മൂന്ന് ബാങ്കുകൾ ലയിക്കുന്നു; രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാകാൻ

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അസ്സോസിയേറ്റ് ബാങ്കുകളും തമ്മിലുള്ള ലയനത്തിന് ശേഷം, അടുത്ത വലിയ ബാങ്ക് ലയനവുമായി സർക്കാർ.

വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാൻ തീരുമാനമായി.

ലയനത്തിന് ശേഷം രൂപപ്പെടുന്ന ബാങ്ക് 14.82 ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസോടെ മൂന്നാമത്തെ വലിയ ബാങ്കാകുമെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.

post watermark60x60

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ പെരുകുന്ന കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി നേരിടാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ നീക്കമാണിത്.

ദേന ബാങ്ക് നിലവിൽ ആർബിഐയുടെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന് (PCA) കീഴിലാണുള്ളത്. അതിനാൽ തന്നെ ബാങ്കിന് വായ്പ നല്കാൻ സാധിക്കില്ല. എൻ.പി.എ റേഷ്യോ 22 ശതമാനമാണ്. ഈ മൂന്ന് പൊതുമേഖലാ ബാങ്കുകളിൽ, നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന ബാങ്കുകളിൽ ഒന്നാണ് വിജയ ബാങ്ക്. ഇതിന്റെ എൻ.പി.എ റേഷ്യോ 6.9 ശതമാനമേയുള്ളൂ. ഇവയിൽ ഏറ്റവും വലിയ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ എൻ.പി.എ റേഷ്യോ 12.4 ശതമാനവും. ലയിച്ചുണ്ടാകുന്ന പുതിയ ബാങ്കിന്റേത് ഏകദേശം 13 ശതമാനം വരുമെന്ന് കണക്കാക്കുന്നു.

മൂന്നു ബാങ്കുകളുടെയും ഡയറക്ടർ ബോർഡിനോട് ലയനനീക്കം ചർച്ച ചെയ്യാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ദുർബലമായ ഒരു ബാങ്ക് രണ്ട് ശക്തമായ ബാങ്കുകളുടെ കൂടെ ലയിപ്പിക്കുന്നതിനാൽ പുതിയ ബാങ്കിന്റെ അടിത്തറ ശക്തമായിരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

മൂന്നു ബാങ്കുകളിലെയും ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ലയനം യാഥാർഥ്യമാകുന്നതുവരെ മൂന്നുബാങ്കുകളും സ്വതന്ത്രമായി പ്രവർത്തിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like