ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിശക്തമാകുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടിയന്തരസാഹചര്യങ്ങളുണ്ടായല്‍ നേരിടാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച്‌ കുര്യന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി,പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി കെഎസ്‌ഇബി 13 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. അറബിക്കടലില്‍ മിനിക്കോയിക്കടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനരികിലൂടെ ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ഉച്ചയോടെ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നത്.

post watermark60x60

തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നാണ് പ്രവചനം. കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കിലോമീറ്ററിന് മുകളിലായാല്‍ ന്യൂനമര്‍ദ്ദത്തെ ചുഴലിക്കാറ്റായി പ്രഖ്യാപിക്കും. ആന്‍ഡമാന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തിപ്രാപിച്ച്‌ ഒഡീഷ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികള്‍ 12 വരെ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like