ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ച രണ്ട് പേരെ കെനിയയിൽ വധിച്ചു

നെയ്റോബി: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചു ക്രൂര മത പീഡനത്തിന്റെ അവസാനത്തെ കഥ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നും. ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍-ഷബാബ്, ഇസ്ലാമിക പ്രമാണങ്ങള്‍ ചൊല്ലുവാന്‍ വിസമ്മതിച്ച ക്രൈസ്തവരായ രണ്ട് ബസ് യാത്രക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെയും, മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളുടേയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ICC) ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കെനിയയുടെ വടക്ക്-കിഴക്കന്‍ മേഖലയിലെ പ്രദേശമായ ഗരീസ്സായിലേക്ക് സഞ്ചരിച്ചുക്കൊണ്ടിരുന്ന ബസ്സ്‌ തീവ്രവാദികള്‍ തടയുകയും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് വധിക്കുകയുമായിരുന്നു. ക്രൈസ്തവരെ കണ്ടെത്തുവാന്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച ഇസ്ലാമിക തീവ്രവാദികള്‍ക്ക് മൂന്ന് പേരില്‍ സംശയം തോന്നുകയും അവരെ മാറ്റിനിര്‍ത്തി ഇസ്ലാമിക വിശ്വാസ പ്രമാണം ചൊല്ലുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവരില്‍ രണ്ടുപേര്‍ ഇതിന് വിസമ്മതിച്ചപ്പോള്‍ അവരെ ബന്ധനസ്ഥരാക്കി കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

കെനിയയിലെ എന്‍‌ടി‌വിയുടെ റിപ്പോര്‍ട്ടനുസരിച്ച് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബസ് മെക്കാനിക്കും, മറ്റേയാള്‍ മാസലാനിയില്‍ നിന്നും ഗരീസ്സായിലേക്ക് പോവുകയായിരുന്ന സാധാരണ തൊഴിലാളിയുമായിരുന്നു. കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാന്‍ ശ്രമം തുടരുകയാണെന്ന് ഐ‌സി‌സി ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചു. കെനിയന്‍ സര്‍ക്കാരും, സൊമാലിയന്‍ സര്‍ക്കാരും രാജ്യസുരക്ഷക്ക് ഭീഷണിയായിട്ടുള്ള ഇസ്ലാമിക തീവ്രവാദി സംഘടനയെ ഇല്ലാതാക്കുവാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇരു രാജ്യങ്ങളിലേയും സര്‍ക്കാറുകള്‍ക്കുണ്ടെന്നും ഐ‌സി‌സി കൂട്ടിച്ചേര്‍ത്തു.

post watermark60x60

സമീപകാലങ്ങളില്‍ കെനിയയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വ്യാപകമായ രീതിയിലുള്ള ആക്രമണങ്ങളാണ് അല്‍-ഷബാബ് തീവ്രവാദികള്‍ നടത്തിവരുന്നത്. 2015-ല്‍ ഗരീസ്സായിലെ എഴുനൂറോളം കുട്ടികളെ ബന്ധികളാക്കുകയും, അവരില്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ പോകാന്‍ അനുവദിച്ച ശേഷം ക്രൈസ്തവരാണെന്ന് മനസ്സിലായവരെ വെടിവെച്ച് കൊലപ്പെടുത്തിയത് അല്‍-ഷബാബ് തീവ്രവാദികളാണ്. നൂറ്റിയന്‍പതോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like