ഭാവന:നോഹയുടെ കാലം | ജസ്റ്റിൻ കായംകുളം

“ഒരു പ്രത്യേക അറിയിപ്പ്, മാന്യമഹാജനങ്ങളെ  അടുത്ത നാൽപതു രാവും നാൽപതു പകലും നിർത്താതെ ഭൂമിയിൽ പേമാരി പെയ്യുന്നു. ഇത് ദൈവത്തിൽ നിന്നുമുള്ള മുന്നറിയിപ്പാണ്‌. രക്ഷപ്പെടുവാൻ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുന്നു. എല്ലാവരും മനസാന്തരപ്പെടുക. നിങ്ങളുടെ പാപങ്ങൾ അതി കഠിനമായിരുന്നു. പാപം ഉപേക്ഷിച്ചു ദൈവത്തിങ്കലേക്കു മനം തിരിയുക. ഞാൻ വലിയൊരു പേടകം നിർമിക്കുന്നു. അതിൽ കയറിയാൽ നിങ്ങൾക്കു രക്ഷപ്പെടാം. ദയവായി ഈ  അറിയിപ്പ് സ്വീകരിക്കുക.”

നോഹയപ്പച്ചൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ ലോകത്തോട് വിളിച്ചു പറഞ്ഞു. പത്രത്തിൽ കൊടുത്തു. സമൂഹമാധ്യമങ്ങളിലുൾപ്പടെ പോസ്റ്റ് ചെയ്തു. നീണ്ട വർഷങ്ങൾ തുടർമാനമായി ഇതേ കാര്യം അപ്പച്ചൻ പ്രസംഗിച്ചു. ജനക്കൂട്ടം പരിഹസിക്കാൻ തുടങ്ങി. അപ്പച്ചന്റെ കൂട്ടത്തിലുള്ളവർ ചർച്ചാവേദികൾ രൂപീകരിച്ചു. ചർച്ചകൾ തുടങ്ങി.അനന്തമായി നീളുന്ന ചർച്ചകൾ, വിവരമുള്ളവനും വിവരമില്ലാത്തവന്മാരും തമ്മിൽ ആശയങ്ങളും മഴയുടെ അനന്ത സാധ്യതകളും, ദൈവമുണ്ടോ, ദൈവമില്ലയോ എന്നിങ്ങനെ കമന്റുകളിട്ടു തകർത്തു. ഷെയറുകൾ ചറപറാ നടന്നു. കാര്യമറിയാതിരുന്ന എതിർകക്ഷികൾക്ക് സംഭവം പിടികിട്ടി. അവർ പരിഹാസ പോസ്റ്റുകളും ട്രോളുകളും ഇറക്കി. തെറിവിളികൾ കൊണ്ട് പോസ്റ്റിന്റെ അടിവശം ചീഞ്ഞളിഞ്ഞു.

നോഹയപ്പച്ചനെ വ്യക്തിഹത്യ ചെയ്തു. തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു. കള്ളപ്രവാചകൻ, ദുരുപദേശകൻ, ദൈവദൂഷകൻ എന്നീ വിളിപ്പേര് ചാർത്തി. ഇതൊന്നും അറിയാതെയും കേൾക്കാതെയും അപ്പച്ചൻ തൊണ്ട പൊട്ടി പ്രസംഗിച്ചു.

ചില തല്പരകക്ഷികൾ അപ്പച്ചനെ തടഞ്ഞു. കുത്തിന് പിടിച്ചു കരണത്തടിച്ചു. ഇനി മേലിൽ പ്രസംഗിക്കരുതെന്നും അവരുടെ മണ്ണിൽ കാലു കുത്തരുതെന്നും ഭീഷണിപ്പെടുത്തി. പാവം ആരോഗ്യവും ബലവുമില്ലാത്ത അപ്പച്ചൻ ചിരിച്ചു കൊണ്ട് അതൊക്കെ സഹിച്ചു. കയ്യൂക്കുള്ളവൻ തിണ്ണമിടുക്ക് കാണിച്ചു, “ഞങ്ങൾക്ക് നിന്റെ ഉപദേശമൊന്നും വേണ്ട ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസമാണ് വലുത് ഇനി കണ്ടാൽ കൊന്നു കളയും ” ഭീഷണി സ്വരമുയർന്നു. അതും ഒരു പണിയുമില്ലാതെ ഫേസ്ബുക്കിൽ ലൈവ് ചെയ്തു സംതൃപ്തി അടയുന്ന ചിലർ ആഘോഷിച്ചു. ചർച്ചകൾ, പ്രതിഷേധം അങ്ങനെ നീണ്ടു..
അപ്പച്ചൻ കുലുങ്ങിയില്ല പെട്ടകം പണിയാൻ തുടങ്ങി. ദൈവം എല്ലാ അളവുകളും ചട്ടങ്ങളും പ്രമാണങ്ങളും കൊടുത്തു പണിയുന്നതിന് വേണ്ടി. അപ്പച്ചൻ ദൈവത്തെ അനുസരിച്ചപ്പോൾ ജനം വീണ്ടും വഷളായിക്കൊണ്ടിരുന്നു. പരസ്പരം പോരിന് വിളിച്ചും കൊല വിളി നടത്തിയും പാപം കൊണ്ട് ഭൂമി നിറഞ്ഞു. കലാപത്തിന്റെ ആഹ്വാനങ്ങളും ധ്വനികളും എങ്ങും നിറഞ്ഞു ആയുധങ്ങൾ ശേഖരിക്കപ്പെട്ടു. മനുഷ്യർ സ്വാർത്ഥരായി. മൃഗീയ പീഡനങ്ങൾ, കാമാർത്തി, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവ അരങ്ങേറി. ഭൂമിയിൽ എങ്ങും അരക്ഷിതാവസ്ഥ. മാധ്യമങ്ങളിൽ മുഴുവൻ വിധ്വേഷവും പകയും അസ്വസ്ഥതകളും ഉയർന്നു നിന്നു.

കാലങ്ങൾ കടന്നു പോയി. അപ്പച്ചന്റെ  പെട്ടകം പണി പുരോഗമിച്ചു. ഇത് വരെ  മഴയുടെ ലക്ഷണം പോലുമില്ല. അപ്പച്ചൻ വിശ്വാസത്തോടെ ജലപ്രളയത്തെ പറ്റി പ്രസംഗിച്ചു. ആളുകൾ വീണ്ടും ക്ഷുഭിതരായി. കല്ലുകൾ ആഞ്ഞു പതിച്ചു. കൂടെപ്പിറപ്പുകൾ കൂടുതൽ ചെളി വാരിയെറിഞ്ഞു. അവസാനം പേടകത്തിന്റെ പണി പൂർത്തിയായി. വീണ്ടും ഒരവസരം കൂടെ മനുഷ്യർക്ക് നൽകി. ആരും തിരിഞ്ഞു നോക്കിയില്ല. ചിന്താശേഷിയും, വിവരവും ബുദ്ധിയുമുള്ള മനുഷ്യൻ രക്ഷാ സന്ദേശത്തെ തള്ളിക്കളഞ്ഞപ്പോൾ വീണ്ടു വിചാരമില്ലാത്ത മൃഗങ്ങൾ ഒന്നൊന്നായി ആണും പെണ്ണുമായി പെട്ടകത്തിൽ കടന്നു. നോഹയും കുടുംബവും പെട്ടകത്തിൽ കടന്നു. ദൈവം പേടകത്തെ സീൽ ചെയ്തു.

ആകാശത്തിന്റെ കിളി വാതിൽ മലർക്കെ തുറക്കപ്പെട്ടു, ആഴിയിലെ ഉറവകൾ പൊട്ടിയൊഴുകി. മഴയാർത്തലച്ചു, കലിതുള്ളി പേമാരിയായി സംഹാരരൂപം പൂണ്ട മഴ ഭൂമിയിൽ നിർത്താതെ പെയ്തു. വീണ്ടു വിചാരം കിട്ടിയവർ രക്ഷയ്ക്കായി കൈ നീട്ടി.. ഒരു രക്ഷയുമില്ല പെട്ടകം സുരക്ഷിതമായി ഒഴുകി നടന്നു. കുത്തിന് പിടിച്ചവനും, ട്രോള് ഇട്ടവനും, ചർച്ച ചെയ്തവനും, തെറി വിളിച്ചവനുമൊക്കെ ദൈവം ആരാണെന്നു മനസ്സിലാക്കാൻ തുടങ്ങി. ശാസ്ത്രത്തിനും മനുഷ്യ ബുദ്ധിക്കും ശക്തിക്കും വെള്ളത്തിന്റെ ഒഴുക്കിനെ തടയാൻ പറ്റിയില്ല.. നീണ്ട നാല്പത് ദിവസങ്ങൾ മഴ പെയ്തു. എല്ലാം നശിച്ചു. സമ്പാദിച്ചതും, വാരിക്കൂട്ടിയതും, ഉണ്ടാക്കിയതും എല്ലാം വെള്ളം കൊണ്ട് പോയി. ആരും പറഞ്ഞില്ല എന്റെ വീട്ടിൽ കയറരുതെന്ന്, പട്ടിയെ അഴിച്ചു വിട്ടില്ല, ഗേറ്റ് പൂട്ടിയില്ല, കൊടി പിടിച്ചില്ല. ഇപ്പോൾ എല്ലാവരും തുല്യരായി.

അവസാനം ആകാശത്തു മഴവില്ല് തെളിഞ്ഞു. മഴ നിന്നു. ദൈവത്തിൽ വിശ്വസിച്ച നോഹയപ്പച്ചനും കുടുംബവും, മൃഗങ്ങളും മാത്രം രക്ഷപ്പെട്ടു…….
പ്രിയമുള്ളവരേ ദൈവം തന്റെ ഭക്തരെ ചിലത് അറിയിക്കുമ്പോൾ അത് അംഗീകരിക്കുകയും പ്രാർത്ഥിക്കുകയും അനുസരിക്കുകയും വേണം. നമ്മുടെ ബുദ്ധിയും യുക്തിയും കൊണ്ട് ചിന്തിച്ചാൽ ഒരുപക്ഷെ അവിശ്വസിക്കാൻ പറ്റുമെങ്കിലും ദൈവം പറയുന്നത് അത് പോലെ വിശ്വസിക്കണം. എങ്കിൽ നമുക്ക് രക്ഷ പ്രാപിക്കാം…..

✍? ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.