ലേഖനം:ഗമനത്തെയും ആഗമനത്തെയും പരിപാലിക്കുന്നവൻ | ഷൈജു ഡാനിയേല്‍ അടൂര്‍

ആടുകളുടെ വാതിൽ ഞാൻ ആകുന്നു!!!

ഞാൻ വാതിൽ ആകുന്നു എന്ന യേശുവിന്റെ അവകാശവാദത്തിൽ നിന്നും അല്പ്പം കൂടി ആഴത്തിലുള്ള യേശുവിന്റെ ഒരു പ്രസ്താവനയാണ് “ആടുകളുടെ വാതിൽ ഞാൻ ആകുന്നു”. ചൂടുകാലങ്ങളിൽ മലയുടെ മുകളിൽ രാത്രിചിലവഴിക്കുന്ന ആടുകൾക്ക് വിശ്രമിക്കുവാൻ പണിതുറപ്പിച്ചിരിക്കുന്ന ആലകൾ മലമുകളിൽ ഉണ്ടാകാറില്ല. കേവലം ഒരു ചുറ്റുമതിൽ മാത്രമുള്ള ഒരു സംവ്വിധാനം. ഉള്ളിലേക്ക് പ്രവേശിക്കാൻ അടച്ചുറപ്പിച്ച വാതിലുകൾ ഇല്ലാത്തെ ഒരു പ്രവേശന കവാടം മാത്രം അവിടെ ഉണ്ടാകും. എന്നാൽ ഈ ആടുകളുടെ ഇടയൻ ആ പ്രവേശന സ്ഥലത്ത് വാതിലിന്റെ സ്ഥാനത്തു രാത്രിയിൽ കിടക്കുക പതിവാണ്. ഒരാടിനും ആ ഇടയന്റെ മുകളിലൂടെ അല്ലാതെ അകത്തു പോകുവാനോ പുറത്തു പോകുവാനോ കഴിയുകയില്ല. ഇവിടെയാണ്‌ ഞാൻ ആടുകളുടെ വാതിൽ ആകുന്നു എന്ന പ്രസ്താവന പ്രസക്തമാകുന്നത്. പൌലോസിന്റെ ഭാഷയിൽ ഇത് ” ജീവനുള്ള പുതുവഴി”!!

ഈ വാതിലിലൂടെ ആടുകൾ അകത്തുവരികയും പുറത്തുപോകുകയും ചെയ്യും. യഹൂദന്റെ മനുഷ്യ ജീവിതത്തെ കുറിച്ചുള്ള നിർവ്വചനത്തിന്റെ പശ്ചാത്തലം ഇതിന്റെ പിന്നിൽ ഉണ്ട്. ഉപദ്രവിക്കപ്പെടാതെ വരികയും പോകുകയും ചെയ്യുവാൻ കഴിയുന്ന അനുഭാവാണ് മനുഷ്യ ജീവിതം എന്ന ഒരു ചിന്ത അവരിൽ പ്രബലമായിരുന്നു. ഒരു മനുഷ്യന് ഭയമില്ലാതെ പുറത്തു പോകുവാനും തിരികെ വരുവാനും കഴിയുന്നത്‌ ആ രാജ്യത്തിന്റെ സുരക്ഷിതത്വത്തെ കാണിക്കുകയാണ്. അണികളെ സുരക്ഷിതത്വത്തോടെ പുറത്തുകൊണ്ടുപോകുവാനും അകത്തു പ്രവേശിപ്പിക്കാനുമുള്ള ഒരു കഴിവ് ശെരിയായ ഒരു നേതാവിന്റെ ലക്ഷണമാണ്. പുറത്തേക്കും അകത്തേക്കും, ആ നേതാവിൽ അണികൾ സുരക്ഷിതത്വം കണ്ടെത്തുന്നു. സങ്കീർത്തനക്കാരന്റെ വാക്കുകൾ ശ്രേദ്ധെയമാണ് – “യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും”.

post watermark60x60

ആടുകളുടെ വാതിലായവൻ നമ്മുടെ ജീവിതത്തിന്റെ പ്രവേശന കവാടത്തിൽ കിടക്കുമ്പോൾ നമ്മുടെ ഗമനത്തിലും ആഗമനത്തിലും അവനെ കടന്നൊരു യാത്രയില്ല. അവനിലൂടെ നമ്മുടെ ഗമനവും ആഗമനവും സുരക്ഷിതമായിരിക്കുന്നു.!! “അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും” എന്ന പ്രവചനം പൂർണ്ണമാകുന്നത് വാതിലായ ഇടയനിലൂടെയാണ്. ഗിബയോനിൽ വച്ച് ശലോമോനുണ്ടായ ദൈവപ്രത്യക്ഷതയിൽ ഇഷ്ട്ടമുള്ള വരം ചോദിച്ചുകൊൾക എന്ന യഹോവയുടെ ആവശ്യപ്പെടലിൽ (1 രാജ 3:7) “ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല” എന്ന് പറഞ്ഞിരിക്കുമ്പോൾ അതിന്റെ ശെരിയായ ഭാഷാന്തരം “ഞാനോ ഒരു ബാലനത്രേ; എനിക്ക് പുറത്തു പോകുവാനോ അകത്തു വരുവാനോ അറിയില്ല എന്നാണ്. കാര്യപ്രാപ്തിയില്ലാത്ത ശൈശവത്വത്തിന്റെ തലത്തിൽ നിന്നും സമ്പൂർണ്ണമായ പുരുഷത്വത്തിലേക്ക് ഒരു മാറ്റം സാധ്യമാകുന്നത് ആടുകളുടെ വാതിലായ യേശുവിൽ കൂടി മാത്രമാണ്. !!

– ഷൈജു ഡാനിയേല്‍ അടൂര്‍

-ADVERTISEMENT-

-ADVERTISEMENT-

You might also like