന്നിച്ചവർ അതാണ് ഇന്നത്തെ അവസ്ഥ.
മറ്റുള്ളവരുടെ കഴിവിലും, പ്രവർത്തിയിലും, നേട്ടങ്ങളിലും ഉയർച്ചയിലും ശത്രുവായി നാം കണ്ടാൽ നമുക്ക് എന്തു നേട്ടം? വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഒരാൾക്ക് പരാജയം സംഭവിച്ചാൽ ഉപദേശം കൊണ്ടു തിരുത്തി യഥാസ്ഥാന പെടുത്തുകയാണ് നന്മ കാണുവാൻ ആഗ്രഹിക്കുന്ന വ്യക്തി ചെയ്യേണ്ടത്. മറിച്ചു തകർക്കുവാൻ സമയം കാത്തി രിക്കുന്ന വന് തകർത്തു കളയുവാൻ അധിക സമയം വേണ്ടതാനും. ശത്രുത്വം ഇടിച്ചു കളയണം എങ്കിൽ ക്ഷമിച്ചുകൊണ്ടുള്ള ദൈവസ്നേഹം നമ്മുടെ ഇടയിൽ വർധിക്കണം.
യഥാർത്ഥ ദൈവമക്കൾ നേരിടേണ്ടി വരുന്ന എതിർപ്പുകളും വെല്ലുവിളികളും സംഖ്യാതീതമാണ്. ദൈവമക്കളെയും സഭയെയും തകർത്തു കളയുകയാണ് ശത്രുവിന്റെ ലക്ഷ്യം. നാനാവശത്തുനിന്നുമുള്ള പ്രതികൂലങ്ങളും പ്രലോപനങ്ങളും അവർ അനുഭവിക്കേണ്ടി വരുന്നു. സുദീർഘകാലം പോരാടിയ ധീര പോരാളികളെയും ശത്രുവായ സാത്താൻ വെറുതെ വിടുന്നില്ല. ഏങ്ങനെ ഏങ്കിലും ലക്ഷ്യത്തിൽ നിന്ന് വ്യതിചലിപ്പിച്ചു ദൈവഭൃത്യരുടെ ഇത പര്യന്തമുള്ള ധൗത്യവും സമർപ്പണവും വൃഥാവാക്കുന്നതിന്, സമര മുഖത്തിന്റെ അന്തിമഘട്ടം അതി തീവൃതമാക്കുവാൻ ശത്രു സർവ്വ യക്നവും ചെയ്യുന്നു. സഹഭടൻ മാരെയും കള്ള സഹോദരൻ മാരെയും ചിലപ്പോൾ അവൻ അവർക്കെതിരായി അണിനിരത്തുന്നു. ഉറ്റവരെയും സഹകാരികളെയും അകറ്റിച്ചു എന്നും വരാം. ഈ തന്ത്രങ്ങൾ മിനയുന്ന ആരും ദൈവ സഭയുടെ ശത്രു ആകുന്നു. ഈ ദുഷ്ട സ്വഭാവത്തെ തിരുത്തിയില്ലെങ്കിൽ ദൈവ പ്രവർത്തി ശുഷ്‌കിക്കയും അപമാനം കേൾക്കേണ്ടിയും വരും. അകത്തു ഇത്തരത്തിൽ ശത്രു വളർന്നാൽ പുറത്തുനിന്നും ഉയരുന്ന ശത്രുതക്ക് നമുക്ക് ഒന്നും പറയാൻ ഇല്ല. നമുക്ക് പറയാം ഞാൻ ആർക്കും ശത്രു അല്ല മിത്രം ആണ്… ഏതൊരാവസ്ഥയിലും കൂടെ നിൽക്കുന്ന ഉറ്റ മിത്രം. പിന്നീട് ചോദിക്കാം എന്നോട് എന്തെ ഇത്രയും ശത്രുത……ഒരു യഥാർത്ഥ വിശ്വാസി യോടുള്ള മറുപടി ഇതാണ് നിങ്ങൾ ഒരു ദൈവ പൈതൽ ആയതുകൊണ്ടും, മറ്റുള്ളവരുടെ ഇങ്കിതത്തിനു വഴങ്ങാത്തതു കൊണ്ടും, ദൈവ കൃപയുടെ അഭിഷേകം നിങ്ങളിൽ ഉള്ളത് കൊണ്ടും അത്രേ ശത്രു ബലം വർദ്ധിക്കുന്നത്. ഈ ബലത്തോടെ മുന്നേറുക, ശത്രു മിത്രമായി മാറും ഉറപ്പ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.