ലേഖനം: പണിയപ്പെടുവാനത്രേ പ്രതിസന്ധികൾ | Dr. Aju Thomas, Salalah

“പറക്ക ശീലം വരുത്താൻ മക്കളെ – കഴുകൻ തൻ പുര മറിച്ചു വീണ്ടും കനിവ് കൊണ്ടതിൽ …” ക്രിസ്തീയ ജീവിത യാത്ര സുഖ ദുഃഖ സമ്മിശ്രമായ ജീവിത അനുഭവമാണ് എന്നത് അവിതർക്കിതമായ വസ്തുത ആണ്. പലപ്പോഴും ജീവിത യാത്ര ശാന്തം എന്ന് കണ്ടു സന്തോഷിക്കുന്ന നാളുകളിൽ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് പല പ്രതിസന്ധികളും ഒരു വിശ്വാസിയുടെ ജീവിതത്തിൽ കടന്നു വരാറുണ്ട്. പല വിധത്തിൽ ഉള്ള കാരണങ്ങൾ ഈ പ്രതിസന്ധികളുടെ പുറകിൽ ഉണ്ട് എന്നുള്ളതും നമുക്ക് അറിവുള്ളതാണ്. അതിൽ പ്രാധാന്യം അർഹിക്കുന്ന ഒരു കാരണം നമ്മുടെ ആത്മിക ജീവിതത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു കഴുകൻ തന്റെ കുഞ്ഞുങ്ങളെ “പറക്കാൻ പരിശീലിപ്പിക്കുന്ന” രംഗം വിശ്വാസികളാകുന്ന നമ്മെ സംബന്ധിച്ചും വളരെ ഏറെ പ്രാധാന്യം എറിയതാണ്.

സാധു കൊച്ചു കുഞ്ഞു ഉപദേശി ഈ രംഗം മനസ്സിൽ കണ്ടിട്ട് എഴുതിയ വരികൾ ആണ്

“പറക്ക ശീലം വരുത്താൻ മക്കളെ –

കഴുകൻ തൻ പുര മറിച്ചു

വീണ്ടും കനിവ് കൊണ്ടതിൽ,

പറന്നു താഴെ പതിച്ചെന്നു തോന്നി

പിടച്ചു വീഴാൻ തുടങ്ങുന്നേരം

പറന്നു താണിട്ടതിനെ ചിറകിൽ

വഹിച്ചു വീണ്ടും നടത്തും തള്ളയും” എന്നത്.

ഉയരത്തിൽ കൂടുകെട്ടുന്ന കഴുകന്മാർ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടതായ എല്ലാം കൂട്ടിൽ എത്തിച്ചു കൊടുക്കുന്നു.അമ്മയുടെ സ്നേഹം ആവോളം തന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്നു. എന്നാൽ നാളുകൾ അധികം കഴിയുന്നതിനു മുൻപ് തന്നെ അമ്മക്കഴുകന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുന്നു.. കൂടിന്റെ അടുത്ത് വന്നിട്ട് ഓരോ ഓരോ കുഞ്ഞുങ്ങളെ താഴേക്ക് തള്ളി ഇടും.

എന്നാൽ തള്ളിയിട്ട അതെ അമ്മക്കഴുകൻ തന്നെ താഴേക്ക് മിന്നൽ വേഗത്തിൽ പറന്നു കുഞ്ഞിനെ തന്റെ ചിറകിൽ വഹിച്ചു മുകളിൽ കൂട്ടിലേക്ക്‌ തന്നെ കൊണ്ട് വരും. ഇതേ പ്രവർത്തി അമ്മക്കഴുകൻ തുടർന്ന് കൊണ്ടേയിരിക്കും എന്നുവരെ??? അമ്മക്കഴുകൻ ആഗ്രഹിച്ച കാര്യം നിറവേറുന്നതു വരെ …അതെ….തന്റെ കുഞ്ഞുങ്ങൾ പറക്കാൻ പഠിക്കുന്നത് വരെ അമ്മക്കഴുകൻ ഈ പ്രവർത്തി ചെയ്തു കൊണ്ടിരിക്കും.. പ്രിയ ദൈവമക്കളെ , ശാന്തം എന്ന് തോന്നുന്ന നമ്മുടെ ജീവിതത്തിൽ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് പ്രതിസന്ധികൾ വരുന്നത് എന്ത് കൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?..ശാന്തമായ ജീവിതം നമുക്ക് തന്ന നമ്മുടെ ദൈവം അറിയാതെ ആണോ പ്രതിസന്ധികൾ വരുന്നത്? അല്ലെ അല്ല… പിന്നെയോ നമ്മെ “ചിലതു ” പഠിപ്പിക്കുവാൻ ദൈവം അറിഞ്ഞു കൊണ്ട് തന്നെയാണ് നമ്മുടെ ജീവിതത്തിൽ ശോധനകൾ വരുന്നത്… നമ്മെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുവാൻ, നമ്മെ വിശ്വാസ ജീവിതത്തിന്റെ ആഴം പഠിപ്പിക്കുവാൻ ആണ് ശോധനകൾ കടന്നു വരുന്നത്. പ്രാർത്ഥനയുടെയും ദൈവീക വിശ്വാസത്തിന്റെയും ഫലമായി ലഭിക്കുന്ന വിടുതലിന്റെ മാധുര്യം ജീവിതത്തിൽ അനുഭവിച്ചു അറിയുമ്പോൾ , ഇതുവരെയും പ്രഘോഷിച്ചത് ജീവിതത്തിൽ പ്രവർത്തികമാകുമ്പോൾ , വാക്കുകൾ കൊണ്ട് മാത്രം സാക്ഷിയാവാതെ, ജീവിതം കൊണ്ടുതന്നെ ജീവിക്കുന്ന സാക്ഷിയാകുമ്പോൾ, ഏതു പ്രതിസന്ധിയാണോ ജീവിതത്തിൽ കടന്നു വരുന്നത് , ആ പ്രതിസന്ധിയെ അതിജീവിച്ചു അതിനെ ചവിട്ടി താഴ്ത്തി അതിന്റെ മുകളിൽ വെന്നി കൊടി പാറിക്കുമ്പോൾ കുഞ്ഞുങ്ങളെ പറക്കാൻ ശീലിപ്പിക്കുവാൻ അവയെ കൂട്ടിൽ നിന്ന് താഴേക്ക് തള്ളിയിടുന്ന അമ്മക്കഴുകനെ പോലെ നമ്മുടെ ദൈവവും സന്തോഷിക്കും.

പ്രിയ ദൈവമക്കളെ, തകർക്കുവാനല്ല പ്രതിസന്ധികൾ , തകരുവനല്ല പ്രതിസന്ധികൾ , പിന്നെയോ പണിയപ്പെടുവാനത്രേ പ്രതിസന്ധികൾ , പുതുക്കിപ്പണിയപ്പെടുവാനത്രേ പ്രതിസന്ധികൾ… ഈ പ്രതിസന്ധിയിൽ കുഞ്ഞുങ്ങളെ ചിറകിൽ വഹിക്കുന്ന അമ്മക്കഴുകനെ പോലെ നമ്മുടെ ദൈവം നമ്മോടു കൂടെ ഉണ്ട്…ദൈവം ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉയരുവാൻ ചില പരിശീലനങ്ങൾ ആവശ്യമാണ്.. ആ പരിശീലനക്കളരിയിൽ മനസ്സ് ഉരുകിയേക്കാം.. എന്നാൽ പ്രാർത്ഥനയിലൂടെ, വിശ്വാസത്തിലൂടെ പ്രതിസന്ധികൾ തച്ചു ഉടയപ്പെടുന്നത് കാണുമ്പോൾ ഉരുകിയ മനസ്സ് ബലം പ്രാപിക്കും..നമ്മിലെ ആത്മമനുഷ്യൻ ശക്തി പ്രാപിക്കും. സുവിശേഷ പോർക്കളത്തിൽ അധികം പോരാട്ട വീര്യത്തോടു കൂടി നിലനിൽക്കുവാൻ ഇടയാകും. ഈ ദിവസങ്ങളിൽ അപ്രതീക്ഷിത പ്രതിസന്ധികളെ അതിജീവിക്കുവാൻ പ്രാർത്ഥന എന്ന ആയുധം മിനുക്കി എടുക്കാം. അതിനെ നമ്മെ ഏവരെയും ദൈവം സഹായിക്കുമാറാകട്ടെ.

– Dr. Aju Thomas, Salalah

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.