ഭാവന:കപടത മാറട്ടെ : ഒരു ന്യുജെൻ ചിന്ത | ഡോ അജു തോമസ്

അതിരാവിലെ തന്നെ എഴുന്നേറ്റു ആരാധനയ്ക്കു പോകാൻ ജോസ് അച്ചായനും അമ്മാമ്മയും തയ്യാറായി നിൽക്കുമ്പോൾ ആണ് “ഇന്ന് ഞാൻ വരുന്നില്ല ” എന്ന മകൻ ജിതിൻ പറയുന്നത് കേട്ടത്. എന്താ കാരണമെന്നു അന്വേഷിച്ചപ്പോൾ പല ഒഴികഴിവുകൾ ആണ് ജിതിൻ പറയുന്നത്. ഒരു കണക്കിന് ജിതിനെയും കൊണ്ട് ആരാധനയ്ക്കു പോകാൻ അവർക്കു കഴിഞ്ഞു.

ആരാധന തുടങ്ങി …നല്ല പ്രാർത്ഥന …നല്ല പ്രസംഗം…അവസാനം കമ്മിറ്റി മീറ്റിംഗിന്റെ കാര്യം പറയാൻ സെക്രട്ടറി അച്ചായൻ മുൻപോട്ടു വരുന്നു..അച്ചായൻ മുൻപോട്ടു നടന്നു വരുമ്പോൾ തന്നെ ബാക്ക്ഗ്രൗണ്ടിൽ ആരൊക്കെയോ മുറുമുറുക്കുന്നതിന്റെ ശബ്ദം കേൾക്കാമായിരുന്നു.. സെക്രട്ടറിച്ചായൻ വിഷയങ്ങൾ എല്ലാം അവതരിപ്പിച്ചതും ചർച്ച തുടങ്ങി…. പിന്നെ വാഗ്‌വാദം ആയി , ബഹളം ആയി …നല്ല പാട്ടോടു കൂടി ആരംഭിച്ച പ്രാർത്ഥന അവസാനിച്ചത് ചിലരുടെ ഇറങ്ങി പോക്കിലൂടെ ആയിരുന്നു.ഒരു തരത്തിൽ മീറ്റിംഗ് പാസ്റ്റർ അവസാനിപ്പിച്ചതും ജോസ് അച്ചായനും അമ്മാമ്മയും ജിതിനും അവിടെ നിന്ന് ഇറങ്ങി .അവർ കാറിൽ കയറി തിരികെ പോകാൻ തുടങ്ങുമ്പോഴും ആരാധന ഹാളിന്റെ ഉള്ളിൽ നിന്ന് പക്ഷം ചേർന്ന് നിന്നവരുടെ വാഗ്‌വാദങ്ങൾ കേൾക്കാമായിരുന്നു .

“പപ്പാ , ഞാൻ വരുന്നില്ല എന്ന് രാവിലെ പറഞ്ഞതല്ലേ “- കാർ സ്റ്റാർട്ട് ചെയ്തതും ജിതിൻ ഇങ്ങനെ ചോദിച്ചതും ഒരുമിച്ചായിരുന്നു…….ജോസിന് ഒന്നും പറയാൻ ഇല്ല..മോനെ , എല്ലാ സ്ഥലത്തും ഇങ്ങനെ ഒക്കെ തന്നെയാ….പള്ളികളിലും അടി ഇല്ലേ ….അതെ പോലെ കണ്ടാൽ മതി …

post watermark60x60

ഒരാഴ്ചയ്ക്ക് ശേഷം
………………………………..

“പപ്പാ , ഇന്ന് ഞാൻ എന്റെ ഫ്രണ്ട് റിജോ പോകുന്ന ഒരു ഫെല്ലോഷിപ്പിലാണ് പോകുന്നത്..നമ്മുടെ സഭയിൽ ഉള്ളത് പോലെ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുമില്ല… ചെന്നാൽ മതി…. പപ്പാ വരുന്നോ ? ”

ഇങ്ങനെ ഉള്ള പുത്തൻ സഭകളെ കുറിച്ച് ജോസ് കേട്ടിട്ടുണ്ടെങ്കിലും അധികം അറിവ് ഇല്ലാത്തതിനാൽ അവിടെ ഒന്ന് പോയി നോക്കാം എന്ന് കരുതി….

അവിടെ എത്തിയപ്പോൾ തന്നെ അവരെ എതിരേറ്റത് മലയാളം പാട്ടുകൾ ഇംഗ്ലീഷവൽക്കരിച്ചു എങ്ങനെ ഒക്കെ ആ പാട്ടുകളെ മോശമാക്കാമോ അങ്ങനെ ഒക്കെ മോശമാക്കി പാടുന്നതാണ് ജോസ് കേട്ടത്…അത് കേട്ടപ്പോൾ തന്നെ ജോസിന് ആകെ ഒരു വല്ലായിമ തോന്നി… പ്രസംഗം ആണെങ്കിൽ വിടുതലിനെ കുറിച്ചും ഭൗതിക നന്മയെ കുറിച്ച് മാത്രവും… എന്ന് മാത്രമല്ല , നിങ്ങൾ വിത്ത് വിതയ്ക്കുക , പ്രതിഫലം ഉണ്ടാകും എന്ന് പാസ്റ്റർ പറഞ്ഞതും കൂടിയിരുന്നവർ വളരെ വലിയ എമൗണ്ട് കൊടുക്കുകയും ചെയ്യുന്നു….

ജോസ് പോകുന്ന സഭയിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയും ശൈലിയും….ചെറുപ്പക്കാരെ ആകർഷിക്കുന്ന തരത്തിൽ പാട്ടുകളിൽ വ്യത്യാസം വരുത്തി ഇംഗ്ലീഷവൽക്കരിച്ചു പാടുന്നു. വിശുദ്ധിയെ കുറിച്ചോ വേർപാടിന്റെ കുറിച്ചോ പറയുന്നില്ല…നിത്യജീവനെ കുറിച്ച് പ്രസംഗിക്കുന്നില്ല…

മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ഇനി മേലിൽ ഇങ്ങനത്തെ മീറ്റിംഗിന് പോകരുത് എന്ന് ജോസ് ജിതിനോട് പറഞ്ഞു..നമ്മൾ ഇങ്ങനെ ഉള്ളവരുടെ പ്രാർത്ഥനയ്ക്ക് ഒന്നും പോകരുത്..വചനം പ്രസംഗിക്കുന്ന സ്ഥലമല്ല.. നമ്മുടെ സഭകളിൽ ഒന്നുമല്ലെങ്കിലും വചനം പ്രസംഗിക്കുന്നുണ്ട് , വിശുദ്ധിയെ കുറിച്ച് പ്രസംഗിക്കുന്നുണ്ട് , വേർപാടിന്റെ കുറിച്ച് പ്രസംഗിക്കുന്നുണ്ട് …
അതിനാൽ ഇനി ഇങ്ങനത്തെ വചനം പ്രസംഗിക്കാത്ത ഇടങ്ങളിൽ പോകരുത് എന്ന് പറഞ്ഞു വിലക്കി…

“അതെന്താ പപ്പാ അങ്ങനെ…നമ്മൾ പോകുന്ന സ്ഥലത്തു വചനം ഉണ്ട്..പാസ്റ്റർ വചനം പ്രസംഗിക്കുന്നുണ്ട്…എന്നാൽ എത്ര പേര് അതിൻപ്രകാരം ജീവിക്കുന്നു… കഴിഞ്ഞ ആഴ്ച സഭയിൽ നടന്ന അടി പപ്പയ്ക്ക് ഓർമ്മ ഇല്ലേ..കഴിഞ്ഞ ആഴ്ച്ച മാത്രമോ??? മിക്കവാറും ഇത് തന്നെ അല്ലെ? എന്തിനെ ഏറെ? നമ്മുടെ സഭ മാത്രമല്ല , പൊതുവിൽ നോക്കിയാലോ ??അധികാരവടംവലി , അധികാരമോഹം ഇതൊക്കെ അല്ലെ നമ്മുടെ സഭകളിൽ ഉള്ളത്…

ജോസിന്റെ ശക്തിയേറിയ ശാസനയിൽ തുടർന്ന് പറയാൻ ജിതിന് കഴിഞ്ഞില്ല…

അന്ന് വൈകിട്ട്
……………………….

ജോസിനെ സ്നാനപ്പെടുത്തിയ അവറാച്ചൻ ഉപദേശി വീട്ടി വന്നിരിക്കുന്നു….ബഹുമാനത്തോട് കൂടി അദ്ദേഹത്തെ ജോസ് സ്വീകരിച്ചു…തന്റെ കാലഘട്ടത്തിലെ സുവിശേഷ പ്രവർത്തങ്ങളെ കുറിച്ചും വിശ്വാസികളുടെ ആത്മാർത്ഥ സ്നേഹത്തെ കുറിച്ചുമൊക്കെ താൻ പറയുമ്പോൾ അറിയാതെ ഇന്നത്തെ സഭ അന്തരീക്ഷത്തെ കുറിച്ച് ജോസ് ഓർത്തു പോയി…തന്റെ മകനും താനും അന്ന് പകൽ ഒരു ഫെല്ലോഷിപ്പിൽ പോയതും ശേഷം തന്റെ മകൻ തന്നോട് പറഞ്ഞതുമൊക്കെ അവറാച്ചൻ ഉപദേശിയോട് ജോസ് പറഞ്ഞു…ഇത് കേട്ട് നിന്ന ജിതിനും അവറാച്ചൻ ഉപദേശിയുടെ പ്രതികരണത്തിനായി കാതോർത്തു…

“മോനെ, അപ്പച്ചൻ പറയുന്നത് ശ്രദ്ധയോടു കൂടി കേൾക്കണം …ഒരു തെറ്റിനെ വേറൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാൻ ശ്രമിക്കരുത്…നീ ചെയ്തതും അത് തന്നെയാണ്..നമ്മുടെ സഭകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതും , തെറ്റായതുമായ കാര്യങ്ങളെ എടുത്തു കാട്ടി വചനവും വിശുദ്ധിയും വേർപാടും ഒന്നുമില്ലാത്ത തെറ്റായ രീതികളെ ന്യായീകരിക്കാൻ ആണ് നീ ശ്രമിച്ചത്..”

ജിതിന്റെ മറുപടി ഉടനടി തന്നെ ആയിരുന്നു..

“അപ്പച്ചാ , പപ്പയും ചെയ്യുന്നത് അത് തന്നെ അല്ലെ ? നമ്മുടെ സഭയിൽ വചനം പ്രസംഗിക്കുന്നുണ്ട്, വിശുദ്ധിയും വേർപാടും പ്രസംഗിക്കുന്നുണ്ട് എന്നൊക്കെയാണ് പപ്പാ പറയുന്നത്..എന്നാൽ കേട്ട വചനത്തിനു അനുസരിച്ചു ആരെങ്കിലും ജീവിക്കുന്നുണ്ടോ ? വേർപാട് ആരെങ്കിലും പാലിക്കുന്നുണ്ടോ ? ഈ കപടത മാറട്ടെ …പ്രസംഗിക്കുന്നതല്ലാതെ ജീവിതത്തിൽ ഇതൊന്നുമില്ലല്ലോ.. മാത്രമല്ല , കഴിഞ്ഞ ആഴ്ച്ച സഭയിൽ നടന്ന അടിയേ കുറിച്ച് പപ്പാ പറഞ്ഞത് എന്താണ് എന്ന് അറിയാമോ ? എല്ലാ സ്ഥലത്തും അടി ഉണ്ട്..പള്ളികളിലും അടി ഉണ്ട്..അതെ പോലെ കണ്ടാൽ മതി എന്ന്. അപ്പോൾ ഒരു തെറ്റിനെ വേറൊരു തെറ്റ് കൊണ്ട് ന്യായീകരിക്കുകയല്ലേ പപ്പയും ചെയ്യുന്നത് ?”

“ശരിയാണ് മോനെ….രണ്ടും ഒരേ പോലെ തെറ്റാണു….വചനവും വിശുദ്ധിയും വേർപാടും പ്രസംഗിക്കാത്ത , പ്രാധാന്യം നൽകാത്ത രീതിയും തെറ്റാണ്…എന്നാൽ ഇതെല്ലാം പ്രസംഗിച്ചിട്ടും ജീവിതത്തിൽ അതൊന്നും പ്രവർത്തികമാക്കാത്തതും ഒരേ പോലെ തെറ്റാണു ”

വാൽക്കഷ്ണം : സ്നേഹിതാ , നമ്മളും അറിഞ്ഞോ അറിയാതെയോ ഈ രണ്ടു രീതികളിൽ ഒരു രീതിയെ പിന്തുടരുന്നു….ശരിയല്ലേ ???നമ്മൾ ഏതു രീതി പിന്തുടരുന്നവർ ആണ് ?…നാം സ്വയം ചിന്തിക്കുക.. ഇന്നിന്റെ പുത്തൻ സുവിശേഷത്തിന്റെ പുറകിൽ ആണോ ??? അതോ വചനം പ്രസംഗിച്ചിട്ടും ജീവിതത്തിൽ പ്രവർത്തികമാക്കാത്തവരുടെ കൂട്ടത്തിൽ ആണോ ? രണ്ടിൽ ഏതെങ്കിലും ഒന്നാണ് എങ്കിലും ഒന്ന് മടങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു….

-ADVERTISEMENT-

-ADVERTISEMENT-

You might also like