പാസ്പോർട്ട് അപേക്ഷ ലളിതമാക്കാൻ മൊബൈൽ ആപ്പ്
ന്യൂഡൽഹി: പാസ്പോർട്ട് അപേക്ഷയ്ക്കുള്ള നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം മൊബൈൽ ആപ് പുറത്തിറക്കി. ‘പാസ്പോർട്ട് സേവ’ എന്ന പേരിലുള്ള പുതിയ ആപ്ലിക്കേഷനിലൂടെ പാസ്പോർട്ടിനുള്ള അപേക്ഷ സമർപ്പിക്കാനാകുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
പാസ്പോർട്ട് സേവ ദിവസിനോട് അനുബന്ധിച്ച് രാജ്യത്തെ പാസ്പോർട്ട് സേവ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്തിയ ചടങ്ങിലാണ് പുതിയ ആപ് പുറത്തിറക്കിയത്. ആപ്പി ലൂടെ സമർപ്പിക്കുന്ന അപേക്ഷ യിൽ പോലീസ് പരിശോധനയും നടക്കും. പോലീസ് പരിശോധന പൂർത്തിയായാൽ മേൽവിലാസ പ്രകാരം പാസ്പോർട്ട് അയച്ചു നൽകും. വിവാ ഹിതർ പാസ്പോർട്ട് ലഭിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മികച്ച പാസ്പോർട്ട് ഓഫീസറായി തിരുവനന്തപുരം റീജണൽ പാസ്പോർട്ട് ഓഫീസർ ആഷിക് കാട്ടിലിനെ തെരഞ്ഞെടുത്തു.
ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വിധം
* ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗണ്ലോഡ് ചെയ്യാം.
* ന്യൂ യൂസർ രജിസ്ട്രേഷൻ തെരഞ്ഞെടുക്കണം.
* പാസ്പോർട്ട് ഓഫീസ് തെരഞ്ഞെടുത്തതിനു ശേഷം പേര്, ജനനത്തീയതി, ഇ-മെയിൽ എന്നിവ രേഖപ്പെടുത്തി ലോഗിൻ ഐഡി ലഭ്യമാകുമോ എന്നു നോക്കണം.
* ലോഗിൻ ഐഡി കിട്ടിയാൽ പാസ്വേർഡും അതു ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ചോദ്യത്തിനുള്ള ഉത്തരവും കോഡും ഉൾപ്പെടുത്തി ആവശ്യമായ വിവരങ്ങളും ചേർത്ത് സബ്മിറ്റ് ചെയ്യാം.
* വിവരങ്ങൾ സബ്മിറ്റ് ചെയ്താൽ നിങ്ങൾ നൽകിയ ഇ-മെയിലിൽ പാസ്പോർട്ട് ഓഫീസിൽനിന്നുള്ള മറുപടി മെയിൽ ലഭ്യമാകും.
* ആപ്ലിക്കേഷനിലൂടെ രജിസ്ട്രേഷൻ പൂർത്തിയായാൽ അപേക്ഷയുടെ തൽസ്ഥിതി, ആവശ്യമായ രേഖകളെന്തെല്ലാമാണ്, പാസ്പോർട്ട് ഓഫീസിൽ എത്താനുള്ള തീയതി തുടങ്ങിയ കാര്യങ്ങൾ അറിയാനാകും.